Read Time:16 Minute


ഡോ. പ്രസാദ് അലക്സ് 

മഴക്കാലത്തും തണുപ്പുകാലത്തുമൊക്കെ ഒരു തവണയെങ്കിലും ജലദോഷം വരാത്തവർ ഉണ്ടാവില്ല. പലതരം വൈറസുകൾ ഇതിന് കാരണമാവാറുണ്ട്. ഏകദേശം ഇരുപത് ശതമാനം ജലദോഷത്തിന് ലോകവ്യാപകമായി കാരണമാവുന്നത് കൊറോണ വൈറസ് ഇനങ്ങളാണ്. ഈ വൈറസ് ഇനങ്ങൾ  കാരണം അടുത്ത കാലത്ത് ജലദോഷം വന്ന് പോയവർക്ക് കോവിഡ്-19ൽ നിന്ന് ഭാഗികമായ പരിരക്ഷ ലഭിക്കാമെന്ന് പുതിയ ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു. കോവിഡ് രോഗബാധ ഏൽക്കാനുള്ള സാദ്ധ്യത അല്പം കുറയുന്നുവെന്ന് മാത്രമല്ല, രോഗകാഠിന്യം കുറയാനും ജലദോഷം സഹായിക്കാൻ സാദ്ധ്യതയുണ്ട്. കോവിഡ്-19 ന് കാരണമാവുന്ന കൊറോണ വൈറസ് ഇനം, സാർസ് കോവ് -2 (SARS-CoV-2)  ആണെന്ന് പൊതുവെ അറിയപ്പെടുന്ന കാര്യമാണ്.  തുടക്കത്തിൽ നോവൽ കൊറോണാ വൈറസ് എന്ന് വിളിച്ചിരുന്ന ഈ വൈറസ്, രോഗചികിത്സയുടെയും, വാക്സിൻ വികസനത്തിന്റെയും, രോഗപ്രതിരോധശേഷിയെക്കുറിച്ചുള്ള പഠനത്തിന്റെയും പശ്ചാത്തലത്തിൽ, വളരെയധികം ഗവേഷകശ്രദ്ധ നേടിയിട്ടുണ്ട്. പക്ഷേ മുൻപറഞ്ഞപോലെ കൊറോണാ വൈറസിന്റെ ഒരിനം മാത്രമാണു സാർസ് കോവ്-2. മനുഷ്യരെ ബാധിക്കുന്ന മറ്റ് കൊറോണ വൈറസ് ഇനങ്ങൾ (HCoV) ഉണ്ട്. ഇവ മൂലമുള്ള അണുബാധകൾ ഇടയ്ക്കൊക്കെ ലോകവ്യാപകമായി മനുഷ്യരിൽ ഉണ്ടാകുകയും, സാധാരണഗതിയിൽ ജലദോഷം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. 229E (ആൽഫ കൊറോണ വൈറസ്), NL63 (ആൽഫ കൊറോണ വൈറസ്), OC43 (ബീറ്റ കൊറോണ വൈറസ്), HKU1 (ബീറ്റ കൊറോണ വൈറസ്) എന്നിവയാണ്, മനുഷ്യരെ ബാധിക്കുമ്പോൾ ജലദോഷം പോലുള്ള പ്രശ്നങ്ങൾക്ക്  കാരണമാകുന്ന നാല് കൊറോണ വൈറസുകൾ. മനുഷ്യരെ ബാധിക്കുന്ന മറ്റ് മൂന്ന് കൊറോണ വൈറസുകൾ കൂടുതൽ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു. അവ MERS-CoV (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം അല്ലെങ്കിൽ MERS ന് കാരണമാകുന്ന ബീറ്റ കൊറോണ വൈറസ്), SARS-CoV (SARS ന് കാരണമാകുന്ന ബീറ്റ കൊറോണ വൈറസ്), COVID-19 ന് കാരണമാകുന്ന നോവൽ കൊറോണ വൈറസ് SARS-CoV-2 എന്നിവയാണ്.

