നമുക്ക് അറിയാവുന്നതിൽ വെച്ച് ഏറ്റവും ദൂരെയുള്ള എരെൻഡെൽ (Earendel, WHL0137-LS) എന്ന നക്ഷത്രത്തിന്റെ ചിത്രം ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് വിജയകരമായി പകർത്തിയിരിക്കുന്നു. ഒരു സംഘം ശാസ്ത്രജ്ഞർ 2022 അഗസ്റ്റ് രണ്ടിനാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. 88 നക്ഷത്ര രാശികളിൽ (Constellations) ഒന്നായ കേതവസ് (Cetus) രാശിയിലാണ് ഇതുള്ളത്.
ഇത് ആദ്യമായി കണ്ടെത്തുന്നത് ജയിംസ് വെബ്ബ് ടെലിസ്കോപ്പല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ പലപ്പോഴായി ഹബ്ബ്ൾ സ്പേസ് ടെലിസ്കോപ്പ് പകർത്തിയ ചിത്രങ്ങൾ വിശകലനം ചെയ്ത ബ്രയാൻ വെൽഷ് (Brian Welch) എന്ന ഗവേഷണ വിദ്യാർത്ഥിയാണ് 2022 മാർച്ചിൽ ഇതു ആദ്യമായി റിപ്പോർട്ടു ചെയ്തത്. 12.9 ശതകോടി (billion) വർഷം മുമ്പ് യാത്രയാരംഭിച്ച വെളിച്ചമാണ് ഇപ്പോൾ ഇവിടെ എത്തുന്നത്. അതിനാലാണ് ഏറ്റവും പഴക്കമുള്ള നക്ഷത്രമായി അതു മാറുന്നത്. ദൂരത്തിന്റെ കാര്യം പറയുമ്പോൾ നമ്മൾ ശ്രദ്ധിക്കണം. അവിടെ നിന്നുള്ള ദൂരം ഇപ്പോൾ 28 ശതകോടി പ്രകാശവർഷം ആയിട്ടുണ്ട്. പ്രപഞ്ചം തുടർച്ചയായി വികസിച്ചു കൊണ്ടിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
സാധാരണഗതിയിൽ ഇത്ര അകലെയുള്ള ഒരു നക്ഷത്രത്തിനെ ഇവിടുത്തെ ഏറ്റവും നല്ല ടെലിസ്കോപ്പിൽ പോലും കാണാൻ കിട്ടില്ല. പക്ഷേ ഇവിടെ, തികച്ചും അസാധാരണമായ രണ്ടു കാര്യങ്ങൾ ഒരുമിച്ച് വന്നു. ഒന്നാമതായി ഇത് സൂര്യനേക്കാളും 50 ഇരട്ടിയെങ്കിലും മാസ്സ് ഉണ്ട്. അത്രയും മാസ്സ് ഉണ്ടെങ്കിൽ അത് പുറത്തുവിടുന്ന ഊർജത്തിന്റെ നിരക്ക് സൂര്യന്റേതിന്റെ ഒരു ദശലക്ഷം ഇരട്ടിയൊക്കെ വരും. രണ്ടാമതായി ഇവിടെ ഗ്രാവിറ്റേഷണൽ ലെൻസിംഗ് എന്ന ഒരു സംഭവം നടക്കുന്നു. ആ നക്ഷത്രത്തിനും നമുക്കും ഇടയിൽ ഒരു ഗാലക്സിക്കൂട്ടം ഉണ്ട്. അതിന് വലിയ മാസ്സ് ഉണ്ടാകും. ഐൻസ്റ്റൈന്റെ സിദ്ധാന്ത പ്രകാരം ആ മാസ്സ് സ്ഥല- കാലത്തിൽ വലിയ വക്രത (space-time curvature) ഉണ്ടാക്കും. കുറേ കാര്യങ്ങൾ ഒത്തു വന്നാൽ അത് ഒരു ലെൻസു പോലെ പ്രവർത്തിച്ച് അകലെ നിന്നു വരുന്ന പ്രകാശത്തിന്റെ തീവ്രതയെ ആയിരക്കണക്കിനു മടങ്ങ് വർദ്ധിപ്പിക്കുന്നു. ഈ രണ്ടു കാര്യങ്ങൾ ഒത്തു വന്നതു കൊണ്ടാണ് ഇത്രയും അകലെയുള്ള ഈ നക്ഷത്രത്തെ നമുക്ക് കണ്ടെത്താനായത്. ഹബ്ബ്ൾ ടെലിസ്കോപ്പ് മുമ്പ് കണ്ടെത്തിയ ഈ നക്ഷത്രത്തെ ജയിംസ് വെബ്ബിനും രേഖപ്പെടുത്താൻ കഴിഞ്ഞിരിക്കുന്നു.
ഇനി അതിന്റെ വർണരാജി (spectrum) പരിശോധിച്ചിട്ട് കുറച്ചു കാര്യങ്ങൾ കൂടി മനസ്സിലാക്കാനുണ്ട്. ആദ്യകാല നക്ഷത്രങ്ങളുടെ രാസഘടനയിൽ ഹൈഡ്രജൻ, ഹീലിയം എന്നിവ ഒഴികെയുള്ള മൂലകങ്ങളുടെ സാന്നിദ്ധ്യം വളരെ കുറവായിരിക്കും. ഇതൊക്കെ ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ട്.
കൂടുതൽ ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക