Read Time:8 Minute

വി.അബ്ദുൾ ലത്തീഫ്

സംസ്‌കൃത സർവകലാശാല , കാലടി


നിങ്ങൾ പാൽ ആഹാരമാക്കുന്നവരാണോ? ആണെങ്കിൽ അതിനർത്ഥം Lactate persistence എന്ന പാൽ ദഹിപ്പിക്കാനുള്ള ശേഷി നിങ്ങളുടെ ശരീരത്തിനുണ്ട് എന്നാണ്. 13910T എന്ന ജീനിന്റെ സാന്നിധ്യമാണത്രെ ഇതിനു കാരണം.
ഒരു മ്യൂട്ടേഷനിലൂടെ 7500 വർഷം മുമ്പ് യൂറോപ്യൻ ജനങ്ങൾക്കിടയിൽ രൂപപ്പെട്ടതാണ് ഈ ജീൻ. ഇന്ത്യയിൽ പടിഞ്ഞാറൻ ഇന്ത്യയിലും മധ്യേന്ത്യയിലുമാണ് പാലു കുടിക്കാർ കൂടുതൽ. കിഴക്കൻ ഇന്ത്യാക്കാരും ദക്ഷിണേന്ത്യക്കാരും പാലുകുടിയുടെ കാര്യത്തിൽ താരതമ്യേന പിറകിലാണ്.

ടോണി ജോസഫിന്റെ Early Indians എന്ന പുസ്തകം മുന്നോട്ടു വെക്കുന്ന ഈ നിരീക്ഷണം അത്ര നിസ്സാരമല്ല. മുലപ്പാൽ കാലത്തിനു ശേഷം ജന്തുവിഭാഗങ്ങൾക്കൊന്നും പാൽ ദഹിപ്പിക്കാനുള്ള ശേഷിയില്ല. മനുഷ്യരിൽത്തന്നെ എല്ലാവർക്കും ഇതിന് കഴിവില്ല. സ്കാൻഡിനേവിയൻ രാജ്യങ്ങൾ മുതൽ മധ്യേന്ത്യവരെ വ്യാപിച്ചു കിടക്കുന്ന ആര്യൻ കലർപ്പുള്ള ജനവിഭാഗങ്ങൾക്കിടയിലാണ് ഈ ശീലം കൂടുതലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മനുഷ്യ ശരീരത്തിന് ആവശ്യമായ ആനിമൽ പ്രോട്ടീൻ പാലിലൂടെയാണ് ഇവർക്ക് ലഭിക്കുന്നത്. ആനുപാതികമായി മീനും മുട്ടയും മാംസവും ഇവർ ഒഴിവാക്കുകയും ചെയ്യും.

പാല് ദഹിപ്പിക്കാൻ കഴിയാത്ത മനുഷ്യർ എന്തു ചെയ്യും? അവർ മത്സ്യമാംസങ്ങൾ കഴിച്ച് അത് പൂരിപ്പിക്കും. ബംഗാൾ പ്രദേശത്തും മഹാരാഷ്ട്രയിലെ കൊങ്കണിലുമൊക്കെയുള്ള ബ്രാഹ്മണജാതികൾ പോലും മാംസാഹാരികളാവുന്നതിനും ജനിതപഠനത്തിന്റെ ഡാറ്റാബേസ് വെച്ച് ടോണി ജോസഫ് തെളിവു നിരത്തുന്നുണ്ട്. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് ഇങ്ങനെയൊരു അടിസ്ഥാനം കൂടിയുണ്ട് എന്നർത്ഥം.

