പൊന്നപ്പൻ ദി ഏലിയൻ
ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദനപരമോ ആയ ബലഹീനതകൾ ഉള്ളവരും, ഇത്തരം ബലഹീനതകൾ വിവിധ തടസ്സങ്ങളുമായി സമ്പർക്കം പുലർത്തുന്നതു കാരണം, മറ്റുള്ളവർക്കൊപ്പം തുല്യ അളവിൽ, സമൂഹത്തിൽ പൂർണ്ണവും ഗുണപരവുമായ ഇടപെടലുകൾ നടത്തുന്നതിന് കഴിയാത്തവരുമാണ് ശേഷീവൈകല്യമുള്ളവർ (Persons with Disability) എന്ന് പൊതുവായി അറിയപ്പെടുന്നത്.ഈ വൈകല്യങ്ങൾ ഉണ്ടാക്കപ്പെടുന്നത് വ്യക്തികളുടേയും സമൂഹങ്ങളുടേയും വ്യത്യസ്ഥ അവസ്ഥകളെ ഉൾക്കൊള്ളാനുള്ള സമൂഹത്തിന്റെ കഴിവുകേടിൽ നിന്നാണ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ അത്തരം അവസ്ഥകളുള്ളവർ, ശേഷിക്കുറവുള്ളവരല്ല – പകരം, സമൂഹത്തിന്റെ പൊതുധാരണയിൽ നിന്നും വ്യത്യസ്ഥമായ ശേഷികൾ ഉള്ളവരാണ്. ഇത്തരം ഭിന്നശേഷികളെ അവയുൾപ്പെടുന്ന സമൂഹത്തിന് ഉൾക്കൊള്ളാനുള്ള കഴിവ്, ആ സമൂഹത്തിന്റേയും അത്തരം വ്യക്തികളുടേയും പുരോഗതിക്ക് വളരെ അത്യാവശ്യമാണ്.
ഭിന്നശേഷി എന്നത് ഒരു വൈദ്യശാസ്ത്രപ്രശ്നമായി കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതിന് ഒരു സാമൂഹ്യമാതൃക ഉണ്ടായിരിക്കുന്നു. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ (UNCRPD) ഈ സാമൂഹ്യമാതൃകയെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ ഒന്നാണ്. ഇന്ത്യയുൾപ്പെടെയുള്ള 163 ലോകരാഷ്ട്രങ്ങൾ ഒപ്പു വയ്ക്കുകയും, 180 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഔദ്യോഗികപങ്കാളികളാവുകയും ചെയ്ത ഈ കൺവെൻഷൻ നിയമപരമായി തന്നെ ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുവാൻ ഉദ്ദേശിച്ചുള്ളതാണ്. ഇതിനെ പിൻപറ്റി ലോകാരോഗ്യ സംഘടനയുൾപ്പെടെയുള്ള ഒട്ടനവധി സ്ഥാപനങ്ങളും, കൺവെൻഷനുകളും ഭിന്നശേഷിയുടെ സാമൂഹ്യമാതൃക പിന്തുടരുന്നു. ഇന്ത്യൻ പാർലമെന്റ് 2016 ൽ പാസാക്കിയെടുത്ത ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളെ സംബന്ധിച്ച നിയമം (Rights of Persons with Disabilities Act, 2016) പോലും ഇതിന്റെ തുടർച്ചയാണ്.
ഭിന്നശേഷി എന്ന ആശയം തന്നെ ഇന്നു വിപുലമാക്കപ്പെട്ടിട്ടുണ്ട്. മുൻകാലങ്ങളിൽ അംഗപരിമിതരേയും, കാഴ്ച-കേൾവി പ്രശ്നങ്ങളുള്ളവരേയും, ബുദ്ധിപരമായ ബലഹീനതകൾ ഉള്ളവരും മാത്രമായിരുന്നു ഭിന്നശേഷിയുള്ളവരായി കരുതപ്പെട്ടിരുന്നത്. എന്നാൽ ഇന്ന്, വിപുലമായ ശാരീരിക- മാനസിക- ബുദ്ധിപര- സംവേദന പരിമിതികളുള്ളവർ, വാർദ്ധക്യം ബാധിക്കുന്നവർ, സാമൂഹ്യ ഇടപെടലുകളെ ബാധിക്കുന്ന ഏതു തരം രോഗാവസ്ഥയുള്ളവരും (ക്യാൻസറും, എയിഡ്സും, എബോളയും, പ്രമേഹവും രക്താതിസമ്മർദ്ദവും വരെ ഇതിൽ വരാം) തുടങ്ങി ഒട്ടനവധി വിഭാഗങ്ങളിൽ പെടുന്ന വ്യക്തികൾ ഭിന്നശേഷിയുള്ളവരായി കണക്കാക്കപ്പെടുന്നു. ഒരു പടി കൂടി മുന്നോട്ടു പോയാൽ ദാരിദ്ര്യവും, സാമൂഹ്യ അസമത്വവും, ജീവിത കാലാവസ്ഥകളുമൊക്കെ ഭിന്നശേഷി സൃഷ്ടിക്കുന്നു എന്നു കാണാം. ഭിന്നശേഷിയുള്ള സമൂഹങ്ങൾ തന്നെയുണ്ട്. അടിസ്ഥാനതലത്തിൽ ഭിന്നശേഷിയുള്ളവർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും, അവഗണനയും ഇന്നും തുടരുന്നുണ്ട്.
ഭിന്നശേഷിയെ പ്രോത്സാഹിപ്പിക്കാൻ, അല്ലെങ്കിൽ വൈകല്യത്തെ അകറ്റാൻ, ഒറ്റപ്പെട്ട പ്രവർത്തനങ്ങൾക്ക് കഴിയില്ല. സമഗ്രമായ ഒരു പ്രവർത്തനപദ്ധതിക്കു മാത്രമേ ഒരു സമൂഹത്തിനുള്ളിലെ ഭിന്നശേഷികളെ ഉൾക്കൊള്ളുവാനാകൂ. അതിനായി ആരോഗ്യം, വിദ്യാഭ്യാസം, ആവാസവ്യവസ്ഥ, ഊർജ്ജസുരക്ഷ, തൊഴിൽ, ഭക്ഷ്യസുരക്ഷ, തത്വശാസ്ത്രം, പൊതുബോധം, നയരൂപീകരണം, നിയമനിർമ്മാണവും പരിപാലനവും, ഭരണനിർവ്വഹണം, പ്രാപ്യത, ചലനക്ഷമത, സുരക്ഷ, ഭാഷ, സംസ്കാരം, രാഷ്ട്രീയം, പരിസ്ഥിതി, ലിംഗനീതി, ശാസ്ത്രസാങ്കേതികത, സാമ്പത്തികശാസ്ത്രം, ഡാറ്റ, വിജ്ഞാനം, സ്വാതന്ത്ര്യനിർവ്വചനം എന്നിങ്ങനെ വിവിധ വിഷയമേഖലകളിൽ പ്രത്യേകമായും, ഒത്തൊരുമയോടു കൂടിയും പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് നാമിപ്പോൾ. ഇന്ന്, ഭിന്നശേഷിക്ക് ഒരേ സമയം സാധ്യതയും കടമ്പയും ആയ മറ്റൊരവസ്ഥ കൂടി മുന്നിലുണ്ട്. ചരിത്രത്തിന്റെ മറ്റൊരു ദശാസന്ധിയിലും ഇല്ലാത്തത്രയും വിപുലമായ ഒരു ശൃംഖലാസമൂഹഘടന (Network Society structure) ഇന്ന് നിലവിലുണ്ട് എന്നതാണത്. ഈ അവസ്ഥയ്ക്ക് കാരണമായും, അതിനാൽ പരിപോഷിപ്പിക്കപ്പെട്ടും ഡിജിറ്റൽ സാങ്കേതിക ഘടനകളും ഇന്നത്തെ ലോകത്തിന് സ്വന്തമായുണ്ട്. പൊതു സമൂഹവും ഡിജിറ്റൽ സമൂഹവും തമ്മിലുള്ള അതിരുകൾ വളരെ നേർത്തതോ, പലപ്പോഴും പരിപൂർണ്ണമായി ഇടകലർത്തപ്പെട്ടതോ ആവുന്നുണ്ട്. അതോടൊപ്പം തന്നെ, കോവിഡ് 19 ന്റെ വ്യാപനം സൃഷ്ടിക്കുന്ന ലോകക്രമത്തിലെ മാറ്റങ്ങളും ഭിന്നശേഷിയുടെ വിവിധതലങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നതാണ്.
