Read Time:18 Minute

കുറുക്കൻ എന്ന് നമ്മൾ സാധാരണയായി വിളിക്കുന്നത് കുറുനരികളെയാണ്. ഇംഗ്ലീഷിലെ ഫോക്സാണ് കുറുക്കൻ, ജക്കാൾ കുറുനരിയും. പക്ഷെ നമുക്ക് രണ്ടും ഒന്നുതന്നെ. അതിനാൽ ഇതു രണ്ടും രണ്ടായി തന്നെ ഇനി മുതൽ പറഞ്ഞ് തുടങ്ങുന്നതാണ് നല്ലത്.

വീഡിയോ കാണാം

2013 ൽ പെരിയാർ റിസർവ് വനത്തിൽ ഒരു സംഘം ഗവേഷകരാണ് കുറുക്കനെ അവസാനമായി കണ്ടതായി റിപ്പോർട്ട് ഉള്ളത്. കുറുക്കൻ എന്ന് നമ്മൾ സാധാരണയായി വിളിക്കുന്ന പഹയർ കുറുനരികളാണ്. സാധാരണ ഉപയോഗത്തിൽ ‘കുറുക്കൻ‘ എന്ന് നമ്മൾ പറയുന്ന ജീവിയെക്കുറിച്ച് ചെറിയ ആശയക്കുഴപ്പങ്ങൾ ഉണ്ട്. ഇംഗ്ലീഷിലെ ഫോക്സാണ് കുറുക്കൻ , ജക്കാൾ കുറുനരിയും. നമുക്ക് രണ്ടും ഒന്നുതന്നെ. അതിനാൽ ഇതു രണ്ടും രണ്ടായി തന്നെ ഇനി മുതൽ പറഞ്ഞ് തുടങ്ങുന്നതാണ് നല്ലത്. ബംഗാൾ കുറുക്കൻ , ഇന്ത്യൻ കുറുക്കൻ എന്നൊക്കെ വിളിപ്പേരുള്ള ജീവിയാണ് ശരിക്കും ഉള്ള കുറുക്കൻ- Vulpes bengalensis എന്നാണ് ശാസ്ത്രനാമം. വലിയ കാട്ട് പൂച്ചയുടെ വലിപ്പം മാത്രമേ ഇതിനുള്ളു. ഇവ മനുഷ്യരെ വല്ലാതെ ഭയപ്പെടുന്നവരും , കണ്ടാൽ വേഗം ഒഴിഞ്ഞുമാറി ഓടി ഒളിക്കുന്നവരാണ്.
എന്നാൽ വേറെ തന്നെ ജനുസിൽ പെട്ട മറ്റൊരു ജീവിയാണ് നമ്മൾ തെറ്റായി ‘കുറുക്കൻ‘ എന്ന്തന്നെ വിളിക്കുന്ന ഇന്ത്യൻ‘കുറുനരി‘. (Canis aureus) .ഈ കക്ഷിയെ ആണ് നമ്മുടെ നാട്ടിൽ സാധാരണമായി കാണുന്നത്. നാടൻ നായയുടെ വലിപ്പവും സാമ്യവും ഉള്ളതാണ് ഇത്.

കുറുക്കൻ- Vulpes bengalensis കടപ്പാട് വിക്കിപീഡിയ

കുറുക്കൻ (Vulpes bengalensis )

ശ്വാന കുടുംബമായ canidae ലെ ഏറ്റവും കുഞ്ഞന്മാരാണ് കുറുക്കന്മാർ. 2മുതൽ – 5 കിലോഗ്രാം ഭാരമുള്ള ഇവയുടെ. തലയും ഉടലും ചേർന്നുള്ള ആകെ നീളം 60 മുതൽ90 സെന്റീമീറ്റർ മാത്രമാണ്. പക്ഷെ ശരീര നീളത്തിന്റെ പകുതിയിലേറെ നീളമുള്ള അഗ്രഭാഗത്ത് കറുപ്പ് നിറമുള്ള കിടിലൻ വാലുണ്ടാകും. നിറയെ രോമങ്ങളുള്ള വാൽ നടക്കുമ്പോൾ തറയിൽ ഇഴയും. ഓടുമ്പോൾ മാത്രം തറയിൽ നിന്നും വാൽ അത്പം ഉയർത്തിപിടിച്ചിരിക്കും. വളരെ അപൂർവ്വമായേ നമുക്ക് ഇവരെ കാണാൻ കിട്ടാറുള്ളു. ഒറ്റയ്ക്കാവും ഇരതേടൽ. പെരിയാർ റിസർവ് വനത്തിൽ 2013 ജനുവരിയിൽ ഒരു സംഘം ഗവേഷകർ കണ്ടതിനു ശേഷം കേരളത്തിൽ എവിടെ നിന്നും കുറുക്കനെ കണ്ടതായി റിപ്പോർട്ട് ചെയ്യപെട്ടിട്ടില്ല. മുഖത്തിന്റെ നെറ്റിത്തടം പരപ്പുള്ളതാണ്. മൂക്ക് കൂർത്തിരിക്കും, ചെവികളും നീണ്ട് കൂർത്തവയാണ്. . മുഖാകൃതിയും ഉയരക്കുറവും വാലിന്റെ പ്രത്യേകതയും രോമങ്ങളുടെ നിറവും കുറുനരികളിൽ നിന്നും ഇവയെ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കും.

കുറുക്കൻ- Vulpes bengalensis കടപ്പാട് വിക്കിപീഡിയ
ജീവിത കാലം മുഴുവൻ ഒറ്റ ഇണയുടെ കൂടെ മാത്രം ജീവിക്കുക എന്നതാണിവരുടെ സാധാരണ രീതി. എങ്കിലും അപൂർവ്വം മറ്റ് കുറുക്കന്മാരുമായും ചിലപ്പോൾ ഇണ ചേരും. ഒക്ടോബർ നവമ്പർ കാലമാണ് ഇണ ചേരൽ കാലം. 50- 60 ദിവസത്തെ ഗർഭ കാലത്തിനു ശേഷം രണ്ടു മുതൽ നാലു വരെ കുഞ്ഞുങ്ങളെ മാളങ്ങളിൽ പ്രസവിക്കും. മൂന്നു നാലു മാസം കുഞ്ഞുങ്ങളെ ഇവ കാര്യമായി പരിപാലിക്കും. കുഞ്ഞുങ്ങളെ മറ്റ് ഇരപിടിയന്മാർ കൊന്നു തിന്നാതെ നോക്കൽ വളരെ പ്രധാനമാണ്. കൊടും കാടിനുള്ളിൽ ഇവ താമസിക്കാൻ ഇഷ്ടപ്പെടില്ല. . കാടിനോട് ചേർന്നുള്ള ജനവാസ മേഖല അതിരുകളിലെ പൊന്തക്കാടുകളും പാറപ്പരപ്പുകളും ഒക്കെയാണ് ഇഷ്ടം. സന്ധ്യാസമയവും പുലർച്ചെയും ആണ് ഇവ കൂടുതലായി സജീവമാകുക. ബാക്കി സമയങ്ങളിൽ മണ്ണിലെ നീളൻ മാളങ്ങളിൽ കഴിയും. സാധാരണയായി ഇവയുടെ ആയുസ് ആറു മുതൽ എട്ടു വർഷം വരെ ആണ് . ഇവർ കോഴിക്കൂടുകളിൽ കയറി കോഴികളെ പിടിക്കുന്നവരല്ല, പക്ഷെ കുറുനരികൾ ഉണ്ടാക്കിയ പേരു ദോഷം ഇപ്പോഴും കുറുക്കന്മാർക്ക് തന്നെ. ചത്താലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ എന്ന പഴംചൊല്ലുകൾ നാട്ടിൽ പ്രചാരത്തിലുള്ളത് കുറുക്കന്മാർ അറിയുന്നില്ലല്ലോ.

‘കുഞ്ഞിക്കുഞ്ഞി കുറുക്കാ, നിനക്കെന്തു ബെരുത്തം
എനിക്കന്റേട്ടാ തലക്കുത്തും പനിയും
അയിനെന്തു ബൈദ്യം?, അതിനുണ്ടു ബൈദ്യം
കണ്ടത്തില്‍ പോണം, കക്കിരി പറിക്കണം
കറമുറ തിന്നണം, പാറമ്മല്‍ പോണം
പറ പറ തൂറണം ,
കൂക്കി വിളിക്കണം, കൂ കൂ കൂ കൂ…’

എന്ന നാട്ട് പാട്ടിൽ പറയുന്ന പോലെ കക്കിരിയും വെള്ളരിയും ഏറെ ഇഷ്ടമാണെങ്കിലും തിന്ന് കഴിഞ്ഞ് ഇവർ കൂക്കി വിളിക്കാറുണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. കുറുനരികളെ പോലെ അത്യുച്ചത്തിൽ കുറുക്കന്മാർ ഓരിയിടാറില്ല. ഒരു ചിലക്കൽ ശബ്ദമാണ് സാധാരണ ഉണ്ടാക്കുക. കുതിരയുടെ ചിനക്കൽ പോലെയും തോന്നും. കുരക്കാനും, നിരവധി തരം ചെറു ശബ്ദങ്ങളുണ്ടാക്കാനും ഇവർക്ക് സാധിക്കും. കൂട്ടമായി നാട്ടിലിറങ്ങുന്ന ശീലം ഇവർക്കില്ല. ഇണയും കുഞ്ഞുങ്ങളും അടങ്ങിയ സംഘം മാത്രമാണ് സാധാരണ ഉണ്ടാകുക. രാസ കീട നാശിനികൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതോടെ വെള്ളരിയും കക്കിരിയും തിന്ന കുറുക്കന്മാർക്ക് അവ ദോഷകരമായി ബാധിച്ചതാണ് കുറുക്കന്മാരുടെ എണ്ണം ഇത്രകാര്യമായി കുറയാൻ കാരണം എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഇടനാടൻ ചെങ്കൽ കുന്നുകൾ പോലുള്ള സ്വാഭാവിക ആവാസ സ്ഥലങ്ങളുടെ നാശവും, നഗരവത്കരണവും, നാട്ട് നായകളുടെ ആക്രമണവും അവയിൽ നിന്ന് പരന്ന് കിട്ടുന്ന പേവിഷ ബാധയും ആവാം ഇവയുടെ എണ്ണം കുറച്ച മറ്റ് കാരണങ്ങൾ. വനം വകുപ്പ്കാർ ഇവയെ വന്യമൃഗമായി കണക്കാക്കാത്തതിനാൽ അവരുടെ കൈയിലും കൃത്യമായ എണ്ണക്കണക്ക് ഒന്നും ഇല്ല. എന്തായാലും കേരളത്തിൽ കുറുക്കന്മാരെ കാണാൻ കിട്ടാതായി.

വെള്ളരി നാടകം.

മാംസവും പഴങ്ങളും കഴിക്കുന്ന ശീലക്കാരായ ഒമ്നിവോറസ് വിഭാഗക്കാരാണ് കുറുക്കന്മാർ.പലതരം പഴങ്ങളും, ഞണ്ട്, എലികൾ, ചിതൽ, ഇഴജന്തുക്കൾ, മുയലുകൾ, പക്ഷികൾ തുടങ്ങിയവയെ ഒക്കെ തിന്നും . പണ്ട് കാലത്ത് രാത്രികളിൽ ഇവ നാട്ടുമ്പുറങ്ങളിലെ പച്ചക്കറി കൃഷി ചെയ്യുന്ന വയലുകളിലെ വെള്ളരി കണ്ടങ്ങളിൽ എത്തും. മൂപ്പെത്താത്ത ഇളം കക്കിരിയും വെള്ളരിയും തിന്നും. കൃഷിക്കാർക്ക് ഇത് വലിയ തലവേദന ആയിരുന്നു. കൃഷിക്കാർ കുറുക്കനെ ഓടിക്കാൻ വയലിൽ പന്തലുകൾ കെട്ടി രാത്രി മുഴുവൻ കാവലിരിക്കും . വടക്കൻ കേരളത്തിൽ ഗ്രാമങ്ങളിൽ കൃഷിക്കാർ മിഥുനം മാസം മുതൽ ഈ കാവൽ നിൽപ്പ് തുടങ്ങും. നേരം പോക്കിനായി പ്രാദേശിക കലാകാരന്മാർ ഒരു നാടകം തട്ടിക്കൂട്ടും, പരിശീലിക്കും.. ചിങ്ങ മാസം പച്ചക്കറി വിളവെടുപ്പിന് ശേഷം അതേ വെള്ളരിനാട്ടിക്കണ്ടത്തിൽ നാട്ടുകാരെ എല്ലാം വിളിച്ച് കൂട്ടി പെട്രോ മാക്സ് വെളിച്ചത്തിൽ നാടകം അവതരിപ്പിക്കും. സ്ത്രീ വേഷവും ആണുങ്ങൾ ആയിരുന്നു കെട്ടിയിരുന്നത്. പിന്നീട് പ്രാദേശിക അമെച്വർ നാടകങ്ങൾക്ക് ‘ വെള്ളേരി നാടകം‘ എന്ന് പേരു വന്നു. ടി. പി . സുകാമാരൻ മാഷ് ഈ ചരിത്ര വസ്തുതകളെ കൂടി ഉൾപ്പെടുത്തി ഉണ്ടാക്കിയ പ്രശസ്ത നാടകമായിരുന്നു ‘ആയഞ്ചേരി വല്ല്യെശ്ശമാൻ‘

കുറുനരി‘. (Canis aureus) കടപ്പാട് വിക്കിപീഡിയ

കുറുനരി. (Canis aureus)

അധികം മരങ്ങളില്ലാത്ത വെളിമ്പറമ്പുകളും, പുൽമേടുകളും, കൃഷിസ്ഥലങ്ങളും ഒക്കെയാണ് കുറുനരികൾക്കും ഇഷ്ടം.. 9 മുതൽ 12 കിലോഗ്രാം വരെ തൂക്കം ഉള്ള ഇവയ്ക്ക് ഒരു നാടൻ നായയുടെ വലിപ്പം ഉണ്ടാകും. ഒരു മീറ്ററിനടുത്ത് നീളവും അര മീറ്ററോളം ഉയരവും കാണും..മേൽ ഭാഗം കറുപ്പും ബ്രൗണും വെളുപ്പും രോമങ്ങൾ കൂടി കുഴഞ്ഞ നിറമാണുണ്ടാകുക. സീസണനുസരിച്ച് മങ്ങിയ ക്രീം മഞ്ഞ മുതൽ ചെമ്പൻ നിറം വരെ ഉള്ള രോമാവരണം ആണിതിന്റെ ശരീരത്തിനുള്ളത്. വർഷത്തിൽ രണ്ട് പ്രാവശ്യം രോമങ്ങൾ പൊഴിക്കുന്ന സ്വഭാവം ഉണ്ട്. നീട്ടി ഓളിയിടുന്ന സ്വഭാവം ഉള്ളതിനാൽ ഊളൻ എന്നും ഇവർക്ക് പേരുണ്ട്. കുറുക്കന്റെ പരന്ന നെറ്റിത്തടം ഇവർക്കില്ല. കൂർത്ത മുഖമാണ് വാലിന് കുറുക്കന്റെ വാലിനേപ്പോലെ നിലത്തിഴയുന്ന നീളം ഉണ്ടാകില്ല, അഗ്രഭാഗത്ത് കറുപ്പ് രാശി കാണും.. നീണ്ടു കൂർത്ത കോമ്പല്ലുകൾ ഉള്ളതാണിവ. ഭക്ഷണ കാര്യത്തിൽ കടുമ്പിടുത്തങ്ങളില്ലാത്തതിനാൽ ഏതു പരിസ്ഥിതിയിലും അതിജീവിക്കാൻ ഇവർക്ക് പറ്റും. വിവിധയിനം പഴങ്ങൾ ചെറു ജീവികൾ തുടങ്ങി അഴുകിയ മാംസ അവശിഷ്ടങ്ങൾ വരെ കഴിച്ചോളും. ജനങ്ങൾ ജീവിക്കുന്ന ഇടത്തോട് തൊട്ടുള്ള പ്രദേശങ്ങളുമായി ഇണങ്ങി ജീവിക്കാൻ പ്രത്യേക കഴിവുണ്ട്. അടുക്കള മാലിന്യങ്ങൾ ഇറച്ചി വേസ്റ്റുകൾ ഒക്കെ തേടിയാണ് പ്രധാനമായും രാത്രികാലങ്ങളിൽ ഇവ നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങുന്നത്. സൗകര്യം കിട്ടിയാൽ കോഴിക്കൂട്ടിൽ നിന്നും കോഴികളേയും പട്ടിക്കുട്ടികളേയും ആട്ടിൻ കുട്ടികളേയും ഒക്കെ പിടിച്ച് തിന്നും. പകൽ സമയങ്ങളിൽ മണ്ണിനുള്ളിലെ മാളങ്ങളിലും പാറക്കൂട്ടങ്ങളിലെ വിടവുകളിലെ കുഴികളിലും ഒക്കെ വിശ്രമിക്കും. ഒറ്റയ്ക്കും ,കൂടാതെ ഇണയും കുട്ടികളും മാത്രം ആയും അണ് ഇരതേടി ഇറങ്ങുക. , ചിലപ്പോൾ മറ്റ് മൂന്നു നാലു സംഘാംഗങ്ങൾ കൂടിയ ചെറു കൂട്ടമായും ഭക്ഷണ ലഭ്യതക്കനുസരിച്ച് ഇവയുടെ സാമൂഹ്യ ജീവിത സ്വഭാവവും മാറിക്കൊണ്ടിരിക്കും.

