സാമ്പത്തിക സർവ്വേ 2019-20: സംഗ്രഹവും വിലയിരുത്തലും

ഡോ.കെ പി വിപിൻ ചന്ദ്രൻ
അസിസ്റ്റൻറ് പ്രൊഫസർ,സാമ്പത്തിക ശാസ്ത്ര വിഭാഗം,
കൃഷ്ണമേനോൻ ഗവൺമെൻറ് വനിതാ കോളേജ് കണ്ണൂർ.

ഇന്നവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് കോര്‍പറേറ്റ് മേഖലക്ക് വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും പൊതുമേഖലയെ വിറ്റഴിച്ചുകൊണ്ടുമായിരിക്കുമെന്നതിന്റെ സൂചനയും ന്യായീകരണവുമാണ് മൊത്തത്തില്‍ സാമ്പത്തിക സര്‍വ്വേ. 

കേന്ദ്ര ധനകാര്യ മന്ത്രി സീതാരാമൻ 2020 ജനുവരി 31ന് അവതരിപ്പിച്ച സാമ്പത്തിക സർവ്വേ 2019-20 റിപ്പോർട്ട് അടുത്ത സാമ്പത്തിക വർഷം മുതൽ ഇന്ത്യയുടെ വാർഷിക വളർച്ച നിരക്ക് ആറ് ശതമാനം മുതൽ 6.5 ശതമാനം വരെ പ്രതീക്ഷിക്കുന്നതാണ്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക്  5 ശതമാനം മാത്രമേ ഉള്ളൂ എന്നും സൂചിപ്പിക്കുന്നു.ആഗോള മാന്ദ്യം  ദുർബലമായ ഇന്ത്യയെ ബാധിച്ചുവെന്നും ആഭ്യന്തര സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങൾ കാരണം നിക്ഷേപം മന്ദഗതിയിൽ ആയി എന്നുമാണ്  സാമ്പത്തിക സർവ്വേ വിലയിരുത്തുന്നത്. വളർച്ച പുനരുജ്ജീവിപ്പിക്കാൻ നിലവിലെ സാമ്പത്തിക ധനകമ്മി കുറയ്ക്കേണ്ടതിന്റെയും ബിസിനസ് എളുപ്പമാക്കുന്ന കൂടുതൽ പരിഷ്കാരങ്ങൾ നടപ്പില്‍ വരുത്തേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ചാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ സർവ്വേ മുഖ്യമായും പറയുന്നത്. ഇതിന് പുറമേ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിന് തുറമുഖങ്ങളിൽ ചുവപ്പുനാട ഒഴിവാക്കി അടിയന്തരമായി ഇടപെടണമെന്നും ഈ സർവ്വേ മുന്നോട്ടുവയ്ക്കുന്നു.. എങ്കിലും കഴിഞ്ഞ  30 വർഷങ്ങളിൽ ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന കാര്യം വിസ്മരിക്കുന്ന രീതിയിലാണ് സാമ്പത്തിക സർവ്വേ തയ്യാറാക്കിയത്.

സാമ്പത്തിക സർവ്വേ 2019-20 ഒറ്റനോട്ടത്തിൽ

സര്‍വേ മുന്നോട്ട വയ്ക്കുന്ന മറ്റ്  നിരീക്ഷണങ്ങളും അവകാശവാദങ്ങളും ഒറ്റനോട്ടത്തില്‍ ഇവയാണ്.