ഈ അവസ്ഥയിൽ, പൊതുസമൂഹത്തിൽ ഭിന്നശേഷിയുള്ളവർ ആർജ്ജിച്ചെടുക്കുന്ന ശേഷികളോടൊപ്പം തന്നെ പ്രധാനമാണ് ഡിജിറ്റൽ ലോകത്ത് ഭിന്നശേഷിയുള്ളവർ നേടിയെടുക്കേണ്ട ശേഷികളും. അതോടൊപ്പം തന്നെ, ഡിജിറ്റൽ മുന്നേറ്റങ്ങളുടെ ഗുണഫലങ്ങളും ഭിന്നശേഷിയുള്ളവർക്ക് ലഭ്യമാകേണ്ടതുണ്ട്.
ഈ നയരേഖയിൽ ഉൾക്കൊണ്ടിരിക്കുന്നത് ഈ വിഷയമാണ്
പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളാണ് ഈ രേഖയിൽ നിന്ന് കണ്ടെത്താൻ ശ്രമിക്കുന്നത്.
- ഡിജിറ്റൽ ലോകത്ത് ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളെന്തൊക്കെയാണ് / ആയിരിക്കണം?
- ഭിന്നശേഷിയുള്ളവർ ഡിജിറ്റൽ സമൂഹങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?
- ഈ മേഖലയിൽ ഇപ്പോഴുള്ള വിടവുകൾ നികത്താൻ നയപരമായി എന്തൊക്കെ മാറ്റങ്ങളുണ്ടാവണം?
- ഭിന്നശേഷിയേയും ഡിജിറ്റൽ ലോകത്തേയും കൂട്ടിയിണക്കുവാനുള്ള പ്രായോഗികപ്രവർത്തനങ്ങളുടെ മാതൃകകൾ എന്തൊക്കെയാണ്?
താഴെ പറയുന്ന വിഭാഗങ്ങൾ ഇതിലോരോ ചോദ്യത്തേയും പ്രത്യേകമായി വിശദീകരിക്കുന്നു.
ഡിജിറ്റൽ ലോകത്ത്, ഭിന്നശേഷിയുള്ളവർക്കുള്ള അവകാശങ്ങൾ
- ഡിജിറ്റൽ ലോകത്ത് പരിപൂർണ്ണമായി ഉൾപ്പെടുത്തപ്പെടാൻ ഭിന്നശേഷിയുള്ളവർക്ക് അവകാശമുണ്ട്.
- ഭിന്നശേഷിയുള്ളവർക്ക് സാർവ്വലൗകികമായി ഡിജിറ്റൽ സംവിധാനങ്ങൾ / സേവനങ്ങൾ ലഭ്യമാക്കപ്പെടാൻ അവകാശമുണ്ട്.
- ഡിജിറ്റൽ മേഖലയിൽ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളുടേയും / പുതിയ ചിന്തകളുടേയും നേട്ടങ്ങൾ സ്വീകരിക്കുവാൻ ഭിന്നശേഷിയുള്ളവർക്ക് അവകാശമുണ്ട്.
- ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറയ്ക്കാനോ, ഭൗതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്താനോ ഡിജിറ്റൽ മേഖലയിലെ മുന്നേറ്റങ്ങൾ ഉപയോഗപ്പെടുത്താൻ ഭിന്നശേഷിയുള്ളവർക്ക് അവകാശമുണ്ട്.
- സ്വകാര്യ ഡാറ്റ, സ്വകാര്യത എന്നിവയെ സംബന്ധിക്കുന്ന മൗലിക അവകാശങ്ങൾ ഭിന്നശേഷിയുള്ളവർക്കും ബാധകമാണ്.
- ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗക്ഷമത, വിവിധ ഭിന്നശേഷികളുടെ കാഴ്ചപ്പാടിൽ നിർണ്ണയിക്കപ്പെടണം.
- ഭിന്നശേഷികളെ പറ്റിയുള്ള ഡാറ്റ കണ്ടെടുക്കപ്പെടുകയും, സംരക്ഷിക്കപ്പെടുകയും, സാമൂഹ്യപുരോഗതിക്കായി ഉപയോഗിക്കപ്പെടുകയും വേണം.
ഡിജിറ്റൽ ലോകത്ത്, ഭിന്നശേഷിയുള്ളവർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ
- ഡിജിറ്റൽ സാങ്കേതികതകൾ പ്രാപ്യമല്ലാതിരിക്കുക.
- ഇടപെടാവുന്ന വിഷയമേഖലകൾ ഇല്ലാതിരിക്കുക.
- ഡിജിറ്റൽ രംഗത്ത്, ഭിന്നശേഷി സമൂഹങ്ങളുടെ കുറവ്.
- ഡിജിറ്റൽ സാക്ഷരതയുടെ കുറവ്.
- ഡിജിറ്റൽ സേവനങ്ങളുടെ ലഭ്യതക്കുറവ്.
- ലഭ്യമാവുന്ന ഡിജിറ്റൽ സേവനങ്ങളുടെ ഗുണനിലവാരമില്ലായ്മ.
- സമഗ്രതയില്ലാതെയുള്ള ഡിജിറ്റൽ സേവനങ്ങൾ
- ഭിന്നശേഷി സംബന്ധിയായ ഡിജിറ്റൽ ഉല്പന്നങ്ങളുടെ വൈവിധ്യമില്ലായ്മയും, വില്പനക്കാരില്ലാതിരിക്കലും.
- സൃഷ്ടിക്കപ്പെടുന്ന ഭിന്നശേഷി സംബന്ധിയായ ഉല്പന്നങ്ങൾ വിതരണം ചെയ്യപ്പെടാതിരിക്കുക.
- ഭിന്നശേഷിയുള്ളവരുടെ ‘ശരിയായ’ ആവശ്യങ്ങൾ പരിഗണിക്കപ്പെടാതിരിക്കൽ.
- നയരൂപീകരണത്തിൽ ഭിന്നശേഷിയുള്ളവർക്ക് പങ്കാളിത്തം ലഭിക്കാതിരിക്കൽ.
- ഭിന്നശേഷിയുള്ളവർക്ക് ലഭിക്കുന്ന പൊതുവിദ്യാഭ്യാസത്തിൽ ഡിജിറ്റൽ പഠനത്തിന് പ്രാധാന്യം ലഭിക്കാതിരിക്കുക.
- പൊതു/സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഭിന്നശേഷി ഒരു വിഷയമാവാതിരിക്കൽ.
- ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾ (സർക്കാർ തലത്തിലും, ശൃംഖലാ സമൂഹ തലത്തിലും)
- ഭിന്നശേഷി സംബന്ധിയായ ഡാറ്റയുടെ അളവിലും ഗുണനിലവാരത്തിലുമുള്ള കുറവ്
- ഭിന്നശേഷി സംബന്ധിയായ ഡിജിറ്റൽ വ്യവസായങ്ങളുടെ കുറവ്
- നിഷേധാത്മകമായ പൊതുബോധം കാരണമുള്ള ഒഴിവാക്കലുകൾ (പ്രത്യേകിച്ച് തൊഴിലിടങ്ങളിലും, വിജ്ഞാനസമൂഹങ്ങളിലും)
- ഭാഷാപരമായ പരിമിതികൾ
- സാമ്പത്തികപരാധീനതകൾ
നയപരമായ പ്രശ്നങ്ങളും സാധ്യതകളും
- ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര കൺവെൻഷൻ (UNCRPD) 2007ൽ പ്രയോഗത്തിൽ വന്നെങ്കിലും, ഇന്ത്യയുൾപ്പെടെയുള്ള പല സമൂഹങ്ങളിലും ഘടനാപരമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ഇന്ത്യയിൽ ഈയടുത്ത് പാസാക്കിയ ഭിന്നശേഷിയുള്ളവർക്കുള്ള അവകാശങ്ങളുടെ നിയമം പോലും ഒട്ടനവധി പരിമിതികളുള്ളതും ഘടനാപരമായി പ്രവർത്തിച്ചു തുടങ്ങാത്തതുമാണ്.
- നിയമപരമായി ഒട്ടനവധി പ്രതിബന്ധങ്ങൾ ഭിന്നശേഷിയുള്ളവർ ഇന്ന് നേരിടുന്നുണ്ട്. പ്രത്യേകിച്ച് അടിസ്ഥാന ആവശ്യങ്ങളായ ആവാസവ്യവസ്ഥ, ചലനക്ഷമത, സ്വാതന്ത്ര്യം, സുരക്ഷ, ചൂഷണങ്ങളിൽ നിന്നും ക്രൂരതയിൽ നിന്നുമുള്ള സംരക്ഷണം, സാമ്പത്തിക സ്വയം പര്യാപ്തത, ആരോഗ്യ സേവനങ്ങൾ, തൊഴിൽ എന്നീ മേഖലകളിൽ.
- ഇത്തരം അടിസ്ഥാന ആവശ്യങ്ങളെ പിൻപറ്റിയാണ് ഡിജിറ്റൽ അവകാശങ്ങളെ പോലുള്ള ഉയർന്ന തലത്തിലെ അവകാശങ്ങൾ നിലനിൽക്കുന്നത്. എന്നാൽ ഡിജിറ്റൽ അവകാശങ്ങളുടെ ലഭ്യതയോട് കൂടി അടിസ്ഥാന ആവശ്യങ്ങൾ സ്വയം പരിഹരിക്കപ്പെടുന്ന അവസ്ഥയുമുണ്ട്.
- അതിനാൽ, ഡിജിറ്റൽ അവകാശങ്ങൾക്കു വേണ്ടിയുള്ള നയങ്ങൾ പൊതു നയങ്ങളോട് കൂടിച്ചേർക്കപ്പെടേണ്ടവയാണ്. അവയെ ഒറ്റയ്ക്ക് കാണുന്നതും മറ്റ് അവകാശങ്ങളെ അവഗണിക്കുന്നതും വിപരീത ഫലം ചെയ്യും.
- ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളും, പ്രസ്ഥാനങ്ങളും, ഏജൻസികളും പരസ്പരബന്ധിതവും, അന്യോന്യം മനസ്സിലാക്കപ്പെടുന്നതുമായ ഒരു സാഹചര്യം ഉരുത്തിരിഞ്ഞ് വരണം.
- സർക്കാർ ഏജൻസികൾ, എൻ ജി ഓകൾ, വിജ്ഞാന സമൂഹങ്ങൾ, അക്കാദമിക സമൂഹങ്ങൾ, സന്നദ്ധസേവകർ, ഭിന്നശേഷി സമൂഹങ്ങളുടെ പ്രതിനിധികൾ, വ്യവസായങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക സമൂഹങ്ങൾ, സാങ്കേതികവിദഗ്ദർ എന്നിവരുടെ നിരന്തരമായ ഒരു ശൃംഖലാ പ്രവർത്തനം ഇതിനാവശ്യമാണ്.
- ഒറ്റയ്ക്കുള്ള പ്രവർത്തനങ്ങളെ അംഗീകരിക്കുമ്പോൾ തന്നെ, ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്നതും പ്രധാനമാണ്.
ഡിജിറ്റൽ ലോകത്ത്, ഭിന്നശേഷിയുള്ളവർക്കുള്ള അവകാശങ്ങൾ പ്രയോഗരൂപത്തിൽ
1. ഡിജിറ്റൽ മേഖലയിൽ ഉൾപ്പെടുത്തൽ
a. വ്യത്യസ്ത ഭിന്നശേഷികൾക്ക് അനുസൃതമായി പ്രാപ്യതാസാങ്കേതികവിദ്യകൾ (Accessibility technologies)സൗജന്യമായും, സാർവ്വലൗകികമായും വിതരണം ചെയ്യപ്പെടണം.
ഇത്തരം പ്രാപ്യതാ സാങ്കേതിക വിദ്യകൾ, ഭിന്നശേഷിയുടെ വൈദ്യശാസ്ത്രപരമായ പ്രത്യേകതകളെ കണക്കിലെടുക്കുന്നതിനൊപ്പം തന്നെ, ഭിന്നശേഷിയുള്ളവരുടെ സാംസ്കാരികസ്വത്വത്തിനെയും (cultural identity) പരിപൂർണ്ണമായി ഉൾക്കൊള്ളുന്നവയായിരിക്കണം. ഉപയോഗിക്കപ്പെടുന്ന ഫോർമാറ്റുകളും ഇത്തരത്തിലുള്ളവയായിരിക്കണം
ഉദാ: ബ്രെയിൽ സമൂഹങ്ങൾ, ചിഹ്നഭാഷാസമൂഹങ്ങൾ എന്നിവയ്ക്കിടയിൽ വിഭിന്നങ്ങളായ സാംസ്ക്കാരികവ്യക്തിത്വങ്ങളും ഫോർമാറ്റുകളുമുണ്ട്. പൊതുരംഗത്ത് അവ നിലനിൽക്കുന്നിടത്തോളം ഡിജിറ്റൽ രംഗത്ത്, അത്തരം ഫോർമാറ്റുകൾ ലഭ്യമാവണം
b. ഭിന്നശേഷിയുള്ളവർക്ക് ഡിജിറ്റൽ സാക്ഷരത ഉറപ്പു വരുത്തണം. ഡിജിറ്റൽ മേഖലയുമായി ബന്ധപ്പെട്ട അവരുടെ കഴിവുകളെ നിരന്തരമായി മെച്ചപ്പെടുത്തുകയും വേണം.
- ഡിജിറ്റൽ സാക്ഷരത എന്ന പദത്തിന്റെ നിർവ്വചനം വളരെ വേഗം വിപുലീകരണവും സ്വഭാവ മാറ്റങ്ങളും സംഭവിക്കുന്ന ഒന്നാണ്. ഭിന്നശേഷിയുള്ളവരെ നിരന്തരമായി ഡിജിറ്റൽ സാക്ഷരരായി നിലനിർത്തുന്നത് ലളിതമല്ല. എന്നാൽ ഇത് അവഗണിക്കപ്പെടാനും പാടില്ല.
