Read Time:7 Minute

ഡോ. പുരുഷോത്തമന്‍ കെ.കെ.

ആദ്യമായി ഈ നിസ്വാർത്ഥ സേവനത്തിന്റെ കൂട്ടായ്മയിൽ ചേരാനുള്ള സന്മനസ്സിനു അഭിനന്ദനങ്ങൾ. കോവിഡിനെ കുറിച്ചും നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ചുമൊക്കെ വിശദമായ ക്ലാസ്സുകൾ നിങ്ങള്‍ക്ക് കിട്ടും എന്നറിയാം . എങ്കിലും ചില കാര്യങ്ങൾ പങ്കു വെക്കട്ടെ

അക്കമിട്ട് പറയാം..

1. കോവിഡിനെ കുറിച്ച് വിശദമായി അറിയണം. വായിച്ചും,കേട്ടും കണ്ടും. പക്ഷെ ഒരു പാട് തെറ്റുകളും നിങ്ങൾ കേൾക്കും. പ്രത്യേകിച്ച്  സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങൾ  ഗുരുതരമായ  പല തെറ്റിദ്ധാരണകളും ഉണ്ടാക്കിയിട്ടുള്ളതിനാല്‍.

2.നിങ്ങൾക്ക് ഓരോരുത്തർക്കും നൂറു പേരെ ആണ് അനുവദിച്ചെതെങ്കില്‍ നൂറു പേര് എന്ന് പറയുമ്പോള്‍ മുപ്പതിനും നാൽപ്പത്തിനും ഇടയിൽ വീടുകൾ ആവും. അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ വീടുകൾ,എന്നതു ഒരു സങ്കൽപ്പം മാത്രമാണല്ലോ

3. ഓരോ വീട്ടിലെയും കുടുംബ നാഥൻ/ നാഥയുടെ ഫോൺ നമ്പർ വാങ്ങി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം. ഇത്തരം മൂന്നു ലക്ഷം വാട്സാപ് കൂട്ടായ്മകൾ ഉണ്ടാവും കേരളത്തിൽ.

ഓരോ കൂട്ടായ്മയിലും പുറത്തു നിന്ന് ആരൊക്കെ വേണം?

A. സ്ഥലത്തെ ആരോഗ്യ പ്രവർത്തകര്‍ – മരുന്നുകൾ കഴിക്കുന്നവരുടെ പട്ടിക അവരിൽ നിന്ന് കിട്ടും. അവർ കഴിക്കേണ്ടുന്ന മരുന്നുകൾ തരം തിരിച്ചു വേണ്ടവർക്ക് എത്തിച്ചു കൊടുക്കാൻ നിങ്ങള്‍ക്ക് ആവും. പക്ഷെ അതേക്കുറിച്ചുള്ള സംശയങ്ങൾക്ക് ഉത്തരം പറഞ്ഞു കൊടുക്കാൻ നിങ്ങൾക്കാവില്ല.
അത് കൊണ്ട് അദ്ദേഹത്തോട് നേരിട്ട് സംവദിക്കാൻ ഇദ്ദേഹം ആ കൂട്ടായ്മയിൽ ഉണ്ടാവുന്നത് നന്ന്.

B. കമ്മ്യൂണിറ്റി കിച്ചൺ അധികാരപ്പെട്ട ആൾ. ഭക്ഷണം വേണ്ടവർ ആരൊക്കെ എന്നും, എന്തൊക്കെ ഐറ്റംസ് വേണം എന്നും , ഏകദേശം എത്ര ഭക്ഷണം ഉണ്ടാക്കണം എന്നും നേരത്തെ കൂട്ടി അറിയാൻ നമ്മൾ ഇടനിലക്കാരൻ ആവണ്ട. അദ്ദേഹം ഈ കൂട്ടായ്മയിൽ ഉണ്ടെങ്കിൽ

C. അത് പോലെ പരസ്പരം ബന്ധപ്പെടുത്താൻ ആരൊക്കെ വേണം എന്ന് ആലോചിച്ചു നമ്മൾക്ക് അവരെ ഉൾപ്പെടുത്താവുന്നതാണ്. ഒരു കാര്യം ഓർക്കുകകച്ചവട മനസ്ഥിതിയോടെ ഇത് മുതൽ എടുക്കാൻ ആരെയും അനുവദിക്കരുത്.അത്തരം ആൾക്കാരെ തിരിച്ചറിഞ്ഞു കൂട്ടായ്മയിൽ നിന്ന് പുറത്താക്കാം. കഴിയുന്നതും നമ്മൾ മാത്രം അഡ്മിൻ ആവുക

4. വാട്സാപ്പ് കൂട്ടായ്മക്ക് ഇത്തരം സർവീസ് ചെയ്യുന്നതിനും അപ്പുറം പരസ്‌പരം ചോദിക്കാനും പറയാനും ആസ്വദിക്കാനും ഉള്ള വേദി ആവുന്നത് നന്ന്. പക്ഷെ അനാവശ്യ ഫോർവേഡുകൾ നിരുത്സാഹപ്പെടുത്തണം.

5. യാത്ര എങ്ങനെ. ?

