കോവിഡ് നിയന്ത്രണം മംഗോളിയയിൽ


ഡോ.യു.നന്ദകുമാർ

മെച്ചപ്പെട്ട രീതിയിൽ കോവിഡ് നിയന്ത്രിച്ച പലരാജ്യങ്ങളും ഉണ്ട്. അതിൽ ചില രാജ്യങ്ങൾ നമ്മുടെ ചിന്തയിൽ പോലും വരുന്നില്ല. മംഗോളിയ ഉദാഹരണമാണ്. വലിയ രാജ്യവും ചെറിയ ജനസാന്ദ്രതയും ഉള്ള ഇടം ജനസംഖ്യ 33.24 ലക്ഷം മാത്രം. ചതുരശ്ര കിലോമീറ്ററിന് 2 പേര് എന്നതാണ് ജനസാന്ദ്രത. തലസ്ഥാനത്ത് അത് 300 നോടടുക്കും.

കോവിഡ് വ്യാപിച്ച ചൈനയുമായി ദീർഘമായ അതിർത്തി പങ്കിടുന്നു; ഏതാണ്ട് 4600 കിലോമീറ്റര് ദൂരം. അതിർത്തി കടന്നുള്ള യാത്ര മംഗോളിയയിൽ സാധാരണമാണ്. വാണിജ്യം, ബിസിനസ്, വിദ്യാഭ്യാസം, ടൂറിസം തുടങ്ങി വിവിധകാരണങ്ങളാൽ ചൈനയിലേക്കുള്ള യാത്രകൾ അനിവാര്യവുമാണ് രാജ്യത്തിന്. എങ്കിലും കോവിഡ് വ്യാപനം ശക്തമായപ്പോഴും മംഗോളിയയിൽ കോവിഡ് വ്യാപിക്കാതെ നോക്കാൻ അവർക്കായി. ആദ്യ കേസ് മാർച്ച് 10 ന് മംഗോളിയയിലെത്തിയ ഫ്രഞ്ച് പൗരനായിരുന്നു.

കോവിഡ് മംഗോളിയയിൽ ഇതുവരെ

ദുർബലമായ ആരോഗ്യ സംവിധാനമുള്ള രാജ്യമാണ് മംഗോളിയ. അതിനാൽ അവരുടെ കോവിഡ് നിയന്ത്രണ തന്ത്രങ്ങൾക്ക് പ്രാധാന്യമുണ്ട്. മെച്ചപ്പെട്ട ആശുപത്രികൾ, വെന്റിലേറ്റർ, തീവ്രപരിചരണ ഉപാധികൾ എല്ലാത്തിനും പരിമിതമായ ലഭ്യതയേയുള്ളു. വിഭവ പരിമിത (resource poor) രാജ്യം എന്ന് കണക്കാക്കാം. അതിനാൽ സാമൂഹികാടിസ്ഥാനത്തിൽ പൊതുജനാരോഗ്യ സംവിധാനത്തിലാണ് രാജ്യം കൂടുതൽ ഊന്നൽ നൽകുന്നത്.

നവംബർ മുതൽ ശക്തമായ ശൈത്യകാലമായതിനാൽ വർഷം തോറും വൈറൽ പനി വ്യാപിക്കാറുണ്ട്. അത് നിയന്ത്രിക്കാൻ മാസ്‌ക് ഉപയോഗം കൈ കഴുകൽ എന്നിവ മുൻ കാലങ്ങൾ മുതൽ പ്രവർത്തികമാക്കിയിരുന്നു. കോവിഡ് പ്രതിരോധം അങ്ങനെ ജനങ്ങൾക്ക് അപരിചിതമായ പരിഷ്കരമായിരുന്നില്ല എന്നതിനാൽ നടപ്പിലാക്കാൻ എളുപ്പമായി. ജനുവരി 2020 ൽ മാസ്‌ക് ധരിക്കൽ നടപ്പാക്കിയ രാജ്യങ്ങളിൽ മംഗോളിയയുമുണ്ട്. ചൈനയുമായി പങ്കിടുന്ന അതിർത്തി അടക്കുന്നതും വിമാനത്താവളങ്ങൾ അടക്കുന്നതും ആദ്യമേ നടപ്പാക്കിയ നടപടികളിൽ പെടും. രോഗികളെയും കോൺടാക്ടുകളെയും കണ്ടെത്തുന്നതും ക്ലസ്റ്ററുകൾ കണ്ടെത്തി ക്വാറൻടൈൻ നടപ്പാക്കുന്നതും ഊർജ്ജിതപ്പെടുത്തി.

മറ്റു രാജ്യങ്ങളുമായി നിലനിന്ന മെച്ചപ്പെട്ട നയതന്ത്ര ബന്ധങ്ങൾ കോവിഡ് തരണം ചെയ്യാൻ മംഗോളിയയെ സഹായിച്ചു. ആദ്യമേ തന്നെ 18 വയസ്സിനു മേൽ പ്രായമുള്ളവർ വാക്സിനേറ്റ് ചെയ്യാൻ പദ്ധതിയിട്ടതിനാൽ വാക്സിൻ ലഭ്യത പ്രശ്നരഹിതമായി മുന്നോട്ടുപോയി. ചൈനയും റഷ്യയും അവരുടെ ഡിപ്ലോമസിയുടെ ഭാഗമായി വാക്‌സിൻ നൽകി. ഇന്ത്യയിൽ നിന്ന് കോവിഷീൽഡും ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയിലൂടെ മറ്റു വാക്സിനുകളും ലഭ്യമാക്കാൻ അവർക്ക് കഴിഞ്ഞു. ഇതിന്റെ ഫലമായി കഴിഞ്ഞ മൂന്നാഴ്ചയായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നു. ഇതുവരെ 49175 രോഗികളും 214 മരണവുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇതിനകം 2,422,303 ലക്ഷം വാക്സിൻ ഡോസുകൾ നൽകിക്കഴിഞ്ഞു. കൃത്യമായി എത്ര പേർക്ക് വാക്സിൻ കിട്ടിയെന്നു പറയാനാവില്ലെങ്കിലും ഒരാൾക്ക് രണ്ടു ഡോസ് എന്ന കണക്കിൽ നോക്കിയാൽ 37.6% പേർക്ക് വാക്സിൻ ലഭിച്ചെന്നു കാണാം. ദിവസേന 65000 വാക്സിൻ ഡോസുകൾ നല്കാൻ രാജ്യത്തിനിപ്പോൾ സാധിക്കുന്നു; ജനസംഖ്യയുടെ 1% പേർക് രണ്ടു ഡോസ് കൊടുക്കാനുള്ള വിതരണശേഷിയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അടുത്ത ആറു മുതൽ എട്ടാഴ്ചയ്ക്കുള്ളിൽ 18 വയസ്സിനുമേൽ പ്രായമുള്ള എല്ലാർക്കും വാക്സിൻ സംരക്ഷണം ലഭിച്ചിരിക്കും. അഭിമാനിക്കാവുന്ന നേട്ടമാണ് രാജ്യം കൈവരിച്ചത്.


 

 

Leave a Reply