കമ്പ്യൂട്ടര്‍ ശൃംഘലകള്‍ മിക്കവരും കരുതും പോലെ അത്ര പരിസ്ഥിതി സൗഹൃദ പരമല്ല. ആ സംവിധാനം നിലനിര്‍ത്തുന്നതിനായി ഉപയോഗിക്കുന്ന വൈദ്യുതിയും ജലം തുടങ്ങിയവ പലതരം പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അതിനൊക്കെ ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഹരിത ഡാറ്റാസെന്റര്‍ എന്നതിലൂടെ എത്തുന്നത്.
ലോകമൊട്ടാകെ ഉപയോഗിക്കപ്പെടുന്ന വൈദ്യുതിയുടെ രണ്ട് ശതമാനത്തോളം തിന്നു തീര്‍ക്കുന്ന ഭീമന്‍മാരാണ് 24 x 365 ദിവസവും പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്‍ററുകള്‍. പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ജലത്തിന്‍റെ അളവ്, പുറത്ത് വിടുന്ന താപം ഇവയും ഡാറ്റ സെന്‍ററുകളെ പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം നോട്ടപ്പുള്ളികളാക്കുന്നു. ഈ രംഗത്ത് ഒരു ശുഭസൂചന നല്‍കുകയാണ് സ്വീഡനിലെ സ്റ്റോക്ഹോമിനടുത്ത് ഫാലുനില്‍ സ്ഥാപിക്കാന്‍ പോകുന്ന എക്കോ ഡാറ്റസെന്‍റര്‍ എന്ന ലോകത്തെ ആദ്യത്തെ കാര്‍ബണ്‍ നെഗറ്റീവ് ഡാറ്റസെന്‍റര്‍. സോളാര്‍പാനലുകള്‍, വിന്‍ഡ് മില്ലുകള്‍, ജലം എന്നിവയെ ആശ്രയിച്ചായിരിക്കും ഇത് പ്രവര്‍ത്തിക്കുക. അടുത്ത വര്‍ഷത്തോടെ ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്നു ദശലക്ഷത്തിലേറെ ഡാറ്റ സെന്‍ററുകള്‍ ലോകമൊട്ടാകെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ 12 ശതമാനമാണ് ഈ രംഗത്തെ വാര്‍ഷിക വളര്‍ച്ച. ഡാറ്റ സെന്‍ററുകള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ അടുത്തിടെ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിമര്‍ശനത്തിന് പാത്രമായിരുന്നു. ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ ഈ രംഗത്തെ വമ്പന്മാര്‍ സൗരോര്‍ജ്ജം തുടങ്ങിയ സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകള്‍ പരിമിതമായെങ്കിലും ഉപയോഗിക്കാനും തുടങ്ങി.
എന്നാല്‍ കാര്‍ബണ്‍ നെഗറ്റീവ് ആണെന്ന് മാത്രമല്ല ചുറ്റുപാടുകളുടെ ഊര്‍ജ്ജആവശ്യം കൂടി കുറയ്ക്കും വിധമാണ് പുതിയ എക്കോ ഫ്രന്റ്ലി ഡാറ്റ രൂപകല്‍പന ചെയ്യപ്പെടുന്നത്. പ്രവര്‍ത്തനത്തിനിടക്ക് ചൂടാകുന്ന സര്‍വറുകളെ തണുപ്പിക്കാനാണ് പ്രധാനമായും ഊര്‍ജ്ജം ചെലവാക്കേണ്ടി വരുന്നത്. ഇവിടെ ഇങ്ങനെ സെര്‍വറുകള്‍ പുറംതള്ളുന്ന താപം തന്നെ തണുപ്പിക്കലിന് വേണ്ടി ഉപയോഗിക്കുന്നു. കൂടാതെ അധികം വരുന്ന താപം ശൈത്യകാലത്ത് പട്ടണത്തിലെ വീടുകളില്‍ ചൂട് നല്‍കാനും വേനല്‍ക്കാലത്ത് എയര്‍കണ്ടീഷനിംഗിനും വേണ്ടി ഉപയോഗിക്കാനും സാധിക്കും . പ്രാദേശിക ഗ്രിഡുമായി സംയോജിപ്പിച്ചാണ് ഇത് സാധ്യമാക്കുക. കടുത്ത ശൈത്യകാലത്ത് ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിക്കേണ്ടി വന്നാല്‍ തന്നെയും പട്ടണത്തിലെ മൊത്തം ഊര്‍ജ്ജോപയോഗം കുറക്കുക വഴി കാര്‍ബണ്‍ നെഗറ്റീവ് ആയി തന്നെ തുടരാന്‍ കഴിയും. ഇരുപത്തഞ്ച് ശതമാനത്തോളം ചിലവ് കുറയ്ക്കാന്‍ കഴിയും എന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനങ്ങള്‍ നല്‍കാനാകുമെന്നും സ്റ്റോക്ഹോമിലെ എക്കോ ഡാറ്റസെന്‍റിന്റെ പിന്നണി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
[divider]അവലംബം
http://www.fastcoexist.com/3043216/the-worlds-first-carbon-negative-data-center-heats-up-swedish-homes-in-the-winter
[author image=”http://luca.co.in/wp-content/uploads/2014/08/Sangeetha_C.png” ]സംഗീത ചേനംപുല്ലി,അസി. പ്രൊഫസര്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്
[email protected] [/author]
ശാസ്ത്രഗതി മാസിക ഈ ലേഖനം മെയ് ലക്കത്തിൽ പുന:പ്രസിദ്ധീകരിക്കുന്നു..