അനന്തപുരം ക്ഷേത്രത്തിലെ ഈയിടെ ചത്ത ബബിയ ഒരു മഗർ ആണ്. മഗർ ക്രൊക്കോഡൈലുകളുടെ ഭക്ഷണം മീനുകൾ , പാമ്പുകൾ , ആമകൾ, പക്ഷികൾ, നായകൾ, കുരങ്ങന്മാർ, അണ്ണാൻ, പെരിച്ചാഴി തുടങ്ങിയ പല ജീവികളും ആണ്. പഴങ്ങളും അഴുകി ജീർണിച്ചവയും തിന്നും. ഇന്ത്യയിൽ ക്രോക്കോഡൈലസ് , ഗവിയാലിസ് എന്നീ രണ്ടു ജനുസ്സുകളിലായി മൂന്നിനം മുതലകൾ ആണ് ഉള്ളത്. അതിൽ പെട്ട മീൻ മുതലകൾ – Gharial (Gavialis gangeticus) ഗംഗ, മഹാനദി, ബ്രഹ്മപുത്ര എന്നീ നദികളിൽ മാത്രമേ ഉള്ളു. മറ്റ് രണ്ടിനം ക്രോക്കോഡൈലസ് മുതലകളെ ആണ് നമുക്ക് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Crocodylus palustris എന്ന ശാസ്ത്രനാമം ഉള്ള Mugger എന്ന ചീങ്കണ്ണിയും Crocodylus porosus എന്ന ശാസ്ത്രനാമം ഉള്ള Estuarine Crocodile അഥവാ Salt- water Crocodile എന്ന കായൽ മുതലയും ആണ് ആ രണ്ടുപേർ. പക്ഷെഇതിലെ കായൽ മുതല എന്നുവിളിക്കുന്ന Estuarine Crocodile പണ്ട് ഇവിടെ കണ്ടിട്ടുണ്ട് എന്ന റിപ്പോർട്ട് ഉണ്ടെങ്കിലും ഈയടുത്ത കാലത്തൊന്നും ഇവയെ കേരളത്തിൽ കണ്ടതായി തെളിവുകൾ ഇല്ല. അപ്പോൾ നമുക്ക് ആകെ Crocodylus palustris എന്ന mugger മാത്രമേ ഉള്ളു. അതിനെ ചീങ്കണ്ണി എന്നോ മുതല എന്നോ വിളിക്കാം.
നമ്മുടെ ചീങ്കണ്ണി /മുതല Crocodylus palustris
മഗർ ക്രോക്കോഡൈൽ എന്നും ചതുപ്പ് മുതല എന്നും പേരുള്ള ഇവർ ശുദ്ധജലത്തിൽ ജീവിക്കുന്നവയാണ്. സമുദ്ര ദേവനായ വരുണന്റെ വാഹനമായ മകര എന്നത് ഒരു ജലജീവിയാണ്. ക്ഷേത്ര നടകളിൽ ഇവയുടെ രൂപം കല്ലിൽ കൊത്തിവെച്ചത് കാണാം. ഇതിൽ നിന്നാണ് മഗർ എന്ന പേര് ഈ മുതലകൾക്ക് / ചീങ്കണ്ണികൾക്ക് കിട്ടിയത്. ദക്ഷിണ ഇറാൻ, പാക്കിസ്ഥാൻ, ഇന്ത്യ , നേപ്പാൾ ,ശ്രീലങ്ക മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡം വരെ വ്യാപിച്ച് ഇവരുടെ സാന്നിദ്ധ്യം കാണാം. തടാകങ്ങൾ , നദികൾ,കുളങ്ങൾ ചതുപ്പുകൾ തുടങ്ങിയ ഇടങ്ങളിലാണവ ജീവിക്കുക. കേരളത്തിൽ ഇവയെ സ്വാഭാവികമായി പറമ്പിക്കുളം, ചാലക്കുടി പുഴ, ഇടമലയാർ, ചിന്നാർ, വയനാട്, കബനി എന്നിവിടങ്ങളിൽ ആണ് കാണാറുള്ളത് .
മുഖത്തിന്റെ മുന്നറ്റം നീണ്ട് വീതിയിലാണുണ്ടാകുക. നല്ല നീന്തൽകാരാണിവർ.. പെൺ മുതലകൾ രണ്ട് മുതൽ രണ്ടര മീറ്റർ നീളമുണ്ടാകും. ആൺ മുതലകൾക്ക് മൂന്ന് മൂന്നര മീറ്ററും. അപൂർവ്വമായി അഞ്ച് മീറ്റർ വരെ നീളം വെക്കാറുണ്ട്. ചൂട് കൂടിയാലും വളരെയധികം കുറഞ്ഞാലും മണ്ണിൽ കുഴികുത്തി അതിൽ കിടക്കാൻ ശ്രമിക്കും. മണ്ണിൽ ഉണ്ടാക്കുന്ന കുഴികളിലാണ് പെൺ മുതല മുട്ടയിടുക. മുട്ടവിരിഞ്ഞ് ഉണ്ടാകുന്ന കുഞ്ഞുങ്ങൾ ആണാണോ പെണ്ണാണോ എന്നത് ചൂടിനെ ആശ്രയിച്ചിരിക്കും. കുഞ്ഞുങ്ങളെ ഒരു വർഷത്തോളം പരിപാലിക്കും. കുഞ്ഞുങ്ങൾ പലതരം പ്രാണികളേയും വണ്ടുകളേയും മറ്റുമാണ് തീറ്റയാക്കുക. മുതിർന്നവർ മത്സ്യം, ഉരഗങ്ങൾ പക്ഷികൾ സസ്തനികൾ എന്നിവയെ ഒക്കെ തിന്നും. കുഞ്ഞുങ്ങൾ കറുത്ത കുത്തുകളോടെ മങ്ങിയ ഒലിവ് നിറത്തിൽ ആണുണ്ടാകുക. എന്നാൽ മുതിർന്നവർ കടും ഒലിവ് , ബ്രൗൺ, ഗ്രേ നിറത്തിലൊക്കെ കാണാം. മടക്കുകളില്ലാത്ത പരുക്കൻ തൊലിയോടെയാണ് തല. കഴുത്തിൽ ധാരാളം ശൽക്കങ്ങൾ കാണാം. വായിൽ മുകൾ നിരയിൽ ഓരോഭാഗത്തും പത്തൊൻപത് പല്ലുകൾ വീതം ഉണ്ടാകും.
വയറുറച്ച് കരയിലൂടെ നടക്കാൻ കഴിയും. രാത്രികളിൽ വളരെ ദൂരം ഇവ വെള്ളക്കെട്ടുകൾ തേടി കരയിലൂടെ നടക്കും. തണുപ്പ് സമയത്ത് കരയിൽ വെയിൽകാഞ്ഞ് കിടക്കുന്ന ശീലം ഉണ്ട്. ഊർജ്ജ സംരക്ഷണത്തിനായി വളരെ നേരം ഒട്ടും അനങ്ങാതെ ചത്തതുപോലെ ഇവർ കിടക്കും.