മനുഷ്യരിൽ HCoV വൈറസുകളുടെ സാന്നിധ്യം, ഇവക്കിടയിൽ രോഗപ്രതിരോധം അഥവാ ‘ക്രോസ്-റിയാക്റ്റിവിറ്റി’ ഉണ്ടാകാനുള്ള സാദ്ധ്യത ഉളവാക്കുന്നു. അത് പോലെ തന്നെ സാർസ് കോവ് -2 (SARS-CoV-2 ) ന് എതിരെ ഭാഗികപരിരക്ഷ നൽകാനും സാധ്യതയുണ്ട്. അത് കൊണ്ട് ഈ സാദ്ധ്യതയെ കുറിച്ചുള്ള ചില പ്രധാന അന്വേഷണങ്ങൾ അടുത്തകാലത്ത് ഗവേഷകർ നടത്തി. HCoV- കളും (ഹ്യൂമൻ കൊറോണാ വൈറസ്) SARS-CoV-2 ഉം തമ്മിൽ ക്രോസ്-റിയാക്റ്റിവിറ്റി ഉണ്ടോ എന്നറിയാനും ഉണ്ടെങ്കിൽ തോത് നിർണയിക്കാനുമാണ് പരീക്ഷണം രൂപകൽപന ചെയ്തത്. ഇതിന് വേണ്ടി   SARS-CoV-2 നോട് ബൈൻഡ് ചെയ്യുന്ന ‘ആന്റിബോഡികൾ’ കണ്ടെത്താനായി ‘ഫ്ലോ സൈറ്റോമെട്രി’ (flow cytometry) അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് ഉപയോഗിച്ചത്. അത്തരം ആന്റിബോഡികളുടെ പ്രധാന ലക്ഷ്യം സ്പൈക്ക് ഗ്ലൈക്കോപ്രോട്ടീൻ (എസ്) ആണ്. ഇത് ഉപയോഗിച്ചാണ് ആതിഥേയകോശങ്ങളിലേക്ക് വൈറസ് കടക്കുന്നതെന്ന് സുവിദിതമായ കാര്യമാണ്. സ്പൈക് പ്രോട്ടീന്‍  എസ് -1, എസ് -2 എന്ന രണ്ട് ഉപയൂണിറ്റുകൾ ചേർന്നതാണ്. ആതിഥേയ കോശത്തിലെ സ്വീകരണീതന്മാത്രയുമായി  ബന്ധിക്കുന്നതിന് (റിസപ്റ്റർ ബൈൻഡിംഗ് ) എസ് -1 ഉപയൂണിറ്റും, കോശസ്തരാവുമായുള്ള സംയോജനത്തിന് (membrane fusion)(അത്‌ വഴിയുള്ള കോശപ്രവേശനത്തിനും) എസ് -2 ഉപയൂണിറ്റും ഉപയോഗപ്പെടുത്തുന്നു.

കോവിഡ് രോഗബാധ ഉണ്ടായിട്ടുള്ളവരെയും, ഇല്ലാത്തവരെയുമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. അവരിൽ തന്നെ, SARS-CoV-2 അണുബാധ ഉണ്ടാകാത്തവരുടെ കൂട്ടത്തിൽ ഒരു വിഭാഗത്തിന് SARS-CoV-2നെതിരെ ആന്റിബോഡി മൂലമുള്ള ഭാഗികപ്രതിരോധ ശേഷിയുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഈ ഗവേഷണഫലങ്ങൾ ‘സയൻസ്’ മാഗസിനിൽ 2020 ഡിസംബറിൽ പ്രസിദ്ധീകരിച്ചു. ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ കെവിൻ നിഗ് ആണ് ഗവേഷണപ്രബന്ധത്തിന്റെ രചയിതാക്കളിൽ ഒന്നാമത്തെയാൾ.