 • 2019-20 ലെ വ്യവസായ വളർച്ച 2.5% ആയി കണക്കാക്കുന്നു.
 • പണപ്പെരുപ്പം 2019 ഏപ്രിലിൽ 3.2 ശതമാനത്തിൽ നിന്ന് 2019 ഡിസംബറിൽ 2.6 ശതമാനമായി കുത്തനെ ഇടിഞ്ഞു.
 • കാർഷിക വളർച്ചാ നിരക്ക് 2019 ആദ്യപാദത്തിൽ മിതമായ പുനരുജ്ജീവനം കാണിക്കുന്നു.
 • 2019 ഏപ്രിൽ നവംബർ കാലയളവിൽ ജിഎസ്ടി കളക്ഷൻ 4.1 ശതമാനമായി വർധിച്ചു.
 • 2011-12 നും 2017-18 നും ഇടയിൽ ഗ്രാമീണ നഗരപ്രദേശങ്ങളിൽ 2.62 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
 • ഔപചാരികമായ തൊഴിൽ വിഹിതം 2011 -1217.9 ശതമാനത്തിൽ നിന്ന് 2017 -1822.8 ശതമാനമായി ഉയർന്നു.
 • 2011-12 അപേക്ഷിച്ച് 2017-18 വർഷത്തിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ 8 ശതമാനം വർധനവുണ്ടായി.
 • 2024-25 സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യയിലെ ജിഡിപി വളർച്ച 5 ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് എത്തിക്കാൻ ഇന്ത്യ  1.4 ട്രില്യൺ ഡോളർ വരും വർഷങ്ങളിൽ അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി ചെലവഴിക്കണം.
 • സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കാൻ അതിനുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ സാമ്പത്തിക സർവ്വേ സർക്കാരിനോട് ആവശ്യപ്പെടുന്നു.
 • പുതിയ ബിസിനസ് ആരംഭിക്കുക, സ്വത്ത് രജിസ്റ്റർ ചെയ്യുക, നികുതി അടയ്ക്കുക എന്നിവ എളുപ്പമാക്കാനുള്ള നടപടികൾ സ്വീകരിക്കണം.
 • വിപണിയിൽ അനാവശ്യമായി ഇടപെടുകയും വിപണിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന മേഖലകൾ പരിശോധിക്കാൻ സർക്കാരിനോട് സാമ്പത്തിക സർവ്വേ നിർദ്ദേശിക്കുന്നു.
 • പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനും ബാങ്കുകളിൽ ഉള്ള ജനങ്ങളുടെ വിശ്വാസം വളർത്തുന്നതിനും കൂടുതൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്ന് സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു.
 • കർഷകരുടെ കടം എഴുതി തള്ളൽ വായ്പാ സംസ്കാരത്തെ തടസ്സപ്പെടുത്തുന്നു.അതു കർഷകർക്ക് ഔപചാരികമായ വായ്പ കിട്ടുന്നത് കുറയ്ക്കുന്നു.

10 പുതിയ ആശയങ്ങൾ

വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ  സാമ്പത്തിക വളർച്ച വീണ്ടെടുക്കൽ സാധ്യമാക്കുന്നതിന്  സാമ്പത്തിക സർവ്വേ മുന്നോട്ടുവെക്കുന്നത് സാമ്പത്തിക പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്നാണ്.സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനും സമ്പത്ത് സൃഷ്ടിക്കുന്നതിനെ ത്വരിതപ്പെടുത്തുന്നതിനും സാമ്പത്തിക സർവ്വേ  പുതിയ ആശയങ്ങളിലേക്ക് വെളിച്ചം വീശുന്നു. സാമ്പത്തിക സർവ്വേ യുടെ പ്രധാന വിഷയമായി പരിഗണിക്കുന്നത് “മാർക്കറ്റുകൾ പ്രാപ്തമാക്കുക, ബിസിനസ് അനുകൂലമായ നയം പ്രോത്സാഹിപ്പിക്കുക, സമ്പദ്‌വ്യവസ്ഥയിൽ വിശ്വാസം ശക്തിപ്പെടുത്തുക” എന്നീ മൂന്ന് ആശയങ്ങൾക്ക് പ്രാധാന്യം നൽകിയാണ്.

