Read Time:9 Minute

എഴുതിയത്: Dr. Aswini R, Dr. Kiran Narayanan & Dr. Navajeevan N. Info Clinic

കൊറോണ ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ തടയാനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഹാൻഡ്‌ വാഷിംഗ്‌ അഥവാ കൈ കഴുകൽ. 

ഇഗ്നസ്‌ സെമ്മെൽവിസ് എന്ന ഡോക്ടർ ആണ് കൈകഴുകലിന്റെ പ്രാധാന്യം ആദ്യമായി മനസ്സിലാക്കിയത്. ക്ലോറിൻ വെള്ളം ഉപയോഗിച്ച് കൈകഴുകാൻ തുടങ്ങിയതോടെ അദ്ദേഹം ജോലി ചെയ്തു വന്ന ആശുപത്രിയിൽ പ്രസവശേഷം അമ്മമാർ മരിക്കുന്നത് കാര്യമായി കുറഞ്ഞതായി അദ്ദേഹം നിരീക്ഷിച്ചു.

അന്നും ഇന്നും, ഒരാളിൽ നിന്ന് മറ്റൊരാളിലേക്കു രോഗാണുക്കൾ പകരുന്നത് തടയാൻ ഇതിൽ പരം നല്ല ഒരു മാർഗം വേറെ ഇല്ല തന്നെ.. പ്രതിവർഷം മൂന്നര മില്യൺ ശിശു മരണങ്ങൾ ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യസംഘടന കണക്കാക്കിയിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുൻപും, മലമൂത്രവിസർജനത്തിനു ശേഷവും, വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുക എന്ന ശീലം കൊണ്ട് മാത്രം, പ്രതിരോധ കുത്തിവയ്പ്പ് കൊണ്ടും മറ്റു വൈദ്യ ഇടപെടലുകൾ കൊണ്ടും രക്ഷിക്കാവുന്നതിലും കൂടുതൽ കുട്ടികളെ രക്ഷപ്പെടുത്താമെന്നും, മേല്പറഞ്ഞതിൽ 50% ശിശുമരണങ്ങളും ഇല്ലാതാക്കാം എന്നും ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ശരിയായ കൈ കഴുകൽ സ്റ്റെപ്പുകൾ

ആവശ്യത്തിന് സോപ്പുപയോഗിച്ചു ഒഴുകുന്ന വെള്ളത്തിൽ അര മുതൽ ഒരു മിനിറ്റ് വരെ നീണ്ടു നിൽക്കണം കൈ കഴുകൽ …

കൈ കഴുകാൻ തുടങ്ങുന്നതിനു മുൻപായി കയ്യിൽ അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ, വാച്ച് എന്നിവ ഊരി മാറ്റണം. അതിനു ശേഷം, താഴെ പറയുന്ന സ്റ്റെപ്പുകൾ ഒന്നിന് പുറകെ ഒന്നായി പൂർത്തീകരിക്കണം…

ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് കൈ നനയ്ക്കുക, സോപ്പ് തേക്കുക. കൈ വെള്ളകൾ തമ്മിൽ തിരുമ്മുക

വലതു കൈപ്പത്തിയുടെ പുറം ഇടതു കൈവെള്ള കൊണ്ടു തിരുമ്മുക,
പിന്നെ ഇടതു കൈപ്പത്തിയുടെ പുറം വലതു കൈ വെള്ള കൊണ്ട് തിരുമ്മുക

കൈവെള്ളകൾ തമ്മിൽ വിരലുകൾ കോർത്ത്‌ തിരുമ്മുക

വിരലുകൾ മടക്കി കൈ പത്തികൾ തമ്മിൽ കൊളുത്തി പിടിച്ചു കൊണ്ട് വലതു കൈ വിരലുകളുടെ പുറം ഇടതു കൈവെള്ള കൊണ്ടും ഇടതു കൈ വിരലുകളുടെ പുറം വലതു കൈ വെള്ള കൊണ്ടും തിരുമ്മുക

വലതു തള്ളവിരൽ ഇടതു കൈവെള്ള കൊണ്ട് ചുറ്റി പിടിച്ച് ഉരസുക, പിന്നെ ഇടതു തള്ളവിരൽ വലതു കൈവെള്ള കൊണ്ട് ചുറ്റി പിടിച്ചു ഉരസുക