പഠനവിധേയമാക്കിയ, കോവിഡ് രോഗബാധ ഉണ്ടാകാത്ത  302 മുതിർന്നവരിൽ 16 പേർക്ക്  (5.3%) IgG ആന്റിബോഡികൾ ഉണ്ടെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഗവേഷകരുടെ സംഘം കണ്ടെത്തി. മുൻകാലത്തുണ്ടായ  ജലദോഷകാരിയായ കൊറോണ വൈറസ് അണുബാധയ്ക്കിടെ ഇവ ഉണ്ടായതാകാനാണ് വഴി. ഈ ആന്റിബോഡികൾ  SARS-CoV-2 ന്റെ സ്പൈക്ക് പ്രോട്ടീനിലെ S-2 ഉപയൂണിറ്റുമായി പ്രതിപ്രവർത്തിക്കുകയും ചെയ്തു. കുട്ടികളുടെയും  കൗമാരക്കാരുടെയും (1 മുതൽ 16 വയസ് വരെ പ്രായമുള്ളവർ‌) കാര്യത്തിൽ ക്രോസ്-റിയാക്ടീവ്  IgG  ആൻറിബോഡികളുടെ സാന്നിധ്യം കൂടുതൽ വ്യാപകമാണെന്ന് പഠനത്തിൽ കണ്ടെത്തി. SARS-CoV-2- ബാധിക്കാത്ത  48 കുട്ടികളിൽ  21 പേരിൽ  (43.8%) കണ്ടെത്താവുന്ന അളവിൽ പ്രസ്തുത ആന്റിബോഡികൾ ഉണ്ടായിരുന്നു. രോഗം ബാധിക്കാത്ത വ്യക്തികളിൽ നിന്നുള്ള SARS-CoV-2 റിയാക്ടീവ് ആന്റിബോഡികൾ പ്രധാനമായി IgG വിഭാഗത്തിൽ  നിന്നുള്ളതാണെന്ന്  ‘ഫ്ലോ സൈറ്റോമെട്രി’ രീതി ഉപയോഗിച്ചാണ്  കെവിൻ നിഗും കൂട്ടരും കണ്ടെത്തിയത്. ഇവ വൈറസിന്റെ  സ്പൈക് പ്രോട്ടീന്റെ എസ്- 2 ഉപയൂണിറ്റിനെ ലക്ഷ്യമാക്കുന്നതാണ്. എസ് -1  നേക്കാൾ കൊറോണ വൈറസുകൾക്കിടയിൽ എസ് -2 ഉപയൂണിറ്റ് ഉയർന്ന തോതിലുള്ള  ‘ഹോമോളജി’ (ശ്രേണിയിലും തന്മൂലം ഘടനയിലുമുള്ള സാമ്യം) കാണിക്കുന്നു. ക്രോസ്-റിയാക്ടീവ് ആന്റിബോഡികളുടെ പ്രധാന ലക്‌ഷ്യം അത് കൊണ്ട് എസ -2 യൂണിറ്റായിരിക്കും. ഇതിൽ നിന്ന് വ്യത്യസ്തമായി, SARS-CoV-2 അണുബാധയുണ്ടായവരിൽ എസ് -1, എസ് -2 എന്നീ രണ്ട് ഉപ യൂണിറ്റുകളെ ലക്ഷ്യമാക്കുന്ന റിയാക്ടീവ് IgG ആന്റിബോഡികൾ ഉയർന്ന തോതിൽ കണ്ടു. ഒപ്പം നിരീക്ഷണ കാലയളവിലുടനീളം നിലനിന്ന, അനുബന്ധമായ IgM, IgA ആന്റിബോഡികൾ എന്നിവയും കണ്ടെത്തി. SARS-CoV-2 അണുബാധയില്ലാതെ തന്നെ ഉണ്ടാകാവുന്ന കോവിഡ് പാർശ്വപ്രതിരോധശേഷിയും യഥാർത്ഥ അണുബാധമൂലമുണ്ടാകുന്ന പ്രതിരോധശേഷിയും വേർതിരിച്ചറിയുന്നത്, രക്തസിറം പരിശോധനാസർവേകളിൽ പ്രധാനമാണ്. അണുബാധ പടരാനുള്ള സാധ്യതയും അണുബാധയുടെ സ്വാഭാവികഗതിയും മനസ്സിലാക്കാൻ ഇത് സഹായിക്കും.

