ഡോ. കെ പി വിപിൻ ചന്ദ്രൻ
കൃഷ്ണമേനോൻ ഗവ. വനിതാ കോളേജ്, കണ്ണൂർ
എന്താണ് സാമ്പത്തിക സർവ്വേ? എന്തുകൊണ്ട് ഇത് പ്രാധാന്യമർഹിക്കുന്നു?
എന്താണ് സാമ്പത്തിക സർവ്വേ?
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വാർഷിക രേഖയാണ് ഇക്കണോമിക് സർവ്വേ അഥവാ സാമ്പത്തിക സർവ്വേ. കഴിഞ്ഞ 12 മാസത്തെ സാമ്പത്തിക പുരോഗതിയും പ്രശ്നങ്ങളും അവലോകനം ചെയ്യുകയും സർക്കാർ അവതരിപ്പിച്ച പ്രധാന വികസന പദ്ധതികളുടെ പ്രകടനത്തെ വിലയിരുത്തപ്പെടുന്ന രേഖയാണിത്. പ്രധാന സാമ്പത്തിക സംഭവവികാസങ്ങൾ, സ്ഥൂല സാമ്പത്തിക ഘടകങ്ങൾ, പണപ്പെരുപ്പം, മറ്റു സാമ്പത്തിക ഘടകങ്ങൾ എന്നിവയെക്കുറിച്ച് സാമ്പത്തിക സർവ്വേ വിശദമായി ചർച്ച ചെയ്യുന്നു.
കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് തയ്യാറാക്കി ധനകാര്യമന്ത്രിയുടെ അംഗീകാരത്തിന് ശേഷം പുറത്തിറക്കുന്നത്. ബജറ്റ് സമ്മേളനം ആരംഭിച്ചതിനു ശേഷം പാർലമെൻറിൽ അവതരിപ്പിക്കുന്ന ആദ്യ രേഖ ആയിരിക്കും സാമ്പത്തിക സർവ്വേ. 2020-21 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ധനകാര്യമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നതിനു മുമ്പ് ഒരു ദിവസം മുമ്പാണ് സർക്കാർ 2019-2020 വർഷത്തെ സാമ്പത്തിക സർവ്വേ പുറത്തിറക്കുന്നത്.
എന്തുകൊണ്ട് ഇത് പ്രാധാന്യമർഹിക്കുന്നു?
സമഗ്രമായ രീതിയിൽ സ്ഥിതിവിവരകണക്കും വിശകലനവും നൽകിക്കൊണ്ട് സാമ്പത്തിക നയങ്ങളെ കുറിച്ച് പൗരന്മാരിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് സാമ്പത്തിക സർവേയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ ഒരു ഒരു വർഷത്തിനുള്ളിൽ സമ്പദ് വ്യവസ്ഥയുടെ അവസ്ഥ അവലോകനം ചെയ്യുന്നതിനായി സർക്കാർ അവതരിപ്പിച്ച വാർഷിക രേഖയാണ് സാമ്പത്തിക സർവ്വേ. സാമ്പത്തിക സർവ്വേ റിപ്പോർട്ട് കേന്ദ്രബജറ്റ് പോലെ തന്നെ പ്രധാനമാണ്. കാരണം സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുന്ന പല പ്രധാന തീരുമാനങ്ങളുടെ ആമുഖം മാത്രമല്ല അതിനൊപ്പം കഴിഞ്ഞ വർഷങ്ങളിൽ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ വിശദമായി സ്ഥിതിവിവരക്കണക്കുകളുടെ സഹായത്തോടെ വിലയിരുത്തുകയും ചെയ്യുന്നു.