 1. സമ്പത്ത് സൃഷ്ടിക്കുക (Wealth creation)
 • സാമ്പത്തിക ഇടപാടുകളിൽ വിപണിയുടെ അദൃശ്യ കൈ (invisible hand). 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ ആകാനുള്ള ഇന്ത്യയുടെ ആഗ്രഹത്തിന് വിപണിയുടെ അദൃശ്യ കൈ ശക്തിപ്പെടുത്തുക.
 • ഇന്ത്യയുടെ ജിഡിപി, പ്രതിശീർഷവരുമാനം എന്നിവ വർധിപ്പിക്കുന്നതിന് സമ്പത്ത് സൃഷ്ടിക്കാൻ നവലിബറൽ പരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുക.
 1. സംരംഭകത്വം (entrepreneurship)
 • ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഒരു തന്ത്രമായി സംരംഭകത്വം മാറണം.
 • അഡ്മിനിസ്ട്രേറ്റീവ് പിരമിഡിന്റെ അടിഭാഗത്തുള്ള ജില്ല തലങ്ങളില്‍ സംരംഭകത്വലൂടെ സമ്പത്ത് സൃഷ്ടിക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കും.
 • അതിനായി ജില്ലയിലെ സാക്ഷരതയും,വിദ്യാഭ്യാസവും പ്രാദേശിക സംരംഭകത്വം ഗണ്യമായി വളർത്തണം. സംരംഭകത്വലൂടെ സ്വാധീനിക്കുന്ന ഘടകമായതിനാല്‍ അടിസ്ഥാനസൗകര്യ വികസനവും ഉണ്ടാവണം.
 • സംസ്ഥാന ഭരണകൂടങ്ങൾ സംരംഭകത്വം വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
 1. ബിസിനസ് അനുകൂലം നയം (Pro-business versus Pro- markets)
 • സമ്പത്ത് സൃഷ്ടിക്കുന്നതിന് ബിസിനസ് അനുകൂലനയം പ്രോത്സാഹിപ്പിക്കുക.
 • 1991 ലെ സാമ്പത്തിക പരിഷ്കരണത്തിന് ശേഷം സ്റ്റോക്ക് മാർക്കറ്റിൽ  അഭൂതപൂർവമായ വളർച്ച പ്രകടമായി.
 1. കടാശ്വാസങ്ങൾ (debt Waivers)
 • വിപണികളെ ദുർബലപ്പെടുത്തുന്ന സമീപനങ്ങളിൽ സർക്കാരിൻറെ ഇടപെടൽ അനിവാര്യമാണെന്നു സാമ്പത്തിക സർവ്വേ നിർദ്ദേശിക്കുന്നു.
 • നിക്ഷേപങ്ങളെയും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് വിപണി ഇടപെടലുകൾ മത്സര വിപണികൾക്ക് പ്രാപ്തമാക്കുകയും ചെയ്യും.
 1. തൊഴിലും വളർച്ചയും (jobs and growth)
 • അന്തർദേശീയ വ്യാപാരത്തിലെ നിലവിലെ അന്തരീക്ഷം ചൈന പോലുള്ള തൊഴിൽ തീവ്ര-കയറ്റുമതി പാത പിന്തുടർന്നാൽ ഭാവിയിൽ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഇത് ഇന്ത്യയ്ക്ക് മെച്ചപ്പെട്ട ഒരു അവസരമാണ് നൽകുന്നത്.
 • മേക്കിങ് ഇന്ത്യ പോലുള്ള പദ്ധതികളിലൂടെ 2025 ഓടെ നാലുകോടി നല്ല ശമ്പളമുള്ള ജോലികളും, 2030 ഓടെ എണ്‍പത്ദശലക്ഷം കോടി രൂപയും സൃഷ്ടിക്കാൻ ഇന്ത്യക്ക് കഴിയും. 2025  ൽ ലോകമെമ്പാടും ഏഴ് ട്രില്യൺ ഡോളർ തുല്യമാകുന്ന രീതിയിൽ നെറ്റ്‌വർക്ക് ഉൽപന്നങ്ങളുടെ കയറ്റുമതി ചെയ്യാൻ ഇന്ത്യയ്ക്ക് സാധിക്കും.
 1. ബിസിനസ് എളുപ്പമാക്കുക ( Ease of Doing business)