‘സെൽ‌ കൾ‌ച്ചർ‌’ പരീക്ഷണങ്ങളിൽ‌, ക്രോസ്-റിയാക്ടീവ് ആന്റിബോഡികളുള്ള വ്യക്തികളിൽ നിന്നുള്ള സിറം (serum) SARS-Cov-2 വിനെ  നിർവീര്യമാക്കാനുള്ള കഴിവ് കാണിച്ചു, അതേസമയം ക്രോസ്-റിയാക്ടീവ് ആന്റിബോഡികൾ ഇല്ലാത്ത രോഗബാധിതരിൽ നിന്നുള്ള സിറം  അത്തരം കഴിവ് പ്രദർശിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഹ്യൂമൻ കൊറോണ വൈറസുകൾ (HCov) പടരുന്നതിനെക്കുറിച്ചുള്ള മുൻപഠനങ്ങൾ സൂചിപ്പിക്കുന്നത് ക്രോസ്-റിയാക്റ്റിവിറ്റി മൂലം, സമ്പൂർണ്ണ പ്രതിരോധശേഷി ഉണ്ടാകാൻ സാധ്യതയില്ലെന്നാണ്. അത് പോലെ പ്രതിരോധശേഷി ദീർഘകാലം നിലനിൽക്കാനും ഇടയില്ല. HCov അണുബാധകൾ മനുഷ്യരിൽ ആവർത്തിച്ചുണ്ടാകാമെന്നത് ഇത് ശരി വയ്ക്കുന്നു. എന്നിരുന്നാലും, മുൻപേയുള്ള ഏതെങ്കിലുമൊരു HCov  ബാധ മൂലമുള്ള പ്രതിരോധശേഷി മറ്റ്  HCov-കൾ  പകരാനുള്ള സാധ്യത കുറക്കുകയും പകർന്നാൽ തന്നെ രോഗലക്ഷണങ്ങൾ കഠിനമാകാതിരിക്കാൻ സഹായിക്കുമെന്നും മുൻപഠനങ്ങൾ സൂചിപ്പിക്കുന്നു.

ഈ പഠനം മറ്റൊരു സാദ്ധ്യതിയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. വിവിധ കൊറോണ വൈറസ്സുകളിലെ സമാനമായ എസ് -2 യൂണിറ്റുകളിൽ, മാറ്റമില്ലാത്ത, ഒരുപോലെയുള്ള ഭാഗങ്ങൾ ഉണ്ടാകും. പ്രോട്ടീന്റെ പ്രവർത്തനത്തിൽ നിർണായകമായ പങ്ക് ഈ ഭാഗങ്ങൾ വഹിക്കുന്നുമുണ്ടാവും (conserved functional domain). ഈ സംരക്ഷിത ഭാഗങ്ങളെയാവും ആന്റിബോഡികൾ  ലക്ഷ്യമിടുന്നത്.  എസ് -2 ലെ സംരക്ഷിത ഭാഗങ്ങൾ തിരിച്ചറിയുന്നത് മനുഷ്യരെ ബാധിക്കുന്ന എല്ലാത്തരം കൊറോണാവൈറസുകളിൽ നിന്ന് (ഭാവിയിൽ ഉണ്ടാകാവുന്നവയിൽ നിന്നും) സംരക്ഷണം നൽകുന്ന സാർവത്രിക പൊതുവാക്സിൻ വികസിപ്പിക്കുന്നതിന് സഹായകരമാവും. കൃത്യമായി അതിനെ ലക്ഷ്യമാക്കുന്ന വാക്സിൻ എല്ലാ കൊറോണവൈറസുകൾക്കുമെതിരെ ഫലപ്രദമാവാൻ വഴിയുണ്ട്.

അത് പോലെ  ‘ഫ്രോണ്ടിയേഴ്‌സ് ഇൻ സെല്ലുലാർ ആൻഡ് ഇൻഫെക്ഷൻ മൈക്രോബയോളജി’ യിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനമനുസരിച്ച് , SARS-CoV-2 നെതിരെയുള്ള  ടി-സെൽ പ്രതികരണങ്ങൾ രോഗബാധിതർ അല്ലാത്തവരിൽ കണ്ടെത്തിയിട്ടുണ്ട്.  ഇത് മനുഷ്യ കൊറോണ വൈറസുകളുമായി (HCoV) നേരത്തേ ഉണ്ടായ എക്സ്പോഷറിൽ നിന്ന്  ക്രോസ്-റിയാക്ടീവ് രോഗപ്രതിരോധശേഷി (cross reactive humoral immune memory) ഉടെലെടുക്കാനുള്ള സാധ്യത  സൂചിപ്പിക്കുന്നു. (ഈ പഠനത്തെ മാത്രം അടിസ്ഥാനമാക്കി അന്തിമ നിഗമനം നടത്തനാവില്ലെങ്കിലും.) ബോസ്റ്റൺ സർവകലാശാലയിലെ മനേഷ് സാഗറും കൂട്ടരും നടത്തിയ മറ്റൊരു നിരീക്ഷണപഠനവും വളരെ സാംഗത്യമുള്ളതാണ്.  മുൻപ് HCov അണുബാധയുണ്ടായിട്ടുണ്ടോ എന്ന്  പി.സി.ആർ രീതിയിലൂടെ ശ്വസകോശരോഗവിദഗ്ധരുടെ ഒരു പാനൽ, പോസിറ്റീവ് ആയും നെഗറ്റീവ് ആയും,  സ്ഥിരീകരിച്ച ഒരു കൂട്ടം ആൾക്കാരെയാണ് നിരീക്ഷണ വിധേയമാക്കിയത്. ഇവരിൽ  SARS-CoV-2 അണുബാധയുണ്ടാകുന്നുണ്ടോയെന്നും, ഉണ്ടാകുന്നവരിൽ രോഗത്തിൻറെ  കാഠിന്യവും ഗതിയുമാണ് പരിശോധിച്ചത്. SARS-CoV-2 അണുബാധയ്ക്കുള്ള സാധ്യതയുടെ കാര്യത്തിൽ ഇരുഗ്രൂപ്പുകൾ തമ്മിൽ കാര്യമായ വ്യത്യാസം കണ്ടെത്തിയില്ല. എന്നിരുന്നാലും, ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ HCov അണുബാധയുടെ  ചരിത്രമുള്ളവർക്ക്, അതില്ലാത്തവരെക്കാൾ, തീവ്രപരിചരണ വിഭാഗത്തിൻറെയും (ഐസിയു)  വെൻറിലേറ്ററിന്റെയും ആവശ്യകത വളരെ കുറഞ്ഞ തോതിൽ മാത്രമേ ഉണ്ടായുള്ളൂ, അത് പോലെ തന്നെ അതിജീവനനിരക്ക് ഉയർന്നതുമായിരുന്നു. കാര്യകാരണബന്ധം സ്ഥിരീകരിക്കാൻ ഈ പഠനം മതിയാവില്ലെങ്കിലും, അടുത്തിടെ വന്നുപോയ ജലദോഷവും കോവിഡ് ബാധയുണ്ടാകുന്നെങ്കിൽ അതിൻറെ കാഠിന്യവും തമ്മിൽ വിപരീതബന്ധം ( negative correlation)  ഉണ്ടെന്ന് വ്യക്തമാവുന്നു.

