ഡോ. പ്രസാദ് അലക്‌സ്
ഓപണ്‍ സോര്‍സ് ഡ്രഗ് ഡിസ്‌കവറി
ലോകമാകെ മനുഷ്യന്റെ സാമൂഹ്യ സാമ്പത്തിക ജീവിതത്തെയും സംസ്കാരത്തെയും മാറ്റിമറിക്കാനിടയുള്ള വൻദുരന്തത്തിലൂടെയാണ് കടന്ന് പോകുന്നത്. അത്കൊണ്ട് തന്നെ കൊറോണവൈറസിന്റെ വേഷപ്പകർച്ചകളും ഭാവമാറ്റങ്ങളും പരിണാമഗതിവിഗതികളും ശാസ്ത്രലോകത്തിന് മുന്നിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നു.
കൊറോണ വൈറസ് ഒറ്റ സാധനമല്ല; വകഭേദങ്ങളനവധിയുണ്ട്, കൂടാതെ നിരന്തരം ഭാവം മാറാൻ കഴിവുള്ളവായുമാണ്. സാധാരണ ജലദോഷം മുതൽ മാരകരമായ അതികഠിന ശ്വാസകോശരോഗങ്ങൾ വരെയുള്ള അവതാരഭേദങ്ങളിലാണ് ഇവ മനുഷ്യന് വെല്ലുവിളിയാകുന്നത്. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട പുതുകൊറോണ വൈറസ് (Noval Corona Virus) ആക്രമണം, അഥവാ കോവിഡ്-19 (ഇപ്പോൾ SARS Cov-2) ലോകമാകെ പടർന്നിരിക്കുന്നു. ലോകാരോഗ്യസംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയിൽ ഏതാണ്ട് ശമിക്കുമ്പോഴേക്ക് യൂറോപ്പും ഇറാനും അമേരിക്കയും ഒക്കെ അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചിരിക്കുന്നു. ആരോഗ്യസംവിധാനങ്ങളും ആരോഗ്യപ്രവർത്തകരും, അനുദിനം പെരുകുന്ന രോഗികളെ കൈകാര്യം ചെയ്യാനാവാതെ നട്ടം തിരിയുന്നു. ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി വീഴുന്നു. വികസിത രാജ്യങ്ങളിൽ ജനജീവിതം നിശ്ചലമായി. മരണസംഖ്യ ഇതെഴുതുമ്പോൾ പന്ത്രണ്ടായിരവും രോഗബാധിതർ മൂന്ന് ലക്ഷത്തോളവുമെന്നാണ് WHO റിപ്പോർട്ട് പറയുന്നത്. പരിശോധനാഫലം വരേണ്ടവരും പരിശോധന നടക്കാനിരിക്കുന്നവരും വേറെ. ഇന്ത്യ വലിയ ദുരന്തത്തിന്റെ വക്കിലാണെന്നാണ് സൂചനകളെല്ലാം. രോഗബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നു. പരിശോധനകൾ വേണ്ട തോതിൽ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്നര വർഷം വരെ ലോകത്ത് ഈ മഹാമാരി തുടർന്നേക്കാമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ലോകമാകെ മനുഷ്യന്റെ സാമൂഹ്യ സാമ്പത്തിക ജീവിതത്തെയും സംസ്കാരത്തെയും മാറ്റിമറിക്കാനിടയുള്ള വൻദുരന്തത്തിലൂടെയാണ് കടന്ന് പോകുന്നത്. അത്കൊണ്ട് തന്നെ കൊറോണവൈറസിന്റെ വേഷപ്പകർച്ചകളും ഭാവമാറ്റങ്ങളും പരിണാമഗതിവിഗതികളും ശാസ്ത്രലോകത്തിന് മുന്നിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നു.