- ഇതിനായി ഭിന്നശേഷി സംബന്ധിയായ ഡിജിറ്റൽ പാഠ്യപദ്ധതികൾ സൃഷ്ടിക്കപ്പെടുകയും നിരന്തരമായി നവീകരിക്കപ്പെടുകയും വേണം.
- ഭിന്നശേഷി സർവ്വകലാശാലകളും സ്വതന്ത്ര ഡിജിറ്റൽ സംഘങ്ങളും ഈ പ്രക്രിയയിൽ പരസ്പരപൂരകമായി ഇടപെടേണ്ടതുണ്ട്.
c. ഭിന്നശേഷിയുള്ളവർക്ക് ഉപയോഗപ്പെടുന്ന രീതിയിൽ ഇലക്ട്രോണിക് വ്യക്തിത്വ സാങ്കേതികതകളും ആധികാരികതാ നിർണ്ണയ സാങ്കേതികതകളും (Electronic Identity Technologies and Authentication Technologies) സൃഷ്ടിക്കപ്പെടണം.
- ഇത്തരം സാങ്കേതികവിദ്യകളുടെ രൂപീകരണവും വ്യാപനവും, ഭിന്നശേഷിയുള്ളവരുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനഘടകമാണ്.
- എന്നാൽ ഭിന്നശേഷിയുള്ളവർക്കായുള്ള ഇത്തരം സാങ്കേതികവിദ്യകളും സങ്കേതങ്ങളും, പൊതുവായി ഉപയോഗിക്കപ്പെടുന്ന വ്യക്തിത്വ-ആധികാരികതാ നിർണ്ണയ സാങ്കേതികതകളിൽ നിന്ന് വിഭിന്നമാവുന്നത് അവയുടെ പരിപാലനത്തിനും (maintenance) ഉപയുക്തതയ്ക്കും നല്ലതല്ല.
- അതിനാൽ കഴിയുന്നിടത്തോളം, നിലനിൽക്കുന്ന / സൃഷ്ടിക്കപ്പെടുന്ന ഇത്തരം സാങ്കേതികതകളിലേക്ക് ഭിന്നശേഷിസംബന്ധിയായ നിർവ്വഹണഘടകങ്ങൾ (functional elements) കൂട്ടിച്ചേർക്കുന്നതാണ് നല്ലത്.
d. ഡിജിറ്റൽ സാമ്പത്തികരംഗത്ത് ഭിന്നശേഷിയുള്ളവർക്ക് ഇടപെടാൻ കഴിയണം. അതിന്റെ ഗുണഫലങ്ങൾ മറ്റാരുടേയും സഹായമില്ലാതെ തന്നെ സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യണം.
ഓൺലൈൻ വ്യാപാരങ്ങൾ, ഡിജിറ്റൽ ബാങ്കിങ്ങ് / ഇൻഷ്വറൻസ് സേവനങ്ങൾ, വിവിധ ഏജൻസികളിൽ നിന്നുള്ള സബ്സിഡികൾ, സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ ലഭ്യമാക്കുക, നികുതികൾ പോലുള്ള സാമ്പത്തികകടമകൾ ഡിജിറ്റൽ രീതിയിലൂടെ നിർവ്വഹിക്കാൻ കഴിയുക എന്നിവയാണ് ഇവയിൽ പ്രധാനം.
e. ഭിന്നശേഷിയുള്ളവർക്കിടയിൽ “ഇ-സംരംഭകത്വം” പ്രോത്സാഹിപ്പിക്കപ്പെടണം.
നിയമനിർമ്മാണം, സംരംഭകത്വപ്രക്രിയകൾ ലളിതമാക്കൽ, വിപണിസംഘങ്ങളിൽ ഉൾപ്പെടുത്തൽ, സംരംഭകത്വപരിശീലനങ്ങൾ, മൂലധനസമാഹരണത്തിനുള്ള കൈത്താങ്ങ്, ഗുണനിലവാര നിയന്ത്രണം-കണക്കു പരിശോധന-വിപണന സഹായം തുടങ്ങിയ പൊതു സേവനങ്ങൾ ലഭ്യമാക്കൽ, എന്നിവയാണ് ഈ വിഷയത്തിൽ ഏറ്റവും പ്രധാനമായ ഘടകങ്ങൾ.
2. ഭിന്നശേഷിയുള്ളവർക്ക് സാർവ്വലൗകികമായി ഡിജിറ്റൽ സംവിധാനങ്ങൾ/സേവനങ്ങൾ ലഭ്യമാക്കൽ
a. ഭിന്നശേഷിയുള്ളവരുടെ അടിസ്ഥാന ആവശ്യമായി ഇന്റർനെറ്റിനെ പ്രഖ്യാപിക്കണം. (ഇന്റർനെറ്റ് ഒരു അടിസ്ഥാന മനുഷ്യാവകാശമാണെന്ന് കേരള സർക്കാർ 2019 ൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതു പോലെ തന്നെ ഇന്റർനെറ്റിലെ മനുഷ്യാവകാശങ്ങളുടെ പ്രോത്സാഹനം, സംരക്ഷണം, ഉപയുക്തത എന്നിവയെ പറ്റി ഐക്യരാഷ്ട്രസഭ 2016ൽ പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രഖ്യാപനങ്ങളുടേയും കാഴ്ചപ്പാടുകളുടേയും ഒരു വിപുലീകരണം ആയിട്ടാണ് ഭിന്നശേഷിയുള്ളവരുടെ ഇന്റർനെറ്റ് പ്രാപ്യതയെ സമീപിക്കേണ്ടത്)
- ഈ പ്രഖ്യാപനത്തിന് നിയമസാധുത ഉറപ്പുവരുത്തണം. തർക്കപരിഹാരത്തിനായി ഫോറങ്ങളും അപ്പീൽ അധികാരഘടനകളും സ്ഥാപിക്കുകയും വേണം.
- ഭിന്നശേഷിയുള്ളവർക്ക് സൗജന്യവും സാർവ്വലൗകികവുമായി ഇന്റർനെറ്റ് ലഭിക്കുന്നതിന് ഗവണ്മെന്റ് പദ്ധതികൾ തയ്യാറാക്കുകയും അതിലേക്കായി ആവശ്യമുള്ള തുക ബജറ്റ് വിഹിതമായി നീക്കിവയ്ക്കപ്പെടുകയും വേണം.
- ഭിന്നശേഷിയുള്ളവർക്ക് നൽകുന്ന ഡിജിറ്റൽ ഉപകരണങ്ങളിൽ ഇന്റർനെറ്റ് സേവനം സ്വാഭാവികമായി തന്നെ ലഭ്യമായിരിക്കണം.
b. ഭിന്നശേഷിയുള്ളവർക്ക് ലഭ്യമാവുന്ന ഇന്റർനെറ്റ് / ആശയവിനിമയ സേവനങ്ങൾക്ക് ഗുണനിലവാരം ഉറപ്പു വരുത്തണം
- ഗുണനിലവാര മാനദണ്ഡങ്ങൾ നിർവ്വചിക്കപ്പെടണം. – ഇതിൽ അതത് ഭിന്നശേഷികളുടെ സ്വഭാവം ഒരു ഘടകമായിരിക്കണം. ഉദാ: പ്രാപ്യതാ രൂപങ്ങൾക്കനുസരിച്ച് ഇന്റർനെറ്റിന്റെ വേഗതയിൽ വരേണ്ട മാറ്റം. ഭിന്നശേഷിയുടെ സാംസ്കാരികസ്വത്വങ്ങൾക്കനുസരിച്ച് ലഭ്യമാവുന്ന ഫോർമാറ്റുകളുടേയും ഉള്ളടക്കസ്രോതസ്സുകളിലും ഉണ്ടാവേണ്ട മാറ്റം തുടങ്ങിയവ.