കായൽ മുതല Crocodylus porosus
ഉപ്പ് വെള്ളത്തിൽ ജീവിക്കുന്നവരാണിവർ. ഉപ്പ് വെള്ളം ഉള്ള കായലുകൾ, ചതുപ്പുകൾ, നദികളുടെ അഴിമുഖങ്ങൾ , കണ്ടൽ കാടുകൾ എന്നിവിടങ്ങളിലൊക്കെ കാണപ്പെടുന്ന ഇവർ കേരളത്തിലും ഉണ്ടായിരുന്നു. പക്ഷെ അടുത്തകാലത്തൊന്നും ഇവയെ നമ്മുടെ നാട്ടിൽ കണ്ടതിന് തെളിവുകൾ ഇല്ല. ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും വലിയ ഉരഗം ആണ് ഇവർ. ആൺ മുതലകൾ ചിലപ്പോൾ ആറുമീറ്റർ വരെ നീളം വെക്കും. 1000 കിലോ ഭാരവും ഉണ്ടാകും. പെൺ മുതലകൾ ആണിനേക്കാൾ ചെറുതാണ്. Estuarine crocodile, Indo-Pacific crocodile, marine crocodile, sea crocodile എന്നീ പേരുകളിലെല്ലാം ഇവർ അറിയപ്പെടുന്നുണ്ട്. മനുഷ്യരേയും ഇവർ ആക്രമിക്കും. ഇരപിടിയന്മാരിൽ ഏറ്റവും മുകളിലേ തട്ടിലുള്ളവരാണിവർ. മൊത്തമായി വിഴുങ്ങുകയാണ് ചെയ്യുക. വീതിയുള്ള മുൻഭാഗം ആണിവർക്ക് ഉള്ളത്. മഗർ മുതലകളേക്കാൾ ഈ ഭാഗത്തിന് നീളവും ഉണ്ടാകും. കണ്ണിന് അരികിലൂടെ മുഖത്തിന്റെ മദ്ധ്യഭാഗത്തേക്ക് നീളുന്ന ഉയർന്ന വരമ്പ് ഉണ്ട്. കുഞ്ഞുങ്ങൾക്ക് ശരീരത്തിലും വാലിലും കറുത്ത വരകളും കുത്തുകളും ഉള്ള മങ്ങിയ മഞ്ഞനിറമാണ് വർഷങ്ങളോളം ഉണ്ടാകുക. മുതിർന്നവർക്ക് കടുപ്പമുള്ള ഇരുണ്ട പച്ചപ്പാർന്ന് നിറമാണുണ്ടാകുക. കറുത്തിരുണ്ടും മങ്ങിയും ഒക്കെ പലനിറഭേദങ്ങളിൽ ഇവയെ കാണാറുണ്ട്. അടിഭാഗം വെളുപ്പോ മഞ്ഞയോ നിറത്തിലാണുണ്ടാകുക. ഇവയുടെ ഭാരം സ്ക്വയർ ക്യൂബ് നിയമപ്രകാരം ആണുണ്ടാകുക. അഞ്ചു മീറ്റർ നീളമുള്ളതിന്റെ ഇരട്ടി ഭാരമുണ്ടാകും ആറു മീറ്റർ നീളമുള്ള മുതലയ്ക്ക്. .ഇത്ര വലിപ്പക്കാരായി വളരുമെങ്കിലും ഇവരുടെ കുഞ്ഞുങ്ങൾ വളരെ ചെറുതാണ്. 28 സെന്റീ മീറ്റർ നീളവും 71 ഗ്രാം ഭാരവും മാത്രമാണ് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയ ഉടനേ ഉണ്ടാകുക.
ഏറ്റവും ശക്തിയിൽ കടിക്കാൻ കഴിയുന്ന ജീവിയും ഇതാണ്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളിൽ വളരെകുറച്ചെണ്ണം മാത്രമേ അതിജീവിക്കാറുള്ളുവെങ്കിലും ഇവർ 70 വർഷം വരെ ആയുസുള്ളവരാണ്. ഇത്തരം ക്രോകോഡൈലുകൾക്ക് ഉപ്പുവെള്ളത്തിൽ ജീവിക്കാൻ സഹായികുന്ന പ്രത്യേക തരം ഗ്രന്ഥികൾ നാവിലുണ്ട് lingual salt glands . ഇതു വഴി ശരീരത്തിലുള്ള അമിത ലവണാംശം പുറത്ത് കളയാൻ ഇവർക്ക് കഴിയും. അലിഗേറ്ററുകൾക്കും ഈ ഗ്രന്ഥികൾ ഉണ്ടെങ്കിലും അത്രമാത്രം വികസിച്ചിട്ടില്ല. അതിനാൽ അലിഗേറ്റർമാർ കൂടുതലായും ശുദ്ധജല പരിസരങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു.