കൊറോണാകുടുംബത്തിലെ നവാഗതനെ 2019-നോവൽ കൊറോണ വൈറസ് (2019-nCoV) എന്നാണ് സൗകര്യപൂർവം ആദ്യം വിളിച്ചത്. പിന്നീട് COVID – 19 ഉം അവസാനം SARS COV-2 മായി. “കൊറോണ വൈറസ്” എന്നത് പലർക്കുംപുതിയ പദമായിരിക്കാം. എന്നാൽ ലോകമെമ്പാടും മിക്കമനുഷ്യർക്കും ഇവയുടെ അത്ര അപകടകാരിയല്ലാത്ത ചില രൂപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവും. മനുഷ്യനുണ്ടാവാറുള്ള ജലദോഷപ്പനിയുടെ അഞ്ചിലൊന്ന് കേസുകളിൽ കാരണം ഇവയുടെ ഇനങ്ങളാണ്. വേറേ ചില ഇനങ്ങൾ മൃഗങ്ങളിലെ പലരോഗങ്ങൾക്കും കാരണമാവുന്നുണ്ട്. മനുഷ്യനെ ബാധിക്കുന്ന ഇനങ്ങൾ അപകടകാരികളല്ലാതിരുന്നതിനാൽ രണ്ട് പതിറ്റാണ്ട് മുൻപ് വരെ കൊറോണ വൈറസ് രംഗത്ത് കാര്യമായ ഗവേഷണം ഒന്നും നടന്നിട്ടുണ്ടായിരുന്നില്ല. പക്ഷേ 2003- ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട സാർസ് രോഗം (SARS- Severe Acute Respiratory Syndrome)- കാര്യങ്ങൾ മാറ്റി. ഇതിന്റെ കാരണം ഒരിനം കൊറോണ വൈറസ്സാണെന്ന് ഗവേഷകർ കണ്ടെത്തി. അതോടെ ഈ മേഖലയിലെ ഗവേഷകർ ഇവയെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുക്കളായിത്തുടങ്ങി. മൃഗങ്ങളിൽ നിന്ന് കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയതാണ് രോഗകാരണമെന്ന് വ്യക്തമായി. സിവെറ്റ് പൂച്ചകളിൽ (മെരു അഥവാ വെരുക്) നിന്നാണ് മനുഷ്യരിലേക്ക് ഇതെത്തിയതെന്നാണ് ശക്തമായ അനുമാനം. ഇങ്ങനെ മൃഗങ്ങളിൽനിന്ന് രോഗകാരികൾ മനുഷ്യരിൽ എത്തുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളെ ‘സൂനോട്ടിക് ഡിസീസ് ‘, ‘സൂനോസിസ്’ എന്നൊക്കെയാണ് വിളിക്കുന്നത്. 2012- ൽ ഇതിന്റെ മറ്റൊരിനം ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എത്തിയപ്പോൾ മെർസ് (MERS- Middle East Respiratory Syndrome) എന്ന രോഗമാണ് ഉണ്ടായത്. ഇങ്ങനെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗകാരികളെത്തിയാലുള്ള അപകടസാധ്യത കൂടുതൽ വെളിവായി. MERS മൂലം അന്ന് സൗദി അറേബ്യയിൽ 858 പേരാണ് മരണമടഞ്ഞത്. രോഗബാധിതരിൽ ഏകദേശം 34 ശതമാനം പേർ. SARS, MERS, COVID-19 or SARS COV-2 എന്നിവ വവ്വാലുകളിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് ഗവേഷകർ പൊതുവേ കരുതുന്നു. SARS COV-2 എന്ന പുതുവൈറസ് ജനിതകവിശകലനം ചെയ്തു ജീന്‍ശ്രേണി വളരെ വേഗം കണ്ടെത്തി. ചൈനയിലെ ഒരു വവ്വാൽ സ്പീഷിസിൽ നിന്ന് മുമ്പ് തിരിച്ചറിഞ്ഞ കൊറോണ വൈറസുമായി 96 ശതമാനം ആർഎൻഎ പങ്കിടുന്നതായി മനസ്സിലായി. കൊറോണകുടുംബം ആർഎൻഎ ഇനത്തിൽപെടുന്ന വൈറസ്സാണ്. മനുഷ്യരിലേക്ക് എപ്പോൾ, എങ്ങനെ എത്തുന്നു, എങ്ങനെയൊക്കെ, എത്രത്തോളം കഠിനമായി രോഗത്തിനും പകർച്ചവ്യാധിക്കും കാരണമാവുന്നു ഗവേഷകരെ അലട്ടുന്ന ചോദ്യങ്ങളാണ്. മൂക്കൊലിപ്പ് മുതൽ അതികഠിന ശ്വാസരോഗത്തിന് വരെ കാരണമാവുന്ന ഇനങ്ങൾ തമ്മിൽ വ്യത്യാസമെന്താണ്? ആഗോളതലത്തിൽ ആരോഗ്യ ഭീഷണിയായി ഉയർന്നുവന്നത് മുതൽ, അത്തരം ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ഗവേഷകർ. ഈ അന്വേഷണം രോഗകാരികളുടെ ‘മോളിക്കുലാർബയോളജി’യിലേക്കാണ് എത്തുന്നത്. അത് കൃത്യമായും സൂക്ഷ്മമായും മനസ്സിലാക്കാനുള്ള പരിശ്രമത്തിലാണ് ഗവേഷക സംഘം.. തീർച്ചയായും അവിടെ നിന്ന് വാക്സിനിലേക്കും മരുന്നിലേക്കും.
കൊറോണ വൈറസിന്റെ ഘടന
കൊറോണ വൈറസിന്റെ ഘടനയില്‍ നാലുതരം പ്രോട്ടീനുകള്‍ ഉണ്ട്. ഇവ nucleocapsid, envelope, membrane, spike ഇവയാണ്. nucleocapsid ജനിതക വസ്‌തുവിനോട് ചേര്‍ന്ന് വരുന്ന ഇതിനെ പൊതിഞ്ഞ് ഒരു പന്തിന്റെ ആകൃതിയില്‍ envelop protein ഉം membrane proteinനും ഉണ്ട്. ഇതില്‍ നിന്ന് ഗദ പോലെയോ ദണ്ഡ് പോലെയോ നീണ്ടു നില്‍ക്കുന്നതാണ് സ്‌പൈക്ക് പ്രോട്ടീന്‍. അങ്ങനെ മൊത്തത്തില്‍ ഒരു കിരീടത്തിന്റെ ആകൃതി ഉള്ളത് കൊണ്ടാണ് ഇതിനെ കൊറോണ വൈറസ് എന്നു പറയുന്നത്. ഇങ്ങനെ പുറത്തേക്ക് ഉന്തി നില്‍ക്കുന്ന സ്‌പൈക്കുകള്‍ ആണ് ആതിഥേയ കോശങ്ങളിലെ റിസപ്‌റററുകളില്‍ ബന്ധിക്കാന്‍ വൈറസിന് പ്രാപ്‌തി നല്‍കുന്നത്. അപ്പോള്‍ ഈ സ്‌പൈക്കുകള്‍ ആണ് ഏതൊക്കെ സ്‌പീഷീസുകളില്‍ ഏതൊക്കെ തരം കോശങ്ങളില്‍ വൈറസിന് സ്വയം ബന്ധിക്കാന്‍ കഴിയുമെന്ന് തീരുമാനിക്കുന്നത്.
കൊറോണ വൈറസ് എങ്ങനെയാണ് നമ്മുടെ ശരീരത്തെ ബാധിക്കുന്നത് ?
സാധാരണ ജലദോഷവും കടുത്ത ശ്വാസകോശരോഗങ്ങളും ഉണ്ടാക്കുന്ന കൊറോണ വൈറസുകള്‍ തമ്മിലുള്ള വ്യത്യാസം അവ ഏത് കോശങ്ങളെ ബാധിക്കുന്നു എന്നുള്ളതാണ്. സാധാരണ ജലദോഷം ഉണ്ടാക്കുന്നവ ശ്വാസനാളിയുടെ മുകള്‍ ഭാഗത്തെ, അതായത് നാസികയിലെയും തൊണ്ടയിലെയും കോശങ്ങളെയാണ് ബാധിക്കുന്നത്. കടുത്ത രോഗം ഉണ്ടാക്കുന്നവ ശ്വസനാളിയുടെ താഴെയുള്ള ഭാഗങ്ങളെ, അതായത് ശ്വാസകോശത്തെ ആണ് ബാധിക്കുന്നത്. ഇത് ന്യൂമോണിയ രോഗം ഉണ്ടാക്കുന്നു. സാര്‍സ് വൈറസ് ACE2, മെര്‍സ് വൈറസ് DPP4 എന്നി റിസപ്‌റററുകളില്‍ ആണ് ബന്ധിക്കപ്പെടുന്നത് . കോശപ്രതലത്തില്‍ പ്രത്യേകതരം പ്രോട്ടീനുകളാല്‍ നിര്‍മിതമായ രസഘടനയാണ് റിസപ്‌ററര്‍ എന്നറിയപ്പെടുന്നത്. രാസസന്ദേശങ്ങള്‍ സ്വീകരിക്കയും കൈമാറുകയുമാണ് പ്രധാനധര്‍മം. മുന്‍പറഞ്ഞ രണ്ട് റിസപ്‌റററുകള്‍ പ്രധനമായും ശ്വാസകോശങ്ങളില്‍ കാണപ്പെടുന്നു. മററു ചില അവയവങ്ങളിലും ഉണ്ട്. ഇവ ഏതൊക്കെ കലകളിലും അവയവങ്ങളിലും ആണ് വിന്യസിച്ചിരിക്കുന്നത് എന്നത് രണ്ട് രോഗങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തിന് കാരണമാകും. മെര്‍സ് രോഗം