സൂര്യൻ എന്ന അദ്ഭുതം
സൂര്യനെ മനുഷ്യർ എന്നും കണ്ടിട്ടുള്ളത് അദ്ഭുതാദരങ്ങളോടെയാണ്. ഒരു ചെറുതളികയോളം പോന്ന ആ വസ്തു ഭൂഭാഗങ്ങളെ ചുട്ടുപൊള്ളിക്കുന്നു. പ്രാചീന സംസ്കാരങ്ങളിലെല്ലാം മുഖ്യ ദൈവങ്ങളിലൊന്നായിരുന്നു സൂര്യൻ. BCE 14-ാം നൂറ്റാണ്ടു മുതൽ ഈജിപ്തുകാർ “റാ’ എന്ന സൂര്യ ദേവനെ ആരാധിച്ചിരുന്നു. എല്ലാവരെയും തുല്യരായി കാണുന്ന നീതിമാനായ റായുടെ അംഗീകാരം ഉണ്ടായിരുന്നു ഫറവോയ്ക്ക് രാജ്യം ഭരിക്കാൻ. ബാബിലോണിയർക്ക് ഷമഷ് എന്ന ദേവനായിരുന്നു സൂര്യൻ. ഗ്രീക്കുകാരുടെ അപ്പോളോയും സൂര്യദേവനാണ്. നാലു വെളുത്ത കുതിരകൾ വലിക്കുന്ന തേരിൽ എന്നും പ്രഭാതത്തിൽ യാത്ര പുറപ്പെടുന്ന സൂര്യന്റെ ചിത്രം ഇന്ത്യയിലും പേർഷ്യയിലും ഗ്രീസിലും ഇറ്റലിയിലും എല്ലാം കാണാം.
സൂര്യൻ ഇന്നും നമുക്കൊരദ്ഭുത വസ്തു തന്നെ. പക്ഷേ, ചിത്രം മാറിയിരിക്കുന്നു. 13 ലക്ഷം ഭൂമികളുടെയത്ര വലുപ്പമുള്ള ഒരു ഭീമൻ ഗോളമാണത്. അത് 15 കോടി കി.മീ. (ഒരു സൗരദൂരം) അകലെയായതു കൊണ്ടാണ് തളികയുടെ വലിപ്പത്തിൽ കാണുന്നത്. ഹൈഡ്രജൻ ഫ്യൂഷൻ വഴി അത് ഉൽപാദിപ്പിക്കുന്ന ഊർജത്തിന്റെ അളവ് അപാരമാണ്. അതിന്റെ 250 കോടിയിൽ ഒരംശമേ ഭൂമിയിൽ പതിക്കുന്നുള്ളൂ. ബാക്കി മുഴുവൻ ഉപയോഗശൂന്യമായി സ്പേസിലേക്ക് പോവുകയാണ്. ആകാശഗംഗയിലെ പതിനായിരം കോടിയിലധികം നക്ഷത്രങ്ങളുടെയും ആകാശഗംഗ പോലുള്ള പതിനായിരം കോടിയിലധികം വരുന്ന മുഴുവൻ ഗാലക്സികളിലെ നക്ഷത്രങ്ങളുടെയും ഊർജം ഇങ്ങനെ പാഴായിപ്പോകുന്നതിൽപ്പെടും.
