ഡോ. മനോജ് വെള്ളനാട്
കണക്കുകൾ നോക്കിയാലറിയാം, ചൈനയ്ക്ക് വെളിയിൽ കൊവിഡ് 19 അതിൻ്റെ ഏറ്റവും മോശം സ്വഭാവം പുറത്തെടുക്കുന്നത് ഒരു പ്രദേശത്ത് പടരാൻ തുടങ്ങിയതിൻ്റെ മൂന്നാമത്തെ ആഴ്ച മുതലാണെന്ന്.
കണക്കുകൾ നോക്കിയാലറിയാം, ചൈനയ്ക്ക് വെളിയിൽ കൊവിഡ് 19 അതിൻ്റെ ഏറ്റവും മോശം സ്വഭാവം പുറത്തെടുക്കുന്നത് ഒരു പ്രദേശത്ത് പടരാൻ തുടങ്ങിയതിൻ്റെ മൂന്നാമത്തെ ആഴ്ച മുതലാണെന്ന്. ഫെബ്രുവരി 19-നാണ് ഇറാനിലെ ഖും പട്ടണത്തിൽ രണ്ട് കൊറോണ രോഗികളെ കണ്ടെത്തുന്നത്. വെറും മൂന്നാഴ്ചകൾക്കുള്ളിൽ അത് 8042 രോഗികളും 291 മരണങ്ങളും ആയി. ഇറ്റലിയിലെ മിലനിൽ ഫെബ്രുവരി 21-നാണ് ആദ്യ രോഗം സ്ഥിരീകരിച്ചത്. 3 ആഴ്ചകൊണ്ട് 10149 രോഗികളും 631 മരണങ്ങളും.
ഇപ്പോൾ അവിടുത്തെയും മറ്റിടങ്ങളിലെയും സ്ഥിതിയെന്താണെന്ന് നമുക്കറിയാം. രോഗം നിയന്ത്രിക്കാനവർ പെടാപ്പാട് പെടുകയാണ്. ഈ ചെറിയ ലിസ്റ്റ് നോക്കൂ,
(കണക്കുകള്‍ മാര്‍ച്ച് 20 വരെയുള്ളത് – തത്സമയ സ്ഥിതിവിവരം)
ലോകത്താകെ 2,22,424 രോഗികൾ. 9234 മരണം. ഇന്ത്യയിലിതുവരെ 177 രോഗികൾ. 4 മരണം.
ഇന്ത്യയും രോഗവ്യാപനത്തിൻ്റെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. നിർണായകമായ മൂന്നാം വാരം.
നമ്മൾ, യൂറോപ്പിനേക്കാളും അമേരിക്കയേക്കാളും ഇറാനേക്കാളും ആശങ്കയോടെ, അൽപ്പം ഭീതിയോടെ തന്നെ മുന്നോട്ട് പോകേണ്ട സമയമാണ്. അതിന് കാരണങ്ങൾ പലതാണ്.
1.നമ്മുടെ ജനസംഖ്യയും ജനസാന്ദ്രതയും.
(ജനസാന്ദ്രത -സ്ക്വയര്‍ കിലോമീറ്ററില്‍)
ലിസ്റ്റ് കണ്ടല്ലോ. മേൽപ്പറഞ്ഞ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിതിഗതികൾ എത്രമാത്രം ഗൗരവമേറിയതാണെന്ന് മനസിലാക്കാൻ ഒരു പ്രയാസവുമില്ല. ചെയിൻ ബ്രേക് ചെയ്യാൻ നമ്മൾ ഗൗരവത്തോടെ, കൃത്യമായ ധാരണയോടെ ഇടപെടണം.
2. നമ്മൾ സാമ്പത്തികമായും സാങ്കേതികമായും പിന്നിലാണ്.
മനുഷ്യവിഭവശേഷി ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുന്ന, സാങ്കേതിക വിദ്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ചൈന. ആ ചൈന പോലും കൊറോണയിൽ വിറങ്ങലിച്ചുപോയത് നമ്മൾ കണ്ടു. കൊവിഡ് ബാധിച്ച എല്ലാ രാജ്യങ്ങളുടെയും അവസ്ഥ ഇതു തന്നെ. ചിലപ്പോൾ കൊവിഡ് പോയിക്കഴിയുമ്പോൾ സമ്പത്തിൽ മുന്നിൽ നിന്ന പല രാജ്യങ്ങളും തന്നെ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്താം. ചിലർ നാമാവശേഷവുമാവാം.
കേരളത്തിൽ വലിയൊരു ശതമാനം ആൾക്കാർക്ക് രോഗം ബാധിച്ചാൽ നമ്മുടെ സ്ഥിതിയെന്താവുമെന്ന് ചിന്തിക്കാൻ തന്നെ പ്രയാസമാണ്. വഴിയരുകിലിരുന്ന് ചെരുപ്പ് തുന്നുന്ന മനുഷ്യനെ മുതൽ വിമാനക്കമ്പനി മുതലാളിമാരെ വരെ കൊവിഡ് സാമ്പത്തികമായി ഉലയ്ക്കും. ഉലച്ചുതുടങ്ങി. ഭക്ഷണം, വെള്ളം തുടങ്ങി സകലകാര്യങ്ങളെയും അത് ബാധിക്കും. വലിയ അസ്ഥിരതയിലേക്കും അരക്ഷിതാവസ്ഥയിലേക്കും നയിക്കാൻ അതുമതി.
3.ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത.
നമ്മുടെ നാട്ടിൽ, പ്രത്യേകിച്ച് കേരളത്തിൽ, ഏറ്റവും നൂതനമായ ചികിത്സാസൗകര്യം പോലും ലഭ്യമായിരിക്കും. അതുപക്ഷെ, മറ്റേതൊരു വികസിത രാജ്യത്തെയും പോലെ ജനസംഖ്യയുടെ ഒരു ചെറിയ ശതമാനത്തിന് രോഗം വന്നാൽ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ മാത്രമാണ്. അങ്ങനെയുള്ള ഒരിടത്ത്, വലിയൊരു വിഭാഗത്തിനെ ഒരുമിച്ച് രോഗം വന്നാൽ..? അമേരിക്കയും ഇറ്റലിയും മറ്റു പല രാജ്യങ്ങളും ഇതേ പ്രതിസന്ധിയിലാണിപ്പോൾ..
ആറുകോടി ജനസംഖ്യയും ജനസാന്ദ്രത 206-ഉം മാത്രമുള്ള ഇറ്റലിയിൽ 36000 രോഗികളുണ്ടായി. 3.5 കോടി ജനങ്ങൾ 860 എന്ന കണക്കിൽ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ വൈറസിനീ 36000 കടക്കാൻ വലിയ പ്രയാസമുണ്ടാവില്ല.
രോഗവ്യാപനം ഏതുവിധേനയും തടയേണ്ടത്, നമ്മളെ സംബന്ധിച്ച് എത്ര പ്രധാനമാണെന്ന് ആർക്കും ഊഹിക്കാവുന്നതാണ്.
പ്രിയപ്പെട്ടവരേ, രോഗവ്യാപനം തടയാനും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് താങ്ങാവാനും സർക്കാരിന് ചെയ്യാനാവുന്നത് സർക്കാരും, ആരോഗ്യ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും ചെയ്യാനാവുന്നത് അവരും ചെയ്യുന്നുണ്ട്. മതസംഘടനകൾ, രാഷ്ട്രീയ സാംസ്കാരിക സംഘങ്ങൾ ഒക്കെ വലിയരീതിയിൽ സഹകരിക്കുന്നുമുണ്ട്. ഉത്സവങ്ങളും പൊതുപരിപാടികളും മാറ്റിവച്ച് എല്ലാവരും ഒറ്റക്കെട്ടായി തന്നെ കൊവിഡിനെതിരേ ജാഗ്രതയോടെ നിൽക്കുന്നുണ്ട്.
എന്നാലും ചിലയിടങ്ങളിൽ പൊതുജനങ്ങളുടെ ജാഗ്രതയുടെ തോത് അൽപ്പം കുറഞ്ഞപോലുണ്ട്. പലയിടങ്ങളിലും സാധാരണ പോലെ ജനങ്ങൾ ഇടപെട്ടു തുടങ്ങിയതായി തോന്നി. രണ്ടു ദിവസം പുതിയ രോഗികളൊന്നും ഉണ്ടാവാത്തതിൻ്റെ റിലാക്സേഷനാണെങ്കിൽ, അതിനുള്ള സമയമായിട്ടില്ല., പരീക്ഷ നടത്തുന്ന കാര്യത്തിലും സർക്കാര്‍ ഇപ്പോഴത്തെ നിലപാട് മാറ്റേണ്ടിവരും.
കൊവിഡ് രോഗത്തെ പറ്റി വ്യക്തമായ ധാരണയും പ്രതിരോധിക്കാൻ ആവശ്യത്തിന് സമയവും ലഭിച്ച രാജ്യമെന്ന നിലയിൽ ഇന്ത്യയും നമ്മുടെ കേരളവും മേൽ സൂചിപ്പിച്ച മൂന്നാം ഘട്ടത്തിൻ്റെ ആ തീവ്രതയിലേക്ക് പോകാൻ പാടില്ലാത്തതാണ്. അങ്ങനെ തന്നെ പ്രത്യാശിക്കാം. പ്രത്യാശയ്ക്കൊപ്പം, അടുത്ത രണ്ടാഴ്ചക്കാലം നമ്മളെ സംബന്ധിച്ച് ഏറ്റവും നിർണായകമാണെന്ന ഉത്തമ ബോധ്യത്തോടെ ഓരോരുത്തരും പെരുമാറണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