സാര്‍സിനേക്കാള്‍ അപകടകാരിയാണ്. കൂടാതെ അന്നനാളത്തെ കൂടുതലായി ബാധിക്കുകയും ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നൂ. പകരുന്ന തോത് മെര്‍സ് രോഗത്തിന് സാര്‍സ് രോഗത്തേക്കാള്‍ കുറവാണ്. പ്രസ്‌തുത വ്യത്യാസങ്ങള്‍ക്ക് റിസപ്‌റററുകളുടെ സവിശേഷതകളാവും കാരണം . DPP4 കൂടുതലായി ഉള്ളത് തരതമ്യേനെ ആഴത്തിലും ഉള്ളിലും കാണുന്ന ഉപശ്വാസനാളികളിലാണ്. ഇവ രോഗകാരികളെ പുറന്തള്ളാന്‍ കൂടുതല്‍ ശേഷിയുള്ളതാണ്. അതുകൊണ്ട് ഉള്ളിലേക്ക് വരുന്ന വൈറസുകളുടെ സാന്ദ്രത അഥവാ എണ്ണം പിരിധിയിലധികം വരുമ്പോള്‍ മാത്രമേ രോഗബാധയുണ്ടാവുകയുള്ളൂ. നീണ്ടുനില്‍ക്കുന്ന കടുത്ത എക്‌സ് പോഷര്‍ ഉണ്ടാവുമ്പോഴേ രോഗം ബാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ഒട്ടകങ്ങളുമായി അടുത്ത് വര്‍ത്തിക്കുന്നവരില്‍ രോഗം ഉണ്ടാവുന്നത്.
ACE2 ശ്വാസനാളിയുടെ മുകള്‍ ഭാഗങ്ങളില്‍, വിശേഷിച്ച് നാസികയിലും തൊണ്ടയിലുമാണ് അധികമായി കാണുന്നത്. ഈ ഭാഗങ്ങളിലൂടെ വൈറസുകള്‍ക്ക് വേഗം കടന്ന് വരാനും തിരികെ പോകാനുമാവും. ഇവിടെ പെരുകാന്‍ കഴിയുന്ന വൈറസുകള്‍ക്ക് വേഗം പടര്‍ന്ന് പിടിക്കാന്‍ കഴിയും. അതുപൊലെ തന്നെ വൈറസുകള്‍ പെരുകുന്ന താപനിലയില്‍ വ്യത്യാസമുണ്ട്. ശ്വാസനാളിയുടെ മുകള്‍ ഭാഗത്ത് താപനില കുറവായിരിക്കും. ഈ താപനിലയില്‍ സ്ഥിതിചെയ്യാന്‍ കഴിയുന്ന വൈറസുകള്‍ക്ക് താഴേയ്ക്കെത്താന്‍ സാധ്യത കുറവാണ്. അതുപോലെ തന്നെ ശ്വാസനാളിയുടെ താഴെയുള്ള ഭാഗങ്ങളുടെ പ്രതിരോധ വ്യവസ്ഥയും ജൈവരാസവ്യവസ്ഥയും വൈറസുകള്‍ക്ക് പൊതുവേ സഹായകരമല്ല. പുതിയ കൊറോണ വൈറസിന്റെ വിശകലനത്തില്‍ മനസ്സിലാകുന്നത് ഇത് സാര്‍സ് രോഗത്തില്‍ എന്ന പോലെ ACE 2 റിസപ്‌റററില്‍ ആണ് ബന്ധിക്കുന്നത്. ഇത് കൊണ്ടാവാം ഇത് മെര്‍സ് പോലെ അത്ര മരണകാരിയല്ലാത്തത്. ഇപ്പോഴത്തെ കണക്കുകള്‍ അനുസരിച്ച് പുതിയ കൊറോണ വൈറസ് ബാധയുടെ മരണനിരക്ക് രണ്ട് ശതമാനത്തോളമാണ്. രോഗം കൂടൂതല്‍ വ്യാപിച്ചാല്‍ ഈ കണക്കുകളില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാവാം.
