ഡോ. മുഹമ്മദ് ആസിഫ്. എം.
വീട്ടിൽ ഓമനകളായി വളർത്തുന്ന അരുമമൃഗങ്ങളിലൂടെയും പക്ഷികളിലൂടെയുമെല്ലാം കൊറോണ ( കോവിഡ് -19) പകരുമോ എന്നത് പലരുടെയും മനസ്സിലുള്ള സംശയങ്ങളിൽ ഒന്നാണ്.
ലോകാരോഗ്യസംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച (പാൻഡെമിക്) കോവിഡ് -19 രോഗത്തിനെതിരെ നാടാകെ ജാഗ്രതയിലാണ്. വീട്ടിൽ ഓമനകളായി വളർത്തുന്ന അരുമമൃഗങ്ങളിലൂടെയും പക്ഷികളിലൂടെയുമെല്ലാം കൊറോണ ( കോവിഡ് -19) പകരുമോ എന്നത് പലരുടെയും മനസ്സിലുള്ള സംശയങ്ങളിൽ ഒന്നാണ്. രോഗഭീതിയെ തുടർന്ന് ജനങ്ങൾ അവർ ഓമനകളായി വളർത്തിയ പൂച്ചകളെയും നായ്ക്കളെയുമെല്ലാം ഫ്ലാറ്റുകളിൽ നിന്നും മറ്റും റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊന്നതായും ഉപേക്ഷിച്ചതായും എന്നൊക്കെയുള്ള വാർത്തകൾ രോഗം പടർന്നു തുടങ്ങിയ നാളുകളിൽ ചൈനയിൽ നിന്നും പുറത്തുവന്നിരുന്നു. ഓമന മൃഗങ്ങളെയും മുഖാവരണങ്ങളൊക്കെ ധരിപ്പിച്ച് കൊണ്ടുപോവുന്ന ചിത്രങ്ങളും നമ്മൾ കണ്ടതാണ്.
ഇറച്ചിക്കോഴികളിലൂടെ കൊറോണ രോഗം പടരുമെന്ന വാട്ട്സാപ്പിലെ വ്യാജപ്രചരണം കാരണം ഇറച്ചിക്കോഴി വിപണിയിൽ ഇന്ത്യയൊട്ടാകെ മാന്ദ്യം നേരിടുന്ന ഒരു സാഹചര്യവും വന്നിട്ടുണ്ട്. കോഴിവിൽപ്പന നടക്കാതെ വന്നതോടെ കർണാടകയിലെ കോഴി കർഷകർ ആയിരക്കണക്കിന് കോഴികളെ കൂട്ടത്തോടെ മണ്ണിൽ കുഴിച്ചുമൂടി നശിപ്പിച്ച വാർത്തയും വീഡിയോയും പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
കോറോണയും വളർത്തുമൃഗങ്ങളും തമ്മിലെന്ത്?
പേര് സൂചിപ്പിക്കുന്നത് പോലെ നോവൽ കൊറോണ അഥവാ സാർസ് കോവ്- 2 പുതുതായി മാത്രം കണ്ടെത്തിയ ഒരു ഇനം വൈറസ് ആണെങ്കിലും മറ്റനേകം കൊറോണ വൈറസുകളെ നാളുകൾക്ക് മുൻപ് തന്നെ ശാസ്ത്രസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ മനുഷ്യരിൽ മാത്രം രോഗമുണ്ടാക്കുന്നതും മൃഗങ്ങളിൽ മാത്രം രോഗമുണ്ടാക്കുന്നതും പക്ഷികളിൽ രോഗമുണ്ടാക്കുന്നതും മനുഷ്യരിലും മൃഗങ്ങളിലും തമ്മിൽ (ജന്തുജന്യരോഗം – സൂണോടിക്ക് ) രോഗമുണ്ടാക്കുന്നതുമായ ഒട്ടനേകം വൈറസുകൾ ഉണ്ട്. നായ്ക്കളിൽ കൊറോണ രോഗം ഉണ്ടാക്കുന്ന ഒരിനം കൊറോണ വൈറസുകൾ നായ്ക്കളിൽ മാത്രം ഒതുങ്ങി രോഗം ഉണ്ടാക്കുന്ന വൈറസുകൾ ആണ്. വളർത്തുകോഴികളിൽ ഇൻഫെക്ഷ്യസ് ബ്രോങ്കൈറ്റിസ് രോഗത്തിന് കാരണമാവുന്ന പൗൾട്രി കൊറോണ വൈറസുകൾ കോഴികളിൽ മാത്രമാണ് രോഗമുണ്ടാക്കുന്നത്. പന്നികളിൽ പോർസൈൻ എപിഡെമിക് വയറിളക്കരോഗത്തിന് കാരണമാവുന്ന ഒരിനം കൊറോണ വൈറസുകൾ പന്നികളിൽ മാത്രം രോഗമുണ്ടാക്കുന്നവയാണ്.