കുറുനരി (Jackal) – ശ്രീലങ്കയിലെ Yala National Park ല്‍നിന്നും കടപ്പാട് വിക്കിപീഡിയ

മൂത്രമൊഴിച്ച് വെച്ച് തങ്ങളുടെ അവകാശ ഭൂമിയിൽ അടയാളങ്ങൾ മാർക്ക് ചെയ്യുന്ന ശീലം ഇവർക്കുണ്ട്. പരസ്പരം അഭിവാദ്യം ചെയ്യൽ, രോമം വൃത്തിയാക്കൽ , ഒന്നിച്ച് ഓലിയിടൽ ഒക്കെ ഇവരുടെ കൂട്ടു ജീവിതത്തിനിടയിൽ കാണാം. കുറുക്കന്മാർക്ക് ഈ വിധത്തിലുള്ള സമൂഹ ജീവിത സ്വഭാവങ്ങൾ കുറവാണ്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള കാലങ്ങളിൽ ആണ് ഇണകളെ കണ്ടെത്തലും മറ്റും . അതിനാൽ ആ കാലത്താണ് ഓലിയിടൽ കൂടുതലായി കേൾക്കുക. മുതിർന്ന കുറുനരി നിന്നുകൊണ്ടും, മറ്റുള്ളവർ അരികിലായി ഇരുന്നും ആണ് കൂവൽ സംഗീതകച്ചേരി നടത്തുക.’ഒക്ക്യോ – വേ റെയോ’ (ഒന്നിച്ചാണോ വേറെ ഒറ്റയ്ക്കാണോ) എന്ന് ആവർത്തിച്ച് ഇവർ വിളിച്ച് ചോദിക്കുന്നതായി ഈ ഓരിയിടൽ ശബ്ദത്തെ തമാശയ്ക്ക് പറയാറുണ്ട് . തങ്ങളുടെ ടെറിറ്ററിയിൽ കടന്നുകയറുന്ന മറ്റ് സംഘങ്ങൾക്കുള്ള ഭീഷണി മുന്നറിയിപ്പായും , ശത്രുക്കളുടെ സാന്നിദ്ധ്യം മറ്റുള്ളവരെ അറിയിക്കാനുള്ള അപായ സൂചനയായും ഓരിയിടാറുണ്ട്. ഒറ്റ രാത്രി തന്നെ 12- 15 കിലോമീറ്റർ വരെ ഭക്ഷണം തേടി ഇവ സഞ്ചരിക്കും. ഒറ്റയിണ മാത്രമേ ജീവിതകാലത്ത് ഉണ്ടാകാറുള്ളു. ഫെബ്രുവരി- മാർച്ച് മാസമാണ് ഇണ ചേരൽ കാലം. രണ്ട് മാസം ആണ് ഗർഭകാലം.. നാട്ടിലെ പട്ടിക്കൂട്ടങ്ങളുമായി ശണ്ഠയൊക്കെ സംഭവിക്കാറുണ്ടെങ്കിലും പരസ്പരം ക്രോസ് ബ്രീഡിങ്ങ് നടന്ന് കുട്ടികൾ ഉണ്ടാകാറും ഉണ്ട്. നായയുടേയും കുറുനരിയുടേ സമ്മിശ്ര രൂപ സാമ്യമുള്ള ഇവയെ ‘നായ്ക്കുറുക്കൻ‘ എന്ന് തമാശയായി വടക്കൻ മലബാറിൽ വിളിക്കാറുണ്ട്. പകുതി ജീപ്പും ബാക്കി പിക്കപ്പും ആയ വാഹനഗ്ങൾക്ക് ‘നായ്ക്കുറുക്കൻ’ എന്ന് പേരും വന്നു.
ആളൊരു ‘കുറുക്ക’നാണ് എന്ന വിശേഷണം ചിലർക്ക് ചാർത്തികിട്ടാറുണ്ട്. സൂത്രശാലിയും, ചതിയനും, കള്ളനും, ഏഷണിക്കാരനും, കുടില ബുദ്ധിയും ആണ് കുറുക്കന്മാർ എന്നാണ് പൊതുവെയുള്ള ചിന്ത. മുത്തശ്ശിക്കഥകളിലും, ബാല മാസികകളിലെ ചിത്ര കഥകളിലും കാട്ടിലെ വൃത്തികെട്ട രണ്ടാം വില്ലൻ കുറുക്കനാണ്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നു പറഞ്ഞതും, നീല ചായത്തിൽ വീണ് നിറം മാറി രാജാവായി വാഴവേ അബദ്ധത്തിൽ ഓലിയിട്ട് പോയതും കാക്കയെ പുകഴ്തി പാട്ട് പാടിച്ച് അപ്പക്കഷണം പറ്റിച്ച് കടന്നു കളഞ്ഞതും കുറുക്കനാണ്. കരടകൻ എന്നും ദമനകൻ എന്നും പേരുള്ള രണ്ട് കുറുക്കൻ മാരാണല്ലോ പഞ്ചതന്ത്രകഥയായ മിത്രഭേദത്തിലെ പ്രധാന കഥാപാത്രങ്ങൾ. വെയിലും മഴയും ഒന്നിച്ച് വരുമ്പോഴുള്ള കുറുക്കന്റെ കല്യാണ മിത്ത് നമുക്ക് മാത്രമുള്ളതല്ല. ജാപ്പനീസ് സംവിധായകനായ അ കി രോ കുറോസവയുടെ ഡ്രീംസ് എന്ന സിനിമയിൽ ഒന്ന് കുറുക്കന്റെ കല്യാണം ഒളിച്ച് നിന്ന് കണ്ട കുട്ടിയെ കുറിച്ചാണ്. സത്യത്തിൽ കുറുക്കന്മാർ കാക്കകളേപ്പൊലെ അതി ബുദ്ധിമാന്മാരൊന്നും അല്ല. ശ്വാനകുടുംബക്കാരുടെ പൊതു ബുദ്ധി മാത്രമേ ഉള്ളു.

Happy
Happy
42 %
Sad
Sad
0 %
Excited
Excited
35 %
Sleepy
Sleepy
4 %
Angry
Angry
0 %
Surprise
Surprise
19 %

2 thoughts on “കുറുക്കനെ കണ്ടവരുണ്ടോ ?

  1. Is there any puzzle I am waiting for the puzzle. It will help our brain to develop. Please again put many puzzles. It is my request

Leave a Reply

Previous post ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ പ്രയോഗവും
Next post ലൗ കനാൽ ദുരന്തവും ചില പരിസ്ഥിതി ചിന്തകളും
Close