Read Time:9 Minute

അമ്പതിനായിരം വർഷത്തിന് ശേഷം ഭൂമിയുടെ ആകാശത്തിലൂടെ പച്ച ധൂമകേതു (C/2022 E3 (ZTF) കടന്നു പോകുന്ന വാർത്ത  മാധ്യമങ്ങളിൽ നിറയുമ്പോൾ ഒരു കുട്ടി ചോദിച്ച ചോദ്യമിതായിരുന്നു:

“അമ്പതിനായിരം വർഷം മുൻപ് ഈ ധൂമകേതു ആകാശത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ടുനിന്നവർ ആധുനിക മനുഷ്യരോ, നിയാണ്ടർത്താലുകളോ?

C/2022 E3 (ZTF)- ധൂമകേതു

കൃത്യമായ  ഉത്തരം പറയാൻ മനുഷ്യന്റെ പരിണാമചരിത്രം പരിശോധിക്കേണ്ടിവരുമല്ലോ. ആദ്യകാലത്ത് ഫോസ്സിലുകൾ മാത്രമായിരുന്നു അതിദീർഘമായ മനുഷ്യോൽപ്പത്തിചരിത്രത്തിലേക്കുള്ള ചൂണ്ടുപലകകളെങ്കിൽ ഇന്ന്  ജീനുകൾ അതിനേക്കാൾ സൂക്ഷ്മവും കൃത്യവുമായ തെളിവുകൾ അനാവരണം ചെയ്തുകൊണ്ടേയിരിക്കുകയാണ്. സ്പെയിനിലെ ആട്ടപ്പുവർക്ക (Atapuerca) പർവതത്തിന്റെ താഴ്വരയിലെ ഒരു ഗുഹയിൽ നിന്ന് ലഭിച്ച എല്ലുകളിൽ നിന്നും പല്ലുകളിൽ നിന്നും വേർതിരിച്ചെടുത്ത ഡി. എൻ. എ തന്തുക്കളാണ് ആധുനിക മനുഷ്യരുടെ ഏറ്റവും അടുത്ത ബന്ധുക്കളുടേതായിട്ടുള്ള, ഇതുവരെ ലഭിച്ച, ഏറ്റവും പഴയ ജീനുകൾ. 2016 ൽ  ഈ ജീനുകളുടെ വിശകലനം നടത്തിയപ്പോൾ അവ 4,30,000 വർഷങ്ങൾ മുൻപ് ജീവിച്ചിരുന്ന നിയാൻഡെർത്താൽ മനുഷ്യരുടേതാണെന്ന് മനസ്സിലായി. പ്രസ്തുത നിയാൻഡെർത്താൽ ജീനുകളെ അടിസ്ഥാനമാക്കി തന്മാത്രാഘടികാര വിദ്യകളുപയോഗിച്ച് (Molecular clock techniques) നടത്തിയ അന്വേഷണം ഗവേഷകരെ കൊണ്ടുചെന്നിച്ചത് 550,000 വർഷങ്ങൾക്കും 750,000 വർഷങ്ങൾക്കുമിടയിൽ ജീവിച്ച ഒരു പൊതുപൂർവികനിലാണ്. നമുക്ക് ലഭിച്ച മനുഷ്യ ഫോസ്സിലുകളിൽ ഏറ്റവും പഴയതിന് മൂന്നു ലക്ഷം വർഷങ്ങൾ മാത്രമേ പഴക്കമുള്ളൂ. എന്നാൽ ജീനുകൾ പറഞ്ഞുതരുന്നത് അതിലും പഴയ ചരിത്രമാണെന്ന് വ്യക്തമാണല്ലോ. അപ്പോൾ ഒരു കാര്യത്തിൽ നൂറ് ശതമാനം ഉറപ്പായി. അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് ഹോമോ സാപ്പിയൻസ് (Homo sapiens) എന്ന ആധുനിക മനുഷ്യരുണ്ടായിരുന്നു. അവരിലാരെങ്കിലും രാത്രികാലത്ത് ആകാശത്തിലേക്ക് നോക്കിയിട്ടുണ്ടെങ്കിൽ തീർച്ചയായും നമ്മുടെ ധൂമകേതു കണ്ണിൽപെട്ടിട്ടുണ്ടാകും. 

ആഫ്രിക്കയിൽ ഉൽഭവിച്ച മനുഷ്യൻ ഏകദേശം അൻപതിനായിരം വർഷങ്ങൾക്ക് മുമ്പാണ് മറ്റ് വൻകരകളിലേക്ക് കുടിയേറ്റം തുടങ്ങിയത് എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ വാൽനക്ഷത്രം കണ്ടവരിൽ യൂറോപ്പുകാരും  ഏഷ്യക്കാരുമുണ്ടായിരുന്നിരിക്കാം. 

