Read Time:13 Minute

വടക്കുകിഴക്കൻ ഡൽഹിയിലെ ഷാദാര ജില്ലയിൽ സ്ഥിതി ചെയ്യുന്ന സീലംപൂർ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-മാലിന്യ വിപണികളിൽ ഒന്നാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50,000 -ലധികം അസംഘടിത തൊഴിലാളികൾ ഇവിടെ തൊഴിൽ ചെയ്യുന്നു.

മാലിന്യസംസ്കരണ രംഗത്ത് പരിസ്ഥിതി സൗഹൃദ പരിഹാരമായി ഇ-വേസ്റ്റിൽ നിന്ന് ധാതുക്കൾ (transition minerals) പുനരുപയോഗം ചെയ്യുന്നതിനായി ധാരാളം സ്റ്റാർട്ടപ്പുകൾ, വ്യവസായ സംരംഭങ്ങൾ ഇന്ത്യയിൽ വളർന്നുവരുന്നുണ്ട്. ഈ ‘അർബൻ മൈനിംഗ്’ എന്ന പ്രക്രിയയിലൂടെ, പഴയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ലിഥിയം, കോബാൾട്ട്, നിക്കൽ തുടങ്ങിയ ധാതുക്കൾ കണ്ടെത്തി, ഇവ പുതിയ ബാറ്ററികൾ, ഇലക്ട്രിക് വാഹനങ്ങൾ (EV), സൗരോർജ്ജ പാനലുകൾ എന്നിവയിൽ ഉപയോഗിക്കുന്നു. എന്നാൽ, ഈ വളരുന്ന വ്യവസായത്തിന് ഒരു ഇരുണ്ട മുഖവുമുണ്ട്.

അർബൻ മൈനിംഗ് (Urban Mining)

അർബൻ മൈനിംഗ് എന്നത് നഗര മേഖലകളിൽ നിന്ന്, പ്രത്യേകിച്ച് ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ (ഇ-മാലിന്യം), നിർമ്മാണ അവശിഷ്ടങ്ങൾ, മറ്റ് മനുഷ്യനിർമിത വസ്തുക്കൾ എന്നിവയിൽ നിന്ന് വിലയേറിയ വസ്തുക്കളും ലോഹങ്ങളും വേർതിരിച്ചെടുക്കുന്ന പ്രക്രിയയാണ്. പരമ്പരാഗത ഖനനം (പ്രകൃതിയിൽ നിന്ന് അസംസ്കൃത വസ്തുക്കൾ ഖനനം ചെയ്യുന്നത്) പോലെ അല്ലാതെ, അർബൻ മൈനിംഗ് നഗരങ്ങളിൽ ഉപേക്ഷിക്കപ്പെട്ടതോ പഴകിയതോ ആയ വസ്തുക്കളെ “ഖനനം” ചെയ്ത് പുനരുപയോഗത്തിനായി സംസ്കരിക്കുന്നു.

സീലംപൂർ – ‘ടോക്സിക് സിങ്ക്

വടക്കുകിഴക്കൻ ഡൽഹിയിലെ ഷാദാര ജില്ലയിൽ സ്ഥിതി ചെയ്യുന്ന സീലംപൂർ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-മാലിന്യ വിപണികളിൽ ഒന്നാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50,000 -ലധികം അസംഘടിത തൊഴിലാളികൾ ഇവിടെ തൊഴിൽ ചെയ്യുന്നു. പഴയ കംപ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ടെലിഫോണുകൾ, ടിവികൾ, ബാറ്ററികൾ എന്നിവയിൽ നിന്ന് ധാതുക്കൾ പരിശോധിച്ച് വേർത്തിരിക്കുന്നു. അപകടകരമായ ഈ പ്രക്രിയയാണിത്. ആശാസ്ത്രീയമായ രീതിയിലാണ് വേർത്തിരിക്കൽ. തൊഴിലാളികൾ പഴയ ബാറ്ററികൾ തല്ലി തകർത്ത്, ചൂടാക്കിയും ലോഹങ്ങൾ പുറത്തെടുക്കുന്നു. ഇത് വിഷലിപ്തപുകകൾ പുറന്തള്ളുന്നു. ലെഡ്, മെർക്കുറി, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങൾ ചോർന്ന് പുറത്തുവരുന്നതും സാധാരണമാണ്. സ്വർണം, വെള്ളി, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ തുറന്ന സ്ഥലങ്ങളിൽ മാലിന്യങ്ങൾ കത്തിക്കുകയും ആസിഡ് ഉപയോഗിച്ച് പ്രക്രിയകൾ നടത്തുകയും ചെയ്യുന്നു. ഇതിൽ നിന്ന് ഡയോക്സിൻ, ഫ്യൂറാൻ, ലെഡ്, മെർക്കുറി, കാഡ്മിയം തുടങ്ങിയ വിഷ പദാർത്ഥങ്ങൾ പുറന്തള്ളപ്പെടുന്നു. പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്. ‘ടോക്സിക് സിങ്ക്’ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്.

