Read Time:9 Minute

അഫ്ര ഷംനാഥ്  / വിനോദ് സ്കറിയ

ശാസ്ത്രത്തിലുണ്ടായ അഭൂതപൂർവമായ മുന്നേറ്റങ്ങൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി കോവിഡ് -19 വാക്സിനുകൾ വികസിപ്പിക്കുക സാധ്യമാക്കിയിട്ടുണ്ട്. ദേശീയ അന്തർദേശീയ ഏജൻസികൾ ഈ വാക്സിനുകളിൽ പലതും ഇപ്പോൾ വ്യാപകമായ ഉപയോഗത്തിനായി അംഗീകരിച്ചിട്ടുമുണ്ട്. നിലവിൽ രണ്ട് തരം വാക്സിനുകൾ ഇന്ത്യയിൽ അംഗീകരിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇവയാണ് അഡെനോവൈറസ് വെക്റ്റർ വാക്സിൻ – അസ്ട്ര സെനാക്ക / കോവിഷീൽഡ്, നിർജീവമാക്കിയ വൈറസ് വാക്സിൻ – കോവാക്സിൻ. അടുത്തിടെ മറ്റൊരു അഡെനോവൈറസ് വെക്റ്റർ വാക്സിനായ സ്പുട്നിക്കിന് ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് അംഗീകാരം  ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഡിഎൻഎ വാക്സിൻ, എംആർഎൻഎ വാക്സിൻ എന്നിവയുൾപ്പെടെ നിരവധി വാക്സിനുകൾ നിലവിൽ  ഗവേഷണത്തിലിരിക്കുകയോ ഇന്ത്യയിൽ ഉപയോഗത്തിനുള്ള അനുമതികൾക്കായി കാത്തിരിക്കുകയോ ചെയ്യുന്നു.

പൂർണ്ണമായും വാക്സിനേഷൻ  ലഭിച്ച വ്യക്തികളിൽ ഉണ്ടാകുന്ന അണുബാധകൾ ബ്രേക്ക്ത്രൂ (breakthrough) അണുബാധകൾ എന്നറിയപ്പെടുന്നു. കോവിഡ് -19 നെ സംബന്ധിച്ച് നമ്മൾ ഇന്ത്യയിൽ പൂർണ്ണമായ വാക്സിനേഷൻ നേടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു വ്യക്തി രണ്ടാമത്തെ ഡോസ് വാക്സിൻ കഴിഞ്ഞ് 2 ആഴ്ചകൾ പൂർത്തിയാക്കുന്നതാണ്.
പ്രതിരോധ കുത്തിവയ്പ്പിന്റെ ഒരു  രീതിയും 100% ഫലപ്രദമല്ല. അതിനാൽ, നമ്മുടെ ജനസംഖ്യയിൽ  പ്രതിരോധ കുത്തിവയ്പ്പ്  എടുക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ബ്രേക്ക്ത്രൂ അണുബാധകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. വിവിധ വാക്സിനുകളുമായി ബന്ധപ്പെട്ട ബ്രേക്ക്ത്രൂ അണുബാധകളുടെ ആദ്യകാല കണക്കുകൾ, വാക്സിനുകളുടെ മൂന്നാം ഘട്ടI ക്ലിനിക്കൽ ഡാറ്റയിൽ നിന്നാണ് വന്നത്. നിലവിൽ ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടതും വ്യാപകമായി ഉപയോഗിക്കുന്നതുമായ വാക്സിനുകളുടെ കാര്യത്തിൽ ഇത് 0.2% മുതൽ 0.77% വരെ ആണെന്നാണു വ്യത്യസ്ത പഠനങ്ങൾ കാണിക്കുന്നത്.. (Ella et al. 2021; Voysey et al. 2021)

ഇതിനർത്ഥം കോവിഡ് -19 വാക്സിനുകൾ ഫലപ്രദമല്ലെന്നാണോ?

ഇന്ത്യയിൽ ലഭ്യമായ വാക്സിനുകളുടെ സുരക്ഷിതത്വവും കാര്യക്ഷമതയും സംബന്ധിച്ച് വിപുലമായ പഠനങ്ങൾ നടന്നിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നടന്ന നിരവധി പഠനങ്ങൾ  ഈ പ്രതിരോധ കുത്തിവയ്പ്പുകൾ രോഗത്തിൻ്റെ കാഠിന്യവും മരണവും കാര്യമായി തടയുന്നതായി  കാണിക്കുന്നു.

ബ്രേക്ക്ത്രൂ അണുബാധകളെക്കുറിച്ച് ഞാൻ ആശങ്കപ്പെടേണ്ടതുണ്ടോ?

കുത്തിവയ്പ് എടുത്ത വ്യക്തികളിൽ ചെറിയൊരു വിഭാഗത്തിൽ മാത്രമാണ് ബ്രേക്ക്ത്രൂ അണുബാധ ഉണ്ടാകുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പുതിയ തരം അണുബാധകൾ നേരിയതോ മിതമായതോ ആയ ലക്ഷണങ്ങൾക്ക് കാരണമാകുന്നു എന്നാണ്. ഗുരുതരമായ രോഗാവസ്ഥയും മരണവും തടയുന്നതിൽ വാക്സിനുകൾ ഫലപ്രദമാണെന്ന വസ്തുതയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു.

ആദ്യകാല കോവിഡ് -19 ജീനോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് വാക്സിൻ. പുതിയ വകഭേദങ്ങളിൽ നിന്ന് ഇവ സംരക്ഷിക്കുമോ?