- ഗുണനിലവാരനിയന്ത്രണ / പരിപാലന സങ്കേതങ്ങൾ മുൻകൂറായി തന്നെ (proactive) നടപ്പിലാക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കണം. – സാങ്കേതിക സംവിധാനങ്ങൾക്കു പുറമേ, ഭരണപരമായ സംവിധാനങ്ങളും ഇവിടെ പ്രധാനമാണ്. നിയമങ്ങൾ, പ്രക്രിയകൾ, പരിശോധനാസമിതികൾ, ഫണ്ടിങ്ങ് എന്നിവ ചില ഉദാഹരണങ്ങൾ.
c. ദേശീയ ലക്ഷ്യങ്ങൾ അടിസ്ഥാനപ്പെടുത്തി സാർവ്വലൗകിക ബ്രോഡ്ബാൻഡ് ലഭ്യത ഉറപ്പു വരുത്തണം – ദേശീയ പദ്ധതികൾക്കു പുറമേ, പ്രാദേശികതലത്തിലെ ബ്രോഡ്ബാന്റ് വ്യാപനവും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി ത്രിതലപഞ്ചായത്തുകളിൽ ഉൾപ്പെടെ പദ്ധതികളുണ്ടാവണം.
3. ഡിജിറ്റൽ മാറ്റങ്ങളുടെ ഗുണഫലം ലഭിക്കൽ
a. ഭിന്നശേഷിയുള്ളവർക്കായി ആകർഷകമായ ഓൺലൈൻ ഉള്ളടക്കങ്ങളും സേവനങ്ങളും സൃഷ്ടിക്കപ്പെടണം
- ഭിന്നശേഷികളുടെ വൈദ്യശാസ്ത്ര-സാംസ്കാരിക സ്വഭാവം ഇവിടെയും പ്രധാനമാണ്.
- ഇത്തരം ഓൺലൈൻ ഉള്ളടക്കങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് സംഘങ്ങൾക്ക്/വ്യക്തികൾക്ക്/സ്ഥാപനങ്ങൾക്ക് സാങ്കേതികസഹായങ്ങളും, സാമ്പത്തികമായ പ്രോത്സാഹനവും ലഭിക്കണം.
- വലിയ കേന്ദ്രീകൃതമായ ആപ്ലിക്കേഷനുകളേക്കാൾ, ചെറു സിവിക് ആപ്പുകളാണ് കൂടുതൽ ഫലപ്രദം.
- ഉപയോഗശൂന്യമായ/അവശിഷ്ട സേവനങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യപ്പെടാൻ ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി വിക്കി മാതൃകയിൽ സാമൂഹ്യ ഉള്ളടക്കപരിപാലനം കഴിയുന്നിടത്തോളം ഉപയോഗപ്പെടുത്തണം.
- ഉള്ളടക്ക/സേവന സൃഷ്ടിയിലും പരിപാലനത്തിലും അതത് ഭിന്നശേഷിസമൂഹങ്ങളെ ഉൾപ്പെടുത്തണം
b. ഭിന്നശേഷിയുള്ളവർക്കായുള്ള ഡിജിറ്റൽ സാമൂഹ്യശൃംഖലകൾ (Social Networks) സൃഷ്ടിക്കപ്പെടണം
- ഉപയോഗിക്കാനുള്ള എളുപ്പം, പ്രയോജനകത്വം, പരിപാലനശേഷി എന്നിവയാണ് ഇവിടെ ശ്രദ്ധിക്കാനുള്ളത്.
- പൊതുസമൂഹത്തിൽ നിലവിലുള്ള സാമൂഹ്യശൃംഖലകളിലേക്ക് ഭിന്നശേഷിയുള്ളവരേയും ഉൾപ്പെടുത്താൻ കഴിയുന്നതാണ് അഭികാമ്യം. ഉദാ: വിഭിന്ന ഫോർമാറ്റുകൾ ലഭ്യമാവുക
- എന്നാൽ ഭിന്നശേഷികൾക്ക് പ്രത്യേകമായ സാമൂഹ്യശൃംഖലകൾ ഉണ്ടാക്കപ്പെടുന്നത് അതത് ഭിന്നശേഷിസമൂഹങ്ങളുടെ ശാക്തീകരണത്തിന് സഹായകരമായിരിക്കും. ഉദാ: ആദിവാസിസമൂഹങ്ങളുടെ ഒരു ഡിജിറ്റൽ സാമൂഹ്യശൃംഖല, കാൻസർ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വേണ്ടിയുള്ള ഡിജിറ്റൽ സാമൂഹ്യശൃംഖല.
c. ഇ-ആരോഗ്യവും ഇ-ബാങ്കിങ്ങും പോലുള്ള സേവനങ്ങൾ ഭിന്നശേഷിയുള്ളവർക്കായി വിപുലീകരിക്കപ്പെടണം
- കൃത്യമായ പൊതുസ്വഭാവം പുലർത്തുന്നതും എന്നാൽ വ്യത്യസ്ഥരീതികളിൽ രൂപാന്തരം വരുത്താൻ കഴിയുന്നതുമായ സേവനങ്ങളാവണം ഇവ.
- ഇവിടെ സ്വകാര്യ / വ്യക്തിഗത സാങ്കേതിക ദാതാക്കളേക്കാൾ സർക്കാരുകൾക്കും സാമ്പത്തിക/ആരോഗ്യ കേന്ദ്ര ഏജൻസികൾക്കുമാണ് കൂടുതൽ ചെയ്യാനുള്ളത്.
- ഒരേ തരം സേവനങ്ങൾ (അവ വിവിധ തരം ഏജൻസികൾ നൽകുന്നതാണെങ്കിൽ കൂടി) ഒരു ഭിന്നശേഷിസമൂഹത്തിന് ഒരേ രീതിയിൽ മാത്രമേ ലഭ്യമാകാൻ പാടുള്ളൂ. എന്നാൽ വിവിധ ഭിന്നശേഷി സമൂഹങ്ങൾക്ക് വിവിധ രൂപങ്ങൾ ലഭ്യമാവണം.
- ഇതിനായി ഓരോ ഭിന്നശേഷിസമൂഹത്തിനും മാനകഫോർമാറ്റുകൾ ബാങ്കിങ്ങ് / ആരോഗ്യമേഖലയിൽ സൃഷ്ടിക്കപ്പെടണം. ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ ഏകീകരിക്കാനുള്ള ശ്രമങ്ങളുണ്ടാവണം.
d. ഭിന്നശേഷിയുള്ളവർക്കായി ഇ-വിദ്യാഭ്യാസ സേവനങ്ങൾ സൃഷ്ടിക്കപ്പെടണം
- സഹവർത്തിത്വ പഠനം (collaborative learning) ഇത്തരം വിദ്യാഭ്യാസ സേവനങ്ങളുടെ പ്രധാന ഘടകമാവണം
- ഇ-വിദ്യാഭ്യാസ രൂപങ്ങൾ കഴിയുന്നിടത്തോളം തുറന്നതും (open) അയവുള്ളതും(customizable) ആവണം.
- എന്നാൽ പ്രാദേശികമായ അറിവുകളും അടിസ്ഥാന അറിവുകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെന്നുള്ളത് അതത് സർക്കാരുകൾ/വിദ്യാഭ്യാസ ഏജൻസികൾ ഉറപ്പു വരുത്തണം.