ഇങ്ങനെയൊക്കെ ചിന്തിക്കാൻ നമ്മളീ ഭൂമിയിലുള്ളത് സൂര്യനും ഭൂമിയും ചേർന്നുള്ള ഒരു ഗംഭീരൻ കൂട്ടുകെട്ടു കാരണമാണ്. ഭൂമി സൂര്യനോട് കുറേക്കൂടി അടുത്തായിരുന്നു എങ്കിൽ നമ്മളിവിടെ ഉണ്ടാകുമോ? ചൂടുകൊണ്ട് കടലെല്ലാം വറ്റിപ്പോകില്ലേ? കുറേക്കൂടി അകലെ ആയിരുന്നെങ്കിലോ? വെള്ളമെല്ലാം ഐസ് ആയിപ്പോകില്ലേ? ഭൂമി ഉള്ളത് സൂര്യന്റെ ജീവയോഗ്യമേഖലയിൽ (habitable zone) ആയതു കൊണ്ടാണ് നമ്മൾ ഇവിടുള്ളത്. വെള്ളത്തിന് ഒഴുകാൻ പറ്റുന്ന അവസ്ഥയിൽ താപനിലയുള്ള മേഖലയാണത്. എല്ലാ ഒറ്റയാൻ (ഇരട്ടകളോ കൂട്ടങ്ങളോ അല്ലാത്ത) നക്ഷത്രങ്ങൾക്കും സ്വാഭാവികമായും ഇത്തരം ഒരു ജീവയോഗ്യ മേഖല ഉണ്ടായിരിക്കും.
ജീവയോഗ്യ മേഖലയിൽ ആയാൽ മാത്രം പോരാ, വലുപ്പവും ഒത്തു വരണം. ഭൂമി ചൊവ്വയോളമേ ഉണ്ടായിരുന്നുള്ളു എന്നിരിക്കട്ടെ. ഗുരുത്വാകർഷണം വളരെ കുറവായതു കൊണ്ട് അന്തരീക്ഷമെല്ലാം ബഹിരാകാശത്തേക്ക് രക്ഷപ്പെടുമായിരുന്നു. അപ്പോൾ ജീവൻ അസാധ്യമാകും. ഭൂമി വ്യാഴം പോലെ വലുതായിരുന്നങ്കിലോ? ഭാരം കുറഞ്ഞ ഹൈഡ്രജനും ഹീലിയവും പോലും ഗുരുത്വാകർഷണം കാരണം ഇവിടെ തങ്ങും. ശ്വസിക്കാൻ കൊള്ളാത്ത അന്തരീക്ഷമാവും ഫലം.
നമ്മുടെ സ്വന്തം ഭൂമി
സൂര്യന്റെ ജീവയോഗ്യ മേഖലയിൽ ഭാരം കുറഞ്ഞ വാതകങ്ങളെ നഷ്ടപ്പെടുത്തി, ഭാരംകൂടിയ ഓക്സിജനെയും നൈട്രജനെയും കാർബൺ ഡൈഓക്സൈഡിനെയും ആകർഷിച്ചുനിർത്താൻ ശേഷിയുള്ള ഒരു ഭൂമി രൂപപ്പെട്ടതുകൊണ്ടാണ് ഇവിടെ ജീവൻ എന്ന സൗഭാഗ്യം കൈവന്നത്. എന്നാൽ, ഇത്രയുമായാൽ വികസിത ജീവൻ സാധ്യമാകുമോ? തീർച്ചയായും ജീവന്റെ ആദിമരൂപങ്ങൾ ഉണ്ടാകാൻ ഇതു മതിയായേക്കാം. പക്ഷേ, ഭൂ അക്ഷത്തിന്റെ ചരിവ് ഇല്ലായിരുന്നെങ്കിൽ ബുദ്ധിയുള്ള ജീവിവർഗങ്ങൾ ഉരുത്തിരിയുക എളുപ്പമാകില്ല.
ഭൂമി സൗരയൂഥത്തിൽ സഞ്ചരിക്കുന്ന പഥത്തിന്റെ അക്ഷമാണല്ലോ പരിക്രമണ അക്ഷം. ഭൂമിയുടെ സ്വയം ഭ്രമണത്തിന്റെ അക്ഷം ഇതുമായി 23.45 ഡിഗ്രി ചരിഞ്ഞാണുള്ളത് എന്ന് നമുക്കറിയാം. എന്നാൽ, ബുധന്റെ അക്ഷം പരിക്രമണ അക്ഷത്തിന് സമാന്തരമാണ് (ചരിവ് 0). ശുക്രന്റെ ചരിവ് -2 ഡിഗ്രിയാണ്. വ്യാഴത്തിന്റേത് 3 ഡിഗ്രിയാണ്. അവിടെയൊന്നും ഋതുക്കൾ (Seasons) അനുഭവപ്പെടുകയേ ഇല്ല. എല്ലാ ദിവസവും ഒരുപോലെയാകും. ഒരു വർഷം പൂർത്തിയായോ എന്നറിയാൻ പോലും വഴിയില്ല, നക്ഷത്രം നോക്കുകല്ലാതെ.
