ഡൊറോത്തി ഹോഡ്ജ്കിന്‍

പ്രതിരോധകുത്തിവയ്പുകളെ കുറിച്ചോര്‍ക്കുമ്പോള്‍ എഡ്വേര്‍ഡ് ജെന്നറെ നാം ഓര്‍ക്കാറുണ്ടല്ലോ. എന്നാല്‍ വിളര്‍ച്ച, മുറിവ് പഴുക്കല്‍, പ്രമേഹം എന്നൊക്കെ കേള്‍ക്കുമ്പോഴോ വിറ്റാമിന്‍ ബി -12, പെനിസിലിന്‍, ഇന്‍സുലിന്‍ എന്നിവയെക്കുറിച്ചു കേള്‍ക്കുമ്പോഴോ ഒരു സ്ത്രീയുടെ മുഖം അതുപോലെ നമ്മുടെ മനസ്സിലേക്ക് എത്താറില്ല. മറ്റെവിടെയും പോലെ ശാസ്ത്രരംഗത്തും സ്ത്രീകള്‍ ‘രണ്ടാംകിട’ പൗരകളാണെന്നതാണ് അതിന് കാരണം. കെയ്റോയില്‍ ജനിച്ച ഡൊറോത്തി ഹോഡ്ജ്കിന്നിന്റെ ചരമ ദിനമാണ് ജൂലൈ 29. നോബല്‍ സമ്മാന ജേത്രിയായ ഈ ശാസ്ത്രകാരിയുടെ സഹായമില്ലായിരുന്നെങ്കില്‍ ഈ അസുഖങ്ങളെല്ലാം അനേകായിരങ്ങളെ കീഴ്പെടുത്തിത്തന്നെ തുടരുമായിരുന്നു. ഇവയുടെ ചികിത്സയ്കാവശ്യമായ മേല്‍പ്പറഞ്ഞ തന്മാത്രകളുടെ ത്രിമാന ഘടന കണ്ടെത്തിയെന്നതാണ് ഡൊറോത്തി മേരി ക്രൗഫൂട്ട് ഹോഡ്ജ്കിന്‍ ( Dorothy Crowfoot Hodgkin) ലോകത്തിന് നല്‍കിയ മുഖ്യ സംഭാവന. 1910 മെയ് 12 ന് കെയ്റോയില്‍ ജനിച്ച അവര്‍ 1994ല്‍ ഇംഗ്ലണ്ടിലെ വാര്‍വിക്‍ഷെയറില്‍ അന്തരിച്ചു.

ബ്രിട്ടീഷ് ജൈവ രസതന്ത്രജ്ഞയായ ഡൊറോത്തി ഹോഡ്ജ്കിന്‍ പ്രോട്ടീന്‍ ക്രിസ്റ്റലോഗ്രഫിയുടെ വികാസത്തില്‍ വഹിച്ച പങ്കിനെ മുന്‍നിറുത്തിയാണ് 1964 ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനാര്‍ഹയായത്. എക്സ്റേ ക്രിസ്റ്റലോഗ്രഫി എന്ന സങ്കേതമുപയോഗിച്ച് തന്മാത്രകളുടെ സങ്കീര്‍ണ്ണ ഘടനകള്‍ വെളിപ്പെടുത്തുന്നതില്‍ ഇദ്ദേഹം തുടങ്ങിവെച്ച പാത ലോകത്തെ ഔഷധശാസ്ത്ര മേഖലയിലെ മുന്നേറ്റങ്ങള്‍ക്ക് കാരണമായി.

നോബല്‍ സമ്മാനത്തിനുപുറമെ, ഫ്ലോറന്‍സ് നൈറ്റിംഗേലിനുശേഷം ബ്രിട്ടനിലെ പരമോന്നത ബഹുമതികളിലൊന്നായ ഓര്‍ഡര്‍ ഓഫ് മെറിറ്റിന് അര്‍ഹയായ രണ്ടാമത്തെ വനിത, റോയല്‍ സൊസൈറ്റിയുടെ കോപ്ലെ മെഡലിന് അര്‍ഹയായ ഏക വനിത, ലെനിന്‍ സമാധാന സമ്മാന പുരസ്കാര ജേത്രി, ബ്രിസ്റ്റള്‍ സര്‍വ്വകലാശാല ചാന്‍സലര്‍, റോയല്‍ സൊസൈറ്റി അംഗത്വം, അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഹോണററി അംഗം എന്നിങ്ങനെ അനവധി വിശേഷണങ്ങള്‍ ഇദ്ദേഹത്തിനൊപ്പമുണ്ട്.

Molecular model of Penicillin by Dorothy Hodgkin, c.1945.

കെയ്റോയില്‍ ജോണ്‍ വിന്റര്‍ ക്രൗഫൂട്ട് എന്ന പുരാവസ്തു ഗവേഷകന്റെയും, പുരാവസ്തു ഗവേഷകയും പ്രാചീന ഈജിപ്തിലെ വസ്ത്രനിര്‍മ്മാണ ഗവേഷകയുമായിരുന്ന ഗ്രേസ് മേരി ക്രൗഫൂട്ടിന്റെയും മകളായാണ് ഡൊറോത്തി ജനിച്ചത്. കുട്ടിക്കാലത്തു തന്നെ ശാസ്ത്ര തല്പരയായിരുന്ന ഡൊറോത്തിയെ അമ്മ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. പാഠ്യവിഷയമല്ലാതിരുന്ന ശാസ്ത്രം സ്വന്തമായി പഠിച്ചാണ് ഡൊറോത്തി ഓക്സ്‍ഫോര്‍ഡിലെ പ്രവേശനപ്പരീക്ഷ എഴുതിയത്. പതിനെട്ടാം വയസ്സില്‍ ഓക്സ്‍ഫോര്‍ഡിലെ സോമര്‍വില്ലേ കലാശാലയില്‍ രസതന്ത്ര പഠനത്തിന് ചേര്‍ന്നു. വിവിധ തന്മാത്രകളുടെ രൂപഘടന കണ്ടെത്തുന്നതില്‍ അഹോരാത്രം പ്രയത്നിച്ച ഡൊറോത്തി അനവധി ഗവേഷണ പദ്ധതികളുടെ ഉപദേശകയുമായിരുന്നു. ഓക്സ്‍ഫോര്‍ഡിലും കേംബ്രിഡ്ജിലും ഗവേഷകയായി പ്രവര്‍ത്തിച്ച അപൂര്‍വ്വം പേരിലൊരാളുമാണ്.

വൈറ്റമിൻ ബി-12ന്റെ തന്മാത്രാ ഘടന

എക്സ്റേ ക്രിസ്റ്റലോഗ്രഫി എന്ന ശാസ്ത്രസങ്കേതത്തിലൂടെ വിസ്മയകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയ ഡൊറോത്തി തന്റെ ഗുരുവും സ്നേഹിതനുമായിരുന്ന വിഖ്യാത ജനകീയ ശാസ്ത്രജ്ഞന്‍ ജെ.ഡി. ബര്‍ണലില്‍ നിന്നും ശാസ്ത്രത്തിന്റെ ജനപക്ഷ പ്രയോഗത്തിന്റെ പ്രസക്തിയും പഠിച്ചിരുന്നു. സമാധാനത്തിനും മാനവപുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ സംഘമായ പുഗ്വാഷ് കോണ്‍ഫറന്‍സിന്റെ അദ്ധ്യക്ഷ പദവിയിലേക്കും (1976 മുതല്‍ 1988 വരെ) ഈ നിലപാടുകള്‍ ഡൊറോത്തിയെ കൊണ്ടെത്തിച്ചു.

 

1937 ല്‍ ഓക്സ്‍ഫോര്‍ഡിലെ പ്രശസ്ത അദ്ധ്യാപകനും ആഫ്രിക്കാകാര്യ വിദഗ്ദ്ധനുമായ തോമസ് ലയണല്‍ ഹോഡ്ജ്കിന്നിനെ ഡൊറോത്തി വിവാഹം കഴിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമാണ് ഈ ദമ്പതിമാര്‍ പുലര്‍ത്തിയിരുന്നത്. വാത സംബന്ധമായ അസുഖങ്ങള്‍ മൂലം വീല്‍ചെയറില്‍ കഴിയേണ്ടിവന്നിട്ടും തന്റെ അടങ്ങാത്ത വിജ്ഞാന തൃഷ്ണയിലൂടെ ശാസ്ത്രലോകം കീഴടക്കിയ ഡൊറോത്തി ഹോഡ്ജ്കിന്‍ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് എണ്‍പത്തിനാലാമത്തെ വയസ്സില്‍ അന്തരിച്ചു.

 

2 thoughts on “ഡൊറോത്തി ഹോഡ്ജ്കിന്‍

  1. നോബൽ സമ്മാനത്തിനു പുറമേ ……………..എന്നിങ്ങനെ അനവധി ………………………..പിന്നെ എവിടെയാന്നു ‘രണ്ടാംകിട ‘? മാത്രമല്ല പുഗ്വാഷ് അധ്യക്ഷയും .

  2. തീർച്ചയായും പഠിയ്ക്കേണ്ടതാണ് ഈ ജീവിതം.ഏറെ ചർച്ച ചെയ്യപ്പെടേണ്ടതുമാണ്.വിനയൻ.പി,പാണ്ടിക്കാട്,മലപ്പുറം.

Leave a Reply