Read Time:19 Minute

അസർബൈജാൻ തലസ്ഥാനമായ ബകുവിൽ 2024 നവംബർ 11 ന് ആരംഭിച്ച കാലാവസ്ഥാ ഉച്ചകോടി നവംബർ 22 വെള്ളിയാഴ്ച സമാപിച്ചു.

പന്ത്രണ്ട് ദിവസങ്ങളിലായി നടന്ന ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനം ആഗോള തലത്തിൽ സൃഷ്ടിക്കുന്ന കെടുതികൾ സംബന്ധിച്ചും അവ ഏതെല്ലാം വിധത്തിൽ വിവിധ ജനവിഭാഗങ്ങളെ ബാധിക്കുന്നു എന്നതു സംബന്ധിച്ചുമുള്ള ചർച്ചകൾ നടന്നു. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായ ആഗോള താപനത്തെ നിയന്ത്രിക്കാൻ നേരത്തെ കൈക്കൊണ്ട നടപടികളുടെ പുരോഗതിയുടെ വിലയിരുത്തലുകളുമുൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചക്ക് വിധേയമാക്കപ്പെട്ടു. നവംബർ 11 ന് യു.എൻ. കാലാവസ്ഥാവ്യതിയാന വിഭാഗം എക്സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്റ്റീൽ ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രങ്ങളുടെ പ്രതിനിധികളെ അഭിസംബോധന ചെയ്തു. കാലാവസ്ഥാ പ്രതിസന്ധിയുടെ പരിഹാരത്തിന് ആവശ്യമായ ക്രിയാത്മക നടപടികൾക്ക് രൂപം നൽകി ആഗോള താപനത്തെ 1.5° C യിൽ പരിമിതപ്പെടുത്താനുള്ള മുൻതീരുമാനം കൈവിട്ടുപോകില്ലെന്നുറപ്പാക്കാൻ ആഗോള തലത്തിലുള്ള സഹകരണമുണ്ടാവണമെന്ന അഭ്യർത്ഥനയും നടത്തി.

കാലാവസ്ഥാഉച്ചകോടിയുടെ ആതിഥേയത്വം വഹിച്ചു കൊണ്ട് അധ്യക്ഷപദവി അലങ്കരിക്കുന്നത് വലിയ തോതിൽ ഫോസിൽ ഇന്ധനഖനനം നടത്തുന്ന അസർബൈജാനാണെന്നത് എറെ പ്രതിഷേധങ്ങൾക്കിടനൽകുകയും ഇതുമൂലം പല രാഷ്ട്രത്തലവന്മാരും ഗ്രെറ്റാ തുംബർഗിനെപ്പോലെയുള്ള യുവക്ലൈമറ്റ് ആക്റ്റിവിസ്റ്റുകളും ഉച്ചകോടിയിൽ നിന്നു വിട്ടു നിൽക്കുന്ന അവസ്ഥയുമുണ്ടായി. യുദ്ധത്തിന്റെ അന്തരീക്ഷവു കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ശാസ്ത്രം തന്നെ തള്ളിപ്പറഞ്ഞ് പാരീസ് ഉടമ്പടിയിൽ നിന്ന് വിട്ടുനിന്ന റൊണാൾഡ് ട്രംമ്പ് വീണ്ടും അമേരിക്കയുടെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതും ഉച്ചകോടി സംബന്ധിച്ച പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുന്ന ഒരു സാഹചര്യവും സംജാതമാക്കി.

കാലാവസ്ഥാ പ്രതിസന്ധി തരണം ചെയ്യാനുള്ള സാമ്പത്തിക കാര്യങ്ങൾക്ക് പ്രാധാന്യമുള്ള ഒരു ഉച്ചകോടി എന്ന നിലയിലാണ് COP 29 വിഭാവനം ചെയ്യപ്പെട്ടത്. കാലാവസ്ഥാവ്യതിയാനത്തെ നേരിടാനാവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ദുരന്ത സാഹചര്യങ്ങളോടൊപ്പം ജീവിക്കാനാവശ്യമായ ക്രമീകരണങ്ങൾക്കും വേണ്ടിവരുന്ന ധനസമാഹരണത്തെ കേന്ദ്രീകരിച്ചായിരുന്നു ഉച്ചകോടിയിൽ പ്രധാനമായും ചർച്ചകൾ നടന്നത്.