ഇ – മാലിന്യവും ലിഥിയം-അയോൺ ബാറ്ററികളും

ലിഥിയം-അയോൺ ബാറ്ററികൾ ഇലക്ട്രിക് വാഹനങ്ങൾ (EV), മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇന്ത്യയിൽ, 2030-ഓടെ ഈ ബാറ്ററി റീസൈക്ലിംഗ് വിപണി 1 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030-ഓടെ ഇന്ത്യയുടെ ഇ-വേസ്റ്റ് വിപണി 75 ബില്യൺ ഡോളറിലേക്കും ബാറ്ററി പുനരുപയോഗ വ്യവസായം 10 മടങ്ങും വളരുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഈ വ്യവസായത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ അസംഘടിതരായ തൊഴിലാളികളാണ്. അവർക്ക് മതിയായ സുരക്ഷയോ കൂലിയോ ഇവർക്കില്ല.

ബെംഗളൂരു ആസ്ഥാനമായ Metastable Materials പോലുള്ള സ്റ്റാർട്ടപ്പുകൾ ഈ മാലിന്യങ്ങളിൽ നിന്ന് 90% ശുദ്ധതയോടെ ലിഥിയം, കോബാൾട്ട് തുടങ്ങിയവ വേർതിരിച്ചെടുക്കുന്നു. ഇത് “സർക്കുലർ എക്കണോമി” സൃഷ്ടിക്കാനും പുതിയ ഖനനത്തിന്റെ ആവശ്യകത കുറയ്ക്കാനും ലക്ഷ്യമിടുന്നു. Metastable-ന് പ്രതിവർഷം 1,500 മെട്രിക് ടൺ ബാറ്ററി മാലിന്യം സംസ്കരിക്കാനുള്ള ശേഷിയുണ്ട്—ഇത് 2022-ൽ ഇന്ത്യ ഉൽപ്പാദിപ്പിച്ച ബാറ്ററി മാലിന്യത്തിന്റെ 2% മാത്രമാണ്. 2030-ഓടെ ഇത് 5% ആയി ഉയർത്താനാണ് അവരുടെ പദ്ധതി.

ഗ്ലോബൽ ഇ-വേസ്റ്റ് മോണിറ്റർ 2020 പ്രകാരം, 2019-ൽ ലോകം 53.6 ദശലക്ഷം മെട്രിക് ടൺ ഇ-മാലിന്യം ഉത്പാദിപ്പിച്ചു, ഇതിൽ 3.2 ദശലക്ഷം ടൺ ഇന്ത്യയിൽ നിന്നാണ്, ഇതിൽ ഭൂരിഭാഗവും നിയന്ത്രണമില്ലാതെ സീലംപൂരിൽ എത്തുന്നു. കുട്ടികളിലും മുതിർന്നവരിലും മെർക്കുറി, ലെഡ്, ആർസനിക് മുതലായ ഘനലോഹങ്ങൾ മൂലമുള്ള രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.

ഈ തൊഴിലാളികൾക്ക് പരിശീലനവും സുരക്ഷാ മാർഗങ്ങളും ഒരുക്കേണ്ടതുണ്ട്. അതോടൊപ്പം, പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മലിനീകരണം കുറയ്ക്കാനും ധാതുക്കൾ പുനരുപയോഗിക്കുന്നതിന് ഔപചാരിക സംവിധാനങ്ങൾ ഉണ്ടാക്കാനും ശ്രമിക്കണം. ഇലക്ട്രോണിക് വേസ്റ്റിന്റെ പുനരുപയോഗം സുസ്ഥിരമായ ഊർജ്ജ ഭാവിയിലേക്കുള്ള പടി ആകണമെങ്കിൽ, ഈ ഇരുണ്ട മുഖം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

സീലംപൂരിലെ പ്രവർത്തനങ്ങൾ പൂർണമായും നിയമവിരുദ്ധമാണ്. 2016-ലെ ഇ-വേസ്റ്റ് മാനേജ്മെന്റ് റൂൾസ് ഉണ്ടെങ്കിലും, ഇവിടെ നിയന്ത്രണങ്ങൾ നടപ്പാക്കപ്പെടുന്നില്ല. ടോക്സിക്സ് ലിങ്ക് പോലുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്, ഇന്ത്യയിലെ 95% ഇ-മാലിന്യവും അനൗപചാരിക മേഖലയിൽ സംസ്കരിക്കപ്പെടുന്നുവെന്നാണ്, അതിൽ നാലിലൊന്നും സീലംപൂരിൽ എത്തുന്നു.