 • ലോക ബാങ്കിന്റെ ബിസിനസ് എളുപ്പമാക്കൽ സൂചികയിൽ 2019ൽഇന്ത്യ അറുപത്തി മൂന്നാം സ്ഥാനത്താണ്. 2014142 സ്ഥാനത്ത് ഉണ്ടായ ഇന്ത്യ 79 സ്ഥാനങ്ങളുടെ ഉയർച്ച പ്രകടമായി. എന്നിരുന്നാലും ബിസിനസ് എളുപ്പമാക്കുക, പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുക, നികുതി അടക്കൽ, രജിസ്റ്റർചെയ്യാൻ കരാറുകൾ നടപ്പിലാക്കുക എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇപ്പോഴും പിന്നിലാണ്.
 1. ബാങ്ക് ദേശസാൽക്കരണത്തിന്റെ സുവർണജൂബിലി
 • 2019 വർഷം ബാങ്ക് ദേശസാൽക്കരണം അതിൻറെ സുവർണജൂബിലി വർഷമായി അടയാളപ്പെടുത്തുന്നു. ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ വളർച്ച സാമ്പത്തിക വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ആനുപാതികം ആയിട്ടല്ലെന്ന്  സർവ്വേ ചൂണ്ടിക്കാട്ടുന്നു.
 • ഇതുവരെ ഒരു ഇന്ത്യൻ ബാങ്ക് മാത്രമാണ് ആഗോളതലത്തിൽ 100 ബാങ്കുകളുടെ പട്ടികയിൽ ഇടം നേടിയത്.സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ സഹായിക്കുന്നതിന് കാര്യക്ഷമമായ ഒരു ബാങ്കിംഗ് മേഖല ആവശ്യമാണ്.
 • പബ്ലിക് സെക്ടർ ബാങ്കുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് എല്ലാ ബാങ്കിംഗ് പ്രവർത്തനത്തിലും ഫിനാൻഷ്യൽ ടെക്നോളജി ഉപയോഗിക്കുവാൻ സർവ്വേ നിർദ്ദേശിക്കുന്നു.
 1. സ്വകാര്യവൽക്കരണവും സമ്പത്ത് സൃഷ്ടിയും (privatisation and wealth creation)
 • സ്വകാര്യവൽക്കരണത്തെയും ഓഹരി വിറ്റഴിക്കൽ നടപടിയെയും സാമ്പത്തിക സർവ്വേ ന്യായീകരിക്കുന്നു.
 • സ്വകാര്യവൽക്കരിച്ച കേന്ദ്രീകൃത പൊതുമേഖല സംരംഭങ്ങളിലൂടെ കൂടുതൽ സമ്പത്ത് കേന്ദ്രസർക്കാരിന് നേടാൻ കഴിയുമെന്ന് സർവ്വേ അവകാശപ്പെടുന്നു.
 • അതിലൂടെ ഉയർന്ന ലാഭം കൈവരിക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും പ്രൊഫഷണലിസം പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രീകൃത പൊതുമേഖലസംരംഭങ്ങളുടെ ഓഹരി വിറ്റഴിക്കൽ സഹായിക്കുന്നു.
 1. ഇന്ത്യയുടെ ജിഡിപി വളർച്ച
 • രാജ്യത്തിന്റെ ജിഡിപി വളർച്ചക്കായി നിക്ഷേപകർ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപം നടത്താൻ തീരുമാനിക്കുമ്പോൾ അതിൻറെ സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വം നിക്ഷേപത്തെ ബാധിക്കും.
 • സമീപകാല സാമ്പത്തികമാന്ദ്യം ഇന്ത്യയിലെ ജിഡിപി വളർച്ച നിരക്കിന് മോശമായി സ്വാധീനിക്കുന്നു.
 1. താലിനോമിക്സ്(Thalinomics)
 • കഴിഞ്ഞ 13 വർഷം കൊണ്ട് രാജ്യത്തെ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ താലികളുടെ (ഭക്ഷണ വിഭവങ്ങൾ) വില നിരക്ക് താങ്ങാവുന്ന നിലയിലേക്ക് എത്തി എന്ന സാമ്പത്തിക സർവേ റിപ്പോർട്ട് അവകാശപ്പെടുന്നു.
 • വെജിറ്റേറിയൻ താലികളുടെ വിലനിലവാരം 29% മെച്ചപ്പെട്ടു.
 • നോൺ വെജിറ്റേറിയൻ താലികളുടെ വിലനിലവാരം 18 ശതമാനത്തോളം കുറഞ്ഞതായി വ്യക്തമാക്കുന്നു.
  കടപ്പാട് : സാമ്പത്തിക സർവ്വേ 2019-20

