Mon. Jun 1st, 2020

LUCA

Online Science portal by KSSP

സൗരയൂഥഗ്രഹങ്ങളും മൂലകങ്ങളും – ശുക്രന്‍

സൗരയൂഥഗ്രഹങ്ങളിലെ മൂലകങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി. ഇന്ന് ശുക്രന്‍റെ അന്തരീക്ഷത്തിലെ മൂലകങ്ങളെ പരിചയപ്പെടാം.

സൗരയൂഥഗ്രഹങ്ങളിലെ മൂലകങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി.8 സൗരയൂഥഗ്രഹങ്ങള്‍ കൂടാതെ ചന്ദ്രന്‍, പ്ലൂട്ടോ എന്നിവയിലെ പ്രധാന അഞ്ച് മൂലകങ്ങളെക്കുറിച്ചുള്ള ഗ്രാഫിക്സ് തയ്യാറാക്കിയത് Lunar and Planetary Institute ആണ്. ഇന്ന് ശുക്രന്‍റെ അന്തരീക്ഷത്തിലെ മൂലകങ്ങളെ പരിചയപ്പെടാം.

[dropcap]സൗ[/dropcap]രയൂഥത്തിലെ   ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രഹം. ഉപരിതല താപനില ഏകദേശം 460 ഡിഗ്രി സെൽഷ്യസ് ആകയാൽ ലെഡ് പോലുള്ള ലോഹങ്ങളെപ്പോലും ഉരുക്കുന്നു. സൂര്യന്റെ ഏറ്റവും അടുത്തുള്ള ബുധനു പോലും അനുഭവപ്പെടാത്തത്ര ചൂടാണ് ശുക്രനുള്ളത്. ഇതിന്റെ കാരണമെന്തെന്ന് കണ്ടെത്താൻ ശ്രമിച്ചപ്പോൾ ശുക്രാന്തരീക്ഷത്തിന്റെ  സവിശേഷമായ ഘടനയിലേക്കാണ് നാമെത്തിച്ചേർന്നത്. ശുക്രന്റേത് വളരെ കനത്തതും അസിഡിക്കുമായ അന്തരീക്ഷമാണ്. അതിന്റെ ഉപരിതലത്തെ മറയ്ക്കുംവിധം മൂടിനില്ക്കുന്ന മേഘങ്ങളിൽ സൾഫർ സംയുക്തങ്ങളുടെ അംശം കൂടുതലുള്ളതിനാൽ അവിടെയിറങ്ങാൻ ശ്രമിക്കുന്ന ബഹിരാകാശപേടകങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഭൂരിഭാഗം ലോഹങ്ങളും അലിയിക്കപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷമർദ്ദത്തെക്കാൾ 92 മടങ്ങു കൂടുതലാണ് ശുക്രന്റേത്. ഇതിനാൽ ശുക്രാന്തരീക്ഷം വളരെ കനത്തതാണ്. ഇങ്ങനെയാണെങ്കിലും ഭൂമി കഴിഞ്ഞാൽ ശുക്രന്റെ അന്തരീക്ഷത്തിൽ മാത്രമാണ് ജലത്തിന്റെ വളരെക്കുറച്ച് സാന്നിധ്യമെങ്കിലും നിലനില്ക്കുന്നത്. കനത്ത ചൂടിനേയും സമ്മർദ്ദേത്തയും അസിഡിക് ഘടനയേയും തരണം ചെയ്യുവാൻ കഴിയുന്ന ശക്തമായ ഒരു പേടകത്തിനു മാത്രമേ ശുക്രനിൽ എത്തിച്ചേരാനും അതിജീവിക്കാനും കഴിയുകയുള്ളു എന്ന് സാരം.
ശുക്രന്റെ നിഗൂഢതയെ കണ്ടെത്തുവാൻ പല പരിശ്രമങ്ങളും നടത്തിയിട്ടുണ്ട്. അമേരിക്കയുടെ പയനീയർ വീനസ് മിഷന്റെ ഭാഗമായി 4 ലാൻഡറുകളെ ശുക്രനിലേക്ക് അയച്ചിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം ഉപരിതലത്തിൽ വച്ച് തകർന്നു. നാലാമത്തേത് ഒരു മണിക്കൂറോളം ശുക്രന്റെ സാഹചര്യങളെ അതിജീവിച്ചു.1967 മുതൽ 1985 വരെ സോവിയറ്റ് യൂണിയൻ അയച്ച ബഹിരാകാശ പേടകങ്ങൾക്ക് 2 മണിക്കൂറിൽ കൂടുതൽ ശുക്രനിൽ നിലനിൽക്കാനായില്ല. എങ്കിലും കുറച്ച് വിവരങ്ങൾ ശേഖരിക്കാനും ഭൂമിയിലേക്ക് അയക്കാനും കഴിഞ്ഞു. കിട്ടിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ശുക്രന്റേത് ലാവ ഉറഞ്ഞുണ്ടായ പാറകളുടെ അവശിഷ്ടങ്ങൾ കൊണ്ടുള്ള ഉപരിതലമാണെന്നാണ് മനസ്സിലാക്കാൻകഴിഞ്ഞത്. ഏറ്റവും അത്ഭുതകരമായ കാര്യമെന്തെന്നാൽ, ശുക്രനെ നാം ഒരു ഭീകകരനായി ചിത്രീകരിക്കുമെങ്കിലും ചിലപ്പോഴൊക്കെ മാറി ചിന്തിക്കേണ്ടിവരുമെന്നതാണ്. നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ശുക്രനിൽ ജലം ഉണ്ടായിരുന്നിട്ടുണ്ടെന്നും അത് ഒരു സമുദ്രം രൂപീകരിക്കപ്പെടത്തക്കവിധം ധാരാളമായിരുന്നെന്നും കരുതപ്പെടുന്നു. ഭൂമിയെപ്പോലെ ശുക്രനും ഒരിക്കൽ ആവാസയോഗ്യമായിരുന്നിരിക്കാം. അങ്ങനെയെങ്കിൽ  ശുക്രനെങ്ങനെ ഇത്ര ചൂടേറിയ ഗ്രഹമായി മാറി, അതിന്റെ ഘടനയെ മാറ്റിയ സാഹചര്യം എന്ത് എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഇന്നും ഉത്തരം കിട്ടാതെ നില്ക്കുന്നു. ശാസ്ത്രലോകത്തിന്റെ മറ്റൊരു നിഗൂഢതയെ കണ്ടെത്താനുള്ള പരിശ്രമം തുടരുകയാണ്.

ശുക്രന്‍റെ ഉപരിതലം Photographed by the Venera 13 lander. Credit: Don Mitchell (mentallandscape.com)

(പരിഭാഷ:  ശ്രീബാല – ആസ്ട്രോ ക്ലബ്,തിരുവനന്തപുരം)

  1. പോസ്റ്റര്‍ pdf കോപ്പിക്ക് ക്ലിക്ക് ചെയ്യുക
%d bloggers like this: