ഡോ. ബി. ഇക്ബാൽ
കൊതുക് പരത്തുന്ന രോഗങ്ങളിൽ ഡെങ്കിപനിയാണ് ഇപ്പോൾ കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത്. കഴിഞ്ഞവർഷം 4651 പേരെ ഡങ്കി ബാധിച്ചു.
വേനൽ മഴ ആരംഭിച്ചതോടെ പ്രിതീക്ഷിക്കാവുന്നത് പോലെ പകർച്ചവ്യാധികൾ പലതും തിരികെ എത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 60 ഓളം പേർക്ക് ഡങ്കിപ്പനി ബാധിച്ചതായി റിപ്പോർട്ടുണ്ട്.. കേരളത്തിൽ 90 കളുടെ അവസാനത്തോടെ പ്രത്യക്ഷപ്പെട്ട് അനേകം ജീവൻ വർഷം തോറും അപഹരിച്ച് വരുന്ന ഡങ്കി, ചിക്കുൻ ഗുനിയ, മസ്തിഷ്ക ജ്വരം തുടങ്ങിയ രോഗങ്ങൾ ഈഡിസ് വിഭാഗത്തിൽ പെട്ട കൊതുകുകുകളാണ് പരത്തുന്നത്.

കൊതുക് പരത്തുന്ന രോഗങ്ങളിൽ ഡെങ്കിപനിയാണ് ഇപ്പോൾ കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത്. കഴിഞ്ഞവർഷം 4651 പേരെ ഡങ്കി ബാധിച്ചു. 14 പേർ മരണമടഞ്ഞു. കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകളുടെ പിന്നിലും സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവയാണ് രോഗലക്ഷണങ്ങൾ സാധാരണ ഡെങ്കിനിയുടെ ലക്ഷണങ്ങളാണ്. രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവർ) ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിൻഡ്രോം)) എന്നിവ വളരെ മാരകമായിട്ടുള്ള ഡെങ്കിപ്പനിയുടെ അവസ്ഥയാണ്.

പനിയുള്ളവർ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ തുടങ്ങിയ പാനീയങ്ങൾ കഴിക്കുകയും പൂർണ്ണ വിശ്രമമെടുക്കുകയും വേണം. പകർച്ചേതര രോഗങ്ങളായ പ്രമേഹം, രക്താതിമർദ്ദം, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, കാൻസർ തുടങ്ങിയവ ബാധിച്ചവരുടെയും പ്രായാധിക്യമുള്ളവരുടെയും , ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുങ്ങളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പനി വരുമ്പോൾ പകർച്ചേതര രോഗങ്ങളും പനിക്ക് കാരണമായ രോഗവും തീവ്രതരമാവാൻ സാധ്യതയുണ്ട് പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവർ തങ്ങൾക്കുള്ള മറ്റ് രോഗങ്ങളെ പറ്റിയുള്ള വിവരങ്ങൾ ഡോക്ടർമാർക്ക് നൽകാൻ ശ്രമിക്കേണ്ടതാണ്. അതനുസരിച്ച് ചികിത്സ ക്രമീകരിക്കേണ്ടിവരും. പ്രമേഹരോഗികളുടെ ഇൻസുലിനും മറ്റും പനി വരുമ്പോൾ വർധിപ്പിക്കേണ്ടിവരും.
ഡ്രൈ ഡേ ആചരിക്കുക
ഈഡിസ് കൊതുക് സാന്ദ്രത കേരളത്തിൽ വളരെ കൂടുതലാണ്. കറുപ്പ് നിറവും മൂന്ന് ജോഡി കാലുകളിലും മുതുകിലും വെളുത്ത വരകളുമുള്ളവയാണ് ഈഡിസ് കൊതുകുകൾ. ഇവയെ കടുവാ കൊതുകുകൾ എന്നും വിളിക്കാറുണ്ട്. ഈഡിസ് ജനുസിൽ പെട്ട ഈജിപ്തി, അൽബോപിക് ട് സ് എന്നീ പെൺകൊതുകുകളാണ് പ്രധാനമായും രോഗം പരത്തുന്നത്. കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ വളരുന്നത്. ഇത്തരം കൊതുകുകൾ അധികദൂരം പറക്കാറില്ല. അതുകൊണ്ട് വീടുകളുടെ പരിസരത്ത് തന്നെയുണ്ടാവും. അത്കൊണ്ട് വീട്ടിലും ചുറ്റുപാടും കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യേണ്ടതുണ്ട്. കൊതുക് പെറ്റ് പേരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കലാണ് പ്രധാനമായും നടത്തേണ്ടത്. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള എല്ലാം വസ്തുക്കളും നീക്കം കെട്ടി നിൽക്കുന്ന വെള്ളം നീക്കം ഒഴുക്കിക്കളയുകയും വേണം.

മഴയെ തുടർന്ന് വീടുകളുടെ ചുറ്റുപാടും അടിഞ്ഞ് കൂടിയിട്ടുള്ള കുപ്പികൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ, ബോട്ടിലുകൾ, ടയറുകൾ എന്നിവയെല്ലാം നീക്കം ചെയ്യേണ്ടതാണ്. ഇവയിലുള്ള വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് വളരും. ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജിനു പുറകിലുള്ള ട്രേ, ഇവിടെ നിന്നെല്ലാം വെള്ളം നീക്കം ചെയ്യണം. റബർ തോട്ടങ്ങളിലുള്ള ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ച് കളഞ്ഞ് കമഴ്ത്തിവക്കണം.
വീട്ടിലും പരിസരത്തിലും കെട്ടികിടക്കുന്ന വെള്ളം നീക്കാം ചെയ്യാനുള്ള ഡ്രൈ ഡേ (Dry Day) ആഴ്ചയിലൊരു ദിവസം നിർബന്ധമായും എല്ലാ വീടുകളിലും നടത്തിയിരിക്കണം. സെപ്തിക് ടാങ്കുമായി ബന്ധിച്ചിട്ടുള്ള വെന്റ് പൈപ്പിന്റെ അഗ്രം കൊതുക് വല ഉപയോഗിച്ച് മൂടാൻ ശ്രദ്ധിക്കണം
കൊതുകു വല ഉപയോഗിച്ചും, ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും, കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയിൽ നിന്നും രക്ഷ തേടേണ്ടതാണ്. വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഈ കൊതുകൾ വീട്ടിലേക്ക് കടന്ന് വന്ന് രക്തം ശേഖരിക്കാൻ മനുഷ്യരെ കടിക്കുന്നത്. വൈകുന്നേരം മുതൽ രാവിലെ വരെ വീടുകളുടെ കതകും ജനാലകളും അടച്ചിടാൻ ശ്രമിക്കേണ്ടതാണ്. ഈഡിസ് ഈജിപ്തൈ കൊതുകുകൾ കേരളത്തിൽ നിലനിൽക്കുന്നിടത്തോളം കാലം ഇതേ കൊതുകുകൾ പരത്തുന്ന സിക്ക പനി, മരണ നിരക്ക് വളരെ കൂടുതലുള്ള മഞ്ഞപ്പനി (Yellow Fever) തുടങ്ങിയ രോഗങ്ങൾ പ്രവാസി ജനത എറെയുള്ള കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും എത്താൻ സാധ്യതയുണ്ട്.