ഇന്ത്യയിൽ ഇ-മാലിന്യവും ലിഥിയം-അയോൺ ബാറ്ററികളും നിയന്ത്രിക്കുന്ന പ്രധാന നിയമം Battery Waste Management Rules, 2022 ആണ്. “Extended Producer Responsibility” (EPR) എന്ന തത്വത്തിന് കീഴിൽ, ഉൽപ്പാദകർ അവരുടെ ഉൽപ്പന്നങ്ങളുടെ മാലിന്യ സംസ്കരണത്തിന് ഉത്തരവാദികളാണ്. എന്നാൽ, ഈ നിയമം നടപ്പാക്കുന്നതിൽ വലിയ കടമ്പകളും വിടവുകളും ഉണ്ട്. 2016-ലെ E-Waste Management Rules-ഉം ഉണ്ടെങ്കിലും, സീലംപൂർ പോലുള്ള പ്രദേശങ്ങളിൽ അനൗപചാരിക മേഖലയാണ് 95% ഇ-മാലിന്യവും കൈകാര്യം ചെയ്യുന്നത്. 2024-ലെ ബജറ്റിൽ, National Critical Minerals Mission പ്രഖ്യാപിച്ചു, 34,300 കോടി രൂപയുടെ നിക്ഷേപത്തോടെ റീസൈക്ലിംഗ് ശേഷി വർധിപ്പിക്കാനും തൊഴിലാളികൾക്ക് പരിശീലനം നൽകാനും ലക്ഷ്യമിട്ടിട്ടുണ്ട്. പക്ഷെ, നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ പോലും സർക്കാർ സംവിധാനങ്ങൾക്കാവുന്നില്ല.

Economic and Political Weekly യിൽ 2023 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച Community Capital: Socio-spatial Relations in Delhi’s Seelampur എന്ന പഠനം ഈ മേഖലയിലെ തൊഴിലാളി ജീവിതവും ഈ പ്രദേശത്തെ പാരിസ്ഥിതിക- സാമ്പത്തിക- സാമൂഹിക അസമത്വവും അവർക്കിടയിലെ ജാതിവിഭജനവും വിശകലനം ചെയ്യുന്നുണ്ട്.

ഇ-മാലിന്യസംസ്കരണം ഇന്ത്യയിൽ

യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റിന്റെ (UNCTAD) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഇ-മാലിന്യത്തിന്റെ അളവ് 163% വർധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ നടത്തിയ പഠനത്തിലാണ് ഈ ഗണ്യമായ വർധന കണ്ടെത്തിയത്. ഇന്ത്യയിൽ ഇപ്പോൾ പ്രതിവർഷം ഏകദേശം 32 ലക്ഷം ടൺ ഇ-മാലിന്യം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്, ഇത് രാജ്യത്തെ ഇലക്ട്രോണിക്സ് ഉപഭോഗത്തിന്റെ വർധനയും മാലിന്യ സംസ്കരണത്തിലെ പരിമിതികളും പ്രതിഫലിപ്പിക്കുന്നു.

രാജ്യത്ത് ഔപചാരിക റീസൈക്ലിംഗ് സൗകര്യങ്ങൾ കുറവാണ്, ഇത് സുസ്ഥിരമായ മാലിന്യ നിർമാർജനത്തിന് വെല്ലുവിളിയാകുന്നു. UNCTAD-ന്റെ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ ഇ-മാലിന്യ ഉൽപ്പാദനം വർധിച്ചുകൊണ്ടിരിക്കുമ്പോൾ, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾ ഇതിനെ നേരിടാൻ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി നയപരമായ ഇടപെടലുകൾ, പൊതുജന ബോധവൽക്കരണം, സാങ്കേതികവിദ്യയുടെ വികാസം എന്നിവ അനിവാര്യമാണെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

CountryVolume (mt) 2022Growth (%) 2020–2022Share in the World (%) 2022Per Capita (kg) 2022Per Capita Growth (%) 2020–2022
India0.6681686.40.47131
US1.4661913.94.2910
EU1.2613122.811
UK0.28212.74.16-6
Japan0.453-34.33.661
China2.1954220.91.5434
Brazil0.325323.11.5121
Russian Federation0.263252.51.8124
World4.358111001.3314
United Nations Trade and Development (Unctad) report. 2022

അനുബന്ധ വായനയ്ക്ക്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വംശനാശം സംഭവിച്ച ഡയർ ചെന്നായ മടങ്ങിവന്നോ ?
Next post ഓക്സ്ഫഡിലെ ഡോഡോയും അത്ഭുതലോകത്തെ ആലിസും
Close