Read Time:3 Minute

പരിസ്ഥിതി പ്രവർത്തകയായ ദിശ രവി എന്ന പെൺകുട്ടിയെ ബാംഗളൂരിൽ നിന്നും ദൽഹി പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കുന്നതാണ്. കാലാവസ്ഥാമാറ്റം പരിസ്ഥിതിയെ ബാധിക്കുന്നു എന്നും കൃഷിക്കും കൃഷിക്കാർക്കും അത് ഏറെ ദോഷം ചെയ്യും എന്നും വിശ്വസിക്കുന്ന 22 വയസുള്ള ഈ പെണ്‍കുട്ടി ഇന്ത്യയൊട്ടാകെ നടക്കുന്ന കർഷക സമരങ്ങൾക്ക് പിന്തുണ നൽകി ചെയ്ത ഒരു ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ്.

തന്റെ മുത്തശ്ശനും മുത്തശ്ശിയും കർഷകരാണെന്നും അവരടക്കമുള്ളവരെ പരിസ്ഥിതി പ്രശ്നങ്ങൾ ബാധിക്കും എന്നു മനസ്സിലാക്കിയ ഈ പെൺകുട്ടി ഇതിനെതിരെ യുവജനങ്ങൾ മുന്നിട്ടിറങ്ങണം എന്ന് കരുതുന്നു. ഈ പ്രവർത്തനത്തിനിറങ്ങാൻ ഈ കുട്ടിയെ പ്രേരിപ്പിച്ചത് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ സ്വീഡനിൽ നിന്നുള്ള ഒരു പതിനഞ്ചുകാരി ഗ്രെറ്റ തുൻബർഗ് നടത്തിയ പ്രസംഗവും പ്രവർത്തനങ്ങളും ആണ്. അങ്ങനെയാണ് ഗ്രെറ്റയുടെ ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചറിന്റെ ബാംഗ്ലൂര്‍ ചാപ്റ്റര്‍ ദിശ ആരംഭിച്ചത്. ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണച്ചുള്ള ഗ്രെറ്റയുടെ ട്വീറ്റും ടൂൾകിറ്റും ഷെയർ ചെയ്യുകയും ചെയ്തു. ഈ ടൂൾകിറ്റ് പങ്കുവെച്ചത് രാജ്യദ്രോഹമാണ് എന്ന വിചിത്രമായ വാദമാണ് ഡൽഹി പോലീസ് ഉയർത്തുന്നത്.

നീതിക്കു വേണ്ടി സമാധാനപരമായി പോരാടാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരത്തെ യുവാക്കളും തൊഴിലാളികളും അടക്കം വിവിധ ജനവിഭാഗങ്ങൾ പിന്തുണക്കുന്നുമുണ്ട്. ഇത്തരം സമരങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമാണ് ദിശ രവിയുടെ അറസ്റ്റ് അടക്കമുള്ള നീക്കങ്ങൾ. ന്യൂസ്‌ക്ലിക്ക് എന്ന മാധ്യമ സ്ഥാപനത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉപയോഗിച്ച് നടത്തുന്ന റെയ്ഡുകളെയും സംശയത്തോടെ മാത്രമേ കാണാൻ കഴിയൂ.

ലോകമെമ്പാടും കോർപറേറ്റ് മുതലാളിത്തത്തിനും അത് സൃഷ്ടിക്കുന്ന പരിസ്ഥിതി നാശത്തിനും എതിരായി ധാരാളം ജനകീയ മുന്നേറ്റങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിലെ കർഷക സമരത്തിന്റെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി രാജ്യത്തിനകത്തും പുറത്തും പ്രതിഷേധങ്ങളും ഉണ്ടാവുന്നുണ്ട്. ഈ പ്രതിഷേധങ്ങളെ വിഘടന വാദപരം രാജ്യദ്രോഹം എന്നൊക്കെ വിശേഷിപ്പിക്കുന്നതും അടിച്ചമർത്തുന്നതും തികച്ചും ജനാധിപത്യ വിരുദ്ധമാണ്.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2021 ഫെബ്രുവരി 16ന് പ്രസിദ്ധീകരിച്ച പത്രപ്രസ്താവന

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Previous post ജലദോഷം കോവിഡിനെ പ്രതിരോധിക്കാൻ തുണയാകുമോ?
Next post ശിശിർ കുമാർ മിത്ര
Close