വലതു കൈവിരലുകളുടെ അഗ്രം ഇടതു കൈവെള്ളയിലും ഇടതു കൈവിരലുകളുടെ അഗ്രം വലതു കൈ വെള്ളയിലും ഉരസുക

വലതു കൈത്തണ്ട ഇടതു കൈ വെള്ള കൊണ്ടും വലതു കൈത്തണ്ട വലതു കൈ വെള്ള കൊണ്ടും തിരുമ്മുക

ഇത്രയും കാര്യങ്ങൾ കുറഞ്ഞത് അര മിനിറ്റ് എടുത്തു പൂർത്തിയാക്കണം, ഹാപ്പി ബർത്തഡേ ടു യൂ എന്ന പാട്ട് 2 പ്രാവശ്യം പാടുന്ന അത്രയും നേരം അല്ലെങ്കിൽ ഏകദേശം മുപ്പതു വരെ എണ്ണുന്ന നേരം എന്നും പറയാം…

ഇതിനു ശേഷവും നഖത്തിനടിയിൽ അഴുക്ക് നിലനിൽക്കുന്നു എങ്കിൽ ബ്രഷോ മറ്റൊ ഉപയോഗിച്ച് നീക്കം ചെയ്യാം.

നഖം നീട്ടി വളർത്തുന്നത് ഒഴിവാക്കണം.

കൈ കഴുകിയ ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ചു തുടക്കുകയോ എയർ ഡ്രൈ ചെയ്യുകയോ ആകാം.

 സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് പ്രായോഗികമല്ലാത്ത ഘട്ടങ്ങളിൽ മാത്രം , ഉദാഹരണത്തിന് യാത്രയ്ക്കിടെ, ശുദ്ധമായ വെള്ളവും ടൗവലും ലഭ്യമല്ലാത്ത ഇടങ്ങളിൽ, ഇതേ സ്റ്റെപ്പുകൾ ഒരു ഹാൻഡ്‌ സാനിറ്റൈസർ ഉപയോഗിച്ചു ചെയ്യാം, ഏറ്റവും ചുരുങ്ങിയത് 20 സെക്കന്റ്‌ ആണ് ഇങ്ങനെ കൈകൾ ശുചിയാക്കേണ്ടത്.

 നഗ്ന നേത്രങ്ങൾ കൊണ്ട് കാണാവുന്ന തരത്തിൽ അഴുക്ക് പുരണ്ട അവസ്ഥയിൽ സാനിറ്റൈസറുകൾ ഉപയോഗപ്പെടില്ല. അത്തരം അവസരങ്ങളിൽ സോപ്പും വെള്ളവും ഉപയോഗിച്ച് തന്നെ കൈകൾ കഴുകണം.

 രണ്ടു തരത്തിലുള്ള ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാണ് –
ആൽക്കഹോൾ അടങ്ങിയതും ആൽക്കഹോളിനു പകരം ട്രൈക്ളോസാൻ, ബെൻസാൽക്കോണിയം ക്ലോറൈഡ്, പോവിഡോൺ അയഡിൻ എന്നിവ അടങ്ങിയതും.

ബാക്റ്റീരിയകൾ, ഫംഗസുകൾ, വൈറസുകൾ എന്നിങ്ങനെ ഒരു കൂട്ടം രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കുവാനുള്ള കഴിവ് ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകൾക്ക് ഉണ്ട്. രോഗാണുക്കളുടെ പുറം ചട്ടയിലെ പ്രോട്ടീനുകളെ വിഘടിപ്പിച്ച് നശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. പക്ഷെ രോഗാണുക്കളുടെ സ്പോറുകൾക്കെതിരെ ഇവ ഫലപ്രദമല്ല.

 ലോകാരോഗ്യ സംഘടനയും, The American Centers for Disease Control and Prevention (CDC) യും നിർദ്ദേശിക്കുന്നത് കുറഞ്ഞത് 60 % എങ്കിലും ആൽക്കഹോൾ അടങ്ങിയിരിക്കുന്ന ഹാൻഡ് സാനിറ്റൈസറുകൾ മാത്രമേ രോഗപ്പകർച്ച തടയുന്നതിൽ ഫലപ്രദമാവുകയുള്ളൂ എന്നാണ്.