- അതോടൊപ്പം വിവേചനപരമായതും ഋണാത്മകമായതുമായ ഉള്ളടക്കം ഇത്തരം സേവനങ്ങളിൽ ഇല്ലാതിരിക്കണമെന്നതും ഉറപ്പു വരുത്തേണ്ടതാണ്.
e. വിദ്യാഭ്യാസത്തിൽ നിന്ന് തൊഴിലിലേക്ക് സ്വാഭാവികമായ പരിവർത്തനത്തിന് ഭിന്നശേഷിയുള്ളവരെ പ്രാപ്തരാക്കുന്ന രീതിയിൽ ഡിജിറ്റൽ പരിശീലന വ്യവസ്ഥകളും ഘടനകളും സൃഷ്ടിക്കപ്പെടണം
f. ഭിന്നശേഷിയുള്ളവർക്ക് (പ്രത്യേകിച്ച് ചലനപരിമിതികൾ ഉള്ളവർക്ക്) നീതി ലഭ്യത, നിയമ സുരക്ഷാ സേവനങ്ങൾ എന്നിവ സ്വഭവനങ്ങളിൽ ഇരുന്നു തന്നെ ലഭ്യമാവുന്ന തലത്തിൽ ഡിജിറ്റൽ സംവിധാനങ്ങളും അതിനുള്ള നിയമഘടനയും സൃഷ്ടിക്കപ്പെടണം
g. ഭിന്നശേഷിയുള്ളവർക്ക് ഡിജിറ്റൽ ഉള്ളടക്കങ്ങളിലേക്ക് പ്രവേശനം ലഭ്യമാക്കപ്പെടണം. ഇതിനായി നിയമപരവും, ബോധനപരവുമായ പ്രവർത്തനങ്ങൾ ഉണ്ടാവണം
ഉദാ: ഐക്യരാഷ്ട്രസഭയുടേയും, ദേശീയ-സംസ്ഥാന സർക്കാരുകളുടേയും ഭിന്നശേഷി പോർട്ടലുകൾ ക്രീയേറ്റീവ് കോമൺസ് ലൈസൻസിലേക്ക് മാറ്റുക. വിവിധ സർവ്വകലാശാലകളുടെ വിവരസംഭരണികൾ ഭിന്നശേഷിയുള്ളവർക്ക് തുറന്നു കൊടുക്കപ്പെടുക
h. ഭിന്നശേഷിയുള്ളവർക്ക് ഡിജിറ്റൽ സാംസ്കാരിക-ഉല്പന്നങ്ങൾ പ്രാപ്യമാക്കപ്പെടണം
- അവലംബം: ഭിന്നശേഷിയുള്ളവർക്ക് സാംസ്കാരിക ഉല്പന്നങ്ങൾ കോപ്പിറൈറ്റ് നൂലാമാലകളില്ലാതെ ലഭ്യമാക്കാൻ അനുവദിക്കുന്ന ഇന്ത്യൻ കോപ്പിറൈറ്റ് നിയമം.
- വിനോദോപാധിയായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ ഭിന്നശേഷിയുള്ളവർക്ക് അവസരമുണ്ടാവണം.
i. ഭിന്നശേഷി മേഖലയിൽ ഡിജിറ്റൽ മുന്നേറ്റങ്ങൾ/നൂതനത്വങ്ങൾ ലക്ഷ്യമിടുന്ന പൊതു ഗവേഷണ-നിർവ്വഹണ പദ്ധതികൾ ഉണ്ടാവണം
j. ഭിന്നശേഷി മേഖലയിലുള്ള ഗവേഷണങ്ങളുടെ നേട്ടങ്ങളെ വിതരണം ചെയ്യുന്നതിന് ഡിജിറ്റൽ വ്യാപനസംവിധാനങ്ങൾ (Digital Deployment facilities) ഉപയോഗിക്കപ്പെടണം
k. കാര്യക്ഷമതയും പ്രയോജനത്വവും മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള ഭിന്നശേഷി സംബന്ധിയായ ഇ-അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കപ്പെടണം
l. “വസ്തുക്കളുടെ ഇന്റർനെറ്റ്” ഉൾപ്പെടെ പുതുതായി സൃഷ്ടിക്കപ്പെടുന്ന ഏത് ഡിജിറ്റൽ മുന്നേറ്റത്തിലും ഭിന്നശേഷി സ്വാഭാവികമായ ഒരു വിഷയം ആയിരിക്കണം.
4. ഡിജിറ്റൽ മുന്നേറ്റങ്ങളും ഭിന്നശേഷിയുള്ളവരുടെ ഭൗതികജീവിതാവസ്ഥകളും തമ്മിലുള്ള ഒത്തുചേരൽ
- ഭിന്നശേഷിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ സാങ്കേതികകൾക്കായി, പ്രമാണരൂപങ്ങൾ (standards), തുറന്ന വേദികകൾ (open platforms), വ്യത്യസ്ഥ സാങ്കേതികതകളും/സേവനങ്ങളും പരസ്പരബന്ധിതമായി പ്രവർത്തിക്കുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ (interfacing and interoperability guidelines) എന്നിവ സൃഷ്ടിക്കപ്പെടണം
- ഇത്തരം പരസ്പരപ്രവർത്തനക്ഷമതാ മാർഗ്ഗനിർദ്ദേശങ്ങൾ, ഭിന്നശേഷിയുള്ളവർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ആപ്ലിക്കേഷനുകൾ, ഡാറ്റാസംഭരണികൾ, സേവനങ്ങൾ, ശൃംഖലകൾ എന്നിവയെ സമഗ്രമായി കൂട്ടിയോജിപ്പിക്കുന്നവയായിരിക്കണം.
- ഇത്തരം പ്രമാണങ്ങളും തുറന്ന വേദികകളും, പരസ്പരപ്രവർത്തനക്ഷമതാ നിർദ്ദേശങ്ങളുമൊക്കെ നിയമനിർമ്മാണത്തിനും(legislation), പൊതു നിർവ്വഹണത്തിനും(governance) ഉപയോഗിക്കണം
- ഭിന്നശേഷിയുള്ളവർക്ക് ഇ-ഭരണ സേവനങ്ങൾ ലഭ്യമാക്കപ്പെടണം
- ഭൗതിക ജീവിതവുമായി ബന്ധപ്പെട്ട അവകാശങ്ങളേയും പ്രശ്നങ്ങളേയും പ്രശ്നസാധ്യതകളേയും ഡിജിറ്റൽ സാങ്കേതികത ഉപയോഗിച്ച് മനസ്സിലാക്കാനുള്ള ശേഷി കൈവരിക്കാൻ ഭിന്നശേഷിയുള്ളവരെ പ്രാപ്തരാക്കണം
- ഭിന്നശേഷിയുള്ളവരുടെ സാമൂഹ്യപദവിയും അന്തസ്സും മെച്ചപ്പെടുത്തും വിധം ഓൺലൈൻ ഉള്ളടക്കങ്ങൾ (campaigns and knowledge areas) സൃഷ്ടിക്കപ്പെടണം
- ഡിജിറ്റൽ ഭിന്നശേഷി പോർട്ടലുകൾ മെച്ചപ്പെടുത്തുകയും വിപുലമായ ഭിന്നശേഷി സമൂഹങ്ങൾക്ക് അവയെ ലഭ്യമാക്കുകയും ചെയ്യണം
- പരമ്പരാഗത ഡിജിറ്റൽ സേവനങ്ങൾ പരസഹായമില്ലാതെ സ്വീകരിക്കുവാൻ കഴിയാത്ത വിധം ഗൗരവമുള്ള ഭിന്നശേഷികളുള്ളവർക്ക് (ഉദാ: രോഗങ്ങൾ മൂർച്ഛിച്ച അവസ്ഥയുള്ളവർ , ഓർമ്മനാശം – ബുദ്ധിപരമായ പരിമിതികൾ എന്നിവയുള്ളവർ, മാനസികരോഗങ്ങളുള്ളവർ…) ചുറ്റുപാടുകളുടെ തുണയാൽ ജീവിക്കാനാവും (ambient assisted living) വിധം ഡിജിറ്റൽ ഘടനകളും, സാങ്കേതികതകളും, ഉല്പന്നങ്ങളും സൃഷ്ടിക്കപ്പെടണം. ഇവ അവരുടെ ആവാസവ്യവസ്ഥയുമായി ഒത്തു ചേരുകയും വേണം.