സാമ്പത്തിക സർവേ 2019-20 വിലയിരുത്തുമ്പോൾ

2019-20 വർഷത്തെ സാമ്പത്തിക സർവ്വേ വിലയിരുത്തുമ്പോൾ 2025ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 5 ബില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥ യിലേക്കുള്ള കാഴ്ചപ്പാട് കൈവരിക്കുന്നതിനാണ് മഖ്യമായികേന്ദ്രീകരിച്ചത്. കഴിഞ്ഞ വർഷത്തെ സാമ്പത്തിക സർവ്വേയുടെ സമീപനരീതി വ്യക്തികളുടെ പെരുമാറ്റം എങ്ങനെ ഒരു സമ്പദ്‌വ്യവസ്ഥയെ നയിക്കും എന്ന  എന്ന രീതി ശാസ്ത്രമാണ് പിന്തുടർന്നത്.  എന്നാൽ ഈ വർഷം സാമ്പത്തിക സർവേ തയ്യാറാക്കിയത് സാമ്പത്തിക ശാസ്ത്രത്തിൻറെ പിതാവായ  ആഡംസ്മിത്ത് 1776ൽ എഴുതിയ ആധുനിക സാമ്പത്തിക ശാസ്ത്രത്തിൻറെ ഇതിഹാസ ഗ്രന്ഥമായ  “രാജ്യത്തിൻറെ സമ്പത്ത് സ്വഭാവങ്ങളും കാരണങ്ങളും ഒരു അന്വേഷണം” എന്ന  ഗ്രന്ഥത്തെ സൂചിപ്പിച്ചുകൊണ്ടാണ്.

ഇന്ത്യയിൽ സമ്പത്ത് സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു നയങ്ങളുടെ ചട്ടക്കൂട് ഉൾപ്പെടുത്താൻ ശ്രമിക്കുക എന്ന സമീപനമാണ് ഈ സാമ്പത്തിക സർവ്വേ മുന്നോട്ടുവെച്ചത്. എന്നാൽ സമ്പത്ത് സൃഷ്ടിക്കുന്നത് കോര്‍പറേറ്റുകളാണെന്നും അതിനാല്‍ അവരെ കയ്യയച്ചു പിന്തുണക്കുകയാണ് സര്‍ക്കാരിന്റെ കടമ എന്ന സമീപനത്തിലാണ് ഊന്നിയിട്ടുള്ളത്.

അതിനാല്‍ ഈ സാമ്പത്തിക സമീപനത്തിൽ ‘സമ്പത്ത് സൃഷ്ടിക്കുക’ എന്നത് ഉദ്ദേശിക്കുന്നത് കോർപ്പറേറ്റ് മേഖലയുടെ ഉന്നതി മാത്രമാണ് ലക്ഷ്യം വെക്കുന്നത്.
  ഇന്ത്യയിലെ മൊത്തം 73 ശതമാനത്തോളം സമ്പത്ത് ഒരു ശതമാനത്തോളമുള്ള ശതകോടീശ്വരന്മാർ കൈവശം വച്ചിരിക്കുന്നു.കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഓക്സ്ഫാംസർവ്വേ റിപ്പോർട്ട് ഇതുതന്നെ ചൂണ്ടികാട്ടുന്നു. എന്നിരുന്നാലും സമ്പത്തിന്റെ യഥാർത്ഥ പുനർവിതരണം കുറിച്ച് ഈ സാമ്പത്തിക സർവ്വേ സൂചിപ്പിക്കുന്നില്ല. സാമ്പത്തിക മാന്ദ്യത്തിന് കാരണം വിപണിചുരുങ്ങിയതും അതിനിടവരുത്തിയത്  നവലിബറല്‍നയങ്ങള്‍ പൊതുവിലും കഴിഞ്ഞ മോഡിസര്‍ക്കാര്‍നടപ്പാക്കിയ നോട്ടുനിരോധനവും ജിഎസ്ടിയും കാര്‍ഷിക ചെറുകിടമേഖലകളെ തകര്‍ത്തതിനാല്‍ ജനങ്ങളുടെ ക്രയശേഷി കുറഞ്ഞതിനാലാണെന്നും കാണുന്നേയില്ല.