കാലാവസ്ഥാവ്യതിയാനത്തിന്റെ വേഗത വർധിക്കുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രറിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ നടന്ന ഉച്ചകോടിയിൽ മൂലധന താല്പര്യങ്ങളുടെയും ഫോസിൽ ഇന്ധന ലോബികളുടെയും പ്രതിനിധികളും ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ദരിദ്ര ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടി നിലക്കൊള്ളുന്നവരും തമ്മിലുള്ള രാഷ്ട്രീയ സംഘർഷമാണ് പ്രകടിതമായത്.

എല്ലാ വർഷവും കാലാവസ്ഥാ ഉച്ചകോടിക്കു മുൻപെ ഐക്യരാഷ്ട്രസഭയുടെ പാരിസ്ഥിതിക പരിപാടിയുടെ (UNEP) ആഭിമുഖ്യത്തിൽ ഒരു എമിഷൻ ഗ്യാപ്പ് റിപ്പോർട്ട് തയാറാക്കി പ്രസിദ്ധീകരിക്കുക പതിവുണ്ട്.

പാരീസ് ഉടമ്പടിയിലെ സുപ്രധാനമായ തീരുമാനമായിരുന്നു വ്യവസായ വിപ്ലവ പൂർവകാലത്തെ ശരാശരി ആഗോള താപനത്തെ അപേക്ഷിച്ച് ഭാവിയില ശരാശരി ആഗോളതാപനം 1.5°C ൽ വർധിക്കില്ല എന്നുറപ്പാക്കൽ. ഇതു സാധ്യമാകത്തക്കവിധം ഹരിതഗൃഹവാതകങ്ങളുടെ ഉത്സർജനത്തിൻ്റെ അളവ് പരിമിതപ്പെടുത്താൻ പാരീസ് ഉടമ്പടിയിൽ ഒപ്പു വെച്ച രാഷ്ട്രങ്ങൾ ബാധ്യസ്ഥരാണ്. ഈ തീരുമാനം ഫലവത്താകാൻ സഹായകമായ വിധത്തിൽ ഓരോ രാഷ്ട്രവും അവരുടെ ഹരിതഗൃഹവാതക ഉത്സർജനത്തെ കുറച്ചു കൊണ്ടുവരുവാൻ അവർ സ്വയം കൈക്കൊള്ളുന്ന നടപടികളും അവയുടെ സമയപരിധിയും പ്രഖ്യാപിക്കണം. ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളെ അതാത് രാഷ്ട്രങ്ങൾ ഉടമ്പടി തീരുമാനങ്ങൾ വിജയത്തിലെത്തിക്കാൻ നൽകുന്ന സംഭാവനകൾ ( Nationally Determined Contribution – NDC ) എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇതുവരെയുള്ള രാഷ്ട്രങ്ങളുടെ പ്രസാഖ്യാപനങ്ങളുടെ ആകത്തുകയും 1.5°C എന്ന ലക്ഷ്യം കൈവരിക്കാൻ നിയന്ത്രിച്ചു നിർത്തേണ്ടുന്ന ഉത്സർജനത്തിൻ്റെ അളവും തമ്മിലുള്ള വിടവിനെയാണ് എമിഷൻ ഗ്യാപ്പ് എന്നു വിശേഷിപ്പിക്കുന്നത്.

” ദയവായി ഇനി അല്പം പോലും താപവായു സൃഷ്ടിക്കരുതേ…” എന്ന ഒരഭ്യർത്ഥന ( No more hot air…Please! ) തലവാചകമായി ചേർത്തു കൊണ്ടായിരുന്നു ഈ തവണ യു.എൻ. ഇ.പി. എമിഷൻ ഗ്യാപ്പ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

2024 ലെ എമിഷൻ ഗ്യാപ് റിപ്പോർട്ട് പ്രകാരം ആഗോള തലത്തിലുള്ള 2023 ലെ ഹരിഗൃഹവാതക ഉത്സർജനം 2022 ലേതിനേക്കാൾ 1.3 ശതമാനം വർധിച്ചിട്ടുണ്ട്. ഇത് കോവിഡിനു മുൻപത്തെ പത്തുവർഷത്തെ ശരാശരി വാർഷിക വർധനവിനെക്കാൾ അധികമാണ്. അക്കാലത്തെ ശരാശരി വാർഷികവർധനവ് 0.8 ശതമാനമായിരുന്നു. ഇത്തരത്തിലുള്ള ഒരു താപവർധനവിലേക്ക് ഏറ്റവും കൂടുതൽ പങ്കു വഹിക്കുന്നത് വൈദ്യുതി ഉല്പാദന മേഖലയും ( 26 %) രണ്ടാമത് ഗതാഗത മേഖലയുമാണ് ( 15%). അതുകഴിഞ്ഞാൽ കൃഷിയും വ്യവസായവും ( 11% വീതം)

