Read Time:4 Minute

‍ഡോ. യു. നന്ദകുമാര്‍

കോവിഡ് രോഗം ആർക്കും പിടിപെടാം. ഭൂരിപക്ഷം പേരും പ്രശ്‌നരഹിതമായി രോഗമുക്തി നേടും. കുറച്ചുപേർ മരണപ്പെടും. നമ്മുടെ പ്രതിരോധങ്ങളും കരുതലും എല്ലാം ലക്ഷ്യമാക്കുന്നത് വ്യാപനം കുറയ്ക്കാനും മരണം തടയാനും തന്നെയാണ്. കഴിഞ്ഞ മാസങ്ങളിൽ അഭൂതപൂർവ്വമായ പഠനങ്ങളാണ് ഈ വിഷയങ്ങളിൽ വന്നിട്ടുള്ളത്. അവയിൽ ശ്രദ്ധാപൂർവം കാണേണ്ട പഠനമാണ് മരണസാധ്യത ആരിലൊക്കെ എന്നത്.

ജോൺസ് ഹോപ്‌കിൻസിൽ പ്രഫസറായ ലിസ കൂപ്പർ (Dr. Lisa A. Cooper) ലഭ്യമായ വിവരങ്ങൾ പരിശോധിച്ച് ഇതേക്കുറിച്ചു ഇങ്ങനെ പറയുന്നു.

1. പ്രായം

പ്രായം വർധിക്കുമ്പോൾ മരണസാധ്യതയും വർധിക്കുമെന്ന് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ അതെങ്ങനെയെന്ന് ഇപ്പോൾ കൂടുതൽ വ്യക്തത വന്നിരിക്കുന്നു. ഇപ്പോഴത്തെ പൊതു മരണനിരക്ക് 1.38% മാത്രമാണ്. 38 രാജ്യങ്ങളിൽ നിന്നും വിവരം ശേഖരിച്ചാണ് ഇത് കണ്ടെത്തിയത്. പ്രായം 80 കഴിഞ്ഞവരിൽ മരണനിരക്ക് 13.4% ആണ്. നൂറുകണക്കിന് ചെറുപ്പക്കാരും മരിക്കാറുണ്ട് എന്നത് ശരിയാണ്. അതിൽ പലർക്കും മറ്റു രോഗങ്ങൾ കോവിഡ് അവസ്ഥയെ സങ്കീർണമാക്കുന്നു. എന്നാൽ മറ്റു പരാധീനതകൾ ഒന്നും ഇല്ലാത്ത കുറെ ചെറുപ്പക്കാർ മരിക്കുമ്പോൾ കാരണമെന്തെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി, ഇവർക്ക് വൈറസ് പ്രതിരോധത്തെ കുഴപ്പിക്കുന്ന ഘടകം ജനിതകമായി ലഭിച്ചിരിക്കാം. രണ്ടാമതായി പ്രവചിക്കാനാവാത്ത സൈറ്റോകീൻ പ്രവർത്തനം ഇമ്മ്യൂണിറ്റിയെ തകരാറിലാക്കുന്നതും ആകാം. നാല്പതിനുശേഷം ഓരോ ദശകങ്ങൾ കഴിയുംതോറും മരണസാധ്യത കൂടിവരുന്നു.

2. സങ്കീർണതകൾ

എന്തെങ്കിലും പശ്ചാത്തല രോഗങ്ങൾ ഉള്ളവരിൽ മരണനിരക്ക് വർധിച്ചു കാണുന്നു. പ്രധാനമായും ശ്രദ്ധയിൽപെട്ടത് ധമനികളുടെയും ഹൃദയത്തിന്റെയും അവസ്ഥയാണ്.

  • ഹൃദ്രോഗമുള്ളവരിൽ മരണനിരക്ക് 10.5%
  • ശ്വാസകോശ രോഗമുള്ളവരിൽ 6.3%
  • ഉയർന്ന രക്തസമ്മർദ്ദം 6.0%

3. ലിംഗവ്യത്യാസം:

മരിക്കുന്നത് കൂടുതലും പുരുഷന്മാരാണെന്നതിൽ ഇപ്പോൾ സംശയമില്ല. ചൈനയിൽ മരിച്ചവരിൽ 64% പേരും, ഇറ്റലിയിൽ 63% പേരും, അമേരിക്കയിൽ 62% പേരും പുരുഷന്മാരാണ്. നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു; ചൈനയിൽ നിന്നൊരു പഠനമനുസരിച്ചു രോഗം ബാധിച്ചവരിൽ ആന്റിബോഡി സാന്ദ്രത കൂടുതൽ കാണുന്നത് സ്ത്രീകളിലാണ് എന്നാണ്.

4. വംശ സ്വാധീനങ്ങൾ

അമേരിക്കയിൽ കണ്ടതനുസരിച്ചു ബ്ലാക്ക് അമേരിക്കൻ, ലാറ്റിനോ അമേരിക്കൻ, നേറ്റീവ് അമേരിക്കൻ എന്നിവരിൽ മരണനിരക്ക് ഉയർന്നുകാണുന്നു. ഇതേക്കുറിച്ചു പഠിക്കുന്നവർ വംശം ഏതെങ്കിലും വിധത്തിൽ അണുബാധയെ സ്വാധീനിക്കുന്നതായി അംഗീകരിക്കുന്നില്ല. എന്നാൽ വർധിച്ച മരണത്തിനു സമൂഹത്തിൽ നിലനിൽക്കുന്ന വംശീയ വിവേചനം കാരണമാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമൂഹിക സാഹചര്യങ്ങൾ മരണനിരക്ക് വര്‍ധിപ്പിക്കാനിടയുണ്ട്. അമേരിക്കയിൽ തന്നെ മുതിർന്ന പൗരർ താമസിക്കുന്ന ചില സദനങ്ങളിൽ അധിക മരണനിരക്ക് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.


അധികവായനയ്ക്ക്

  1. What We Know About Whom COVID Kills
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 5
Next post നമുക്ക് പോർച്ചുഗലിനെ കുറിച്ച് സംസാരിക്കാം.
Close