മധ്യേഷ്യൻ പുൽപ്പരപ്പുകളിൽ നിന്നുള്ള ആര്യൻ കുടിയേറ്റം ഒറ്റയടിക്ക് നടക്കുന്നതല്ല. ഹാരപ്പൻ മേഖലയുടെ പടിഞ്ഞാറു വശത്തുകൂടി ഇറങ്ങി തെക്കോട്ടു കടന്ന് വിന്ധ്യൻ കടക്കാതെ ഗംഗാതടത്തിലേക്ക് വ്യാപിച്ചവർ ആദിമ ഇന്ത്യാക്കാരുമായും ഹാരപ്പൻ മനുഷ്യരുമായും വ്യാപക ജനിതക കൈമാറ്റം നടത്തിയവരാണ്. ഹാരപ്പൻ സംസ്കാരം അതിന്റെ ഉത്തുംഗതയിലേക്കെത്തുന്ന ബി.സി. 2000 കാലത്താണ് ഈ വരവ്. ഏതാണ്ട് ആയിരം വർഷം കഴിഞ്ഞ് ഹാരപ്പ തകർന്നതിനു ശേഷം ആ മേഖലയിലൂടെ കടന്നു വന്ന മറ്റൊരു വിഭാഗം ഗംഗാസമതലങ്ങൾക്ക് പടിഞ്ഞാറായി നിലയുറപ്പിക്കുന്നു. ഇവരാണ് പരമ്പരാഗത ആര്യാവർത്തത്തിന്റെ വക്താക്കൾ. ( ഇന്ന് വ്യവഹരിക്കുന്ന വിശാല ആര്യാവർത്തം എന്ന സങ്കല്പം പിന്നീടുണ്ടായതാണ്.) താരതമ്യേന ശുദ്ധിവാദികളായ ഇവർ തങ്ങൾക്ക് പുറത്തുള്ളവരെ മ്ലേച്ഛദേശക്കാർ എന്നാണ് വിളിക്കുന്നത്. ഈ മ്ലേച്ഛ ജനതയുടെ ഭാഷ ഇൻഡോആര്യൻ തന്നെയാണെന്നത് വേറെ കാര്യം. ഈ സാംസ്കാരികവിടവാണ് ഇന്ത്യയിൽ ദൂരവ്യാപകമായ രാഷ്ട്രീയ സാംസ്കാരിക സംഭവവികാസങ്ങൾക്ക് നിമിത്തമാവുന്നത്.

ആര്യാവർത്തത്തിനു പുറത്ത് മഗധയിലാണ് ഹാരപ്പൻ നഗര സംസ്കാരത്തിനു ശേഷം പുതിയൊരു നഗരവും ഭരണസംവിധാനവും ഉണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്. ആര്യാവർത്തത്തിലെ പ്യൂരിറ്റൻ ആര്യന്മാർ ചുറ്റി നടക്കുന്ന ഇടയ സംസ്കാരം ഉപേക്ഷിക്കാത്തതു കൊണ്ട് നാഗരികതയിൽ അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. മഗധയും പാടലീപുത്രവുമൊന്നും ആര്യൻ മേധാവിത്തം വകവെച്ചു കൊടുത്തതുമില്ല. നഗരവൽക്കരണത്തിനു പുറമേ ജൈന ബുദ്ധമതങ്ങളായി അവർ ഒരു ബദൽ ആശയലോകവും പടുത്തുയർത്തി. ഇന്നും ബീഹാർ തൊട്ട് കിഴക്കോട്ടുള്ള ദേശങ്ങളിലെ മനുഷ്യരിൽ കാണുന്ന സാംസ്കാരികമായ വേറിട്ടു നില്പിന്റെ ചരിത്രപരമായ അന്തർധാര വ്യക്തമാണ്.

മൗര്യന്മാരുടെ ശക്തിക്ഷയത്തിനുശേഷം ആര്യാവർത്തനിവാസികളുടെ പ്രതിരോധപ്രവർത്തനം എന്ന നിലയിലാണ് CE 100 ഓടെ ചാതുർവർണ്യവും ജാതിയും രൂപപ്പെടുന്നത്. അതോടെ ഇന്ത്യൻ ജനത വർണ്ണസാങ്കര്യം എന്ന ജനിതകപ്രക്രിയ അവസാനിപ്പിച്ച് സ്വയം അടച്ചു കളഞ്ഞു.

മധ്യേഷ്യയിൽനിന്ന് ഒരു കാലത്ത് യൂറോപ്പിലേക്കൊഴുകി വർണസങ്കരത്തിലൂടെ പുതിയ ജീനുകൾ സമ്പാദിച്ച് മധ്യേഷ്യയിൽ തന്നെ തിരിച്ചെത്തിയവരാണ് ഒരു പ്രാചീന സംസ്കൃതഭാഷയുമായി ഇന്ത്യയിലെത്തുന്നത്. (തിരിച്ച് യൂറോപ്പിലേക്കും) ഇവർ ഹാരപ്പൻ ജനതയുമായി വ്യാപകമായി കലരുന്നു. രക്തവും രക്തവും തമ്മിൽ മാത്രമല്ല, ഭാഷ, സംസ്കാരം, വിശ്വാസങ്ങൾ, കൃഷി, ലോഹസംസ്കരണം, നഗരനിർമ്മാണം എന്നിവയിലൊക്കെ ഹാരപ്പൻ ജനതയിൽനിന്ന് വ്യാപകമായി കടംകൊള്ളുന്നു. ഹാരപ്പൻ ജനത തന്നെ 9000 വർഷം മുമ്പ് ആദിമ ഇന്ത്യാക്കാരും ഇറാനിലെ Zagros താഴ്വരയിലെ കാർഷികജനതയും കലർന്നുണ്ടായവരാണ്.