പക്ഷേ ഒരേ റിസപ്‌റററുകളെ ബാധിക്കുന്ന വ്യത്യസ്‌തരോഗങ്ങള്‍ ഫലത്തില്‍ വളരെ വ്യത്യസ്‌തമാകാം. ഇത് കാര്യങ്ങള്‍ വളരെ സങ്കീര്‍ണ്ണമാക്കും. ഉദാഹരണമായി AL63 എന്നറിയപ്പെടുന്ന ഒരു കൊറോണ വൈറസ് ശ്വാസനാളിയുടെ മുകള്‍ ഭാഗങ്ങളില്‍ മാത്രം ബാധിക്കുന്നു. പക്ഷേ ഇതേ റിസപ്‌ററര്‍ ഉപയോഗിക്കുന്ന സാര്‍സ് ശ്വാസനാളിയുടെ താഴ്‌ന്ന ഭാഗത്തേയാണ് ബാധിക്കുന്നത്. എന്ത്‌കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. മറെറാരു കൗതുകകരമായ കാര്യം ACE2 റിസപ്റ്ററുകള്‍ ഹൃദയകോശങ്ങളിലും ഉണ്ട് എന്നതാണ്. പക്ഷേ സാര്‍സ് രോഗം ഹൃദയത്തെ ബാധിക്കുന്നില്ല. ഇത് വ്യക്തമാക്കുന്നത് മറ്റ് റിസപ്‌റററുകളും സഹറിസപ്‌റററും വൈറസ് ബാധയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ്. ഒരു വൈറസ് ഏതെങ്കിലും ഒരു റിസപ്‌റററിനോട് ബന്ധിപ്പിക്കുന്നത് കോശത്തിന്റെ ഉള്ളിലേക്ക് കടക്കുന്ന ഒന്നാമത്തെപ്പടി മാത്രമാണ്. ഇതങ്ങനെ ബന്ധിപ്പിക്കപ്പെട്ടതിന് ശേഷം കോശവും വൈറസും ചേര്‍ന്ന് പലരൂപമാററവും ഉണ്ടാവാം. കോശത്തിന്‍റെ ഉള്ളിലെ വൈറസ്‌പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാകണമെങ്കില്‍ ഒരു പ്രധാന റിസപ്‌ററര്‍ മാത്രമല്ല മററുചില റിസപ്‌റററുകള്‍ കൂടി ഇതില്‍ പങ്ക് വഹിക്കുന്നുണ്ടാവും.
മനുഷ്യന്റെ പ്രതിരോധ വ്യവസ്ഥ പ്രതികരിക്കുന്നത് അതിക്രമിച്ചു കടന്ന ആക്രമണകാരികളെ ഒഴിവാക്കാന്‍ വേണ്ടിയാണ്. പക്ഷേ വൈറസുകള്‍ക്ക് ഇതിനെ അതിജീവിക്കാനുള്ള പല പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ കഴിയും. ഈ സവിശേഷസ്വഭാവത്തിലുള്ള വൈവിധ്യങ്ങള്‍ കൊറൊണ വൈറസിന്റെ വ്യത്യസ്‌ത ഇനങ്ങളില്‍ കാണാം. കൊറോണ വൈറസുകള്‍ വളരെ അടുത്ത സാമ്യമുള്ളവയാണ് പക്ഷേ ഇവയുടെ എല്ലാം അനുബന്ധ പ്രോട്ടീനുകളും വ്യത്യസ്‌തമാണ്. ആതിഥേയ കോശത്തിലെ പ്രതിരോധ പ്രതികരണത്തിന്റെ വ്യത്യസ്‌ത വശങ്ങള്‍ തടയാന്‍ പാകത്തില്‍ പരിണമിച്ച് ഉണ്ടായവയാണ് ഈ അനുബന്ധപ്രോട്ടീനുകള്‍.