കടപ്പാട് : സാമ്പത്തിക സർവ്വേ 2019-20

അതിനൊപ്പം  ഈ വർഷത്തെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് തയ്യാറാക്കിയത് ഇന്ത്യയുടെ ഭൂതകാലത്തിൽ അഭിരമിക്കുന്ന രീതിയിലും 1991 ന് ശേഷമുള്ള പുത്തൻ സാമ്പത്തിക നയങ്ങളുടെയും കൂടിച്ചേർന്ന ഒരു സമീപനമാണ് സ്വീകരിച്ചത്. 1991നു ശേഷമുള്ള നവലിബറൽ സമീപനം ഇന്ത്യയെ പ്രത്യേകിച്ച് ഓഹരി വിപണിയെ കൂടുതൽ കരുത്താർജിച്ചു എന്നുമാണ് ഈ സാമ്പത്തിക സർവ്വേ അവകാശപ്പെടുന്നത്. ഓഹരി വിപണിയുടെ വളർച്ച കൊണ്ടുമാത്രം ഒരു സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ വിലയിരുത്താൻ സാധിക്കില്ല. ആധുനിക വികസന നസാമ്പത്തിക ശാസ്ത്രജ്ഞന്മാർ ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അളവുകോലായി പരിഗണിക്കുന്നത് ജിഡിപി വളർച്ചനിരക്കും, പ്രതിശീർഷവരുമാനവും അല്ല മറിച്ച് ആ രാജ്യത്തെ ജനങ്ങളുടെ മാനവവികസന രംഗത്തുള്ള വളർച്ചയെ ആണ്.  ഈ കഴിഞ്ഞ വർഷത്തെ മാനവവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 130 സ്ഥാനത്താണ്.1990ൽ ആദ്യ മാനവവികസനസൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഏതാണ്ട് ഇതുതന്നെയായിരുന്നു.

കഴിഞ്ഞ 30 വർഷത്തോളമായി ഇന്ത്യയിൽ സാമ്പത്തിക വളർച്ച നേടി എന്ന് അവകാശപ്പെടുമ്പോഴും ഇന്ത്യയിലെ ഗ്രാമീണമേഖലയിൽ 50 ശതമാനത്തോളം ജനങ്ങൾ ഇന്നും ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നു. ഇന്ത്യയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ആയ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രശ്നങ്ങൾ പരിഗണിക്കുന്ന ഒരു സമീപനവും ഈ സാമ്പത്തിക സർവേയിൽ കാണാനില്ല.
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി എന്ന് അവകാശപ്പെടുമ്പോഴും എന്താണ് ഒരു രാജ്യത്തിന്റെ സമ്പത്തിനും അഭിവൃദ്ധിക്കും കാരണമാകുന്നത് എന്ന പ്രസക്തമായ ചോദ്യമാണ് നാം ഇവിടെ ഉന്നയിക്കേണ്ടത്.

സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ആശയത്തിന് പ്രാധാന്യം നൽകി തയ്യാറാക്കിയ 2019-20 വർഷത്തെ സാമ്പത്തിക സർവ്വേ വിപണിയിലെ അദൃശ്യ  കരങ്ങളെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുന്നു. വിപണിയുടെ ആവശ്യങ്ങൾക്ക് മാത്രം വിട്ടുകൊടുക്കാതെ സമ്പദ്‌വ്യവസ്ഥയിൽ  സർക്കാരിന്റെ ഇടപെടലുകൾ അനിവാര്യമാണ്. അതിനൊപ്പം സമ്പത്ത് കേന്ദ്രീകരിക്കുന്നതിന് വേണ്ടി സംരംഭകത്വം പ്രോത്സാഹിപ്പിക്കുവാനും സാമ്പത്തിക സർവ്വേ ഊന്നൽ നൽകുന്നു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന സമീപനം ഒരു തെറ്റായി കരുതുന്നില്ല. എന്നാൽ  ജനങ്ങളെയും പ്രകൃതിവിഭവങ്ങളെയും ഏത് വിധേനയും  ചൂഷണം ചെയ്യുന്ന സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാൻ സാധ്യമല്ല.

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ വളർച്ച നിരക്ക് വർധിപ്പിക്കുന്നതിന് വേണ്ടി നെറ്റ് വർക്ക് ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കായി ചൈനീസ് മാതൃക പിന്തുടർന്ന്  കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 2030 ഓടെ കൂടി 7 ട്രില്യൺ യുഎസ് ഡോളർ സമ്പദ്വ്യവസ്ഥയായി ഇന്ത്യയ്ക്ക് മാറാൻ സാധിക്കുമെന്നാണ് സാമ്പത്തിക സർവ്വേ അവകാശപ്പെടുന്നത്. എന്നാൽ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ മെയ്ക്ക് ഇൻ ഇന്ത്യപദ്ധതി വൻ പരാജയമാണ് എന്ന വസ്തുത മറച്ചു വയ്ക്കുന്നു. ബിസിനസ് മേഖലയിൽ പുതുതായി പ്രവേശിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചുവപ്പുനാട ഒഴിവാക്കുകയും ചെയ്യുന്നത് ഗുണകരമാണ് പക്ഷേ  കുത്തകവല്‍കരണവും സമ്പത്തിന്റെ വന്‍ കേന്ദ്രീകരണവുമാണ് പുതുസംരംഭങ്ങളുടെ വളര്‍ച്ചക്ക് തടസ്സം എന്നും കാണുന്നില്ല.

ബാങ്ക് ദേശസാൽക്കരണം 50 വർഷം പിന്നിട്ടിട്ടും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മുന്നോട്ടു പോയത് പോലെ ബാങ്ക് മേഖല വളർച്ച നേരിട്ടിട്ടില്ല  എന്ന വിലയിരുത്തൽ അത്ഭുതകരമാണ്. ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായി പ്രവർത്തിച്ചത്  ദേശസാൽകൃത ബാങ്കുകൾ ആണ്.

കഴിഞ്ഞ ദശകത്തിന്റെ അവസാനം ഉണ്ടായ ആഗോളപ്രതിസന്ധി ഇന്ത്യയെ അധികം ബാധിക്കാതിരുന്നതിന് കാരണം പൊതുമേഖലാ ബാങ്കുകളുടെ കരുത്തായിരുന്നു.എന്നാൽ ദേശസാൽകൃത ബാങ്കുകളെ ലയിപ്പിക്കുകയും, നോട്ട് നിരോധനം പോലുള്ള തുഗ്ലക്ക് നയങ്ങളും ദേശസാൽകൃത ബാങ്കുകളുടെ നിലനിൽപ്പിനെപോലും അപകടപ്പെടുത്തുന്ന രീതിയിലേക്ക് എത്തിച്ചേർന്നു.
കോര്‍പറേറ്റുകളുടെ വന്‍വായ്പകള്‍ കിട്ടാക്കടങ്ങള്‍ ആക്കി മാറ്റിഎഴുതി തള്ളികൊണ്ടിരുന്നത്  ആണ് ബാങ്കിംഗ് മേഖലയുടെ ലാഭക്ഷമതയെ കുറച്ചത്.

