Read Time:16 Minute

സാബു ജോസ്‌

ഭൂമിയുടെ കാന്തിക ധ്രുവങ്ങൾക്ക് സ്ഥാനമാറ്റം സംഭവിക്കുന്നത്‌ അറിയാമോ ? ഏതാനും ആയിരം വർഷങ്ങൾക്കുള്ളിൽ ഭൂമിയുടെ കാന്തിക ധ്രുവങ്ങൾ പരസ്പരം മാറും. ഈ പ്രക്രിയ നടക്കുന്നതിനിടയിൽ ഭൂമിയുടെ കാന്തിക മണ്ഡലം ദുർബലമാവുകയും സങ്കീർണമായ നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഭൂമിയുടെ കാന്തികമണ്ഡലത്തെക്കുറിച്ച് വായിക്കാം

ഭൂമിയുടൈ കാന്തിക മണ്ഡലം ചിത്രീകരണം കടപ്പാട് വിക്കിപീഡിയ
ഭൂമിക്ക് ചുറ്റുമുള്ള അന്തരീക്ഷം നിലനിർത്തുന്നതും സൂര്യനിൽ നിന്ന് പുറപ്പെടുന്ന തീക്ഷ്ണമായ വികിരണങ്ങളെ തടഞ്ഞുനിർത്തി  ഭൂമിക്ക് ചുറ്റും ഒരു സംരക്ഷണ കവചമൊരുക്കുന്നതും അങ്ങനെ ഭൂമിയെ ജീവന് വാസയോഗ്യമാക്കിത്തീർക്കുന്നതും, ഭൂമിയിലെ വൈദ്യുതി വിതരണ ശൃംഖലയുടെ പ്രവർത്തനങ്ങളെ വരെ നിയന്ത്രിക്കുന്നതും മാഗ്നറ്റോസ്ഫിയർ എന്നറിയപ്പെടുന്ന ഒരു കാന്തിക മണ്ഡലമാണ്. ഭൂമിക്ക് ചുറ്റുമുള്ള ഈ കാന്തിക മണ്ഡലം മനുഷ്യർക്ക് സംവേദനക്ഷമമല്ലെങ്കിലും മിക്കവാറും മറ്റെല്ലാ ജീവികളും ഇതിനനുസരിച്ച് ജീവിതചക്രം ക്രമീകരിക്കുന്നവയത്രേ. സന്ധ്യാ നേരത്ത് കൂടണയുന്ന ജന്തുജാലങ്ങളും ദേശാടനം നടത്തുന്ന പക്ഷി-മൃഗാദികളും  വരെ, ഈ കാന്തിക മണ്ഡലത്തിന്റെ സാന്നിധ്യം അനുഭവിക്കുന്നവരാണ്. റഷ്യയിലും ദക്ഷിണാഫ്രിക്കയിലും അടുത്ത കാലത്ത് നടത്തിയ പരീക്ഷണങ്ങളിൽ, മാഗ്നറ്റോസ്ഫിയർ മനുഷ്യരുടെ സ്വഭാവത്തിലും സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എപ്പോഴാണ് ഈ കാന്തിക മണ്ഡലത്തെപ്പറ്റി മനുഷ്യർ മനസ്സിലാക്കിയതെന്നതിന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ‘ഫെങ്-ഷ്യൂ’ (Feng-shui) വാസ്തുവിദ്യ അനുസരിച്ചുള്ള കെട്ടിടനിർമാണത്തിനായി ‘തെക്കുനോക്കി മത്സ്യത്തെ’ ഉണ്ടാക്കാൻ ചൈനയിലെ ജനങ്ങൾ, പ്രാചീനകാലം മുതൽ,  കാന്തിക സ്വഭാവമുള്ള ധാതുക്കൾ ഉപയോഗിച്ചിരുന്നതായി സൂചനകളുണ്ട്.

