മെയ് മാസത്തിനും സെപ്തംബറിനുമിടയില്‍ ഈജിപ്തിലെത്തുന്ന ആരും സമ്മതിക്കും, കാലവസ്ഥ പലപ്പോഴും അസഹനീയമായ രീതിയില്‍ ചൂടുള്ളതാണെന്ന്. അത് കെയ്റോയെ സംബന്ധിച്ച് പ്രത്യേകിച്ചും ശരിയാണ്. ഏകദേശം 22 മില്യന്‍ ജനങ്ങളുള്ള ആ മഹാനഗരത്തില്‍ ചൂട് 40oC വരെ എത്താറുണ്ട്. ആകാശം മുട്ടുന്ന ഈ ചൂട് ‘ഹീറ്റ് ഐലന്‍ഡ് എഫക്ട്’ (heat island effect) എന്ന പ്രതിഭാസത്തിന്റെ ഫലമാണ്. കെട്ടിടങ്ങളും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സൂര്യന്റെ ചൂടില്‍ സ്വാഭാവിക ഭൂവിഭാഗത്തേക്കാള്‍ അധികം സൗരോര്‍ജ്ജം വലിച്ചെടുക്കുകയും തിരികെ പുറത്തുവിടുകയും ചെയ്യുന്നതാണ് ഇത്.
കാലാവസ്ഥാ പ്രശ്നങ്ങള്‍ മൂലം നഗരങ്ങളില്‍ ഈ പ്രശ്നം വര്‍ദ്ധിക്കുകയേ ഉള്ളൂ എന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. 2100 ആകുമ്പോഴേക്ക് ലോകത്തിന്റെ പലഭാഗത്തുമുള്ള പല നഗരങ്ങളിലും 40C കൂടുതല്‍ ചൂടാകുമെന്നാണ് യുഎന്‍ഇപി കണക്കാക്കുന്നത്. അത് അവിടെ വസിക്കുന്നവര്‍ക്ക് ഒരു വലിയ ആരോഗ്യപ്രശ്നമാകും.
ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് എയര്‍ കണ്ടീഷനിംഗിന്റെ ആവശ്യകത ഉള്ളതിനാല്‍ കെയ്റോയുടെ ഊര്‍ജ്ജ ഉപഭോഗം പ്രധാനമായും തണുപ്പിക്കലുമായി ബന്ധപ്പെട്ടതാണ്. യുഎന്‍ഇപി കണ്‍സല്‍ട്ടന്റും ‘ഈജിപ്ഷ്യന്‍ ഡിസ്ട്രിക്ട് കൂളിംഗ് കോഡി‘ന്റെ തലവനുമായ അലാ ഒലാമാ പറയുന്നത് കടുത്ത വേനല്‍ക്കാലത്ത് വൈദ്യൂതിയുടെ അമ്പതു ശതമാനവും എയര്‍കണ്ടീഷനിംഗിനാണ് പോകുന്നത് എന്നാണ്. ഈജിപ്തിനെ ഏറ്റവും ആധുനിക കൂളിംഗ് ടെക്നോളജിയുടെ മാതൃകാപരമായ ഇടമാക്കുന്നതിനായി ഇപ്പോള്‍ 22 സ്മാര്‍ട്ട് സിറ്റികള്‍ പണിതുകൊണ്ടിരിക്കുകയാണെന്ന് ഒലാമാ പറയുന്നു. ഈ യത്നങ്ങളില്‍ മിക്കവയും ഫോസില്‍ ഇന്ധനമുപയോഗിക്കുന്ന വൈദ്യുതി നിലയങ്ങളെ ആശ്രയിക്കാതെയുള്ള, നഗരമാകെ തണുപ്പിക്കുന്ന രീതിയിലുള്ളതാണ്.
കാലാവസ്ഥാ മാറ്റങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം ആഗോളതാപനത്തിലേക്ക് വളരെയധികം സംഭാവന ചെയ്യുന്നത് നഗരങ്ങളാണ്. ഉയരുന്ന ആഗോളതാപനിലയും നഗരങ്ങളുടെ ചൂടുകൂടുന്നതും തമ്മില്‍ ഒരു വിഷമവൃത്തം സൃഷ്ടിക്കുന്നുണ്ട്. തണുപ്പിക്കൽ ഉപകരണങ്ങളുടെ വര്‍ദ്ധിച്ച ഉപയോഗം കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളാനിടയാക്കുന്നു, അത് പിന്നെയും കൂടുതല്‍ ആഗോളതാപനത്തിന് കാരണമാകുന്നു, തണുപ്പിക്കല്‍ പിന്നെയും അധികം വേണ്ടിവരുന്നു.