എന്നാൽ ചൈനയിലെ വുഹാൻ നഗരത്തിൽ മുൻവർഷം അവസാനം കണ്ടെത്തിയ നോവൽ കൊറോണ/ സാർസ് കോവ്- 2 വൈറസുകൾ എവിടെ നിന്നാണ് മനുഷ്യരിലേക്ക് പടർന്നത് എന്നത് ഇന്നും പൂർണ്ണമായും സ്ഥിരീകരിക്കപ്പെട്ടില്ല. വൈറസുകൾ എത്തിയത് വവ്വാലിൽ നിന്നാണെന്നും പാമ്പുകളിൽ നിന്നാണെന്നും പാംഗോളിനുകളിൽ നിന്നാണെന്നുമെല്ലാം വാദഗതികൾ ഉണ്ട്. സാർസ് കോവ്- 2 വൈറസുകൾക്ക് പാമ്പുകളിൽ കാണപ്പെടുന്ന വൈറസുകളുടെ ജനിതക ഘടനയോടാണ് കൂടുതൽ സാമ്യം എന്ന നിരീക്ഷണവും ഉണ്ട്. പാമ്പുകളിൽ കാണപ്പെടുന്ന വൈറസുകളോടല്ല മറിച്ച് റൈനോലോഫസ് എന്ന് വിളിക്കപ്പെടുന്ന കുതിരലാടത്തിന്റെ മുഖമുള്ള ഒരിനം വവ്വാലിൽ സ്വാഭാവികമായി കാണപ്പെടുന്ന കൊറോണ വൈറസിനോടാണ് സാർസ് കോവ്- 2 ന് സാമ്യം എന്ന വാദവും പ്രബലമാണ്. വവ്വാലുകളിൽ നിന്നും വൈറസിന്റെ മധ്യവാഹകരായ വന്യമൃഗങ്ങളിലേക്ക് എത്തിയ കൊറോണ വൈറസുകൾക്ക് വലിയരീതിയുള്ള ജനിതകപരിവർത്തനം സംഭവിച്ചാണ് കോവിഡ് -19 വൈറസ് ഉണ്ടായതെന്നുമുള്ള നിഗമനങ്ങളും ഉണ്ട്.
കോവിഡ് -19 വൈറസുകൾ മനുഷ്യരിലേക്ക് എത്തിയതിന് പിന്നിൽ ഒന്നോ രണ്ടോ ജന്തു സ്രോതസ്സുകൾ ഉണ്ടാവുന്ന കാര്യം ഉറപ്പാണെങ്കിലും അത് ഏതെന്നു കണ്ടെത്താൻ ഇനിയും ആഴത്തിലുള്ള പഠനങ്ങൾ വേണ്ടിവരുമെന്ന് ലോക മൃഗരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ മനുഷ്യരിൽ നിന്നും മനുഷൃലേക്ക് മാത്രമാണ് കോവിഡ് -19 വ്യാപനമെന്നാണ് ലോക ആരോഗ്യ സംഘടനയടക്കം വിവിധ ആരോഗ്യ ഏജൻസികളുടെ നിരീക്ഷണം. വളർത്തുമൃഗങ്ങളോ പക്ഷികളോ രോഗവ്യാപനത്തിൽ ഏതെങ്കിലും തരത്തിലുള്ള പങ്ക് വഹിക്കുന്നതായുള്ള ശാസ്ത്രീയ റിപ്പോർട്ടുകൾ ഒന്നുമില്ല. മൃഗാരോഗ്യസംഘടനയുടെ മേൽനോട്ടത്തിൽ ചൈനയിലെ വെറ്ററിനറി വിഭാഗം ഇക്കഴിഞ്ഞ ഫെബ്രവരി വരെ പന്നി, നായ, പൂച്ച, കോഴി തുടങ്ങിയ മൃഗങ്ങളുടെയും പക്ഷികളുടെയും ശരീരസാമ്പിളുകൾ എടുത്ത് നടത്തിയ പരിശോധനയിലും കോവിഡ് – 19 / സാർസ് കോവ്- 2 വൈറസിന്റെ സാന്നിധ്യമോ മൃഗങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളോ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട് ചെയ്തത്.
ഹോങ്കോങിലെ പൊമറേനിയൻ നായയും കൊറോണയും
ഹോങ്കോങിൽ ഈയിടെ കോവിഡ് -19 ബാധിച്ച ഒരു വ്യക്തിയുടെ പൊമറേനിയൻ ഇനത്തിൽ പെട്ട വളർത്തുനായയിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ നിന്നും കോവിഡ് -19 വൈറസിനെ കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു . കോവിഡ് -19 ബാധിച്ച വ്യക്തിയിൽ നിന്നും അദ്ദേഹവുമായി വളരെ അടുത്തിടപഴകിയിരുന്ന നായക്കും വൈറസ് ബാധയേറ്റിരിക്കുമോ എന്ന സംശയത്തെ തുടർന്ന് നായയുടെ മൂക്കിൽ നിന്നും വായിൽ നിന്നും സാമ്പിളുകൾ എടുത്ത് നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത് . രണ്ട് തവണകളായി എടുത്ത് പരിശോധിച്ച സാമ്പിളുകളിലും കോവിഡ് രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും നായ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല . ഈ റിപ്പോർട്ട് ലോക മൃഗരോഗ്യ സംഘടന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് .
ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും ഈ സംഭവം കോവിഡ് ബാധയേറ്റവരിൽ നിന്നും അവരുമായി അടുത്തിടപഴകുന്ന ഓമനകളായി വളർത്തുന്ന സസ്തനികളിലേക്കും വൈറസ് വ്യാപിക്കാം എന്നതിന്റെ സൂചന നൽകുന്നുണ്ട്. വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും നായ്ക്കളിൽ കോവിഡ് രോഗമുണ്ടായതിനും അവയിൽ നിന്നും മനുഷൃരിലേക്ക് രോഗം പകർന്നതിനും ഇന്നേവരെ തെളിവുകൾ ഒന്നും തന്നെയില്ല .
എങ്കിലും കരുതൽ
കോവിഡ്-19 വൈറസുകൾ മൃഗങ്ങളിൽ രോഗമുണ്ടാക്കുമെന്നതിനും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരും എന്നതിനും സ്ഥിരീകരിക്കപ്പെട്ട തെളിവുകൾ ഒന്നുമില്ലെങ്കിൽ കൂടിയും ചില പൊതു നിർദേശങ്ങൾ ലോകാരോഗ്യസംഘടനയും മൃഗരോഗ്യസംഘടനയും മുന്നോട്ട് വെച്ചിട്ടുണ്ട്.
- വളർത്തുമൃഗങ്ങളുമായി ഇടപഴകുമ്പോൾ വ്യക്തി ശുചിത്വം പരമപ്രധാനം. വളർത്തുമൃഗങ്ങളുമായും മറ്റ് മൃഗങ്ങളുമായും അവയുടെ തീറ്റ വസ്തുക്കൾ, മറ്റുപകരണങ്ങൾ എന്നിവയുമായും ഏതെങ്കിലും തരത്തിലുള്ള സമ്പർക്കം ഉണ്ടാവുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകി വൃത്തിയാക്കുക. പാകം ചെയ്യാത്ത മാംസം, മുട്ട, പാൽ എന്നിവയുമായും സമ്പർക്കം ഉണ്ടായാൽ കൈകൾ ഇതേ രീതിയിൽ വൃത്തിയാക്കുക. മൃഗങ്ങളെ സ്പർശിച്ചത്തിന് ശേഷം വൃത്തിയാക്കുന്നതിന് മുൻപ് കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക.
- വളർത്തുമൃഗങ്ങളെ ചുംബിക്കുക, അവയെ നമ്മുടെ ശരീരത്തിൽ നക്കാനും മറ്റും അനുവദിക്കുക, ഓമനമൃഗങ്ങളുമായി ആഹാരം പങ്കുവെക്കുക തുടങ്ങിയ ശീലങ്ങൾ തീർച്ചയായും ഒഴിവാക്കണം.
- രോഗമുള്ളതും ചത്തതുമായ മൃഗങ്ങളെയും കേടായ ജന്തുജന്യഉല്പന്നങ്ങളും മതിയായ സുരക്ഷാ മുൻകരുതലുകൾ കൂടാതെ സ്പർശിക്കാതിരിക്കുക.
- തെരുവിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ, പൂച്ചകൾ, മറ്റ് മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. സംസർഗ്ഗം ഉണ്ടാവുന്ന സാഹചര്യങ്ങളിൽ കയ്യുറ, മാസ്ക്, തുടങ്ങിയ മതിയായ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കുക.
- കോവിഡ്-19 ബാധിച്ചവരും രോഗവുമായി ബന്ധപ്പെട്ട നിരീക്ഷണത്തിൽ കഴിയുന്നവരും തങ്ങളുടെ വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നത് പൂർണ്ണമായും ഒഴിവാക്കുക. ഓമനമൃഗങ്ങളുടെ പരിചരണം വീട്ടിലെ മറ്റാരെയെങ്കിലും ഏൽപ്പിക്കുക. കോവിഡ്-19 സ്ഥിരീകരിച്ച ഏതെങ്കിലും വ്യക്തികൾ ഏതെങ്കിലും മൃഗങ്ങളുമായി അടുത്ത് ഇടപഴകിയിട്ടുണ്ടെങ്കിൽ ആ വിവരം ബന്ധപ്പെട്ട ഉദ്യാഗസ്ഥരെ അറിയിക്കുക.