പ്രാവിന്റെയും കുരങ്ങന്റെയും പ്രാണിയുടെ പായും താറാവിന്റെയും നൃത്തം ചെയ്യുന്ന കുട്ടിയുടെയുമൊക്കെ സാമ്യമുള്ള പൂക്കൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് ഇക്കൂട്ടർ ഇപ്രകാരമുള്ള രൂപങ്ങൾ സ്വീകരിച്ചിരിക്കുന്നത്? ഈ അന്വേഷണം നമ്മെ എത്തിക്കുന്നത് കൊഇവല്യൂഷൻ എന്ന വാക്കിലേക്കാണ്. 2022 ഏപ്രിൽ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ച ലേഖനം
സുകുമാർ അഴിക്കോട് ഒരിക്കൽ പറഞ്ഞതു പോലെ, സ്വാതന്ത്ര്യം കഴിഞ്ഞു എന്ന് കരുതുന്നത് തെറ്റാണ്, ഇനിയും അതിന്റെ പൂർണതയിലേ ക്ക് നമ്മൾ സഞ്ചരിക്കേണ്ടിരിക്കുന്നു. അതുപോലെ തന്നെയാണ് പാഠപുസ്തകത്തിൽ നാം പഠിച്ച പരിണാമം എന്ന വിഷയവും അതിങ്ങനെ തുട ർന്നുകൊണ്ടേയിരിക്കും.
ഒരു സ്പീഷീസിന് സംഭവിക്കുന്ന പരിണാമത്തിനനുസരിച്ച് അതിനോട് ബന്ധപ്പെട്ട് ജീവിക്കുന്ന മറ്റൊരു സ്പീഷീസിലും മാറ്റങ്ങളുണ്ടാവുന്നതിനെയാണ് കോ ഇവൊല്യൂഷൻ എന്നു പറയുന്നത്. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ ഈ വിഷയത്തെപ്പറ്റി സൂചന നൽകിയിരുന്നുവെങ്കിലും കോ ഇവൊല്യൂഷൻ എന്ന പദം ഉപയോഗത്തിൽ വരുന്നത് 1960 കളിലാണ്.
കോ ഇവല്യൂഷന്റെ ചില ഉദാഹരണങ്ങൾ നമുക്ക് പരിചയപ്പെടാം.

ബീ ഓർക്കിഡ് (Ophrys apifera)
ഈ ഓർക്കിഡ് പൂവിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ കാഴ്ചയിൽ ഒരു പെൺ പ്രാണി തന്നെ. ആൺ ബംബിൾ ബീ ഈ പൂവിന്റെ രൂപത്തിലും അത് ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളിലും ആകർഷിതനായി ഇണചേരാൻ ശ്രമിക്കുകയും അത് പരാഗണത്തിൽ അവസാനിക്കുകയും ചെയ്യുന്നു. ഇണചേരൽ പരാജയപ്പെട്ടാലും പിന്നെയും പ്രാണി അടുത്ത പൂവിലും ഇതുപോലെ തന്നെ തുടരും. ഇവരുടെ വിഷയത്തിൽ ബംബിൾ ബീ എന്ന പ്രാണിയിലുണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ച് കാലക്രമേണ പൂവിലും മാറ്റങ്ങൾ സംഭവിക്കുന്നു. പ്രകൃതിയിലെ ഇങ്ങനെയുള്ള പരസ്പരബന്ധം ജീവപരിണാമത്തെ സ്വാധീനിക്കുന്നു.
കാക്കയും കുയിലും
കുയിലുകൾ കൂടു കൂട്ടാറില്ല, പകരം കാക്കയും കരിയിലക്കിളിയുമൊക്കെ നിർമിക്കുന്ന കൂട്ടിൽ മുട്ടയിടുകയാണ് പതിവ്. പക്ഷികളിൽ ഏറെ സൂത്രശാലികളും ബുദ്ധിമാൻമാരുമാണ് കാക്കകൾ. എന്നാൽ അവരെ പറ്റിച്ച് സ്വന്തം കുഞ്ഞുങ്ങളെ അവരെ കൊണ്ട് വളർത്തിക്കുക കൂടി ചെയ്യുന്നവരാണ് കുയിലുകൾ. കാക്ക തന്റെ മുട്ടകളെ നശിപ്പിക്കാതിരിക്കാൻ, കുയിലുകളുടെ മുട്ട ഏകദേശം കാക്കയുടേതിനു സമാനമായിട്ടുണ്ട്. വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഒരു മാറ്റമാണിത്. കാക്കയും കുയിലും തമ്മിൽ ഉള്ള ഈ ബന്ധത്തെ ബ്രൂഡ് പാരസൈറ്റിസം എന്നാണ് പറയുന്നത്.
കൂട്ടിൽ കൂടുതൽ മുട്ടകൾ ഉണ്ടെന്ന് തോന്നിയാൽ കാക്കകൾ ചില മുട്ടകൾ താഴെ ഇട്ട് നശിപ്പിക്കും. ഇങ്ങനെ നശിപ്പിക്കുന്നത് പലപ്പോഴും കാക്കയുടെ മുട്ടകൾ തന്നെ ആയേക്കാം. കുയിലുകൾ കാക്കയുടെ കൂട്ടിൽ മുട്ടയിടുമ്പോൾ എണ്ണം വ്യത്യാസപ്പെടാതിരിക്കാൻ കാക്കയുടെ മുട്ടകൾ താഴെ ഇട്ട് നശിപ്പിക്കാറുമുണ്ട്. പലപ്പോഴും കാക്കയുടെ മുട്ടയേക്കാൾ ആദ്യം വിരിയുന്നത് കുയിലിന്റേതാകും. ജനിക്കുന്നതു തൊട്ട് തന്റെ ഭക്ഷണം പങ്കിടാതിരിക്കാനും അതുവഴി മത്സരം ഒഴിവാക്കുന്നതിനുമായി വിരിഞ്ഞിറങ്ങിയ കുയിൽകുഞ്ഞ് മറ്റു വിരിയാത്ത മുട്ടകളെ താഴെ തട്ടിയിട്ട് പൊട്ടിക്കുകയും ചെയ്യും. ഇതിലൊന്നും സംശയം തോന്നാത്ത അമ്മക്കാക്ക പിന്നെയും അതിനെ ഊട്ടും.