പല അളവിൽ ആൽക്കഹോൾ അടങ്ങിയവ മാർക്കറ്റിൽ ലഭ്യമാണ്. സുരക്ഷ ഉറപ്പു വരുത്താൻ നിങ്ങൾ വാങ്ങുന്ന ഹാൻഡ്‌ സാനിറ്റൈസറിൽ ഏറ്റവും കുറഞ്ഞത് 60% ആൽക്കഹോൾ അടങ്ങിയിട്ടുണ്ടാകണം.

ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ എങ്ങനെ ഉപയോഗിക്കണം ?

നോസിലിൽ അമർത്തുമ്പോൾ പുറത്തു വരുന്ന രീതിയിലുള്ള ഡിസ്പെന്സറുകളിൽ ആണ് സാനിറ്റൈസറുകൾ സാധാരണയായി ലഭ്യമാകുക. ഇരു കൈപ്പത്തികളിലും പുരളാൻ ആവശ്യമുള്ളത്ര സാനിറ്റൈസർ ഡിസ്പെന്സറിൽ നിന്നും ഒരു കൈയിലേക്ക് പകർന്നെടുക്കുക. ശേഷം മുകളിൽ വിശദീകരിച്ച അതേ സ്റ്റെപ്പുകൾ പിന്തുടരുക . അതിനു ശേഷം സാനിറ്റൈസർ കൈത്തലത്തിൽ പരിപൂർണ്ണമായി ഉണങ്ങുന്നതു വരെ കാത്തിരിക്കണം. അതിനു മുൻപ് അത് തുടച്ചു നീക്കിയാൽ ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല.

ഓർക്കുക…

ഹാൻഡ്‌ സാനിറ്റൈസർ ഒരിക്കലും സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ ശുചിയാക്കുന്നതിനു പകരമാവില്ല. അതിനാൽ തന്നെ ഹാൻഡ്‌ സാനിറ്റൈസർ കിട്ടാനില്ല എന്ന വേവലാതി വേണ്ട.

എപ്പോഴൊക്കെ കൈകൾ ശുചിയാക്കണം

പുറത്തു പോയി തിരികെ വീട്ടിലെത്തിയാലുടൻ

രോഗി /ആശുപത്രി സന്ദർശനത്തിനും രോഗീപരിചരണത്തിനും ശേഷം

ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും

ആഹാരം പാചകം ചെയ്യുന്നതിന് മുൻപ്

മലമൂത്രവിസർജനത്തിനു ശേഷം

മൃഗങ്ങളെ സ്പർശിച്ചതിനു ശേഷം

മുറിവുകളിൽ സ്പർശിക്കുന്നതിനു മുൻപും ശേഷവും

മാസ്ക് ധരിക്കുന്നതിന് മുൻപും, ഉപയോഗിച്ച മാസ്ക് ഊരി മാറ്റി വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിച്ച ശേഷവും

കൊറോണ പോലെയുള്ള പകർച്ച വ്യാധികൾ പകരുന്ന സാഹചര്യങ്ങളിൽ മേല്പറഞ്ഞ സാഹചര്യങ്ങൾ കൂടാതെ തന്നെ കൃത്യമായ ഇടവേളകളിൽ കൈകൾ ശുചിയാക്കണം. ശുചിയാക്കാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കുന്നത് അണുബാധയുണ്ടാകാൻ കാരണമാകും.

ചുരുക്കി പറഞ്ഞാൽ കൈകഴുകൽ ഒരു ചെറിയ കാര്യമല്ല. കൈ കഴുകാനായി നമ്മൾ ചിലവാക്കുന്ന കുറച്ചു നിമിഷങ്ങൾ നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യവും ജീവനും സംരക്ഷിക്കും.

 

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് 19 – വ്യാപനം മൂന്നാം ഘട്ടത്തിലേക്ക്: ജാഗ്രത പോര അതിജാഗ്രത വേണം
Next post COVID 19 – അറിയേണ്ടെതെല്ലാം
Close