ഇന്റര്‍നാഷനല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുപ്രകാരം ലോകത്താകെ പുറന്തള്ളുന്ന ഹരിതഗൃഹവാതകത്തിന്റെ 7 ശതമാനം തണുപ്പിക്കലില്‍ നിന്നാണ് വരുന്നത്. ഇത് 2050 -ഓടുകൂടി ഇത് ഇരട്ടിയാകും. ഉയരുന്ന ചൂടിനൊപ്പം ഉപയോഗത്തിലുള്ള എയര്‍കണ്ടീഷണറുകളുടെ എണ്ണം ഇന്നത്തെ 1.2 ബില്യനില്‍ നിന്ന് 2050 -ഓടെ 4.5 ബില്യനുമാകും. ഈ വിഷമവൃത്തത്തെ ഭേദിക്കാനായി കൂടുതല്‍ കാലാവസ്ഥാസൗഹൃദമുള്ള കൂളിംഗ് രീതികള്‍ അവലംബിക്കാനായി സര്‍ക്കാരുകളോടൊത്ത് പ്രവര്‍ത്തിക്കുകയാണ് യുഎന്‍ഇപി. ഉദാഹരണത്തിന് യുഎന്‍ഇപി അടുത്തയിടെ രാജ്യത്തിന്റെ വടക്കേ തീരത്തുള്ള ന്യൂ അലാമേന്‍ സിറ്റിക്കുവേണ്ടി ‘സീ വാട്ടര്‍ എയര്‍കണ്ടീഷനിംഗ് സിസ്റ്റം’ എന്നറിയപ്പെടുന്ന ഒരു ‘ഡിസ്ട്രിക്ട് കൂളിംഗ് സിസ്റ്റ’ത്തിന്റെ സാധ്യതാപഠനം നടത്തുകയുണ്ടായി.
സീ വാട്ടര്‍ എയര്‍കണ്ടീഷനിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് ഇപ്രകാരമാണ്:
- മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്ന് തണുത്ത വെള്ളം പമ്പുചെയ്തെടുത്ത് ഒരു കൂളിംഗ് സ്റ്റേഷനലെത്തിച്ച് ഒരു ഹീറ്റ് എക്സ്ചേഞ്ചറിലൂടെ കടത്തിവിടുന്നു.
- അവിടെ അത് കെട്ടിടങ്ങളില്‍ നിന്നുള്ള ചൂട് പകര്‍ന്നെടുക്കുന്നു.
- തണുത്ത വെള്ളത്തില്‍ നിന്ന് കിട്ടുന്ന തണുത്ത വായു കെട്ടിടങ്ങളില്‍ സുഖപ്രദമായ താപനില നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നു.
- ചൂടായ വെള്ളം തിരികെ സമുദ്രത്തിലേക്ക് വിടുന്നു.
പ്രാരംഭഘട്ടത്തില്‍ ഒരു ഒറ്റ ജില്ലാ കൂളിംഗ് പ്ലാന്റ് ആണ് ഉണ്ടാവുക. 30,000 ടണ്‍ റെഫ്രിജറേഷന്‍ കപ്പാസിറ്റിയുള്ളതും ഒരു റസിഡൻഷ്യൽ പ്രദേശത്തെ തണുപ്പിക്കാന്‍ ശേഷിയുള്ളതുമായ ഇതിന്റെ നിർമ്മാണം രണ്ടു കൊല്ലം കൊണ്ട് പൂര്‍ത്തിയാകും. ഈ സംവിധാനത്തിന്റെ നിർമ്മാണച്ചെലന് 117 മില്യന്‍ യു.എസ്. ഡോളറും വിതരണ ശൃംഖലയ്ക്ക് 20 മുതല്‍ 25 മില്യന്‍ വരെ ചെലവും പ്രതീക്ഷിക്കുന്നു.
ഈ കൂളിംഗ് സമ്പ്രദായം കൊണ്ട് നഗരം അതിന്റെ റെഫ്രിജെറന്റ് പുറത്തുവിടുന്നത് 99 % കാര്‍ബണ്‍ ഡയോക്സൈഡ് 40 % മായി കുറയ്ക്കും. ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം ഈ കുറയ്ക്കല്‍ ഓസോണ്‍ നശീകരണകാരികളായ വസ്തുക്കളുടെ ബഹിര്‍ഗ്ഗമനം കുറയ്ക്കുന്നതിനായുള്ള മോൺട്രിയാല്‍ പ്രോട്ടോക്കോളിലെ കിഗാലി ഭേദഗതി (Kigali Amendment) അനുശാസിക്കുന്ന ഹൈഡ്രോഫ്ലൂറോകാര്‍ബണ്‍ (CFC) കുറയ്ക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റാന്‍ ഈജിപ്തിനെ സഹായിക്കും. ഒരു നാഴികക്കല്ലായ ഈ ബഹുമുഖ പരിസ്ഥിതി കരാര്‍ മനുഷ്യനിര്‍മ്മിതമായ ഏകദേശം നൂറോളം രാസവസ്തുക്കളുടെ നിര്‍മ്മാണവും ഉപയോഗവും നിയന്ത്രിക്കുന്നു.