ഭൂമിയും അങ്ങനെ ആയിരുന്നെങ്കിലോ? മാറിമാറി വരുന്ന വസന്തവും ഗ്രീഷ്മവും വർഷവും ശരത്തും ഹേമന്തവും ശിശിരവുമില്ല. ഭൂമിയുടെ ഒരു ഭാഗത്ത് എന്നും മഞ്ഞു വീഴും. മറ്റൊരു ഭാഗത്ത് എന്നും കടുത്ത വേനൽ തന്നെ. സസ്യങ്ങൾക്ക് വളരാൻ പറ്റിയ മിതശീതോഷ്ണ മേഖലയും കാണും. പക്ഷേ,സസ്യങ്ങൾ തളിർക്കുകയും പൂക്കുകയും ചെയ്യുന്ന വസന്തവും ഫലം തരുന്ന ഗ്രീഷ്മവും വേറെവേറെ കാണില്ല. പ്രകൃതിക്ക് താളമേ ഇല്ല. ജീവികൾക്ക് ഒന്നിനുവേണ്ടിയും മുൻകൂട്ടി ഒരുക്കം നടത്തേണ്ട. മഴക്കാലത്തിനു മുമ്പ് ഭക്ഷണം ശേഖരിക്കേണ്ട, കൊടും തണുപ്പിനു മുമ്പു ദേശാടനത്തിന് ഇറങ്ങിത്തിരിക്കേണ്ട. പ്രകൃതിയുടെ വെല്ലുവിളികൾ ഒന്നുമില്ല. തലച്ചോറിന്റെ പ്രവർത്തനം മിനിമം മതി. മനുഷ്യനെപ്പോലെ ബുദ്ധിയുള്ള ഒരു ജീവി ഇത്തരം ഒരു സാഹചര്യത്തിൽ വികസിച്ചു വരില്ല എന്നു ഭൂമിയുടെ ചരിവ് ആണ് ഋതുചക്രം എന്ന ചാലഞ്ച് കൃത്യമായ അളവിൽ ജീവിവർഗങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ചത്. 23.45 ഡിഗ്രി എന്നത് രണ്ടോ മൂന്നോ ഡിഗ്രി കൂടിയാലും കുറഞ്ഞാലും പ്രശ്നമാവില്ല. പക്ഷേ, വളരെ കുറഞ്ഞാൽ അതൊരു ചാലഞ്ച് അല്ലാതെയാകും. വളരെ കൂടിയാലോ? താപവ്യതിയാനങ്ങൾ അസഹനീയമായെന്നും വരും.
ആരാണിങ്ങനെ ഭൂ അക്ഷത്തെ അനുയോജ്യമായ ചരിവിൽ കൊണ്ടു പോയി നിർത്തിയത്?