സാധാരണയായി സാമ്പത്തിക സർവ്വേ രണ്ടു വാല്യങ്ങളായി അവതരിപ്പിക്കുന്നു. ആദ്യത്തേത് സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളെയും പരിഹാരങ്ങളെയും കുറിച്ചുള്ള ഒരു അവലോകനവും, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെൻറ അഭിപ്രായവും ഉൾക്കൊള്ളിക്കുന്നു. രണ്ടാമത്തേത് വിവിധ മന്ത്രാലയങ്ങളിൽ നിന്നുമുള്ള സ്ഥിതിവിവരക്കണക്ക് വിശകലനം ഉൾക്കൊള്ളുന്നു. കാർഷികമേഖലയുടെ പ്രകടനം,വ്യാവസായിക ഉത്പാദനം, അടിസ്ഥാനസൗകര്യങ്ങൾ, തൊഴിൽ, ഇറക്കുമതി, കയറ്റുമതി, വിദേശനാണ്യ കരുതൽ, ബജറ്റിനെ സംബന്ധിക്കുന്ന മറ്റു സാമ്പത്തിക ഘടകങ്ങൾ എന്നിവ സാമ്പത്തിക സർവ്വേയിൽ വിശകലനം ചെയ്യുന്നു.
അല്പം ചരിത്രം
ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സർവ്വേ 1950 -51 അവതരിപ്പിച്ചു. 1964 വരെ കേന്ദ്ര ബജറ്റിനെൻറ കൂടെയാണ് സാമ്പത്തിക സർവ്വേ അവതരിപ്പിച്ചത്. എന്നാൽ 1964 മുതൽ ഇത് വേർതിരിച്ച് ബജറ്റ് പ്രഖ്യാപനത്തിന് മുമ്പായി അവതരിപ്പിക്കുന്നു. 2015 മുതൽ സാമ്പത്തിക സർവ്വേ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒരുഭാഗം സമ്പദ്‌വ്യവസ്ഥയുടെ വ്യാഖ്യാനത്തെ ഉൾക്കൊള്ളുകയും മറ്റൊരുഭാഗം പ്രധാന സാമ്പത്തിക സ്ഥിതിവിവര കണക്കുകൾ വിലയിരുത്തുന്നു.
മുൻകാലങ്ങളിൽ സാമ്പത്തിക സർവ്വേ ചിലപ്പോൾ ചില സുപ്രധാന വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്നു. കാലാവസ്ഥ വ്യതിയാനത്തിന് സ്വാധീനം, ലിംഗ സമത്വത്തിന് കുറിച്ചുള്ള സമീപനം എന്നിവ. ഉദാഹരണമായി 2018-19 വർഷത്തെ സാമ്പത്തിക സർവ്വേ ലിംഗപരമായ വിഷയങ്ങളിൽ പ്രാധാന്യം നൽകി പിങ്ക് നിറത്തിൽ ആയിരുന്നു തയ്യാറാക്കിയത്.
മിക്കപ്പോഴും സാമ്പത്തിക സർവ്വേ കേന്ദ്രബജറ്റിൻറ നയമാർഗ്ഗനിർദ്ദേശമായി പ്രവർത്തിക്കുന്നു. എന്നിരുന്നാലും അതിൻറെ ശുപാർശകൾ കേന്ദ്രസർക്കാരിനെ ബാധിക്കുന്നില്ല. മിക്കപ്പോഴും സർവ്വേയിൽ അവതരിപ്പിച്ച ശുപാർശകൾ ബജറ്റിനെ നിർദേശങ്ങളായി കാണാറില്ല. എന്നിരുന്നാലും ഈ സാമ്പത്തിക സർവ്വേ റിപ്പോർട്ട് സാമ്പത്തിക വിദഗ്ധർ, നയരൂപീകരണ മേഖലയിലുള്ളവർ, സർക്കാർ ഏജൻസികൾ, ബിസിനസ് മേഖലയിലെ വിദഗ്ധർ, ഗവേഷകർ, വിദ്യാർഥികൾ മാധ്യമങ്ങൾ തുടങ്ങി ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിൽ താൽപ്പര്യമുള്ള എല്ലാവർക്കും ഉപയോഗപ്രദമാണെന്നാണ് സർക്കാർ കണക്കാക്കുന്നത്.
സാമ്പത്തിക സര്‍വ്വേ 2019-2020 https://www.indiabudget.gov.in/economicsurvey/