വവ്വാലുകളും വൈറസും
വവ്വാലുകളില്‍ കൊറൊണ വൈറസുകള്‍ അവയ്‌ക്ക് വലിയ കുഴപ്പം കൂടാതെ അധിവസിക്കുന്നു. പല ഗവേഷകരും കരുതുന്നത് മനുഷ്യരിലുള്ള രീതിയില്‍ വളരെ കടുത്ത പ്രതിരോധ പ്രതികരണം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുതെന്നാണ്. മനുഷ്യന്റെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന പല സിഗ്നല്‍ തന്‍മാത്രകളും വവ്വാലില്‍ കാണപ്പെടുന്നില്ല. അല്ലെങ്കില്‍ അവയുടെ ആവിഷ്‌കരണം തടസ്സപ്പെട്ടിരിക്കുന്നു. അപ്പോള്‍ ഈ വവ്വാലുകള്‍ വൈറസുകളോട് വലിയ തോതില്‍പ്രതിപ്രവര്‍ത്തിക്കുന്നില്ല. പക്ഷേ താഴ്‌ന്ന തലത്തിലുള്ള സ്ഥിരമായ പ്രതികരണം നിലനിര്‍ത്തുന്നു. ഇത് വൈറസിന്റെ വിവിധ രീതിയിലുള്ള പരിണാമത്തിന് കാരണമാകുന്നു. കോശങ്ങളില്‍ സ്ഥിരമായി ഇന്റര്‍ഫെറോണുകള്‍ ഉല്‍പാദിക്കപ്പെടുന്നു. അതുകൊണ്ട് അവയെ മറികടക്കാന്‍ കഴിവുള്ള വൈറസുകള്‍ ക്രമേണ പരിണമിച്ച് ഉണ്ടാവാന്‍ സാധ്യതയുണ്ട്. വൈറസുകളുടെ നിര്‍ദ്ധാരണത്തിലുള്ള (selection) ഏററവും അനുയോജ്യരായ വാഹകരായി വവ്വാലുകള്‍ മാറുന്നു.
അനുബന്ധ പ്രോട്ടീനുകള്‍
അനുബന്ധ പ്രോട്ടീനുകളെ കുറിച്ച് പൂര്‍ണ്ണമായും വിശകലനം നടത്താന്‍ ആയിട്ടില്ല. ചില അനുബന്ധ പ്രോട്ടീനുകള്‍ വൈറസുകളില്‍ നിന്ന് നീക്കം ചെയ്‌താലും അവയ്‌ക്ക് സാധാരണപോലെ പെരുകാന്‍ കഴിയും. പ്രതിരോധ പ്രതികരണത്തെ തോല്‍പ്പിക്കാന്‍ ഉതകുന്ന അനുബന്ധ പ്രോട്ടീനുകളെ നീക്കം ചെയ്‌താല്‍ വൈറസുകള്‍ നശിച്ച് പോകേണ്ടതാണ്. എല്ലായ്‌പ്പോഴും അങ്ങനെ സംഭവിച്ചുകൊള്ളണമെന്നില്ല. ചില ഗവേഷകര്‍ കരുതുന്നത്, അനുബന്ധ പ്രോട്ടീനുകള്‍ രോഗം തീവ്രമാക്കുന്നതിന് പങ്ക് വഹിക്കുന്നതാണ് കാരണമെന്നാണ്. സാര്‍സ് വൈറസുകളില്‍ ഇത്തരം പഠനം നടത്തിയിട്ടുണ്ട്. ചില അനുബന്ധ പ്രോട്ടീനുകള്‍ നീക്കം ചെയ്‌തിട്ടും വൈറസുകള്‍ പെരുകാനുള്ള ശേഷി കാര്യമായി ബാധിച്ചില്ല. പക്ഷേ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിൽ കാര്യമായ കുറവ് ഉണ്ടായി. അതായത് വൈറസുകള്‍ക്ക് പെരുകാന്‍ കഴിഞ്ഞിരുന്നു എങ്കിലും അത്ര ഉപദ്രവങ്ങള്‍ ഉണ്ടായിരുന്നില്ല.