ഹരിതഗൃഹവാതക ഉത്സർജനത്തിൽ വലിയ തോതിലുള്ള ധനിക ദരിദ്ര അന്തരവും റിപ്പോർട്ടിൽ ചുണ്ടിക്കാണിക്കപ്പെടുന്നു. 2023 ലെ ഹരിതഗൃഹവാതക ഉത്സർജനത്തിന്റെ 71 ശതമാനവും G20 രാഷ്ട്രങ്ങളുടെതാണ്. അവരിൽത്തന്നെ അതിധനികരായ 6 രാഷ്ട്രങ്ങളുടെ ഉത്സർജനത്തിൻ്റ പങ്കാവട്ടെ 63 ശതമാനവും.

ഉച്ചകോടിക്കു മുൻപ് യു.എൻ. ഇ.പി.പ്രസിദ്ധീകരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട റിപ്പോർട്ടാണ് അനുകൂലനവിടവ് റിപ്പോർട്ട് ( Adaptation gap report). വികസ്വര രാഷ്ട്രങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്ത നിവാരണത്തിന് ഓരോ വർഷവും ലഭ്യമാവേണ്ടുന്ന ധനസഹായത്തിൻ്റെ യഥാർത്ഥ കണക്കുകളും ഇപ്പോൾ നിലവിലുള്ള ധനസഹായത്തിന്റെ കണക്കും തമ്മിലുള്ള വിടവ് സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ടാണിത്. 2025 വർഷം വരെ വികസ്വര രാഷ്ട്രങ്ങൾക്ക് വികസിത രാഷ്ട്രങ്ങൾ വർഷംതോറും ലഭ്യമാക്കേണ്ടുന്ന ധനസഹായം ഇപ്പോൾ നിശ്ചയിക്കപ്പെട്ട് നടപ്പിലാക്കി വരുന്നത് 100 ബില്യൺ ഡോളർ എന്ന നിലയിലാണ്. എന്നാൽ നിലവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ വിടവ് 359 ബില്യൺ ഡോളറെങ്കിലുമാവും.

കാലാവസ്ഥാ ഉച്ചകോടികളിലെ ധന സഹായം സംബന്ധിച്ച ചർച്ചകൾ ഒരു ആഗോളതല രാഷ്ട്രീയപ്രശ്നമെന്ന നിലയിൽത്തന്നെ ഇപ്പോഴും തുടരുകയാണ്. ആഗോളതാപനത്തിനു കാരണമായിട്ടുള്ള അന്തരീക്ഷത്തിലെ സഞ്ചിത ഹരിതഗൃഹവാതകത്തിൻ്റെ ഉത്തരവാദിത്വം അധിക ഊർജഉപഭോഗം നടത്തുന്ന വികസിതരാജ്യങ്ങൾക്കാണ് എന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്. അതിനാൽത്തന്നെ ഊർജ ഉപഭോഗത്തിൽ ഏറെ പിന്നിൽ നിൽക്കുന്ന വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ അവർ നൽകേണ്ടതുണ്ട്. ഇങ്ങിനെ നൽകേണ്ടുന്ന സഹായം സംബന്ധിച്ച ചർച്ചയ്ക്ക് തുടക്കം കുറിച്ചത് 2009 ൽ ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന COP 15 ലാണ്. അവിടെ ഈ ഒരു നിർദ്ദേശം മുന്നോട്ടു വെച്ചത് അമേരിക്കയെ പ്രതിനിധീകരിച്ചെത്തിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലാരി ക്ലിൻ്റണായിരുന്നു. അടുത്ത വർഷം മെക്സിക്കോയിലെ കാൻകണിൽ ചേർന്ന COP16 ൽ ഇത്തരം ഒരു ഫണ്ട് സമാഹരിച്ച് വിതരണം ചെയ്യാൻ ഒരു ഹരിത കാലാവസ്ഥാനിധി (Green climate fund) രൂപീകരിക്കാനും തീരുമാനിച്ചു. പിന്നീട് 2015 ലെ പാരീസ് കൺവെൻഷനിലാണ് വികസിത രാജ്യങ്ങൾ 2020 ഓടെ വികസ്വര രാജ്യങ്ങൾക്ക് 100 ബില്യൺ ഡോളർ വർഷംതോറും സഹായമായി നൽകണമെന്നും ഈ തുക നിശ്ചയിക്കപ്പെട്ടിട്ടുള്ളത് 2025 വരെയായിരിക്കുമെന്നുമുള്ള ഒരു തീരുമാനം ഉണ്ടാവുന്നത്. ഈ തുക അവരുടെ വാർഷികബഡ്ജറ്റിൽ ഉൾപ്പെടുത്തി ഗ്രാൻ്റായി നൽകണമെന്നോ ഗ്രാൻ്റും പലിശയിളവുകളുള്ള വായ്പകളായും നൽകണമെന്നോ ഉള്ള കാര്യങ്ങളിലൊന്നും വ്യക്തതയില്ലാത്ത ഒരു തീരുമാനമായിരുന്നു അത്.