ആദിമഇന്ത്യക്കാർ 70000 വർഷം മുമ്പ് ആഫ്രിക്കയിലെ എരിത്രിയൽ ഭാഗങ്ങളിൽനിന്ന് ചെങ്കടൽ കടന്ന് യമനിലെത്തിയ സാപ്പിയൻ ജനതയുടെ പിന്മുറക്കാരും. 65000 വർഷം മുമ്പ് ഇന്ത്യയിലെത്തിയ മനുഷ്യരിൽ നിയാണ്ടർതാൾ മനുഷ്യരുടെ രണ്ടു ശതമാനം ജീൻ കിടക്കുന്നത് മറ്റൊരു വിസ്മയം.

ഇന്ത്യയിൽ കലർപ്പില്ലാത്ത മനുഷ്യരില്ല. അമ്മ വഴിക്ക് 90 ശതമാനം ഇന്ത്യാക്കാരും 65000 വർഷം മുൻപ് ഇന്ത്യയിലെത്തിയ ആദിമാതാവിന്റെ പിന്മുറക്കാരാണ്. ഹാരപ്പൻ ജനത തെക്കോട്ടു നീങ്ങിയതുകൊണ്ട് മധ്യേഷ്യൻ Y ക്രോമസോം അവരിൽ കുറഞ്ഞു നിൽക്കും. ആധുനിക ജനസഞ്ചാരമുണ്ടാക്കിയ കലർപ്പുകൾ ദക്ഷിണേന്ത്യയിലും പില്കാല Y ക്രോമസോമിന്റെ സാന്നിധ്യമെത്തിക്കുന്നു. അത്ഭുതകരമായ വസ്തുത CE 100-നടുത്തുവരെ ഇന്ത്യയിലെ ഗിരിവർഗ്ഗക്കാരിൽവരെ വംശ സങ്കരമുണ്ടായിട്ടുണ്ട് എന്നതാണ്.
വംശസങ്കരത്തിന്റെ കാലം ഇന്ത്യയുടെ സുവർണ്ണകാലമായിരുന്നു. ഉപനിഷത്തുകളായും ബുദ്ധ ജൈന ദർശനങ്ങളായും അത് ലക്ഷക്കണക്കിന്‌ മനുഷ്യരെ സ്വാധീനിച്ചു. ജാതി അടച്ചു കളഞ്ഞ ഒരു കാലത്തിനു ശേഷം ഇന്ത്യയിലൊന്നുമുണ്ടായില്ല. ഇന്ത്യയിൽനിന്ന് പുറത്തു കടന്ന ആശയങ്ങളുടെ ചുവടുപിടിച്ച് നമ്മുടെ അയൽക്കാർ വളർന്നു കൊണ്ടേയിരിക്കുന്നു.

മനോഹരമായ ഈ പുസ്തകം അന്തിമമായി ഉറപ്പിച്ചു പറയുന്നത് നാമെല്ലാവരും ഇന്ത്യാക്കാരാണ് എന്നാണ്‌. കലർപ്പുള്ളവരാണ് എന്നാണ്. എല്ലാരും കുടിയേറ്റക്കാരാണ് എന്നുമാണ്.
ടോണി ജോസഫുമായി ശാസ്ത്രഗതിക്കു വേണ്ടി തയ്യാറാക്കിയ അഭിമുഖത്തിന്റെ വീഡിയോ കാണാം


ആരാണ് ഇന്ത്യക്കാർ ? – രണ്ടവതരണങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
33 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “നാമെല്ലാവരും ഇന്ത്യക്കാരാണ് കലർപ്പുള്ളവരാണ് കുടിയേറ്റക്കാരാണ്‌

Leave a Reply

Previous post പേവിഷബാധയും വളർത്തു മൃഗങ്ങളും
Next post സ്കാൻഡിയം – ഒരു ദിവസം ഒരു മൂലകം
Close