Read Time:4 Minute


ഡോ.ശശിദേവൻ വി

ശാസ്ത്രലോകത്തെ ഏറ്റവും ഉന്നതമായ അംഗീകരങ്ങളിൽ  ഒന്നായ ബോൾട്സ്മാൻ മെഡൽ  നേടുന്ന ആദ്യ  ഇന്ത്യക്കാരൻ ആയിരിക്കുകയാണ് ആണ് പ്രൊഫസർ ദീപക് ധർ.

ഈ അംഗീകാരം അദ്ദേഹം പ്രിൻസ്റ്റണിലെ പ്രൊഫസർ ജോൺ ഹോപ് ഫീൽഡുമായി ഈ വർഷം പങ്കുവയ്ക്കുന്നു.  നിലവിൽ പൂനെ IISER-ൽ ആണ് പ്രൊഫസർ ദീപക് ധർ സേവനമനുഷ്ഠിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സിലെ സമഗ്രമായ സംഭാവനകളാണ്  അദ്ദേഹത്തിന് ഈ അംഗീകാരം നേടിക്കൊടുത്തത്. സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സിലെ വൈവിധ്യമാർന്ന നിരവധി മേഖലകളിൽ അദ്ദേഹം തനതായ സൈദ്ധാന്തിക സംഭാവനകൾ നൽകിയിട്ടുണ്ട്. ഫ്രാക്ടലുകൾ, സ്വയം ക്രമീകരിക്കപ്പെടുന്ന സിസ്റ്റങ്ങൾ (self organized criticality), percolation തുടങ്ങി പല പ്രശ്നങ്ങളിലും അദ്ദേഹം തനതായ സംഭാവനകൾ നൽകി. ഇവയിൽ പലതിനും കൃത്യതയാർന്ന ഗണിത സങ്കേതങ്ങൾ വികസിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

IIT കാൺപൂരിൽ നിന്നും 1972-ൽ ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ  ദീപക് ധർ ലോകപ്രശസ്ത ഗവേഷണ സ്ഥാപനമായ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് ഗവേഷണ ബിരുദം നേടിയത്. അക്കാലത്ത് അവിടെയുണ്ടായിരുന്ന പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ റിച്ചാർഡ് ഫെയിൻമാന്റെ ടീച്ചിങ് അസിസ്റ്റൻറ് ആകുവാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിരുന്നു.  1978-ൽ അദ്ദേഹം ഇന്ത്യയിലെ പ്രശസ്ത ഗവേഷണ സ്ഥാപനമായ  TIFR ൽ ചേരുകയും 2016-ൽ വിരമിക്കുന്നതുവരെ  അവിടെത്തന്നെ തുടരുകയും ചെയ്തു.  സമകാലികനും ഇന്ത്യയിലെ മറ്റൊരു  പ്രശസ്ത സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സ്  ശാസ്ത്രജ്ഞനുമായ പത്മശ്രീ മുസ്താൻസിർ ബർമ്മയോടൊപ്പം അദ്ദേഹം ഇന്ത്യയിലെ സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സിലെ സൈദ്ധാന്തിക ഗവേഷണത്തിന് ശക്തമായ അടിത്തറ പാകുകയും അതിൻറെ വളർച്ചയ്ക്ക് ഒട്ടേറെ  സംഭാവനകൾ നൽകുകയും ചെയ്തു.

1975-ൽ ആണ് ബോൾട്സ്മാൻ മെഡൽ സ്ഥാപിതമാകുന്നത്. സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സിലെ ഉന്നത സംഘടനയായ Commision on Statistical Physics (C3) of The International Union of Pure and Applied Physics ആണ് ഈ മെഡൽ മൂന്നു വർഷത്തിൽ ഒരിക്കൽ  സമ്മാനിക്കുന്നത്. വരുന്ന ഓഗസ്റ്റിൽ ജപ്പാനിലെ ടോക്കിയോയിൽ  നടക്കുന്ന സമ്മേളനത്തിൽ വച്ച് പ്രൊഫസർ ദീപക് ധർ മെഡൽ സ്വീകരിക്കും.

കഴിഞ്ഞ വർഷത്തെ ഭൗതികശാസ്ത്ര നോബൽ സമ്മാന ജേതാക്കളിൽ ഒരാളായ ജോർജിയോ പരീസി, നോബൽ ജേതാവ് കെ ജി വിൽസൺ  എന്നിവരെല്ലാം  കഴിഞ്ഞകാലങ്ങളിൽ ഈ മെഡൽ നേടിയവരാണ്. പ്രൊഫസർ ദീപക് ധറിലൂടെ  പ്രശസ്തരുടെ ആ നിരയിലേക്ക് ഒരു ഇന്ത്യക്കാരനും കടന്നുവന്നിരിക്കുന്നതിൽ നമുക്ക് അഭിമാനിക്കാം.  അദ്ദേഹത്തിന്റെ ഈ നേട്ടം ഇന്ത്യയിലെ ഭൗതികശാസ്ത്ര ഗവേഷകർക്കും,  വിദ്യാർഥികൾക്കും  ഒരു വലിയ പ്രചോദനം ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
50 %
Surprise
Surprise
50 %

Leave a Reply

Previous post കാലാവസ്ഥയും കാലാവസ്ഥാമാറ്റവും – പദമേഘം
Next post 2022-ലെ ആബെൽ പുരസ്കാരം പ്രൊഫ.ഡെന്നിസ് പി. സള്ളിവാന്
Close