ആയിരക്കണക്കിന് കുഞ്ഞ് എട്ടുകാലി ജീവികൾ നമ്മുടെ മുഖത്ത് ജീവിക്കുന്നുണ്ട്. മുഖത്തുനിന്നു തന്നെ ഭക്ഷണം കണ്ടെത്തി ജീവിക്കുന്ന ഫെയ്‌സ്ഭുക്കികൾ. മനുഷ്യ പരിണാമത്തോടൊപ്പം കൂടെക്കൂടിയ ഇവയില്ലാതെ ഒരു മനുഷ്യ മുഖവുമില്ല. ഈ സാധു ജീവികളെ പരിചയപ്പെടാം…
ചാഞ്ഞും ചെരിഞ്ഞും സെൽഫി ചിത്രങ്ങളെടുത്ത് ഫെയ്സ്ബുക്കിലിട്ട് ആഘോഷിക്കുന്നവർ “ഫെയ്സ് ഭുക്കു”കളേ കുറിച്ച് കൂടി ഓർക്കണം. സ്വന്തം മുഖത്തിൽ വേറെയും ആൾക്കാർ താമസക്കാരായുണ്ട് – ഫെയ്സ് ‘ഭുക്കി‘കളായ ചിലയിനം മൈറ്റുകകൾ.. നമ്മുടെ മുഖത്ത് തന്നെ ജനിച്ച്, വളർന്ന് , ഭക്ഷിച്ച് ഇണചേർന്ന് അവസാനം അവിടെതന്നെ മരിച്ച് പോകുന്ന ആയിരക്കണക്കിന് കുഞ്ഞു ജന്തുക്കൾ.
ആർത്രോപോഡ വിഭാഗത്തിലെ വളരെകുഞ്ഞ് ജീവികളാണ് ഈ എട്ടുകാലൻ മൈറ്റുകൾ. പേനും മൂട്ടയും ചിലന്തിയും ഒക്കെയാണ് ഇവരുടെ അടുത്ത ബന്ധുക്കൾ.
പേടിച്ച് വിറച്ച് ശക്തികൂടിയ ഫെയിസ് വാഷ് വാങ്ങാൻ ഓടേണ്ട. മൈക്രോസ്കോപ്പ് കൊണ്ട് മാത്രം കാണാൻ പറ്റുന്ന ഈ പാവങ്ങളെകൊണ്ട് പ്രത്യേകിച്ച് ഒരു കുഴപ്പവും ഇല്ല. ഇന്നും ഇന്നലെയും മനുഷ്യർക്കൊപ്പം കൂടിയതല്ല ഇവർ. പേനുകളെപ്പോലെ പരിണാമത്തിന്റെ ആദ്യകാലം മുതലേ ഇവരും നമുക്കൊപ്പമുണ്ട്. മനുഷ്യർ ചെന്നായകളെ മെരുക്കി (ചെന്നായകൾ മനുഷ്യരെ മെരുക്കിയതാണോ എന്ന സംശയം ഇപ്പഴും ചിലർക്ക് ബാക്കിയുണ്ട് ) നായകളാക്കി കൂടെ താമസിപ്പിക്കാൻ തുടങ്ങിയ കാലം മുതൽ. [/box] മുപ്പതിനായിരം കൊല്ലത്തിന്റെ സഹവാസ അധികാരം ഉള്ളപ്പോൾ അത്രപെട്ടന്നൊന്നും അവർ നമ്മെ ഒഴിവാക്കിപോകില്ല. അല്ലെങ്കിലും എങ്ങോട്ട് പോകാൻ ? മനുഷ്യമുഖത്തല്ലാതെ ജീവിക്കാൻ അവർക്ക് സദ്ധ്യവുമല്ല. അവരുടെ ആവാസഭൂമിയാണ് ചന്ദ്രനേപ്പോലെ വിളങ്ങുന്ന നമ്മുടെ മുഖം.
65 ഇനം ഡെമോഡെക്സ് മൈറ്റുകളുണ്ടെങ്കിലും രണ്ടിനമാണ് മനുഷ്യ ശരീരത്തിൽ, പ്രധാനമായും മുഖത്ത് താമസിക്കുന്നത്. ഒന്നാമത്തേത്
മുഖത്തെ കുഞ്ഞ് ദ്വാരങ്ങളിലും രോമക്കുഴികളിലും തങ്ങാൻ ഇഷ്ടപ്പെടുന്ന ഡെമോഡെക്സ് ഫോളിക്കുലോറം (Demodex folliculorum) , എണ്ണമെഴുക്ക് സ്രവിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ ഉള്ളിൽ തൊലിയുടെ ആഴത്തിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ഡെമോഡെക്സ് ബ്രവിസ് ( Demodex brevis ) ആണ് രണ്ടാമത്തേത്.
ആഫ്രിക്ക, അമേരിക്ക, ചൈന എന്നിവിടങ്ങളിലെ ഫെയിസ് മൈറ്റുകളുടെ DNA ഘടനയിലെ വ്യത്യാസങ്ങൾ ഇവർ കണ്ടെത്തി. മനുഷ്യകുലം ആഫ്രിക്കയിൽ നിന്ന് ഏതുരീതിയിലാണ് ഏതൊക്കെ കാലത്താണ് മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് സഞ്ചരിച്ച് എത്തിയതെന്ന രഹസ്യങ്ങൾ ചുരുളഴിക്കാൻ ഈ പഠനങ്ങൾ സഹായിക്കും. ഈ ജന്തു വാടക നൽകാതെ താമസിക്കാത്ത ഒരു മന്നവേന്ദ്രന്റെ മുഖവും, ലോകസുന്ദരി ‘പൊൻമുഖ‘ വും ഇല്ല . ഭൂമിയിലെ സർവ്വമനുഷ്യർക്കും ഒപ്പം ജീവിക്കുന്ന ആർത്രോപോഡ് എന്ന അംഗീകാരം ഡെമോഡെക്സ് വിഭാഗത്തിന് ലഭിച്ചു.
മുഖത്ത് കൺപീലികളുടെ രോമക്കുഴികൾ ഇവരുടെ ഇഷ്ടവാസസ്ഥലമാണ്. ഒരോ കൺപീലിയിലും ശരാശരി രണ്ട് മൈറ്റുകളെങ്കിലും താമസം കാണും. 0.1 മുതൽ 0.4 മില്ലീമീറ്റർ വരെയാണ് സാധാരണയായി ഇവയുടെ നീളം. വിരയുടേ ആകൃതിയിലുള്ള നീണ്ട അർദ്ധതാര്യ ശരീരത്തിന് തല , കഴുത്ത്, ഉടൽ , വാൽ എന്നിങ്ങനെ കൃത്യമായ ഭാഗങ്ങൾ ഉണ്ട്. തലയ്ക്കും കഴുത്തിനും ഇടയിൽ നഖപ്പത്തികളുള്ള നാല് ജോഡി കുഞ്ഞുകാലുകളുണ്ടാകും. വാലടക്കം ശരീരം മുഴുവനും ശൽക്കങ്ങൾ നിറഞ്ഞതാണ്. 18 മുതൽ 24 ദിവസമാണ് ആയുസ്. മുട്ടവിരിഞ്ഞിറങ്ങുന്ന ലാർവകൾ കാഴ്ചയിൽ മുതിർന്ന മൈറ്റിനെപ്പോലെ ആണെങ്കിലും മൂന്നുജോഡി കാലുകളേ ഉണ്ടാകു. രാത്രിയാണ് ഒളിവിടങ്ങളിൽ നിന്ന് പുറത്തിറങ്ങി ഇണചേരുക. ഒരു പെൺ മൈറ്റ് ഒരു രോമക്കുഴിയിൽ 20- 24 മുട്ടകൾ ഇടും. കുഴികളിൽ തിങ്ങിഞെരുങ്ങിക്കഴിയുന്ന മുട്ട വിരിഞ്ഞ് ലാർവ്വകൾ ഉണ്ടായാൽ അവ സെബേഷ്യസ് മെഴുക്കിന്റെ ഒഴുക്കിൽ നീങ്ങി രോമക്കുഴിയുടെ വക്കിലെത്തി ഒരാഴ്ചകൊണ്ട് വളർച്ച പൂർത്തീകരിക്കും.