ഭൂമിയുടെ മാഗ്നറ്റോസ്ഫിയർ കടപ്പാട് nasa

ഭൂമിയുടെ കാന്തിക മണ്ഡലത്തെപ്പറ്റി ആധികാരികമായ പഠനങ്ങൾ രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപാണ് ആരംഭിച്ചത്. ഭൂമിയുടെ കാന്തിക ധ്രുവങ്ങൾക്ക് സ്ഥാനമാറ്റം സംഭവിക്കുന്നതിന്റെ തെളിവുകൾ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ലഭിച്ചിട്ടുണ്ട്. 12-ാം നൂറ്റാണ്ടിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നിർമിക്കപ്പെട്ടിരുന്ന ഡാനിഷ്  പള്ളികൾ പ്രസ്തുത ദിശയിൽ നിന്ന് 10 ഡിഗ്രി വ്യതിചലിച്ചിരിക്കുന്നതായി ഇപ്പോൾ പരിശോധിച്ചാൽ കാണാൻ കഴിയും. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അലക്‌സാണ്ടർ ഹും ബോൾട്ട് എന്ന നാവികൻ ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്ര ത്തിൽ ഭൂമിയുടെ കാന്തികബലം ദുർബലമാകുന്ന ചില സ്ഥാനങ്ങൾ കണ്ടെത്തി. ഇക്കാര്യത്തിൽ സംശയനിവൃത്തി വരുത്താൻ ഹുംബോൾട്ട് സമീപിച്ചത് ഗണിത ശാസ്ത്രത്തിലെ രാജകുമാരനെന്നറിയപ്പെടുന്ന കാൾ ഫ്രീദ്റിഹ് ഗോസ്(Carl Friedrich Gauss:1777-1855)-നെ ആയിരുന്നു.

Carl Friedrich Gauss

ഗോസും ഈ മേഖലയിലാണ് പഠനങ്ങൾ നടത്തിക്കൊണ്ടിരുന്നത്. 1836-ൽ പ്രസിദ്ധീകരിച്ച ഗോസിന്റെ ‘ജിയോമാഗ്നറ്റിക് അറ്റ്‌ലസിൽ’ ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് ഭൂമിയുടെ ഉത്തരധ്രുവത്തിൽ നിന്നും കാന്തിക മണ്ഡലത്തിന്റെ ഉത്തര ധ്രുവം നീങ്ങുന്നുണ്ട് എന്നതാണ്! 1831 ലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. പിന്നീട് ഈ മേഖലയിൽ പഠനം നടക്കുന്നത് 1904 ലാണ്. ഈ കാലയളവിനുള്ളിൽ ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ഉത്തര ധ്രുവത്തിന് 50 കി.മീ. സ്ഥാനമാറ്റം സംഭവിച്ചിരുന്നു! കഴിഞ്ഞ നൂറ്റാണ്ടിലെ ഓരോ വർഷവും കാന്തിക ധ്രുവത്തിന് 10 കി.മീ.വീതം സ്ഥാനമാറ്റം സംഭവിച്ചുകൊണ്ടിരുന്നു. എന്നാൽ ഈ മാറ്റങ്ങൾ കുറേക്കൂടി വേഗതയിലാണത്രേ ഇപ്പോൾ നടക്കുന്നത്. ഒരു വർഷം 40 കി.മീ എന്ന തോതിൽ. ഭൂമധ്യരേഖാപ്രദേശത്ത് കാന്ത സൂചി ഒരു ദശാബ്ദത്തിൽ ഒരു ഡിഗ്രി വീതം  ദിശമാറിക്കൊണ്ടിരിക്കുകയാണ്.

ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിൽ ദക്ഷിണാഫ്രിക്കയുടെ പടിഞ്ഞാറ് ഭാഗത്തേയ്ക്ക് കാന്തിക ബലരേഖകൾക്ക് ഭ്രംശം സംഭവിക്കുകയും അവിടെയൊരു കാന്തിക ധ്രുവം രൂപപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ്. ഇതിന്റെ ഫലമായി ഭൂമിയുടെ മൊത്തം കാന്തികബലത്തിന്റെ 10 ശതമാനം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ഗോസിന്റെ കണക്കുകൂട്ടൽ കാലഘട്ടം മുതൽ ഇങ്ങോട്ട് 180 വർഷങ്ങൾക്കുള്ളിലാണ് ഇവ സംഭവിച്ചിരിക്കുന്നത്.

എന്താണീ കാന്തിക മണ്ഡലം?