- ഭിന്നശേഷി വിഷയമായി വരുന്ന അടിസ്ഥാന ഗവേഷണമേഖലകളിൽ ഇ-സംവിധാനങ്ങളുടെ ഗുണഫലങ്ങൾ പരമാവധി ഉപയോഗിക്കപ്പെടണം ഉദാ: ക്ലൗഡ് കമ്പ്യൂട്ടിങ്ങ്, ഇ-സിമുലേഷൻ, ഡാറ്റ വിശകലന സംവിധാനങ്ങൾ, ഇന്റർനെറ്റ് വഴിയുള്ള ക്രൗഡ്സോഴ്സിങ്ങ്
- ഭിന്നശേഷി സംബന്ധിയായ ഡിജിറ്റൽ മുന്നേറ്റങ്ങളിൽ ചെറുകിട, ഇടത്തരം സംരഭങ്ങളുടെ സർഗ്ഗാത്മകത ഉപയോഗിക്കപ്പെടണം
5. സ്വകാര്യ ഡാറ്റ, സ്വകാര്യത എന്നിവയെ സംബന്ധിക്കുന്ന മൗലിക അവകാശങ്ങൾ
- ഭിന്നശേഷിയുള്ളവർക്ക് ഓൺലൈൻ നീതി, ഓൺലൈൻ നീതിനിർവ്വഹണ സദസ്സുകൾ/ഉപകരണങ്ങൾ എന്നിവ ലഭ്യമാവണം.
- ഭിന്നശേഷിയുള്ളവരുടെ ഓൺലൈൻ വ്യക്തിത്വ ചോരണം ഒഴിവാക്കപ്പെടാൻ നിരീക്ഷണ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടണം
- ഭിന്നശേഷിയുള്ളവർക്കായി സൃഷ്ടിക്കപ്പെടുന്ന ഡിജിറ്റൽ ഉല്പന്നങ്ങൾ “രൂപകല്പനാപ്രകാരം തന്നെ സ്വകാര്യതയുള്ളവ” (privacy by design) ആയിരിക്കണം.
6. ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗക്ഷമത, വിവിധ ഭിന്നശേഷികളുടെ കാഴ്ചപ്പാടിൽ നിർണ്ണയിക്കപ്പെടണം
- എല്ലാ വെബ് സേവനങ്ങളും, ഭിന്നശേഷിയുള്ളവർക്ക് പ്രാപ്യമായിരിക്കണം. ഇതിനായി W3C പോലെയുള്ള അന്താരാഷ്ട്ര സമിതികളുടെ പ്രമാണമാതൃകകൾ (ഉദാ: W3C WCAG) ഉപയോഗിക്കപ്പെടണം
- പ്രാപ്യത (accessibility) സോഫ്റ്റ്വെയർ ഉല്പന്നങ്ങളുടെ അടിസ്ഥാന സ്വീകാര്യതാ മാനദണ്ഡമായി സർക്കാർ തലത്തിൽ നയരൂപീകരണം നടത്തപ്പെടണം
7. ഭിന്നശേഷികളെ പറ്റിയുള്ള ഡാറ്റ കണ്ടെടുക്കപ്പെടുകയും, സംരക്ഷിക്കപ്പെടുകയും, ഉപയോഗിക്കപ്പെടുകയും വേണം
- സൃഷ്ടിക്കപ്പെടുന്ന ഡാറ്റ, ഭിന്നശേഷിയുള്ളവരുടെ സ്വകാര്യതയും അവരെ പറ്റിയുള്ള വിവരങ്ങളുടെ ഔദ്യോഗികതയും മാനിക്കുന്നു എന്നുറപ്പു വരുത്തേണ്ടതാണ്.
- ഇതിനായി നിയമനിർമ്മാണമുൾപ്പെടെയുള്ള ഡാറ്റാ സുരക്ഷിതത്വ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്
- ഡാറ്റയുടെ ശേഖരണം പരിപാലനം എന്നിവയിൽ മനുഷ്യാവകാശങ്ങൾ, മൗലിക സ്വാതന്ത്ര്യങ്ങൾ, അംഗീകൃതമായ നൈതിക മൂല്യങ്ങൾ എന്നിവ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തപ്പെടണം. ഇതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങളും പ്രമാണ രൂപങ്ങളും ഉപയോഗിക്കണം
- ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ, എല്ലാ തലങ്ങളിലും ലഭ്യമാക്കപ്പെടുന്നുണ്ടെന്നുറപ്പു വരുത്താൻ ഇത്തരം ഡാറ്റ ഉപയോഗിക്കേണ്ടതുണ്ട്,
- ഭിന്നശേഷിയുള്ളവർക്ക് അർഹതയുള്ള, സഹായങ്ങളും, നിയമനിർമ്മാണമുൾപ്പെടെയുള്ള ചുമതലകളും നിർവ്വഹിക്കുവാൻ ബാധ്യസ്ഥരായവർ (ഭരണകൂടങ്ങളും പൊതുസമൂഹവും ഉൾപ്പെടെയുള്ളവർ), അതു നൽകുന്നതിൽ വീഴ്ച വരുത്തുന്നില്ലെന്നുറപ്പു വരുത്താൻ ഇത്തരം ഡാറ്റ ഉപയോഗിക്കേണ്ടതുണ്ട്
- ഭിന്നശേഷിയുള്ളവരെ സംബന്ധിക്കുന്ന ഡാറ്റ സ്വതന്ത്രവും, തുറന്നതും, ഓപ്പൺ ഡാറ്റ മാനദണ്ഡങ്ങൾ അനുസരിക്കുന്നതുമാവണം. ഇവയിൽ പ്രധാനപ്പെട്ട ചില തത്വങ്ങൾ മാത്രം താഴെ കൊടുക്കുന്നു
- ഇത്തരം ഡാറ്റ, സ്വതന്ത്രമായ ഉപയോഗത്തിനു കാരണമാകുന്ന രീതിയിൽ തുറന്ന ലൈസൻസ് (ഉദാ: ക്രീയേറ്റീവ് കോമൺസ് ഷെയർ എലൈക്ക് ലൈസൻസ്) അനുസരിച്ച് പ്രസിദ്ധീകരിക്കണം
- ഡാറ്റ, പുനരുപയോഗത്തിന് സാധ്യമായ, യന്ത്രവായനക്കുതകുന്ന (machine readable) രീതിയിൽ പ്രസിദ്ധീകരിക്കണം
- ഡാറ്റ, എളുപ്പത്തിൽ കണ്ടെത്താവുന്നതും ലളിതവുമായ ഓൺലൈൻ കേന്ദ്രത്തിലൂടെ പ്രസിദ്ധീകരിക്കണം
- ദേശീയ ഡിസ്എബിലിറ്റി പോർട്ടൽ (https://punarbhava.in/), ദേശീയ ഓപ്പൺ ഡാറ്റ പോർട്ടൽ(https://data.gov.in/ ) എന്നിവയ്ക്ക് ഇതിന്റെ കേന്ദ്രസ്രോതസ്സുകൾ ആവാം
- തുറന്ന പ്രമാണങ്ങൾ (open standards) ഉപയുക്തമാക്കി, വിവിധ പ്രാപ്യ രൂപഘടനകൾ (access formats) ഉപയോഗിച്ച് ഡാറ്റ പ്രസിദ്ധപ്പെടുത്തണം