ഇവർ എന്താണ് നമ്മുടെ മുഖത്തിൽ നിന്നും തിന്നുജീവിക്കുന്നത് എന്നത് അത്രകണ്ട് വ്യക്തമായിട്ടില്ല. തൊലിയിലെ ബാക്റ്റീരിയകളെ തിന്നാണ് ജീവിക്കുന്നതെന്നും, അതല്ല തൊലിയിലെ മൃത കോശങ്ങളാണ് ഭക്ഷണമെന്നും അഭിപ്രായമുണ്ട്. സെബേഷ്യസ് ഗ്രന്ഥിപുറപ്പെടുവിക്കുന്ന മെഴുക്ക് ശാപ്പിട്ട് ജീവിക്കുകയാണ് എന്നു കരുതുന്നവരും ഉണ്ട്. എന്തായാലും ഇവ പരസ്പരം തിന്നാറില്ല എന്നതുറപ്പാണ്. പ്രകാശം അത്രക്കങ്ങ് ഇഷ്ടമില്ലാത്തതിനാൽ പകൽ സമയങ്ങളിൽ രോമക്കുഴികളിൽ ഒളിച്ച് നിന്ന് രാത്രി പുറത്തിറങ്ങി ഇണചേർന്ന് രോമക്കുഴികളുടെ വക്കിൽ മുട്ടയിടുന്നതാണ് ശീലം. നല്ലവലിപ്പമുള്ള മുട്ടകളാണ് ഇടുക. ഇത്രയും വലിയ മുട്ട ഇതിന്റെ ഉള്ളിൽ നിന്നും എങ്ങനെ പുറത്തുവന്നു എന്ന് അമ്പരക്കും. തീറ്റയൊക്കെ കഴിഞ്ഞാൽ ദഹനശേഷം വിസർജ്ജനം നടത്താൻ മലദ്വാരം എന്ന സംവിധാനം ഇല്ല പാവങ്ങൾക്ക്. ജീവിതകാലം മുഴുവൻ ആർജ്ജിച്ച മാലിന്യങ്ങളെല്ലാം ഉള്ളിൽതന്നെ കെട്ടികിടക്കും . അവസാനം നമ്മുടെ കഴുകി വൃത്തിയാക്കി പൗഡറിട്ട് മിനുക്കിയ മുഖത്ത് വീർത്ത്പൊട്ടിത്തെറിച്ച് മലം മൊത്തം പരത്തി സ്വയം ചത്ത് തീരലാണ് രീതി. ‘കാക്കതൂറി എന്നാ തോന്നുന്നത് ‘ എന്നു പറഞ്ഞ് ലജ്ജയോടെ തുവാലയിൽ മുഖം തുടക്കാൻ പോകും മുമ്പ് ഇതാലോചിച്ചാൽ നമ്മൾ ചിരിച്ച്പോകും . സ്വതവേ ചില പ്രത്യേകതയുള്ള തൊലിക്കാരുടെ മുഖത്ത് ഈ മൈറ്റ് മലത്തിൽ നിന്നും പുറത്തുവന്ന ബാക്റ്റീരിയക്കൂട്ടവും ടോക്സിനുകളും ത്വക് രോഗങ്ങൾക്കും ചുവന്ന പാടുകൾക്കും തിണിർപ്പിനും ഒക്കെ അപൂർവ്വം കാരണമാകും.
നൂറുകണക്കിന് ഇനം ജീവികളുടെ വളർത്ത് ശാലയാണ് നമ്മുടെ ശരീരം. (മൈറ്റോകോണ്ട്രിയ പോലും പുറമേ നിന്ന് നമ്മുടെ കോശത്തിനുള്ളിലെത്തി നമ്മുടെ ഭാഗമായ താണല്ലോ. ) അന്നപഥത്തിലെ ചിലയിനം ബാക്റ്റീരിയകൾ ഇല്ലെങ്കിൽ നാം തിന്നുന്ന ഭക്ഷണത്തിലെ അത്യാവശ്യ പോഷകങ്ങൾ ദഹിപ്പിച്ച് ആഗിരണം ചെയ്യാൻ നമുക്കാകില്ല. അതായത് ആ ബാക്റ്റീരിയകൾ നമ്മുടെ നിലനിൽപ്പിന്റെ ഭാഗമാണ്. അവരില്ലെങ്കിൽ നമ്മളും ഇല്ല. ചിലപ്പോൾ അവരുടെ ഒക്കെ ഇഷ്ടത്തിന് ഡിസൈൻ ചെയ്യപ്പെട്ട ഒരു യാനപാത്രം മാത്രമാകാം മനുഷ്യശരീരം. . ദശലക്ഷക്കണക്കിന്- മൈറ്റ്, ചെള്ള്, പേൻ, കൃമി , വിര, ബാക്ടീരിയ, പ്രോട്ടോസോവ തുടങ്ങിയവയുടെ ആവാസഭൂമി. ഉള്ളിലും പുറത്തും ഒക്കെയായി അവരും നമ്മോടൊപ്പം ആയിരക്കണക്കിന് വർഷമായി കൂടെത്തന്നെയുണ്ടായിരുന്നു.
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
വിജയകുമാർ ബ്ലാത്തൂരിന്റെ ലേഖനങ്ങൾ ഉൾപ്പെടുത്തി ലൂക്ക തയ്യാറാക്കിയ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്ന ഇന്ററാക്ടീവ് ലൂക്ക സ്വന്തമാക്കാം. ഓരോ ജീവിയിലും തൊട്ട് വായിക്കാം.