റോബോട്ടിക്സ് മേഖലയിലെ പ്രധാനപ്പെട്ട ഒരു മുന്നേറ്റമാണ് വായുമർദ്ദം ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കുന്ന ഇലക്ട്രോണിക്സ് ഫ്രീ റോബോട്ട്. കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ പറ്റുന്ന സോഫ്റ്റ് റോബോട്ട് ഗണത്തിൽപ്പെടുന്ന ഇവയിൽ ന്യൂമാറ്റിക് സർക്യൂട്ടുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രോണിക് സർക്യൂട്ട്സ് ഉപയോഗിക്കാൻ പാടില്ലാത്ത MRI മെഷീൻ, മൈൻ ഷാഫ്റ്റ് മുതലായവയിൽ ഇവ വളരെ ഉപകാരപ്രദമാണ്. ഈ റോബോട്ടുകൾ പരിസ്ഥിതിയോട് എളുപ്പത്തിൽ ഇണങ്ങുന്നവയും സുരക്ഷിതവുമാണ്. ഇപ്പോൾ നിലവിലുള്ള സോഫ്റ്റ് റോബോട്ടുകൾ ഉയർന്ന മർദ്ദമുള്ള വായു ആണ് ഉപയോഗിക്കുന്നതെങ്കിലും ഇവ നിയന്ത്രിക്കാൻ ഇലക്ട്രോണിക്സ് സർക്യൂട്ടുകൾ ആവശ്യമാണ്. റോബോട്ടിന്റെ തലച്ചോറും നാഡീവ്യവസ്ഥയും ഉൾപ്പെടുന്ന സർക്യൂട്ട് ബോർഡുകൾ, വാൽവുകൾ, പമ്പുകൾ എന്നിവ പോലുള്ള സങ്കീർണ്ണ ഘടകങ്ങൾ ഇത്തരത്തിലുള്ള റോബോട്ടുകൾക്കു ആവശ്യമാണ്, ഇത് പലപ്പോഴും റോബോട്ടിന്റെ ശരീരത്തിന് പുറത്തായിരിക്കും. കൂടാതെ ഇവ ചെലവേറിയതുമാണ്.
എന്നാൽ ഭാരമില്ലാത്തതും ചിലവ് കുറഞ്ഞതുമായ ട്യൂബുകളും സോഫ്റ്റ് വാൽവുകളും ഉൾപ്പെടുന്ന ന്യൂമാറ്റിക് സർക്യൂട്ടുകൾ റോബോട്ടിനുള്ളിൽ തന്നെ സ്ഥാപിക്കാൻ പറ്റുന്നവയാണ്. മൃഗങ്ങളുടെ ചലനത്തെ നിയന്ത്രിക്കുന്ന സെൻട്രൽ പാറ്റേൺ ജനറേറ്ററുകൾ എന്നറിയപ്പെടുന്ന ന്യൂറൽ സർക്യൂട്ടുകളെ അനുകരിച്ചുകൊണ്ട് ഓസിലേറ്റർ ആയി പ്രവർത്തിക്കുന്ന സോഫ്റ്റ് വാൽവുകളുടെ ഒരു സിസ്റ്റം ആണ് ഇത്തരം റോബോട്ടുകളിൽ ഉപയോഗിക്കുക. ഈ ഓസിലേറ്റർ റോബോട്ടിന്റെ നാലു കാലുകളിലേക്കുമുള്ള വായു മർദ്ദം നിയന്ത്രിക്കുന്നു. ഓരോ കാലുകളിലേക്കും വ്യത്യസ്ത സമയങ്ങളിൽ പ്രയോഗിക്കുന്ന വായു മർദ്ദം ഏകോപിപ്പിക്കാൻ ഒരു പുതിയ സർക്യൂട്ട് ഈ സോഫ്റ്റ് റോബോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മെക്കാനിക്കൽ സെൻസറുകളും റോബോട്ടിൽ സജ്ജീകരിച്ചിരിക്കുന്നു. ദ്രാവകം നിറഞ്ഞ ചെറിയ മൃദുവായ കുമിളകൾ. ഇൻവെർട്ടറുകളായി പ്രവർത്തിക്കുന്ന മൂന്ന് വാൽവുകളാണ് റോബോട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്, ഇത് ഉയർന്ന മർദ്ദം സർക്യൂട്ടിന് ചുറ്റും വ്യാപിക്കാൻ കാരണമാകുന്നു. ചലനത്തിന്റെ ദിശ ഘടികാരദിശയിലേക്കോ എതിർ ദിശയിലേക്കോ മാറ്റാൻ മറ്റൊരു വാൽവ് ഉപയോഗിക്കുന്നു. ന്യൂമാറ്റിക് സർക്യൂട്ടുകൾ ഉപയോഗിച്ചുള്ള ഇലക്ട്രോണിക്സ് രഹിത സോഫ്റ്റ് റോബോട്ടുകൾ ഈ രംഗത്ത് ഒരു വലിയ മാറ്റം തന്നെ വരുത്തും.