‘മരിക്കുന്ന നേരത്തും കര്‍മ്മനിരതര്‍’ എന്ന് ചിലരെപ്പറ്റി പറയാറില്ലേ? നമ്മുടെ ശ്വേതരക്താണുവും അത്തരമൊരു മഹത് വ്യക്തിത്വമാണത്രേ!
ഒരു ശ്വേത രക്താണു അതിന്റെ അവസാന സമയത്തും കൊലയാളിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ബാക്കിയുള്ള രോഗപ്രതിരോധസംവിധാനത്തിന് മുന്നറിയിപ്പു നൽകുവാൻ ശ്രമിക്കുന്നു എന്നാണു ഏറ്റവും പുതിയ കണ്ടെത്തൽ. ലോകത്താദ്യമായി ഒരു വെളുത്ത രക്താണുവിന്റെ മരണം മുഴുവൻ സമയ വീഡിയോയിൽ ചിത്രീകരിച്ച ശാസ്ത്രജ്ഞരാണ് ഈ ത്യാഗോജ്ജ്വല പ്രവൃത്തി ലോകത്തെ അറിയിച്ചത്.
അപായപ്പെടുത്താൻ കഴിവുള്ള നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള രോഗപ്രതിരോധശക്തി നൽകുന്ന ഈ വെളുത്ത രക്താണുക്കളെ നിരീക്ഷിച്ചുകൊണ്ടിരുന്ന മെൽബണിലെ “ലാ ട്രോബ് സർവ്വകലാശാല“(La Trobe University)യിലെ ഈ ശാസ്ത്രജ്ഞർ കാലപ്രവാഹത്തിൽ പ്രവർത്തിയ്ക്കുന്ന മൈക്രോസ്കോപ്പുപയോഗിച്ച് അവയുടെ മരണം ചിത്രീകരിച്ചു. ഓരോ സെക്കന്റിലും നൂറുകണക്കിനു ഫോട്ടോകൾ എടുത്ത് രക്താണുവിന്റെ മരണം പഠിക്കുന്നത് ആദ്യമായിട്ടാണ്. സെൽ, മരിക്കുന്നതോടെ, “മുത്തുകൾ” എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ചിലവയെ പുറത്തുവിട്ടു. അവ ഒരുപക്ഷേ ഒരു രോഗാണുവിന്റെ സാന്നിദ്ധ്യം പ്രതിരോധസംവിധാനത്തിന് നൽകുന്നതായിരിക്കാം. ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് നേച്ചർ കമ്മ്യൂണിക്കേഷനിലാണ്.
“സെല്ലുകൾ മരിയ്ക്കാൻ തുടങ്ങുമ്പോൾ അവയിൽ ചില മുഴകൾ പുറത്തേയ്ക്ക് തള്ളിവരും. അപ്പോഴേയ്ക്കും സെല്ല് പൊട്ടിത്തെറിയ്ക്കും, നെക് ലേസ് പോലെ തോന്നിയ്ക്കുന്ന ഈ നീളൻ മുത്തുകളെ പുറത്തേയ്ക്ക് തെറിപ്പിക്കും, അതു പിന്നെ പൊട്ടി ഒറ്റയൊറ്റ മുത്തുകളായി മാറും” – പ്രധാന ലേഖനകർത്താവായ ജോർജിയ അറ്റകിൻ സ്മിത്ത് ആസ്ട്രേലിയൻ അസോസ്യേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
നേരത്തേ കരുതിയിരുന്നത് ചാവുന്ന സമയത്ത് വെളുത്ത രക്താണു ക്രമരഹിതമായി പൊട്ടിപ്പോകുമെന്നാണ്. എന്നാൽ നേരേ തിരിച്ച് ഈ ഗവേഷണം തെളിയിച്ചത് സെല്ലിന്റെ നാശം തികച്ചും നിയന്ത്രിതമാണെന്നും മൂന്ന് വ്യക്തമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്നുമാണ്. ആദ്യം സെല്ല് പുറത്തേയ്ക്ക് തള്ളിവരും, പിന്നീട് പൊട്ടിത്തെറിയ്ക്കും, അവസാനം ബാക്കിവന്ന കഷണങ്ങൾ വേർതിരിയും. ഈ പ്രക്രിയയിൽ ചാവുന്ന സെല്ല് പുറത്തുവിടുന്ന ചരടിൽ കോർത്തപോലെയുള്ള ഈ മുത്തുകളിൽ സെല്ലിന്റെ ന്യൂക്ലിയസ്സിന്റെ ഒരംശവും ഉണ്ടാകം. പിന്നീട് ഓരോ മുത്തും വേർപിരിയും.
“മുഴച്ചുവരുന്ന ഈ സെല്ല് നാടകീയമായ സ്ഫോടനം നടത്തുമ്പോൾ പുറത്തുവിടുന്ന നീളൻ നെക്ലേസ് സെല്ലിന്റെ എട്ടിരട്ടി വരെ നീളമുള്ളതായിരിക്കും. ചുറ്റുമുള്ള സെല്ലുകൾക്ക് ഇതിലെ ഓരോ മുത്തനേയും എളുപ്പം അകത്താക്കാൻ കഴിയും. ജീവിച്ചിരിക്കുന്ന ഒരു സെല്ല് ഇതു തിന്നുകഴിയുമ്പോൾ മറ്റു ശ്വേതാണുവിനോട് ‘നോക്കൂ, നിന്നെ പിടിക്കാൻ ഒരു രോഗാണു വരുന്നുണ്ടാകും‘ എന്ന മുന്നറിയിപ്പുകൊടുക്കാൻ പ്രാപ്തിയുള്ള ചില മോളിക്യൂളുകൾ അതിലുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നു” – അറ്റകിൻ സ്മിത്ത് പറയുന്നു.
ഈ മുത്തുകളെ തട്ടിക്കൊണ്ടു പോകുന്നതുവഴി വൈറസ്സുകൾക്ക് ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ ഒഴിവാക്കുവാനും ശരീരം മുഴുവനും വ്യാപിക്കുവാനും കഴിയുന്നുണ്ടാകുമെന്നും ഈ ഗവേഷകർ കരുതുന്നുണ്ട്. ചില ഔഷധങ്ങൾ ഈ പ്രക്രിയയുമായി ഇടപെടുന്നുണ്ടെന്നും അവർ കണ്ടു. “സാധാരണമായി ഉപയോഗിയ്ക്കുന്ന ഒരു ആന്റി ഡിപ്രസ്സന്റിന് ഈ പ്രക്രിയയെ ആകെ തടസ്സപ്പെടുത്താൻ കഴിവുണ്ടെന്നും ഒരു ആന്റിബയോട്ടിക്കിന് ഇതിനെ സഹായിക്കാൻ കഴിയുന്നുണ്ടെന്നും ഞങ്ങൾ കണ്ടു” എന്ന് അദ്ദേഹം പറഞ്ഞു. ഈ കണ്ടെത്തലുകൾ രോഗങ്ങളെ ചെറുക്കുന്നതിന് നവീന രീതികൾ വികസിപ്പിച്ചെടുക്കുവാൻ സഹായകമാകുമെന്ന് അവർ പ്രത്യാശിക്കുന്നു.