ഓസോണിന് വിനാശകാരികളായ പല വസ്തുക്കളും ആഗോളതാപനത്തിനു കൂടി കാരണമാകയാല്‍ എയര്‍കണ്ടീഷനിംഗ്, റെഫ്രിജെറേഷന്‍, ഫോം ഇന്‍സുലേഷന്‍ എന്നിവയില്‍ ഉപയോഗിക്കുന്ന അപകടകാരികളായ ഹരിതഗൃഹവാതങ്ങളെ കുറച്ചുകൊണ്ടുവരുന്നതിനുള്ളതായ മോണ്ട്രീയാല്‍ പ്രോട്ടോക്കോളും കിഗാലി ഭേദഗതിയും നടപ്പാക്കുന്നതുവഴി ആഗോളതാപനത്തില്‍ 0.5OC ഈ നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി കുറയ്ക്കാനാകും. ആഗോളതാപനം 2 OC യുടെ താഴെ പിടിച്ചുനിര്‍ത്താനുള്ള പാരീസ് എഗ്രിമെന്റിന്റെ ഉത്തരവാദിത്തത്തില്‍ ഇതൊരു വലിയൊരു നേട്ടം ആയിരിക്കും.
ന്യൂ അലാമേന്‍ നഗരത്തിലെ ഡിസ്ട്രിക്ട് കൂളിംഗിന്റെ സാദ്ധ്യത വിലയിരുത്തുന്നതിനുള്ള പഠനത്തിന്റെ റിപ്പോര്‍ട്ട് 2022 മെയ് മാസം അവസാനം പ്രസിദ്ധീകരിച്ചു. യുഎന്‍ഇപി നയിക്കുന്ന ‘കൂള്‍ കോയലിഷന്‍’ ഇന്ത്യ, വിയറ്റനാം, കമ്പോഡിയ എന്നിവിടങ്ങളിലെ നഗരങ്ങളെ പരിസ്ഥിതസൗഹൃദമായ കൂളിംഗ് ഉപായങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. കൂടാതെ ഫ്രീസറുകളുടെ കോള്‍ഡ് ചെയിന്‍ എന്നറിയപ്പെടുന്ന ശൃംഖല ഉണ്ടാക്കാനും സഹായിക്കുന്നു. ഇവയ്ക്ക് കാര്‍ഷിക ഉല്പന്നങ്ങള്‍ മുതല്‍ കോവിഡ് 19 വാക്സിന്‍ വരെ എന്തും സൂക്ഷിച്ചുവയ്ക്കാന്‍ കഴിയും.
നഗരങ്ങളില്‍ തണുപ്പിക്കുന്നതിന് തണുത്തവെള്ളം ഉപയോഗിക്കുന്ന രീതി ആഗോളതലത്തില്‍ സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. ഉദാഹരണത്തിന് കാനഡയിലെ വലിയ നഗരമായ ടൊറന്റോയില്‍ പ്രാദേശികസര്‍ക്കാര്‍ ലോകത്തെ ഏറ്റവും വലിയ തടാകാധിഷ്ഠിതമായ കൂളിംഗ് സമ്പ്രദായം സ്ഥാപിച്ചുകഴിഞ്ഞു. 2004 ല്‍ കമ്മീഷന്‍ ചെയ്ത ഈ ‘എന്‍വേവ്സ് ഡീപ് ലേക്ക് വാട്ടര്‍ കൂളിംഗ് സിസ്റ്റം’ തടാകത്തിലെ വെള്ളം പുതുക്കാവുന്ന ഊര്‍ജ്ജസ്രോതസ്സായി ഉപയോഗിക്കുന്നു. സമാനമായ വലിയ പ്രോജക്ടുകള്‍ യുണൈറ്റ്ഡ് സ്റ്റേറ്റ്സിലും ഫ്രാന്‍സിലും നിര്‍മ്മിച്ചിട്ടുണ്ട്.
പടിഞ്ഞാറന്‍ നാടുകളില്‍ ആദ്യമായി കൊണ്ടുവന്ന ഈ സാങ്കേതികവിദ്യ അടുത്തകാലത്തായി കിഴക്ക് ഗള്‍ഫിലും എമിറേറ്റ്സ് രാജ്യങ്ങളിലും പേരെടുത്തുകഴിഞ്ഞിട്ടുണ്ട്. അവരാണ് ഏറ്റവും കൂടുതല്‍ എണ്ണം ഡിസ്ട്രിക്ട് കൂളിംഗ് ടെക്നോളജികള്‍ നടപ്പാക്കുന്നതെന്ന് അവകാശപ്പെടുന്നു. പുതിയ നഗരങ്ങള്‍ക്ക് ഇത് ഒരു പ്രധാന പരിഹാരമാണ് എന്നാണ് ഒലാമ പറയുന്നത്.
അധിക വായനയ്ക്ക്