എന്താണീ കാന്തിക മണ്ഡലമെന്ന് ചോദിച്ചാൽ പണ്ട് ഭൗതികശാസ്ത്ര ക്ലാസ്സിൽ പഠിച്ച കാര്യങ്ങളായിരിക്കും ആ ദ്യം ഓർമയിലെത്തുന്നത്. ഭൂകേന്ദ്രത്തിൽ ഉത്തര-ദക്ഷിണ ധ്രുവങ്ങൾക്ക് സമാന്തരമായി സ്ഥിതിചെയ്യുന്ന ഒരു സാങ്കല്പിക കാന്തദണ്ഡും ധ്രുവങ്ങൾക്കിടയിൽ സ്ഥിരമായി നിൽക്കു ന്ന ഒരു കാന്തിക മണ്ഡലവും. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. ഭൂകേന്ദ്രം അഥവാ കോർ ഏകദേശം 1250 കി.മീ. വ്യാസമുള്ള ഒരു ഇരുമ്പുഗോളമാണ്. അതിന് ചുറ്റും ഉരുകി ദ്രാവകാവസ്ഥ പ്രാപിച്ച പാറകളും ലോഹങ്ങളും. കോറിലെ ഉയർന്ന താപനില ഉരുകിയ പാറകളേയും ലോഹങ്ങളേയും ഉപരിതലപാളിയായ മാന്റിലിലേക്ക് ശക്തമായ ഒരു പ്രവാഹമാക്കി മാറ്റുന്നു. ഇങ്ങനെ ഉയരുന്നതുമൂലം  താപനിലയിൽ കുറവുണ്ടാകുമ്പോൾ അവ താഴേക്കൊഴുകുന്നു. ഈ ചാക്രിക പ്രവർത്തനം തു ടർച്ചയായി നടന്നുകൊണ്ടിരിക്കുമ്പോൾ ഭൂകേന്ദ്രത്തിൽ ഡൈനമോയിലെന്നപോലെ ശക്തമായ ഒരു വൈദ്യുത കാന്തിക ബലം സംജാതമാകും. ഈ ‘ജിയോ ഡൈനമോ’ ആണ് ഭൂമിയുടെ കാന്തിക മണ്ഡലത്തിന് കാരണമാകുന്നത്. ഭൂമി അതിന്റെ അക്ഷത്തിൽ തിരിയുമ്പോൾ കാന്തിക ബലരേഖകൾക്ക് പിരിച്ചിലുണ്ടാവുകയും അവ ദുർബലമാവുകയും ചെയ്യും. ഇതേത്തുടർന്ന് കോറിൽ പുതിയ പുതിയ പ്രവാഹങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ നിർമിക്കപ്പെടുന്ന പുതിയ ബലരേഖകൾ നിലവിലുള്ളവയോട് ചേർന്ന്, ഭൂമിയുടെ ഭ്രമണം കാ രണം കാന്തിക മണ്ഡലത്തിനുണ്ടാകുന്ന നഷ്ടം നികത്തുന്നു. എന്നാൽ പുതിയതായി നിർമിക്കപ്പെടുന്നവ നിലവിലുള്ള കാന്തിക ബലരേഖകളുടെ വിപരീതദിശയിലാണ്  കേന്ദ്രീകരിക്കുന്നതെങ്കിൽ അവ ഭൂമിയുടെ കാന്തികമ ണ്ഡലത്തിന് ക്ഷീണമുണ്ടാക്കുകതന്നെ ചെയ്യും. ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്.

ഭൂകേന്ദ്രത്തിലെ ഡൈനമോയിലെന്നപോലെയുള്ള ശക്തമായ ഒരു വൈദ്യുത കാന്തിക ബലം – ‘ജിയോ ഡൈനമോ’ -ഈ പ്രതിഭാസമാണ് ഭൂമിയുടെ കാന്തിക മണ്ഡലത്തിന് കാരണമാകുന്നത്. കടപ്പാട് വിക്കിപീഡിയ

ഭൂമിയുടെ കാന്തിക ധ്രുവങ്ങൾക്കുണ്ടാകുന്ന ഈ സ്ഥാനമാറ്റത്തിന്റെ പരിണതഫലമെന്തായിരിക്കും? 