അത് സൗരയൂഥത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട കാര്യമാണ്. സ്വയംഭ്രമണം ചെയ്തു കൊണ്ടിരുന്ന ഒരു ആദിമ നെബുല സങ്കോചിച്ച് ഏതാണ്ട് 460 കോടി വർഷം മുമ്പ് സൂര്യനും അവശിഷ്ട നെബുലയുടെ സങ്കോചഫലമായി അനേകകോടി ഗ്രഹശകലങ്ങളും (Planetesimals) ഉണ്ടായി എന്നാണ് കണക്കാക്കുന്നത്. ഗ്രഹശകലങ്ങൾ പിന്നീട് കൂട്ടിയിടിച്ചും ആകർഷിച്ചു പിടിച്ചും ഗ്രഹങ്ങളായി മാറി. സ്വാഭാവികമായും ഗ്രഹങ്ങളുടെയെല്ലാം പരിക്രമണ ദിശയും സ്വയം ഭ്രമണ ദിശയും ആദിമ നെബുലയുടെ ഭ്രമണ ദിശ തന്നെ ആയിരിക്കണമല്ലോ. എന്നാൽ, പലപ്പോഴും ഗ്രഹരൂപീകരണ ഘട്ടങ്ങളിൽ വലിയ ഗ്രഹശകലങ്ങൾ അതിൽ വന്നിടിക്കുന്നതിന്റെ ഫലമായി ഗ്രഹങ്ങളുടെ അക്ഷത്തിന് ചരിവ് സംഭവിക്കുകയോ ഭ്രമണവേഗം കൂടുകയോ കുറയുകയോ ചിലപ്പോൾ കറക്കത്തിന്റെ ദിശ തന്നെ തിരിഞ്ഞു പോവുകയോ (ഉദാ: ശുക്രൻ ) ഒക്കെ ചെയ്തിരിക്കാം. എന്തായാലും, ഭൂമിക്കു കിട്ടിയ ഇടി തികച്ചും അനുയോജ്യമായി എന്നേ പറയേണ്ടൂ.
അനേകായിരം നക്ഷത്രങ്ങൾക്കു ചുറ്റും ഗ്രഹങ്ങളെ (സൗരേതരഗ്രഹങ്ങൾ – Exoplanets) കണ്ടെത്തിക്കൊണ്ടിരിക്കുകയാണല്ലോ നാമിപ്പോൾ. അവയിൽ ജീവയോഗ്യ മേഖലകളിൽ ധാരാളം ഭൂസമാന ഗ്രഹങ്ങളെയും കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട്. അവയിൽ ജീവന്റെ സാധ്യതയും ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. എന്നാൽ, മനുഷ്യനെപ്പോലെ ബുദ്ധിവികാസം പ്രാപിച്ച് ജീവികളുടെ സാധ്യത അത്രയേറെയില്ല. കാരണം, ജീവയോഗ്യമേഖലയിൽ, ഭൂമിക്കു സമാനമായ ഒരു ഗ്രഹത്തിന് അനുയോജ്യമായ ഒരു ഇടികിട്ടാനും അക്ഷത്തിന് ഉചിതമായ ഒരു ചരിവ് കിട്ടാനുമുളള സാധ്യത അത്രയേറെ ഇല്ലല്ലോ. എങ്കിലും, ആകാശഗംഗയിൽ മാത്രം കോടിക്കണക്കിന് ഗ്രഹങ്ങളുള്ള സ്ഥിതിക്ക് അത്തരം ഒരു സാധ്യത തീർത്തും നിസ്സാരമാവാനും ഇടയില്ല.
സംസ്കാരങ്ങളുടെ വികാസം