വൈറസുകൾ  തുടർച്ചയായി പരിവർത്തനം ചെയ്യുന്നു, അതിനാൽ SARS-CoV-2 ലെ വകഭേദങ്ങൾ സ്വാഭാവിക പരിണാമ പ്രക്രിയയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നു. നമ്മൾ മനുഷ്യരിൽ അണുബാധ തുടരുന്നിടത്തോളം കാലം മ്യൂട്ടേഷനുകൾ  നടക്കും. ഈ വകഭേദങ്ങളിൽ പലതും ചില ജനിതകമാറ്റങ്ങൾ മാത്രം ഉള്ളവയാണ്. ഇതിനർത്ഥം ഇത് വൈറസിനെയോ അതിന്റെ സവിശേഷതകളെയോ  വലിയ തോതിൽ മാറ്റില്ല എന്നാണ്. അതിനാൽ വകഭേദങ്ങൾ വാക്സിനുകളെ പൂർണ്ണമായും നിഷ്ഫലമാക്കുവാൻ സാധ്യത കുറവാണെന്ന് കരുതപ്പെടുന്നു. വകഭേദങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നിട്ടും, ഫലപ്രദമായ വാക്സിനേഷൻ ആശുപത്രി വാസവും മരണവും ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ ഇന്ത്യയിൽ നൽകുന്ന വാക്സിനുകളെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ ഡെൽറ്റ (B.1.617.2) ഉൾപ്പെടെ ഇന്ത്യയിൽ പുതുതായി കാണപ്പെടുന്ന  വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് കാണിക്കുന്നു. ഒരു ജനസംഖ്യയിൽ ധാരാളം ആളുകൾക്ക് വാക്സിനേഷൻ നൽകുമ്പോൾ, ഇത് സമൂഹത്തിലെ അണുബാധകളെ ഗണ്യമായി കുറയ്ക്കുകയും അതിനാൽ വൈറസ് കൂടുതൽ പരിവർത്തനം ചെയ്യാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

അതിനാൽ ഞാൻ വാക്സിൻ എടുക്കേണ്ടതുണ്ടോ?

  • വാക്സിൻ  ലഭ്യമെങ്കിൽ നിങ്ങൾ അത് തീർച്ചയായും എടുക്കുകയും നിർദ്ദേശിച്ച ഷെഡ്യൂൾ എത്രയും വേഗം പൂർത്തിയാക്കുകയും വേണം.
  • മറ്റു അസുഖങ്ങളുള്ള രോഗികളെപ്പോലെ ഉയർന്ന അപായസാധ്യതയുള്ള വ്യക്തികൾ വാക്സിനേഷൻ എടുക്കുന്നത്  രോഗം ഗുരുതരമാവുന്നത് തടയുകയും അതുമൂളമുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുകയും ചെയുന്നു..
  • പ്രതിരോധ കുത്തിവയ്പ് എടുത്താലും ഇരട്ട മാസ്കിംഗ്, ശാരീരിക അകലം പാലിക്കൽ തുടങ്ങിയ കരുതൽ നടപടികൾ തുടരണം. രോഗബാധിതരായ ആളുകളുമായി ഇടപഴകുന്നതിലൂടെ ഉണ്ടാകുന്ന അണുബാധകൾ തടയാൻ ഇതു പ്രധാനമാണ്.

ബ്രേക്ക്ത്രൂ അണുബാധകൾ എങ്ങനെ തടയാം?

  • വാക്സിൻ ഷെഡ്യൂൾ പൂർത്തിയാക്കിയ വ്യക്തികളുടെ ഒരു ചെറിയ വിഭാഗത്തിലാണ് ബ്രേക്ക്ത്രൂ അണുബാധ ഉണ്ടാകുന്നത്. അതിനാൽ  ഓരോരുത്തരും വാക്സിൻ ഷെഡ്യൂൾ പൂർത്തിയാക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, നിങ്ങൾക്ക് ചുറ്റുമുള്ള  കോവിഡ് അണുബാധകളുടെയും മരണങ്ങളുടെയും സാധ്യതയും നിങ്ങൾ തടയുന്നു, അതിനാൽ വൈറസിന്റെ പുതിയ വകഭേദങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
  • പൊതുജനാരോഗ്യ നടപടികൾ കഴിയുന്നത്ര കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. പ്രതിരോധ കുത്തിവയ്പ്പിന് ശേഷവും ഈ നടപടികൾ തുടരുന്നത് വൈറസിന്റെ വ്യാപനം തടയുന്നതിൽ  വലിയ പങ്കു വഹിക്കുന്നു.
  • അണുബാധകൾ ഉണ്ടാകുമ്പോൾ പുതിയ വകഭേദങ്ങളുടെ സാദ്ധ്യത ഉയർന്നുവരുന്നുവെന്ന്  എപ്പോഴും ഓർക്കണം. നിങ്ങൾ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിലൂടെ, നിങ്ങളിലും ചുറ്റുമുള്ളവരിലും അണുബാധയുടെ സാധ്യത കുറയ്ക്കുകയും അതുവഴി വൈറസുകളുടെ പരിണാമസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ട്രാൻസ്ജെൻഡർ വ്യക്തികളും ലിംഗമാറ്റ ശസ്ത്രക്രിയയും – അറിയേണ്ട വസ്തുതകൾ | ഡോ. ജിമ്മി മാത്യു
Next post ഏലിയൻ – ഭീഷണിയുമായി എത്തുന്ന അജ്ഞാത ജീവികൾ
Close