വിവിധ മനുഷ്യവംശങ്ങളുടെ ഭൂമിശാസ്ത്രപരമായ വ്യാപനം

ഇനി  നിയാൻഡെർത്താലുകളുടെ കാര്യം നോക്കാം.  അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് തന്നെ അവയുടെ വംശനാശം സംഭവിച്ചു കഴിഞ്ഞിരുന്നോ എന്നാണല്ലോ അറിയേണ്ടത്. 2002 ലെ നോബൽ പുരസ്കാരജേതാവ് സ്വാൻതെ പാബോ (Svante Paabo) യുടെ ഗവേഷണം  നിയാൻഡെർത്താൽ ജീനുകളിലായിരുന്നല്ലോ. അദ്ദേഹമെഴുതിയ പ്രശസ്തമായ പുസ്തകമാണ് നിയാൻഡെർത്താൽ മാൻ: ഇൻ സെർച്ച് ഓഫ് ലോസ്റ്റ് ജീനോംസ് (Neanderthal Man: In search of lost genomes). അതിൽ അദ്ദേഹമെന്താണ് എഴുതിയിട്ടുള്ളത് എന്നു നോക്കാം. 1856 ൽ ജർമനിയിലെ നിയാൻഡെർത്താൽ താഴ്വരയിൽ നിന്ന് കണ്ടെടുത്ത അസ്ഥിശകലങ്ങളിൽ നിന്നും നിയാൻഡെർത്താൽ മനുഷ്യരുടെ ജീനുകൾ വേർതിരിച്ചെടുത്ത ത്രസിപ്പിക്കുന്ന  കഥയാണ് നിങ്ങൾക്കതിൽ വായിക്കാൻ കഴിയുക. ഗവേഷണ വിദ്യാർഥിയായ മത്തിയാസ് ക്രിൻഗ്സിനൊപ്പം (Matthias Krings) പാബോ വേർതിരിച്ചെടുത്തത് 40000 വർഷങ്ങൾക്ക് മുൻപ് ജീവിച്ച ഒരു നിയാൻഡെർത്താൽ മനുഷ്യന്റെ ജീനുകളായിരുന്നു! അപ്പോൾ അതും ഉറപ്പായി. വാൽനക്ഷത്രത്തെ കണ്ടവരിൽ  നിയാൻഡെർത്താലുകളുമുണ്ടായിരുന്നു. എന്നാൽ കഥ അവിടം കൊണ്ടും അവസാനിച്ചില്ല.

ഡെനിസോവൻ അണപ്പല്ല് – 2000-ൽ റഷ്യയിലെ സൈബീരിയയിലെ അൽതായ് പർവതനിരകളിലെ ഡെനിസോവ ഗുഹയിൽ നിന്ന് കണ്ടെത്തിയത്. 

അതേ പുസ്തകത്തിൽ തന്നെ പാബോ മറ്റൊരു ത്രസിപ്പിക്കുന്ന കഥ കൂടി പറയുന്നുണ്ട്. ഒരു അണപ്പല്ലിന്റെ കഥ. സൈബീരിയയിലെ ഡെനിസോവ ഗുഹയിൽ നിന്നും 2000 ൽ റഷ്യൻ പുരാവസ്തു ഗവേഷകനായ അനറ്റോളി ഡെറെവിയാങ്കോ (Anatoly Derevianko) കണ്ടെത്തിയ ഒരു എമണ്ടൻ അണപ്പല്ല്. നിയാൻഡെർത്താൽ പല്ലാണെന്ന മുൻവിധിയോടെ ജനിതക വിശകലനം നടത്തിയ ആ അണപ്പല്ല് പുതിയൊരു മനുഷ്യ സ്പീഷീസിന്റേതായിരുന്നു. അതാണ് ഡെനിസോവൻ മനുഷ്യൻ. പിൽക്കാലത്ത് നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് ഏകദേശം 14500 വർഷം മുന്പുവരെ  ഡെനിസോവൻ മനുഷ്യർ ന്യൂ ഗിനിയിൽ ജീവിച്ചിരുന്നിരിക്കാം എന്നാണ്. ഇനി  നാലാമതൊരു മനുഷ്യൻ കൂടി നമ്മുടെ കഥയിൽ ചേരുന്നുണ്ട്. അധികമൊന്നും അറിയപ്പെടാത്ത, ഹോബിറ്റ് എന്നറിയപ്പെടുന്ന, ഹോമോ ഫ്ലോർസിയെൻസിസ് (Homo floresiensis). ഇവർ  ഇന്തോനേഷ്യയിലെ ഫ്ലോർസ് ദ്വീപിൽ 50000 വർഷങ്ങൾ മുന്പുവരെ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. 

അങ്ങനെ, അൻപതിനായിരം വർഷം മുൻപ് നാല് തരം മനുഷ്യരുടെ കണ്ണുകളിലൂടെ പറന്നകന്ന പച്ച വാൽനക്ഷത്രം ഇത്തവണ തിരിച്ചു വന്നപ്പോൾ ഹോമോ സാപ്പിയൻ മാത്രം ബാക്കിയായി. അടുത്ത വരവിലോ?              


COMET LUCA – ധൂമകേതു പതിപ്പ് സ്വന്തമാക്കാം


മനുഷ്യപരിണാമം – ലൂക്ക ലേഖനങ്ങൾ

മനുഷ്യ പരിണാമത്തിന്റെ നാൾവഴികൾ
വായിക്കാം
വായിക്കാം

കോഴ്സ് വെബ്സൈറ്റ് സന്ദർശിക്കാം
Happy
Happy
13 %
Sad
Sad
0 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
13 %

One thought on “പച്ച ധൂമകേതുവിനെ കണ്ട മനുഷ്യർ

Leave a Reply

Previous post മഹാപ്രതിഭ വില്യം കോൺറാഡ് റോൺട്ജന്റെ ചരമശതവാർഷികം
Next post ചാറ്റ്ജിപിടി:  ഉപയോഗവും സാധ്യതകളും 
Close