അക്കാര്യത്തിൽ സംശയമൊന്നുമില്ല- ഭൂമിയുടെ കാന്തിക മണ്ഡലം തകരുകയും കാന്തിക ധ്രുവങ്ങൾ വിപരീത ദിശയിലാവുകയും ചെയ്യും! അദ്ഭുതപ്പെടേണ്ട,  ഇങ്ങനെ കാന്തിക ധ്രുവങ്ങൾ ഇങ്ങനെ അനേക തവണ മാറി മറിഞ്ഞിട്ടുണ്ട്‌. ഓരോ 5 ലക്ഷം വർഷങ്ങൾക്കുള്ളിലും ഒരു തവണയെങ്കിലും ധ്രുവങ്ങൾ പരസ്പരം മാറാൻ സാധ്യതയുണ്ട്. എ ന്നാൽ ഇതത്ര കൃത്യമായ പ്രവചനമൊന്നുമല്ല. കഴിഞ്ഞ 7,80,000 വർഷങ്ങൾ ക്കുള്ളിൽ ഇങ്ങനെയൊരു മാറ്റം സംഭവിച്ചില്ല. ആസന്നഭാവിയിൽ ഒരു പ ക്ഷേ സംഭവിച്ചുകൂടെന്നും ഇല്ല.

കേന്ദ്രത്തിലെ ന്യൂക്ലിയർ പ്രവർത്തനങ്ങളുടെ ഫലമായി സൗരോപരിതലം എപ്പോഴും പ്രക്ഷുബ്ധമാണ്. ഈ പ്ര ക്ഷുബ്ധത സൗരവാതങ്ങൾ (Solar winds) എന്നറിയപ്പെടുന്ന ചാർജ് വാഹികളായ കണികകളുടെ ശക്തമായ പ്രവാഹത്തിന് കാരണമാകുന്നുണ്ട്. സ്‌പേസിൽ കോടിക്കണക്കിന് കി ലോമീറ്ററുകൾ സഞ്ചരിക്കുന്ന ഇവ ഭൂമിയിൽ പതിച്ചാൽ അത് ജീവന്റെ നി ലനിൽപിന് തന്നെ ഹാനികരമാണ്. എന്നാൽ ഭൂമിക്ക് ചുറ്റുമുള്ള കാന്തികമണ്ഡലം ഇത്തരം കണികകളെ പിടിച്ചെടുക്കുകയും ശക്തമായ ഒരു സംരക്ഷ ണ കവചം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കാന്തിക മണ്ഡലത്തിൽ ഇത്തരം കണികകളുടെ പ്രഭാവമാണ് ധ്രുവ ദീപ്തികളായി (Aurora borealis- Aurora australis) ഉത്തര- ദക്ഷിണ ധ്രുവങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

അലാസ്കക്കു മുകളിലെ ധ്രുവദീപ്തി കടപ്പാട് വിക്കിപീഡിയ

അതിശക്തങ്ങളായ ചില സൗരവാതങ്ങൾ ചിലപ്പോൾ ഈ സംരക്ഷണ ഭിത്തി മറികടക്കാറുണ്ട്. 1989 മാർച്ചിൽ അത്തരമൊരു സൗരവാതം കാനഡയിലെ ക്യൂ ബെക് പ്രവിശ്യയിൽ 9 മണിക്കൂർ സമയം വൈദ്യുതിവിതരണ ശൃംഖലയൊന്നാകെ താറുമാറാക്കിക്കളഞ്ഞു! തീവ്രത കൂടിയ ഇത്തരം വികിരണങ്ങൾ ജീവകോശങ്ങളിലെ DNA യിൽ ഉൽപരിവർത്തനം (Mutation) വരുത്തുകയും ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം.

കാന്തികമണ്ഡലം തന്നെ നഷ്ടമായാലെന്ത് സംഭവിക്കും ?

ഇതെല്ലാം കാന്തികമണ്ഡലം നിലനിൽക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ്. എന്നാൽ കാന്തികമണ്ഡലം തന്നെ നഷ്ടമായാലോ? ഗ്രഹരൂപീകരണത്തിന്റെ ആദ്യനാളുകളിൽ നമ്മുടെ അയൽക്കാരനായ ചൊവ്വയ്ക്കും ഇത്തരം കാന്തി കമണ്ഡലമുണ്ടായിരുന്നു. ഗ്രഹത്തിന്റെ വലിപ്പക്കുറവ് ഗ്രഹകേന്ദ്രത്തെ ദ്രാവകാവസ്ഥയിൽ നിലനിർത്തുന്നതിനുള്ള താപം ഉല്പാദിപ്പിക്കാൻ പര്യാപ്തമല്ലാത്തതുകൊണ്ട് ദ്രാവകാവസ്ഥയിലുള്ള കോർ ഉറച്ച് ഖര രൂപത്തിലാവുകയും അതോടെ ഗ്രഹകേന്ദ്രത്തി ലെ സ്വാഭാവിക ഡൈനമോയുടെ പ്ര വർത്തനം നടക്കാതെയാവുകയും കാ ന്തിക മണ്ഡലം ക്രമേണ നഷ്ടമാവുകയുമാണ് ഉണ്ടായത്. എന്നാൽ ഭൂമിയു ടെ വലിപ്പവും ഭൂവല്ക്കത്തിലെ ഫലകങ്ങളുടെ ചലനവും(Plate tectonics) കേന്ദ്രത്തിലെ ദ്രാവക പ്രവാഹം നിലനിർത്താൻ പര്യാപ്തമായതുകൊണ്ടാണ്  ഭൂമിക്ക് ചുറ്റുമുള്ള കാന്തികമണ്ഡലം നിലനിൽക്കുന്നത്.