ഗറിയൽ /ഗവിയൽ മീന്മുതലകൾ
Gharial, Gavial , Fish-eating Crocodile എന്നൊക്കെ അറിയപ്പെടുന്ന (Gavialis gangeticus), എന്ന Gavialis ജനുസിൽ പെടുന്ന ഇനമാണ് വടക്കേ ഇന്ത്യയിൽ കാണുന്ന മീന്മുതലകൾ. ആൺ മുതലകൾ 3-6 മീറ്റർ വരെ നീളമുണ്ടാകും. മുതിർന്ന ആൺ മുതലകളുടെ ഇടുങ്ങി നീണ്ട മുഖത്തിന്റെ അഗ്രത്തിൽ മൂക്കിൽ ഒരു കുടം വെച്ചതുപോലെ ഒരു സംവിധാനം ഉണ്ട്. അതിലൂടെ ചീറ്റൽ ശബ്ദം ഉണ്ടാക്കാൻ ഇവർക്ക് കഴിയും. ഹിന്ദിയിൽ മൺപാത്രത്തിന് ഘര എന്നാണ് പറയുക. അതിൽ നിന്നാണ് ഇവർക്ക് ഗരിയൽ ,ഗവിയൽ എന്നൊക്കെ പേര് കിട്ടിയത്. നീളൻ വായിൽ ഉള്ള കൂർത്ത 110 പല്ലുകൾ സഹായിക്കുന്നതിനാൽ ഇവർ മീനുകളെയാണ് പ്രധാനമായും ഭക്ഷണം ആക്കുന്നത്.
ചീങ്കണ്ണിയും മുതലയും തമ്മിലുള്ള വ്യത്യാസം
ചീങ്കണ്ണിയും മുതലയും തമ്മിലുള്ള വ്യത്യാസം എന്താണെന്നതും, ഇവ രണ്ടും ഒന്നുതന്നെയാണോ എന്നതും പലർക്കും വ്യക്തതക്കുറവുള്ള കാര്യമാണ്. മുതല വലുതും ചീങ്കണ്ണി ചെറുതും എന്നു ചിലർ പറയും. ചിലർ തിരിച്ചാണെന്ന് പറയും. കമ്പിൽ ആണികൾ തറച്ചതുപോലെ പല്ലുകൾ നിറഞ്ഞ നീളൻ വായയും മൂക്കിനഗ്രത്ത് ഒരു വീർപ്പും ഉള്ളത് ചീങ്കണ്ണി എന്നാകും ചിലർ പറയുക. ചീങ്കണ്ണിയുടെ മുഖത്തിന്റെ മുൻഭാഗം വളരെ മെലിഞ്ഞ് നീണ്ടതാണെന്നും മുതലയുടേത് തടിച്ചുരുണ്ടാണെന്നും വിശദീകരിക്കും. എന്തായാലും ആകെപ്പാടെ സംശയങ്ങൾ ബാക്കിയായിത്തന്നെയുണ്ടാകും. .