ഇത്തരത്തിൽ ധനസഹായം ലഭ്യമാക്കേണ്ടത് അമേരിക്കയും യൂറോപ്യൻ യൂനിയനുമുൾപ്പെട്ട ഒ.ഇ.സി.ഡി രാഷ്ട്രങ്ങളാണ്. എന്നാൽ അമേരിക്കയിൽ റൊണാൾഡ് ട്രംമ്പ് അധികാരത്തിൽ വന്ന ശേഷം അമേരിക്ക പാരീസ് ഉടമ്പടിയിൽ നിന്ന് വിട്ടു നിന്നു. പിന്നീട് ജോബൈദൻ പ്രസിഡൻ്റായ ശേഷം അമേരിക്ക ഉടമ്പടിയിൽ ചേർന്നെങ്കിലും 2020 ൽ 100 ബില്യൺ ഡോളർ എന്ന ലക്ഷ്യം നടപ്പിലായില്ല.2021 ൽ ആകെ സമാഹരിക്കപ്പെട്ടത് 89.6 ബില്യൺ ഡോളർ മാത്രമായിരുന്നു.2020 ലെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഓവർസീസ് ഡെവലപ്പ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് (ODI) തയാറാക്കിയ ഒരു കണക്കുപ്രകാരം 43 ബില്യൺ ഡോളർ നൽകാൻ ബാധ്യസ്ഥതയുണ്ടായിരുന്ന അമേരിക്ക വെറും 2 ബില്യൺ ഡോളർ മാത്രമാണ് അതുവരെ നൽകിയത്. പിന്നീട് ഈ തീരുമാനം നടപ്പിലാവുന്നത് 2022 ൽ മാത്രമാണ്.

ഇപ്പോൾ ബകുവിൽ പൂർത്തിയായ COP 29 ലെ തീരുമാനം 2035 ഓടെ വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ പ്രശ്നങ്ങൾ പരിഹരിക്കാൻ, വർഷം തോറും ചുരുങ്ങിയത് 300 ബില്യൺ ഡോളർ ലഭ്യമാക്കുമെന്നാണ്. ഉച്ചകോടിയുടെ ആരംഭം മുതൽ വികസ്വര രാജ്യങ്ങൾ ഐകകണ്ഠ്യേന ഉന്നയിച്ച ആവശ്യം വികസിത രാജ്യങ്ങൾ 2035 ഓടെ 1.3 ട്രില്യൺ (1300 ബില്യൺ) ഡോളർ ലഭ്യമാക്കണമെന്നായിരുന്നു. എന്നാൽ ഈ ആവശ്യത്തെ പരിഹരിക്കുന്നതിനു പകരം 2035 ഓടെ കരാറിൽ പങ്കാളിത്തമുള്ളവർ എല്ലാവരും ചേർന്ന് സ്വകാര്യ നിക്ഷേപമുൾപ്പെടെ ലഭ്യമായ എല്ലാ സ്രോതസ്സുകളിൽ നിന്നും കൂടി 1.3 ട്രില്യൺ ഡോളർ സമാഹരിക്കണമെന്ന ഒരു തീരുമാനമാണുണ്ടായത്.

വികസ്വര രാജ്യങ്ങളുടെ അഭിപ്രായങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാതെ വികസിത രാജ്യങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി ഇത്തരമൊരു നിർദ്ദേശമടങ്ങിയ ഉടമ്പടിയിലേക്ക് നയിച്ച അസർബൈജാന്റെ അധ്യക്ഷനെതിരെ ഇന്ത്യ, നൈജീരിയ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങൾ പ്രതിഷേധം രേഖപ്പെടുത്തുന്ന നിലയുമുണ്ടായി.