കാന്തശക്തി നേരിയ തോതിൽ നിലനിൽക്കുന്ന ചൊവ്വയിലെ  അന്തരീക്ഷത്തിൽ ‘അയണോസ്ഫിയർ’ അല്പമെങ്കിലും നിലനിർത്തുന്നുണ്ട്. കാന്തികമണ്ഡലം ഭൂമിയെ സൗരവാതകങ്ങളിൽ നിന്ന് രക്ഷിക്കുക മാത്രമല്ല, ഭൂ മിയുടെ ചുറ്റുമുള്ള വായുമണ്ഡലം നഷ്ടമാവാതെ നിലനിർത്തുകയും ചെ യ്യുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഭൗമ ജീവന്റെ ഉത്ഭവവും വികാസവും നിലനിൽപുമെല്ലാം ഭൂമിയുടെ കാന്തിക മ ണ്ഡലത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇത് നഷ്ടമായാൽ ചൊവ്വയേപ്പോലെ ഭൂമിയും വരണ്ടുണങ്ങി നിർജീവമായിത്തീരും.

ഒരു കാര്യം ഏറെക്കുറെ ഉറപ്പാണ്. ഏതാനും ആയിരം വർഷങ്ങൾക്കുള്ളിൽ ഭൂമിയുടെ കാന്തിക ധ്രുവങ്ങൾ പരസ്പരം മാറും. ഈ പ്രക്രിയ നടക്കുന്നതിനിടയിൽ ഭൂമിയുടെ കാന്തിക മണ്ഡലം ദുർബലമാവുകയും സങ്കീർണമായ നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
എങ്കിലും ഭൂമിയുടെ അന്തരീക്ഷത്തെ പിടിച്ചുനിർത്താനുള്ള ശക്തി അതിന് നഷ്ടപ്പെടില്ല. ഒരുപക്ഷേ അനേകം ജീവിവർഗങ്ങളുടെ വംശനാശത്തിന് ഇത് കാരണമായേക്കാം. ഇതിന് മുൻപ് കാന്തിക ധ്രുവങ്ങൾ പരസ്പരം മാറിയപ്പോൾ നമ്മുടെ പൂർവികരൊന്നാകെ നശിച്ചുപോയിരുന്നില്ലെന്നത് തീർച്ചയായും ആശ്വാസം പകരുന്ന കാര്യമാണ്. ഭാവിയിലെ അതിബുദ്ധിമാനായ മനുഷ്യന് ഒരുപക്ഷെ കൃത്രിമമായി ഒരു കാന്തിക മണ്ഡലം സൃഷ്ടിച്ച് സൗരവികിരണങ്ങളുടെ ആക്രമണത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ കഴിഞ്ഞേക്കും. ശ്രദ്ധിക്കുക, കാന്തസൂചി ദിശമാറ്റം കാണിക്കുന്നത് ഒരു സൂചനയാണ്. ഒരുപക്ഷെ ആസന്നമായ ഒരു ദുരന്തത്തിന്റേതാവാം…  നോക്കൂ; വടക്കുനോക്കിയന്ത്രം എങ്ങോട്ടാണ് നോക്കുന്നത്?!

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഷാംപൂ കൊണ്ടെന്തുകാര്യം ? – അറിയാം ഷാംപൂവിന്റെ ശാസ്ത്രം
Next post സെനോൺ – ഒരു ദിവസം ഒരു മൂലകം
Close