ജനിതക വ്യതിയാനങ്ങള്‍ തിരുത്താനുള്ള ചില മെക്കാനിസം കൊറോണാ വൈറസുകള്‍ക്ക് ഉണ്ട്. പക്ഷേ ജിനോമിലെ ചില ഭാഗങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നില്ല. തല്‍ഫലമായി രണ്ട് സെക്ഷനുകള്‍ നിരന്തരമായി ജനിതക വ്യതിയാനത്തിന് വിധേയമാകുന്നു. സ്‌പൈക്ക് പ്രോട്ടീനുകളും അനുബന്ധ പ്രോട്ടീനുകളും നിര്‍മ്മിക്കാനുള്ള കോഡ് വഹിക്കുന്ന ഭാഗങ്ങള്‍ ആണ്. ഈ രണ്ടിടങ്ങളിലും തെററുകള്‍ അഥവ വ്യതിയാനങ്ങള്‍ അനുവദിക്കപ്പെടുന്നു. ഈ വ്യതിയാനങ്ങള്‍ ആണ് കൊറോണ വൈറസിന്റെ പരിണാമത്തെ നിര്‍ണ്ണയിക്കുന്നത്. അങ്ങനെ അവ പുതിയ റിസപ്‌റററുകളില്‍ ബന്ധിക്കാനും പ്രതിരോധ പ്രതികരണത്തില്‍ നിന്ന് രക്ഷപ്പെടാനും പ്രാപ്‌തമാകുന്നു. അങ്ങിനെയാണ് കൊറോണ വൈറസുകള്‍ ഒരു സ്‌പീഷീസില്‍ നിന്ന് മറെറാന്നിലേക്ക് കടന്ന് കയറുന്നത്.
കൊറോണക്കെതിരെയുള്ള പുതിയ ഗവേഷണങ്ങള്‍
ഇപ്പോള്‍ റഷ്യന്‍ ശാസ്‌ത്രഞ്‌ജര്‍ SARS COV-2 ന്റെ ആര്‍ എന്‍ എ ജനിതകശ്രേണി ഡീകോഡ് ചെയ്‌തതായും, അമേരിക്കയില്‍ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ അരംഭിച്ചതായും വാര്‍ത്തകള്‍ വന്നു. സ്‌പൈക് പ്രോട്ടീന്‍ കോഡ് ചെയ്യുന്ന ആര്‍ എന്‍ എ അടിസ്ഥനമാക്കിയാണ് വാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്. ഇന്‍ വിവോ അഥവാ മൃഗങ്ങളിലെ പരീക്ഷണമെന്ന അംഗീകൃത പ്രോട്ടോക്കോള്‍ അടിയന്തര സഹചര്യം പ്രമാണിച്ച് മറികടന്നാണ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ചൈനയിലും ഇസ്രായേലിലും വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ്സിന്റെ സാന്നിദ്ധ്യം വളരെ വേഗം പരിശോധിക്കനുള്ള കിററ് ബംഗ്ലാദേശില്‍ വികസിപ്പിച്ചതായും വാര്‍ത്തകളുണ്ട്.
അധികവായനയ്ക്ക്
- Becker MM, et al. Synthetic recombinant bat SARS-like coronavirus is infectious in cultured cells and in mice. Proceedings of the National Academy of Sciences of the United States of America. 2008;105:19944–19949. doi: 10.1073/pnas.0808116105. [PMC free article] [PubMed] [CrossRef] [Google Scholar]
- Peiris JS, Guan Y, Yuen KY. Severe acute respiratory syndrome. Nature medicine. 2004;10:S88–97. doi: 10.1038/nm1143. [PubMed] [CrossRef] [Google Scholar]
- Al-Tawfiq JA, et al. Surveillance for emerging respiratory viruses. The Lancet Infectious diseases. 2014;14:992–1000. doi: 10.1016/S1473-3099(14)70840-0. [PubMed] [CrossRef] [Google Scholar]
- Vineet D. Menachery, Boyd L. Yount, Jr, […], and Ralph S. Baric – SARS-like cluster of circulating bat coronavirus pose threat for human emergence
- Karen Weintraub, Epidemiologist Veteran of SARS and MERS Shares Coronavirus Insights after China Trip, Scientific American, February 12, 2020