Read Time:8 Minute

[dropcap][/dropcap]ണ്ടാം വര്‍ഷവും ആവര്‍ത്തിച്ചുണ്ടായ മഴക്കാല ദുരന്തങ്ങള്‍  കേരളം പാരിസ്ഥിതികമായി ഒരു ദുര്‍ബല പ്രദേശമായി മാറിയിരിക്കുന്നു എന്നു് വിളിച്ചറിയിക്കുന്നതാണ്. കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയം നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കാവുന്ന ഒന്ന് മാത്രമായി ആശ്വാസം കൊണ്ടവരും ഡാം മാനേജ് മെന്റിലെ പരാജയമായി ചുരുക്കികെട്ടിയവരും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണത്തെ അനുഭവം  സ്ഥിതിയാകെ മാറ്റിയിരിക്കുന്നു. വിവാദങ്ങള്‍ ഇപ്പോഴും കൊഴുക്കുന്നുണ്ട്. ഗാഡ്ഗില്‍ റിപ്പോർട്ട് അംഗീകരിച്ച് നടപ്പിലാക്കിയെങ്കില്‍ പ്രളയമേ ഒഴിവാകുമായിരുന്നു എന്ന് ചിലര്‍ വാദിക്കുന്നു. മറ്റ് ചിലരാകട്ടെ അതി തീവ്രമഴക്കും അതിന് കാരണമായി ചൂണ്ടിക്കാട്ടുന്ന ആഗോളതാപനത്തിനും പശ്ചിമഘട്ടവുമായി യാതൊരു ബന്ധവുമില്ലെന്നും വാദിക്കുന്നു. രണ്ടിലും ശരിതെറ്റുകളുണ്ട്. അവ പരസ്പരം മനസ്സിലാക്കിയുള്ള സംവാദങ്ങളാണുണ്ടാവേണ്ടത്.

ആഗോളതാപനം ഒരു യാഥാര്‍ത്ഥ്യമാണെന്ന്,  അത് വിലയിരുത്താന്‍ ലഭ്യമായ എല്ലാ സൂചകങ്ങളും വിളിച്ചു പറയുന്നുണ്ട്. അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം വിവിധരീതിയിലാണ് അനുഭവപ്പെടുന്നത്. തുടര്‍ച്ചയായ വര്‍ഷങ്ങളിലെ ചൂടേറിയ വേനലുകള്‍, മഴക്കാലത്തിന്റെ താളം തെറ്റല്‍, മഞ്ഞുകാലം ദുര്‍ബലമാകല്‍,സൈക്ലോണ്‍ പോലുള്ള പ്രതിഭാസങ്ങളുടെ ആവര്‍ത്തനവും തീവ്രതയും വര്‍ധിക്കലും അപ്രതീക്ഷിത സ്ഥലങ്ങളില്‍ സംഭവിക്കലും ..ഇവയില്‍ പലതും നാം കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുഭവിച്ചു. മൂന്നും നാലും ദിവസം തുടര്‍ച്ചയായി ലഭിക്കുന്ന അതി തീവ്രമഴകള്‍ ഈ മാറ്റത്തിന്റെ ഫലമാണെന്ന് കരുതുന്നതുതന്നെയാണ് യുക്തിസഹം. മാത്രമല്ല ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ആഘാതം ഈവിധമാകാമെന്ന് ആഗോളതാപനത്തെ കുറിച്ച് പഠിക്കുന്ന കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുമ്പ് തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.എന്നാല്‍ ഈ ആഗോളപ്രശ്നത്തില്‍ നമുക്കൊന്നും ചെയ്യാനില്ല എന്നോ അത് മാത്രമാണ് കാരണമെന്നോ കരുതുന്നത് മറ്റ് ഘടകങ്ങളെ കണ്ണടച്ച് ഇരുട്ടിലാക്കലാണ്.

കേരളത്തില്‍ മഴക്കാലത്ത് പെയ്യുന്നവെള്ളത്തെ സംഭരിച്ച് നിര്‍ത്തി അല്പാല്പമായി വര്‍ഷം മുഴുവന്‍ അതില്‍നിന്നുത്ഭവിക്കുന്ന നദികളിലൂടെ വിട്ടുകൊടുക്കുന്നത് കേരളത്തിന്റെ കിഴക്ക് ഭാഗത്തുള്ള പശ്ചിമഘട്ടമലനിരകളാണ്. അതുകൊണ്ടാണല്ലോ അതിനെ കേരളത്തിന്റെ ജലസംഭരണിയായി വിശേഷിപ്പിക്കാറുള്ളത്.  എന്നാല്‍ പശ്ചിമഘട്ട മലനിരകളുടെ ഈ ശേഷിയില്‍ കുറവ് വന്നിട്ടില്ലേ?അതിവര്‍ഷത്തിലൂടെ സംഭരിക്കപ്പെടുന്ന വെള്ളം വലിയതോതില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാകുന്നതെന്തുകൊണ്ട്? ക്വാറിയിംഗും കുന്നിടിക്കലും മലനിരകള്‍ വെട്ടിപ്പൊളിച്ചുള്ള വികസനപ്രവര്‍ത്തനങ്ങളും ഇതിന് കാരണമാകുന്നുണ്ടോ? ഈവര്‍ഷം നാലു ദിവസത്തിനിടെ 80 ലേറെ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി എന്നതും നൂറിലേറെപ്പേരുടെ ജീവന്‍ നഷ്ടപ്പെട്ടത് മുഖ്യമായും അങ്ങിനെയാണെന്നതും ഈ ചോദ്യങ്ങള്‍ സഗൗരവം ഉയര്‍ത്തുവാന്‍ കാരണമാകുന്നുണ്ട്.