ഡാർവിൻ ഓർക്കിഡും ഹാക്ക് നിശാശലഭവും (Darwin’s orchid; Hawk Moth)
ഓർക്കിഡുകൾ അവയുടെ തനത് രൂപം കൊണ്ടും, പരാഗണമാർഗങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തവും വൈവിധ്യമാർന്നതുമാണ്. ഏകദേശം 30 സെ.മീ. ആഴത്തിലാണ് ഡാർവിൻ ഓർക്കിഡിന്റെ തേൻ അറ സ്ഥിതിചെയ്യുന്നത്. അന്ന് ഡാർവിൻ പ്രവചിച്ചിരുന്നു, ഈ പൂവിൽ പരാഗണം നടത്താൻ ഇത് തന്നെ നീളം വരുന്ന പ്രോബോസിസ് (നാക്ക്) ഉള്ള ഏതെങ്കിലും പ്രാണിക്ക് മാത്രമേ കഴിയുകയുള്ളൂ. ഡാർവിൻ മരിച്ച് 21 വർഷത്തിന് ശേഷം അത്തരം ഒരു നിശാശലഭത്തെ (ഹോക് മോത്ത് –hawk moth) കണ്ടെത്തുക തന്നെ ചെയ്തു. ഓർക്കിഡുകളിൽ പൂമ്പൊടികൾ ഒരു സമാഹാരമായാണ് കാണുക. അതിനെ പൊള്ളിനിയം എന്ന് പറയും. പരാഗണകാരികൾ തേൻ നുകരാൻ ശ്രമിക്കുമ്പോൾ അവ കാലിൽ പറ്റിപ്പിടിക്കുകയും പിന്നീട് മറ്റു പൂക്കളിൽ അവ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. (ഇതുപോലെയുള്ള ഒരു ഓർക്കിഡാണ് വാനില. അവയുടെ പരാഗകാരി മഡഗാസ്കറിലേ ഉള്ളൂ എന്നതിനാലാണ് ഇവിടെ കേരളത്തിൽ അവയ്ക്കു കൃത്രിമ പരാഗണത്തിന്റെ ആവശ്യം വരുന്നത്.)
അത്തിയും വാസ്പ്പും
ഒരു കൂട്ടം പുഷ്പങ്ങളിൽ നിന്നും ഉണ്ടാവുന്ന പഴമാണ് അത്തിപ്പഴം. അതിനാൽ തന്നെ അത് പഴങ്ങളുടെ സമാഹാരവുമാണ്. അങ്ങനെയുള്ള പഴങ്ങൾക്ക് സൈക്കോണിയം എന്ന് പറയും. അവയുടെ ഉള്ള് പൊള്ളയും, നിറയെ ചെറിയ ചെറിയ പൂക്കൾ അടുപ്പിച്ചു ഇരിക്കുന്നവയുമാണ്. ഇപ്രകാരമുള്ള അത്തി പൂവായിരിക്കുമ്പോൾ അതിൽ പെൺപ്രാണി (fig wasp) വന്നു തന്റെ മുട്ടകൾ നിക്ഷേപിക്കുന്നു. കൂട്ടത്തിൽ ഇവർ വിരിഞ്ഞിറങ്ങിയ പൂവിൽ നിന്നും കൊണ്ടുവന്ന പൂമ്പൊടിയും നിക്ഷേപിക്കുന്നു. പിന്നീട്, മുട്ടകൾ വിരിഞ്ഞിറങ്ങിയ പുഴുക്കൾ വിത്തുകൾ ഭക്ഷിച്ചു വളരുന്നു. പുഴുക്കൾ വളർന്ന് പ്രാണികൾ ആകുന്നു, അവിടെ വെച്ച് ഇണ ചേരുന്നു. ആൺ പ്രാണി കളുടെ ജനനം മുതൽ മരണം വരെ അത്തിക്ക യുടെ ഉള്ളിൽ തന്നെ നടക്കുമ്പോൾ പെൺപ്രാണി താൻ ജനിച്ച പൂവിലെ പരാഗവുമായി അടുത്ത പൂവ് തേടി പുറത്തു കടക്കുന്നു.