ഇവരെ ഈ രണ്ട് പേരിലും പല കഥകളിലും പുരാണത്തിലും നമ്മൾക്ക് പരിചയമാണുതാനും. ശാപം മൂലം ആനയായി മാറിയ ഇന്ദ്രദ്യുമ്നനെ മുതല കാലിൽ പിടിച്ചതും , വിഷ്ണുവിനെ തപസ് ചെയ്ത് ഗജേന്ദ്രമോക്ഷം നേടിയതും ഭാഗവതകഥയിലുണ്ട്. ശങ്കരാചാര്യർ കുട്ടിയായിരുന്ന കാലം പുഴയിൽ കുളിക്കുമ്പോൾ കാലിൽ മുതലപിടിച്ചതായി കഥയുണ്ട്. പുഴക്കരയിലെ ഞാവൽ മരത്തിലെ കുരങ്ങന്റെ ഹൃദയം ഭാര്യക്ക് തിന്നാൻ വേണ്ടി കൊണ്ടുപോയ മണ്ടൻ മുതലയുടെ കഥ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്. കപടമായ സങ്കടപ്രകടനങ്ങളെ മുതലക്കണ്ണീർ എന്ന് കളിയാക്കുന്ന പ്രയോഗം ഭാഷയിൽ പരിചയമുണ്ട്. ‘ചീങ്കണ്ണി’ എന്നത് പലനാട്ടിലും ചട്ടമ്പികളുടെ ഇരട്ടപ്പേരാണ്. ബാലപുസ്തകങ്ങളിൽ ചിത്രകാരന്മാർ ഭാവനയ്ക്കൊത്ത് പല തരം ചിത്രങ്ങൾ മുതലയെന്നും ചീങ്കണ്ണിയെന്നും പറഞ്ഞ് വരച്ച് വെച്ച് നമ്മുടെ സംശയം കൂട്ടീട്ടും ഉണ്ട്.
സത്യത്തിൽ പ്രശ്നം മലയാളത്തിലെ ചീങ്കണ്ണി – മുതല പേരുകളാണ്. ഇവ ഏത് ജീവിക്കാണ് കൃത്യമായി വിളിക്കേണ്ടത് എന്ന കാര്യത്തിൽ ഒരു തീരുമാനവും ഇല്ല. നമ്മുടെ നാട്ടിൽ ആകെ രണ്ടിനങ്ങൾ മാത്രമേ ഉള്ളുവെങ്കിലും ലോകത്ത് പലയിടങ്ങളിലായി ഈ വിഭാഗത്തിലുള്ള പലതരം ജീവികളുടെ ചിത്രങ്ങളും വീഡിയോകളും കണ്ടാണ് നമ്മുടെ ആശയക്കുഴപ്പം ഇത്രയും പ്രശ്നമായത്. ഇന്ത്യയിൽ ധോൾ എന്നും വിളിക്കുന്ന കാട്ട്നായകൾക്ക് (wild dog ) ആണ് ചെന്നായ എന്ന മലയാളം പേര് ശരിയ്ക്കും ചേരുക. നമ്മുടെ നാട്ടിലില്ലാത്ത wolf ന് പണ്ടേ ആരോ ‘ചെന്നായ’ എന്ന് മലയാള വിവർത്തനം നടത്തിക്കളഞ്ഞു. അതുപോലെ jackal , Fox എന്ന രണ്ട് വ്യത്യസ്ത ജീവികൾക്കും മലയാളത്തിൽ കുറുക്കൻ എന്നുതന്നെ നമ്മൾ ഉപയോഗിച്ച് ശീലിച്ച് പോയി. സിക്കാഡകൾക്കും ക്രിക്കറ്റുകൾക്കും ചീവീട് എന്നു തന്നെ മലയാളം ആയിപ്പോയി. സ്ലഗുകൾക്കും സ്നൈലുകൾക്കും കൂടി ഒച്ച് എന്ന ഒറ്റൊരു പേരേ നമുക്കുള്ളു. അതുപോലെ മുതലയും ചീങ്കണ്ണിയും ഒരേ ജീവിക്ക് തന്നെ ചിലപ്പോൽ നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും മാറി പേരു വിളിച്ചു.