[box type=”warning” align=”” class=”” width=””]പുഴയോരങ്ങളിലും താഴ്ന്ന സമതലങ്ങളിലും കഴിയുന്നവരെയാണ് പ്രളയം  ഈ രണ്ടുവര്‍ഷവും ഏറെ ബാധിച്ചത്. മറ്റ് പ്രദേശങ്ങളില്‍പെയ്യുന്ന മഴവെള്ളം ഒഴുകിയെത്തുന്നതും അതേ വേഗതയില്‍ ഒഴുകിപോകാന്‍ ഇടമില്ലാത്തതുമാണ് അതിന് കാരണമെന്ന് വ്യക്തം. [/box] വിശാലമായി ജലം സംഭരിക്കാന്‍കഴിയുന്ന വയലുകളുടെയും തണ്ണീര്‍തടങ്ങളുടെയും വിസ്തൃതിയില്‍ വന്നുകൊണ്ടിരിക്കുന്ന കുറവ് ഒരു പ്രധാനകാരണം തന്നെയാണെന്ന് അനുമാനിക്കാവുന്നതേയുള്ളു.. പുഴകളുടെ വിസ്തൃതി കുറയുന്നതും നീരൊഴുക്ക് തടസ്സപ്പെടുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ അതിന്റെ ആക്കം കൂട്ടുന്നുവെന്നതും  വ്യക്തമാണ്.

ഈ വിധം നിരവധി കാരണങ്ങള്‍ യുക്തിപരമായിതന്നെ നമുക്ക് കണ്ടെത്താന്‍ കഴിയും.എന്നാല്‍ ഇതിലേതെങ്കിലും ഒന്ന് മാത്രമെടുത്ത് അതാണ് കാരണമെന്ന് പറയുകയും മുന്‍നിലപാടുകളുടെയോ ജീവിതശൈലിയുടെയോ പേരില്‍  ചിലവിഭാഗങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നതും പ്രശ്ന പരിഹാരത്തിന് ഉതകുന്നതല്ല.

യഥാര്‍ത്ഥ പ്രശ്നം  നാം പ്രകൃതിയില്‍ ഇടപെടുന്നതും  മാറ്റങ്ങള്‍വരുത്തുന്നതും അവയെ ശാസ്ത്രീയമായി മനസ്സിലാക്കിയിട്ടല്ല എന്നതാണ്. ജീവിതശൈലികളും വികസനമോഹവും രൂപപ്പെടുന്നത് വിപണി തുറന്നുതരുന്ന ഉപഭോഗസ്വപ്നങ്ങളിലൂന്നിയാണ്. അതില്‍ നമ്മളെല്ലാം ഏറിയും കുറഞ്ഞുമുണ്ട്. ഈ സ്വപ്നങ്ങളാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സര്‍ക്കാരിന്റെയും വികസനപരിപാടികളിലും പ്രതിഫലിക്കുന്നത്. ഇതെല്ലാം തിരുത്തപ്പെടണമെങ്കില്‍ കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും സംബന്ധിച്ച ശാസ്ത്രീയാവബോധം വ്യാപകമായേ തീരൂ.കേവലയുക്തിക്കപ്പുറം പഠനങ്ങളുടെയും വിവരങ്ങളുടെയും  പിന്‍ബലത്തില്‍ ഉള്ള നയസമീപനങ്ങളും വേണം.

ആവര്‍ത്തിക്കുന്ന പ്രളയകാലം എല്ലാവര്‍ക്കും പാഠമാണ്.സര്‍ക്കാരിനും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ജനങ്ങള്‍ക്കും. ദുരിതബാധിതരെ എത്രയും വേഗം പുനരധിവസിപ്പിക്കണം. ഇനിയും ഇത്തരം അനുഭവമുണ്ടായാല്‍ ദുരന്തഫലങ്ങള്‍ ലഘൂകരിക്കാന്‍ എന്തുവേണമെന്നും ആലോചിക്കണം. എന്നാല്‍ അവയോടൊപ്പമോ അതിനേക്കാള്‍ ഉപരിയോ പ്രധാനമാണ് അടിസ്ഥാനകാരണങ്ങള്‍ തിരിച്ചറിയലും പരിഹാരം തേടലും. അത് നാടിന്റെ വികസന പ്രക്രിയയുമായി ബന്ധപ്പെട്ടതാണ്. വിഭവചൂഷണവും ഭൂപ്രകൃതിമാറ്റവും മലിനീകണവുമെല്ലാം എത്രത്തോളം ആവാമെന്നും  എത്രവരെ അനുവദിക്കാമെന്നുമെല്ലാം ജനങ്ങള്‍ കൂട്ടായി ചര്‍ച്ചചെയ്യണം. മണ്ണിനെയും മനുഷ്യനെയും അറിഞ്ഞുള്ള വികസനം അങ്ങിനെയേ സാധ്യമാവൂ.. അതിന് വിശ്വാസ പ്രമാണങ്ങളോ മുന്‍വിധികളോ സ്ഥാപിത താല്പര്യങ്ങളോ അല്ല വഴികാട്ടേണ്ടത്. ശാസ്ത്രം ആര്‍ജിച്ച അറിവുകളും അതിന്റെ രീതിയും തന്നെയാണ്. വരും ദിവസങ്ങളില്‍ അത്തരമൊരു ചര്‍ച്ചക്ക് സഹായകമായ ശാസ്ത്രലേഖനങ്ങള്‍ ലൂക്കയില്‍ പ്രതീക്ഷിക്കാം.

ടി കെ ദേവരാജന്‍

എഡിറ്റര്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൗരയൂഥഗ്രഹങ്ങളും മൂലകങ്ങളും – ശുക്രന്‍
Next post ബോറോൺ – ഒരു ദിവസം ഒരു മൂലകം
Close