നേരെത്തെ ഉണ്ടായിട്ടുള്ള  HCov  അണുബാധ നൽകുന്ന പാർശ്വപ്രതിരോധശേഷി COVID-19 ൻറെ തീവ്രത കുറക്കാൻ സഹായിക്കുമെന്ന് ഈ പഠനങ്ങളിൽ നിന്ന്  ന്യായമായി അനുമാനിക്കാം. മുതിർന്നവരേക്കാൾ കുട്ടികളിൽ ഉയർന്ന HCoV അണുബാധനിരക്ക്, COVID-19- നെതിരേ അവർക്ക് ഉയർന്ന ആപേക്ഷിക പരിരക്ഷ നൽകാനുമിടയുണ്ട്. ലേഖനത്തിൽ ആദ്യം പറയുന്ന പഠനവും പൊതുവെയുള്ള രോഗബാധയുടെ കണക്കുകളും ഈ നിഗമനത്തെ പിന്താങ്ങുന്നു. അത് പോലെ രോഗം പകരുന്നതിലുണ്ടാകുന്ന കാലികവും പ്രാദേശികവുമായ വ്യത്യാസങ്ങൾക്കും ഇത് കാരണമാവാം. ഉയർന്ന ജനസാന്ദ്രതയുള്ള  ഇൻഡ്യയുൾപ്പെടെയുള്ള പിന്നാക്കരാജ്യങ്ങളിൽ കോവിഡ് മൂലമുള്ള മരണനിരക്ക് വികസിത പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. പരിമിതമായ ആരോഗ്യ സ്രോതസ്സുകളും ഇതരരോഗപ്രശ്നങ്ങളും ഉള്ള രാജ്യങ്ങളിൽ പോലും SARS-CoV-2 മൂലം മരണനിരക്ക് കുറവാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജലദോഷം, ചെറിയ പനി പോലെയുള്ള രോഗങ്ങളുണ്ടാക്കുന്ന വൈറസുകളുമായി ഇടപഴകുന്നത് കഠിനരോഗങ്ങളോട് ഭാഗികമായെങ്കിലും പ്രതിരോധശേഷി, ദരിദ്രനാടുകളിലെ ജനങ്ങൾക്ക് നൽകുന്നുവെന്ന് നമുക്ക് കരുതാം. പ്രകൃതിനിർധാരണത്തിന്റെയും അതിജീവനത്തിന്റെയും വഴികൾ പലപ്പോഴും അത്ര ലളിതമല്ല.


അധികവായനയ്ക്ക്

  1. Preexisting and de novo humoral immunity to SARS-CoV-2 in humans, Kevin W. Ng, Nikhil Faulkner, Georgina H. Cornish, Annachiara Rosa, Ruth Harvey, Saira Hussain, Rachel U, Science, 11 Dec 2020:, Vol. 370, Issue 6522, pp. 1339-1343
  2. Recent endemic coronavirus infection is associated with less-severe COVID-19, Sagar M, Reifler K, Rossi M, Miller NS, Sinha P, White LF, Mizgerd JP.,  J Clin Invest. 2021 Jan 4;131(1):e143380. doi: 10.1172/JCI143380.
  3. Is the “Common Cold” Our Greatest Ally in the Battle Against SARS-CoV-2, Manu N. Capoor, Fahad S. Ahmed, Andrew McDowell and Ondrej Slaby, Front. Cell. Infect. Microbiol., 18 December 2020
  4. Does common cold coronavirus infection protect against severe SARS-CoV-2 disease?, Meyerholz DK, Perlman S., J Clin Invest. 2021 Jan 4;131(1):e144807. doi: 10.1172/JCI144807.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Previous post കോളറാകാലത്തെ ത്രികോണ പ്രണയ കഥ
Next post ദിശ രവിയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Close