അത്തിമരത്തിന് ഈ പ്രാണികൾ ഇല്ലാതെ പരാഗണമോ വിയോ ഇല്ല. തിരിച്ച് വാസ്പുകളുടെ കുഞ്ഞുങ്ങൾക്ക് ഭക്ഷണവും വാസയിടവും ഉറപ്പുനല്കുന്നു. ഇതുപോലെ തന്നെയാണ് യുക്കയും യുക്കാ മോത്തും (Yucca moth) പരസ്പരം ആശ്രയിച്ച് ഒരുമിച്ച് പരിണമിക്കുന്നത്.

ഇരയും ഇരപിടിയന്മാരും
ഓരോ ഇരയും തന്റെ വേട്ടക്കാരനിൽ നിന്നും രക്ഷനേടുന്നതിന് പല കഴിവുകളും ഉപയോഗിക്കുന്നുണ്ട്. ഓന്ത് നിറം മാറുന്നതും, പല്ലി വാൽ മുറിച്ചിടുന്നതും ഇതുകൊണ്ടൊക്കെയാണ്.
മിമിക്രി
രൂപവും നിറവും അനുകരിക്കുന്ന മിമിക്രി വഴിയായും ജീവികൾ ശത്രുക്കളിൽ നിന്ന് രക്ഷ നേടുന്നു. കോഇവല്യൂഷന്റെ മികച്ച ഉദാഹരണങ്ങളിൽ ഒന്നാണിത്. ചില ചിത്രശലഭങ്ങളെ ഭക്ഷിച്ചാൽ ചില പക്ഷികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടും. ചില ശലഭങ്ങൾ സ്വയംരക്ഷയ്ക്ക് വേണ്ടി പരിണാമത്തിലൂടെ നേടിയ കഴിവാണ്. ഇത്തരം അനുഭവമുള്ള പക്ഷികൾ പിന്നീട് അതു പോലുള്ള ചിത്രശലഭങ്ങളെ മനപ്പൂർവം ഒഴിവാക്കും.

ചില ചിത്രശലഭങ്ങൾ അപ്രകാരമുള്ള ശലഭങ്ങളെ അനുകരിച്ച് രക്ഷനേടുന്നു. (പൂമ്പാറ്റകളിൽ കാണുന്ന രണ്ടുതരം മിമിക്രിയെപ്പറ്റി കൂട്ടുകാർ അന്വേഷിക്കുമല്ലോ?) മറ്റൊന്ന് പൂക്കളിലാണ്, തേൻ കുടിക്കുന്ന പക്ഷികളുടെ കൊക്ക് ശ്രദ്ധിച്ചാൽ അവ പൂക്കളുടെ ആകൃതിക്ക് അനുസരി ച്ചായിരിക്കും എന്ന് കാണാം. ചിത്രത്തിൽ കാണാം ആ കൗതുകം.
കോഇവലൂഷ്യൻ പ്രകൃതിയെ കൂടുതൽ കൂടുതൽ ജൈവസമ്പന്നമാക്കുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.