നിങ്ങളിൽ പലരും യുവാക്കൾ ആവും. കാര്യങ്ങൾ ഒരുമിച്ചു ചെയ്താണ് നമ്മൾക്ക് ശീലം. അത് വേണ്ട. ഒറ്റക്കൊറ്റക്ക് ചെയ്യണം. സൈക്കിളുകൾ നമ്മൾക്ക് ഉപയോഗിക്കാം. അഥവാ ബൈക്കോ സ്‌കൂട്ടറോ ഉപയോഗിക്കുന്നു എങ്കിൽ രണ്ടു പേര് ഒരുമിച്ചിരുന്നു യാത്ര ചെയ്യരുത്. പുറകിൽ ഇരുന്നയാൾ ഏന്തി വലിഞ്ഞു മുൻപിൽ ഇരിക്കുന്നയാളുടെ ചെവിയിലേക്ക് സംസാരിക്കുന്ന കാഴ്ച്ച എന്നും കാണുന്നു. രസകരം ആയതു രണ്ടു പേരും മാസ്ക് ധരിച്ചാണ് എന്നത്.

6. വീടുകളുടെ ഗേറ്റുകൾ തുറന്നു വെക്കാൻ പറയണം. കഴിയുന്നിടത്തോളം ഗേറ്റുകൾ കാലു കൊണ്ട് തള്ളിതുറക്കാം. കുറ്റി ഉള്ള ഗേറ്റുകൾ കമ്പുകൾ കൊണ്ട് എടുത്തു മാറ്റാം. കൈകളും വിരലുകളും നമ്മൾക്ക് തന്നെ പാരയാവുന്ന കാലമാണ്.

7.  വീടുകളിൽ എത്തുമ്പോ കാളിംഗ് ബെൽ അമർത്തി വീട്ടുകാരെ വിളിക്കരുത്. ഒന്ന് ഒച്ചയിട്ടു വിളിക്കുക, മീൻകാരെ പോലെ “കൂയ്” ഇത്തിരി നീട്ടി വിളിച്ചാലും വേണ്ടില്ല , ദൂരെ നിന്ന്.

8. വീട്ടിനു പുറത്തു പടിവാതിൽക്കൽ നിന്ന് കൊണ്ട് സംസാരിക്കാം. പക്ഷെ “മോനെ ഒന്ന് കുത്തിരുന്നാട്ടെ “ എന്ന അതിഥി സൽക്കാരത്തിൽ വീണു പോകരുത്. വീട്ടിൽ ഉള്ള ഒരു വസ്തുവും തൊടരുത്.

9. നാലഞ്ചു ദിവസങ്ങൾ കഴിയുമ്പോ വീട്ടിലെ കുട്ടികളുമായി സൗഹൃദം ആവും പാടി കയറി വരുന്ന “ഏട്ടനെ/ചേച്ചിയെ “ ഓടിവന്നു കെട്ടിപ്പിടിക്കുന്ന കുഞ്ഞനിയന്മാർ ഒരു പാട് കാണും. “ കരുണയില്ലാത്തവൻ ,ഇവന്റെ കരളിന്റെ സ്ഥാനത്തു കരിങ്കല്ലാണോ” എന്ന് ചോദിച്ചാലും തരക്കേടില്ല. കുട്ടികളെ തൊടരുത്. അവരുടെ തലയിലും കവിളിലും തൊടാൻ മനസ്സ് വെമ്പും . അറിയാം. അടക്കണം മനസ്സ്

10. വീട്ടുകാരുടെ കൈകളിലേക്ക് സാധനങ്ങൾ കൊടുക്കുന്ന പതിവ് മാറ്റണം . ഒരു മുറം, തളിക, കിണ്ണം, വട്ടി കുട്ട ഇതിൽ ഏതിലെങ്കിലും ഇട്ടു കൊടുക്കുന്ന പതിവ് മതി

11. മീനമാസത്തിലെ ചൂടിൽ സൈക്കിളിൽ പോവുമ്പോ വിയർക്കും, ഒരു മോരും വെള്ളം കിട്ടിയാൽ കുശാൽ എന്ന് തോന്നും .” മ്മക്ക് ഒരു നാരങ്ങ വെള്ളായലോ ?’എന്ന ആദിത്യ മര്യാദയിൽ വീഴരുത്. വീട്ടുകാർ തരുന്നത് കഴിയുന്നതും സ്വീകരിക്കരുത്.

ഇപ്പറഞ്ഞത് ഇത്തിരി കടുപ്പം ആയി തോന്നാം. പക്ഷെ തല്ക്കാലം ഇതാണ് ശരി. അവരവര്‍ക്ക് കുടിക്കാനുള്ള വെള്ളവും കഴിക്കാനുള്ളതും ഒപ്പം കരുതണം

സന്നദ്ധം – Covid 19 നെ നേരിടാൻ കേരളത്തിൻ്റെ യുവജന സന്നദ്ധ സേന  http://sannadham.kerala.gov.in എന്ന webportal ൽ ഉടൻ പേര് രജിസ്റ്റർ ചെയ്യുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കൊറോണക്കാലത്തെ വീടകങ്ങൾ
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- മാര്‍ച്ച് 27
Close