1991 ലെ സാമ്പത്തിക പരിഷ്കരണത്തിലെ  പ്രധാനപ്പെട്ട  സ്വകാര്യവൽക്കരണം അതിന്റെ കൂടുതൽ തീവ്രതയോടെ നടപ്പിലാക്കണമെന്നാണ് ഈ സാമ്പത്തിക സർവ്വേ മുന്നോട്ടുവെക്കുന്നത്.
ഇന്ത്യയുടെ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കാൻ കഴിയുന്നതിലൂടെ സമ്പത്ത് സൃഷ്ടിക്കാൻ സാധിക്കും എന്ന് സാമ്പത്തിക സർവ്വേ  അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റഴിക്കുന്നത്  രാജ്യത്തിൻറെ സമ്പത്ത് കയ്യൊഴിയലാണ്. ജനങ്ങളുടെയാകെ തൊഴിലും വരുമാനം വര്‍ധിക്കുകയും അത്  വിപണിയെ ഉണര്‍ത്തുകയും ചെയ്യുമ്പോഴാണ് സമ്പത്ത് സൃഷിക്കപ്പെടുക.

ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് തന്നെ  5 ശതമാനത്തിൽ താഴെ എത്തിച്ചേർന്നു. ഈ സാമ്പത്തിക സർവ്വേ തന്നെ ഇന്ത്യ ഒരു വലിയ സാമ്പത്തികമാന്ദ്യത്തിന് പിടിയിലാണെന്ന് സൂചന നൽകുന്നു. എങ്കിലും ഈ സാമ്പത്തികമാന്ദ്യത്തിന്റ പിടിയിൽ നിന്നും കരകയറാൻ കോർപ്പറേറ്റ് അനുകൂലമായ പരിഷ്ക്കാര നടപടികൾ മാത്രമേ സ്വീകരിച്ചു കാണുന്നുള്ളൂ.
  ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ  സാധാരണ ജനങ്ങളുടെ കയ്യിൽ നേരിട്ട് പണം എത്തുന്ന രീതിയിലുള്ള ക്ഷേമനയങ്ങളാണ് ആവശ്യം. അതിനുപകരം നിയോലിബറൽ പരിഷ്കാരങ്ങൾ സ്വീകരിച്ചുകൊണ്ട്  ചരിത്രാതീതകാലത്ത് സാമ്പത്തികവളർച്ച നേടിയെന്ന പഴഞ്ചൻ സമീപന രീതിയും ആധുനിക മുതലാളിത്തത്തെ താലോലിക്കുന്ന കോർപ്പറേറ്റ് സമീപന രീതിയും ചേർന്നുള്ള കപട വികസന സമീപനമാണ് മൊത്തത്തില്‍ സർവ്വേ മുന്നോട്ടുവെക്കുന്നത്. ഈ സാമ്പത്തിക സര്‍വേ. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ വസ്തുതാപരമായി വിലയിരുത്തുകയും അതില്‍നിന്ന് പുതിയ നയങ്ങള്‍ രൂപ്പെടുത്തുകയും ചെയ്യുന്ന ശാസ്ത്രീയ രീതിയല്ല ഇവിടെ പ്രകടമാകുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയെകുറിച്ചുള്ള ചില വിശ്വാസങ്ങളിലൂന്നി, ആശയങ്ങള്‍ രൂപീകരിക്കുകയും അതിനാവശ്യമായ വിവരങ്ങള്‍ മാത്രം അവതരിപ്പിക്കയുമാണിവിടെ. ഇന്നവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് കോര്‍പറേറ്റ് മേഖലക്ക് വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും പൊതുമേഖലയെ വിറ്റഴിച്ചുകൊണ്ടുമായിരിക്കുമെന്നതിന്റെ സൂചനയും ന്യായീകരണവുമാണ് മൊത്തത്തില്‍ സാമ്പത്തിക സര്‍വ്വേ.


എന്താണ് സാമ്പത്തിക സർവ്വേ?  എന്തുകൊണ്ടാണ് ഇത് പ്രധാനമാകുന്നത്?

Leave a Reply