ഏതാണ്ട് ഒന്നര – രണ്ടു ലക്ഷം വർഷങ്ങളായിക്കാണും മനുഷ്യൻ എന്ന ബുദ്ധിജീവി ഭൂമുഖത്ത് ഉരുത്തിരിഞ്ഞു വന്നിട്ട് എന്നു കരുതപ്പെടുന്നു. ആഫ്രിക്കയിൽ, എത്യോപ്യ-കെനിയ ഭൂഭാഗങ്ങളിൽ എവിടെയോ ആകാം അത്. മറ്റു ഭൂഭാഗങ്ങളിലേക്കുള്ള കുടിയേറ്റം ആരംഭിച്ചത് ഏകദേശം 70,000 വർഷം മുമ്പു മുതലാണന്നാണ് സൂചന. പക്ഷേ, നദീതടങ്ങ ളിൽ കൃഷിചെയ്തും വളർത്തുമൃഗ ങ്ങളെ പരിപാലിച്ചും ഒരു സുസ്ഥി രജീവിതം മനുഷ്യർ കെട്ടിപ്പടുക്കുന്നത് വെറും 10,000 വർഷം മുമ്പു മുതൽ മാത്രമാണ്. ഈജിപ്ത്, മെസ പ്പൊട്ടേമിയ, പേർഷ്യ, ഇന്ത്യ, ചൈ ന… എല്ലാം മിതോഷ്ണ മേഖലയോടു ചേർന്ന നാടുകൾ. അവിടങ്ങളിലാണ് ഋതു ചക്രത്തിന് നല്ല ചിട്ടയുള്ളത്, കാർഷികവൃത്തി മുൻകൂട്ടി ആസൂത്രണം ചെയ്യാൻ കഴിയുന്നത്. അതുകൊണ്ട്, അവിടങ്ങളിലാണ് സം സ്കാരങ്ങൾ ആദ്യം ഉയർന്നുവന്നത്. കൃഷി എന്ന കണ്ടുപിടിത്തം ശാസ്ത്ര സാങ്കേതിക വളർച്ചയുടെ ഒരു പ്രവാഹം തന്നെ സൃഷ്ടിച്ചു. കൃഷി നന്നാകണമെങ്കിൽ വെള്ളം വേണം. അതിനു തേക്കുയന്ത്രം വേണം. നദികളിൽ തടയണകെട്ടി കനാലുകൾ നിർമ്മിച്ചാൽ കൂടുതൽ നല്ലത്. നന്നായി കൃഷിചെയ്യാൻ കാലാവസ്ഥ മുൻകൂട്ടി അറിയണം. അതിനു കലണ്ടർ വേണം. കലണ്ടറുണ്ടാക്കാൻ വാനനിരീക്ഷണം വേണം.
നന്നായി കൃഷിചെയ്താൽ മികച്ച ഉൽപാദനം ഉണ്ടാകും. അപ്പോൾ വിഭവങ്ങളുടെ കൈമാറ്റം നടക്കണം. വ്യാപാരം വളരണം. അതിന് അളവും തൂക്കവും വേണം. ഗണിതം കൂടിയേ കഴിയൂ. ഉൽപന്നങ്ങൾ കൊണ്ടുപോകാൻ വാഹനം വേണം. കാളവണ്ടിയും കുതിരവണ്ടിയും വള്ളവും പത്തേമാരിയും നിർമ്മിക്കേണ്ടി വന്നു. ഭാഷ വളരണം, എഴുത്തു വികസിക്കണം. ക്രമസമാധാനത്തിനും നിയമപാലനത്തിനും ഭരണകൂടം വേണം. ചുരുക്കത്തിൽ കൃഷി മനുഷ്യന്റെ ചരിത്രമാകെ മാറ്റിമറിച്ചു. ഇതെല്ലാം സംഭവിച്ചത്. ഋതുചക്രം കൃത്യമായി ആവർത്തിക്കപ്പെടുന്ന, സസ്യവളർച്ചയെ അതു സ്വാധീ നിക്കുന്ന ഭൂഭാഗങ്ങളിലാണ് എന്നോർക്കണം. ഭൂഅക്ഷത്തിന്റെ ചരിവാണ് മാനവസംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചത് എന്നുപറയേണ്ടിവരും.
2023 മാർച്ച് ലക്കം ശാസ്ത്രഗതി കവർസ്റ്റോറി
2023 മാർച്ച് ലക്കം ശാസ്ത്രഗതി കവർസ്റ്റോറി സൂര്യനെക്കുറിച്ചാണ്. സൌരനക്ഷത്രത്തിന്റെ സവിശേഷതകൾ, സ്യൂര്യന്റെ കാമ്പിനുള്ളിൽ നടക്കുന്ന ന്യൂക്ലിയാർ പ്രവർത്തനങ്ങൾ, സോളാർ റേഡിയോ തരംഗങ്ങൾ, സൂര്യനെ ചെന്നു തൊടുമ്പോൾ, ഭൂമിയുടെ അക്ഷത്തിന്റെ ചരിവും മാനവസംസ്കാരവും തുടങ്ങിയ ലേഖനങ്ങളാണ് ഉള്ളടക്കം.