300 ബില്യൺ എന്നത് വികസ്വര രാജ്യങ്ങളുടെ കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിനു ലഭിക്കുന്ന തുച്ഛമായ ഒരു സംഖ്യ മാത്രമാണെന്നും മെച്ചപ്പെട്ട ഒരു തീരുമാനം ഉച്ചകോടിയിൽ നിന്നു പ്രതീക്ഷിച്ചിരുന്നു എന്നും അവർ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടു ചെയ്യപ്പെടുന്നു.

” ഞങ്ങൾ മുങ്ങിക്കൊണ്ടിരിക്കുമ്പോൾ ഈ ഉച്ചകോടി ഞങ്ങളെ ബോധ്യപ്പെടുത്തുന്നത് എന്തുമാത്രം വ്യത്യസ്തമായ യാനങ്ങളിലാണ്ട് ഞങ്ങളും വികസിത രാജ്യങ്ങളും സഞ്ചരിക്കുന്നത് ” എന്നാണത്രെ ചെറുദ്വീപ് രാഷ്ട്രങ്ങളുടെ സംഘത്തിന്റെ പ്രതിനിധി അഭിപ്രായപ്പെട്ടത്.

അമേരിക്ക, യൂറോപ് ,കനഡ ഉൾപ്പെടെയുള്ള ധനിക രാഷ്ട്രങ്ങൾക്ക് സ്വകാര്യ നിക്ഷേപങ്ങളും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകളും ഉപയോഗിച്ച് തങ്ങളുടെ ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള സാഹചര്യമാണ് ഈ തീരുമാനത്തിലൂടെ സംജാതമായത് എന്നാണ് ഇവരുടെയെല്ലാം അഭിപ്രായം എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

കഴിഞ്ഞ അര നൂറ്റാണ്ടുകാലം വർഷംതോറും ശരാശരി ഒരു ട്രില്യൺ ഡോളർ എന്ന കണക്കിൽ ലാഭമുണ്ടാക്കുന്ന ഫോസിൽഇന്ധന കമ്പനികളെക്കൊണ്ട് കാലാവസ്ഥാനിധിയിലേക്ക് സംഭാവന ചെയ്യിക്കാനുള്ള ഒരു ചെറിയ നടപടി പോലുമുണ്ടായില്ല എന്നതിലുള്ള പ്രതിഷേധം ഗ്രീൻപീസ് ഇന്റർനാഷനൽ പോലുള്ള സംഘടനകളുടെ പ്രതിനിധികൾ രേഖപ്പെടുത്തിയതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ധനസമാഹരണത്തിൽ വികസിതരാജ്യങ്ങളുടെ ഉത്തരവാദിത്വം സംബന്ധിച്ച തർക്കം മൂലം അവസാന ദിവസത്തെ സമാപന പരിപാടികൾ നിശ്ചയിച്ച സമയത്തിനു ശേഷം ഏറെ വൈകി രാത്രിമാത്രമാണ് നടന്നത്. ഒടുവിൽ ധനികരാഷ്ട്രങ്ങളുടെ ധനപരമായ ബാധ്യത 2035 ഓടെ വർഷം തോറും 300 ബില്യൺ ഡോളർ എന്ന നിലയിൽത്തന്നെ നിശ്ചയിച്ച് ഉച്ചകോടി രാത്രി ഏറെ വൈകി ആവസാനിപ്പിക്കുകയാണുണ്ടായത്. ഇതിനെതിരെ പിന്നീട് വ്യാപകമായ പ്രതിഷേധം ഉയർന്നുവരികയുമാണ്. വികസ്വര രാജ്യങ്ങളുടെ പ്രതിനിധികളിൽ പലരും തങ്ങൾ ഇതിനെ ഒരു കൊടിയ അവഗണന എന്ന നിലയിൽ മാത്രമല്ല കാണുന്നത് പകരം ഒരു കൊടും ചതിയെന്ന നിലയിലാണെന്നഭിപ്രായപ്പെടുന്ന നിലയിലാണ് ഉച്ചകോടി അവസാനിച്ചതത്രെ.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post ഓളത്തിൽ ഒഴുകുന്ന സെക്കൻഡ് സൂചി – വഴിക്കുരുക്കിൽപ്പെട്ട പൂവ് 20
Next post ജൈവവൈവിധ്യ ഉടമ്പടിയും പൂർത്തീകരിക്കാതെ അവസാനിച്ച COP 16 ഉം
Close