ബഹിരാകാശത്ത് ഒരു സംഘട്ടനം പ്രതീക്ഷിക്കാം; അതും അന്തരീക്ഷ സംഘട്ടനം, ഈ വർഷം ഒക്ടോബറിൽ തന്നെ. സൈഡിങ് സ്‌പ്രിങ് എന്ന ധൂമകേതു ഇതിനായി ചൊവ്വയുടെ നേരെ പാഞ്ഞടുക്കുന്നുണ്ട്. കൂട്ടിയിടി എന്നതിനേക്കാൾ ഗാഢമായ ആലിംഗനം എന്നു പറയുന്നതായിരിക്കും ഒരു പക്ഷെ കൂടുതൽ ശരി. കാരണം ഈ ധൂമകേതു അതിന്റെ തല കൊണ്ട് ചൊവ്വയെ ഇടിക്കാനൊന്നും പോകുന്നില്ല. അതിനു പകരം അതിന്റെ അന്തരീക്ഷം ചൊവ്വയുടെ അന്തരീക്ഷത്തെ തഴുകി തലോടി കടന്നു പോകുകയായിരിക്കും ചെയ്യുക.
അതെ ധൂമകേതുക്ക്‍ള്‍ക്കുമുണ്ട് അന്തരീക്ഷം, സൗരതാപത്താല്‍ ജ്വലിക്കുന്ന ന്യൂക്ലിയസ്സില്‍ നിന്നും പുറംതള്ളുന്ന വാതകങ്ങളും ധൂളീപടലങ്ങളും മറ്റും ചേർന്ന ആ അന്തരീക്ഷമാണ് കോമ എന്നറിയപ്പെടുന്നത്. സാധാരണ ധൂമകേതുക്കളില്‍ വ്യാഴത്തേക്കാള്‍ വലിപ്പമുള്ള അന്തരീക്ഷം കാണപ്പെടാറുണ്ട്. 2013 ജനുവരി മൂന്നാം തിയ്യതിയാണ് C/2013 A1 എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന സൈഡിംഗ് സ്‌പ്രിങ് എന്ന ധൂമകേതുവിനെ കണ്ടെത്തുന്നത്. ഓസ്ട്രേലിയയിലെ സൈഡിംഗ് സ്‌പ്രിങ് എന്ന നിരീക്ഷണാലത്തിലെ 20ഇഞ്ച് ദൂരദർശിനി ഉപയോഗിച്ച് റോബർട്ട് H. മൿനോട്ട് എന്ന അമേച്വർ ജ്യോതിശാസ്ത്രജ്ഞനാണ് ഇതിനെ കണ്ടെത്തുന്നത്.
സൈഡിംഗ് സ്‌പ്രിങ് 2014 ഒക്ടോബർ 19ന് ചൊവ്വയുടെ 1,32,000 കി.മീറ്റർ സമീപത്തു കൂടി കടന്നു പോകുമെന്നാണ് കണക്കാക്കുന്നത്. ഈ സമയത്ത് ഇതിന്റെ ധൂളീപടലങ്ങൾ നിറഞ്ഞ കോമ ചൊവ്വയെ പൊതിഞ്ഞു നിൽക്കും. ഇത് ചൊവ്വയിൽ സവിശേഷമായ കാന്തികപ്രവർത്തനങ്ങൾക്കു കാരണമാകുകയും ചൊവ്വയുടെ അന്തരീക്ഷത്തിലാകമാനം അറോറകൾ കൊള്ളിമീനുകളും ദൃശ്യവിസ്മയവും സൃഷ്ടിക്കുകയും ചെയ്യും.
ഈ സമയമാകുമ്പോഴേക്കും ഇന്ത്യയുടെ മംഗൾയാനും നാസ വിക്ഷേപിച്ച മാവന്‍ (MAVEN) പേടകവും ചൊവ്വയുടെ അന്തരീക്ഷത്തിൽ എത്തിയിരിക്കും. ഈ പേടകങ്ങൾ ചൊവ്വയിലെ കുട്ടിയിടിയുടെ തൽസമയദൃശ്യങ്ങള്‍ ഭൂമിയിലെത്തിക്കും. ഇത് ചൊവ്വയുടെ അന്തരീക്ഷത്തിൽ ആ സമയത്തുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചു പഠിക്കാൻ നമ്മെ സഹായിക്കും. അതോടൊപ്പം തന്നെ ചൊവ്വയില്‍ പണ്ടുണ്ടായിരുന്നു എന്നു കരുതുന്ന കട്ടിയേറിയ അന്തരീക്ഷവും ദ്രവജലവും നഷ്ടപ്പെടുന്നതിന് ഇത്തരത്തിലുള്ള എന്തെങ്കിലും പ്രതിഭാസങ്ങൾ കാരണമായിട്ടുണ്ടോ എന്നു മനസ്സിലാക്കുന്നതിനും കഴിയും. സൈഡിംഗ് സ്പ്രിങിന്റെ കോമ ചൊവ്വയെ പൊതിയുന്ന സമയത്ത് ഇതിലെ ധൂളീപടലങ്ങൾ ഈ പേടകങ്ങളെ ഏതെങ്കിലും വിധത്തിൽ അപായപ്പെടുത്തുമോ എന്ന ഭയവും ശാസ്ത്രജ്ഞരെ അലട്ടുന്നുണ്ട്.
[author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected][/author]
മംഗൾയാനെ രക്ഷിക്കാൻ ഒരു മൃത്യുഞ്ജയ ഹോമം വേണ്ടിവരുമോ …?