മുതല വൈവിധ്യം
“നൈൽ നദിയിലെ പല്ലി” എന്നർത്ഥം വരുന്ന ഗ്രീക്ക് പ്രയോഗത്തിൽ നിന്നാണ് “ക്രോക്കോഡൈൽ” എന്ന വാക്ക് വന്നത്. ലോകത്ത് യൂറോപ്പും അന്റാർട്ടിക്കയും ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്നവരാണ് ക്രോക്കോഡൈലസ് (Crocodylus). ഇവരിലാണ് ഏറ്റവും കൂടുതൽ ഇനങ്ങൾ ഉള്ളത്. അലിഗേറ്റർ (Alligator) എന്ന ജനുസ്സ് അമേരിക്കയിൽ മാത്രം കാണുന്നവയാണ്. വടക്കേ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ മാത്രം കാണുന്ന ഗാവിയാലിസ് (Gavialis) എന്ന വിഭാഗം. ഈ മൂന്ന് വിഭാഗക്കാർ കൂടാതെ ബ്രസീൽ, ഇക്വഡോർ തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ കാണുന്നവ കേയ്മൻ (Caiman), ആഫ്രിക്കയിൽ മാത്രം കാണുന്ന മേകിസ്തോപ്സ് (Mecistops), ഓസ്റ്റിയോലേയ്മസ് (Osteolaemus), പാലിയോസുച്ചസ്(Paleosuchus), തെക്കേ അമേരിക്കയിൽ മാത്രം കാണുന്ന മെലാനോസുച്ചസ് (Melanosuchus), ഇന്തോനേഷ്യ, മലേഷ്യ ഭാഗങ്ങളിൽ കാണുന്ന ടോമിസ്റ്റൊമാ(Tomistoma) എന്നിവയടക്കം ഒമ്പതു ജനുസ്സുകളിലുമായി ആകെ ഇരുപത്തിയഞ്ചോളം മുതല സ്പീഷീസുകൾ ലോകത്തുണ്ട്.
അവയിൽ ഏറ്റവും കൂടുതൽ ഇനം/ സ്പീഷീസുകൾ (12) ഉള്ളത് മുകളില്‍ സൂചിപ്പിച്ച പോലെ ഒരുപാടിടങ്ങളിൽ കാണുന്ന ക്രോക്കോഡൈലസ് (Crocodylus) എന്ന ജനുസ്സിൽ ആണ്. അമേരിക്കയിൽ കാണപ്പെടുന്ന അലിഗേറ്റർമാരുടെ മേൽ താടി കീഴ്താടിയെ വീതിയിൽ കടന്ന് നിൽക്കും. കൂടാതെ കീഴ്താടിയിലെ പല്ലുകൾ മേൽതാടിയിലെ വിടവുകളിൽ കൃത്യമായി മറഞ്ഞ് നിൽക്കുന്നതിനാൽ വായടച്ച് പിടിച്ചാൽ അവയുടെ കീഴ്താടിയിലെ പല്ലുകൾ പുറത്ത് കാണില്ല. എന്നാൽ ക്രൊക്കോഡൈലുകൾ വായടച്ച് പിടിച്ചാലും മുകളിലേയും കീഴിലേയും കുറേ പല്ലുകളുടെ ഭാഗം കോർത്തുവെച്ചപോലെ പുറമേക്ക് കാണാൻ കഴിയും. കൂടാതെ അലിഗേറ്റർമാരുടേ മൂക്ക് വീതിയുള്ളതും അഗ്രഭാഗം വളഞ്ഞ് U ആകൃതിയിലും ആണുണ്ടാകുക. എന്നാൽ ക്രൊകോഡൈലുകളുടേ നീളം കൂടി കൂർത്ത ആകൃതിയിലുള്ള മൂക്കിന്റെ അഗ്രം V ആകൃതിയിലാണുണ്ടാകുക. (എങ്കിലും മഗർ ക്രൊകോഡൈലുകളുടെ (Crocodylus palustris) മൂക്കഗ്രം കൂർത്തല്ല, വളഞ്ഞ് U ആകൃതിയിലാണ് .)