- ഒരേ വിഷയങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഡാറ്റയ്ക്ക് ഒരേ നിർവ്വചനങ്ങളും ഒരേ പ്രമാണ രൂപങ്ങളും ഉപയോഗിക്കണം
- ഡാറ്റ കാലോചിതവും (timely), ചെറു കണങ്ങളാക്കപ്പെട്ടതും (granular) ആയിരിക്കണം
- നിയമപ്രകാരമുള്ള ഏതു രീതിയിൽ ഉപയോഗിക്കാനുമായി ഡാറ്റ സ്വതന്ത്രമായി ലഭ്യമായിരിക്കണം. ഇതിനായി അപേക്ഷ നൽകുകയോ രജിസ്റ്റർ ചെയ്യുകയോ ഒന്നും ചെയ്യേണ്ടി വരരുത്
- ഡാറ്റയുടെ നിലവാരം, ഉള്ളടക്കം, വ്യാപ്തി എന്നിങ്ങനെയുള്ള വിവിധ സ്വഭാവഗുണങ്ങളെ പറ്റിയുള്ള ഉപഭോക്തൃ പ്രതികരണം സ്വീകരിക്കുകയും അതിൻ പ്രകാരം വേണ്ട മാറ്റങ്ങൾ വരുത്തുകയും വേണം
- ആധികാരിക സ്രോതസ്സുകളിൽ നിന്ന് ഡാറ്റയെ നേരിട്ട് ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കണം
- സ്വകാര്യത, സുരക്ഷിതത്വം, പ്രത്യേക അവകാശങ്ങൾ എന്നിവയാൽ നിയന്ത്രിതമാവുന്നതൊഴിച്ച് മറ്റെല്ലാ ഡാറ്റയും പരിപൂർണ്ണമായി ലഭ്യമാവണം
- ഭിന്നശേഷിസംബന്ധിയായ ഡാറ്റ മൂല്യവർദ്ധിതമായ സേവനങ്ങൾക്കായി വിനിയോഗിക്കുന്ന കാര്യത്തിൽ സർക്കാരുകൾ മുൻകൈ എടുക്കേണ്ടതാണ്. ഇതിനായി മാർഗ്ഗനിർദ്ദേശങ്ങൾ(guidelines), പ്രോത്സാഹന പദ്ധതികൾ (incentives), പ്രതീക്ഷിക്കുന്ന സേവനങ്ങളെ പറ്റിയുള്ള കൊതിപ്പട്ടിക (wish list), ആവശ്യങ്ങളുടെ സുവ്യക്തനിർദ്ദേശങ്ങൾ (requirement specification), മുൻഗണനാ ക്രമങ്ങൾ (priorities) എന്നിവ സർക്കാരുകൾക്ക് സൃഷ്ടിക്കാവുന്നതാണ്
- സർക്കാരിതര ഉപഭോക്താക്കളുടെ ആവശ്യങ്ങൾ ക്രോഡീകരിക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. ഉദാ: നാഷണൽ ട്രസ്റ്റിന് പൊതു സമൂഹത്തിന്റെ ആവശ്യങ്ങൾ സ്വീകരിക്കാവുന്ന ഒരു ഹബ് ആയി പ്രവർത്തിക്കാൻ കഴിയും. ഇതിനാവശ്യമായ നയ രൂപീകരണം ഉണ്ടാവണം
-
- സേവനദാതാക്കൾ പരസ്പരം ആരോഗ്യകരമായ മത്സരത്തിൽ ഏർപ്പെടുന്നു എന്നത് ഉറപ്പു വരുത്തണം. ഇത്, സേവനങ്ങളുടെ ഗുണപരതയെ നിർണ്ണായകമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ്. എന്നാൽ സേവനങ്ങൾ കുത്തകാവകാശം ഉള്ളതായി മാറുവാൻ പാടില്ല.
- ഭിന്നശേഷി സംബന്ധിയായ ഡാറ്റ ഉപയോഗിച്ച് മൊബൈൽ സിവിക് ആപ്ലിക്കേഷനുകൾ, വെബ് സേവനങ്ങൾ, ദൃശ്യചിത്രണ (visualization) ആപ്ലിക്കേഷനുകൾ, വിശകലനരൂപങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിന് സർക്കാർ തലത്തിലും വ്യാവസായ സമൂഹങ്ങൾക്കിടയിലും പ്രത്യേക ശ്രദ്ധ വേണം.
- ഇവയെ പ്രോത്സാഹിപ്പിക്കുവാൻ ഹാക്കത്തോണുകൾ, സാങ്കേതിക സമ്മേളനങ്ങൾ, ISO, IEEE പോലുള്ള പ്രസ്ഥാനങ്ങളുടെ സഹായത്തോടെയുള്ള പ്രാമാണിക രൂപ നിർമ്മിതി, നിലവിലുള്ള പ്രാമാണിക രൂപങ്ങളുടെ വിന്യാസം എന്നിവ അക്കാദമിക സമൂഹങ്ങളുടെ പിന്തുണയോടു കൂടി നടപ്പിലാക്കണം.
- ഉദാ: ISO/TC 173/SC 7 ഉപയോഗിച്ച് വിവിധ മേഖലകളിൽ പ്രാപ്യതാ രൂപകല്പന (accessibility design) ഏകീകരിക്കാവുന്നതാണ്.
- ഭിന്നശേഷി ഡാറ്റ ഉപയോഗിച്ചൂ സൃഷ്ടിക്കപ്പെടുന്ന മൂല്യവർദ്ധിത സേവനങ്ങളിൽ മികച്ചതു കണ്ടെത്താനും അവയെ സേവനവിപണിയിൽ ഉയർത്തിക്കാട്ടാനുമുള്ള പക്ഷപാതരഹിതമായ സംവിധാനം ഉണ്ടാവണം. റേറ്റിങ്ങ് ഏജൻസികൾ, ഓപ്പൺ റേറ്റിങ്ങ്, സിവിക് ആപ്ലിക്കേഷൻ പോർട്ടൽ എന്നിങ്ങനെ പല മാർഗ്ഗങ്ങളും ഇതിനായി ഉപയോഗിക്കാവുന്നതാണ്.
ഇനിയും ചർച്ച ചെയ്യേണ്ട വിഷയങ്ങൾ :
- ഡിജിറ്റൽ ലോകത്തിന്റെ തന്നെ ഭിന്നശേഷികൾ എന്തൊക്കെയാണ്?
- അടുത്ത 15 കൊല്ലങ്ങൾക്കുള്ളിൽ ഭിന്നശേഷി സൗഹൃദപരമായി എന്തൊക്കെ മാറ്റങ്ങളാണ് ഡിജിറ്റൽ രംഗത്ത് വരേണ്ടത്?
- ഈ നയം പ്രയോഗതലത്തിൽ വരുത്താൻ എന്തൊക്കെ ചെയ്യണം?
- പദ്ധതികൾ എന്തൊക്കെ?
തുടർചലനങ്ങൾക്കായി ഈ രേഖ പൊതു സമൂഹത്തിനു മുന്നിലേക്ക് സമർപ്പിക്കുന്നു.