വരും പതിറ്റാണ്ടുകളിൽ മാരകമായ ചൂട് തരംഗങ്ങൾ, ഭീമാകാരമായ ചുഴലിക്കാറ്റുകൾ, കാട്ടുതീ തുടങ്ങിയുള്ള ദുരന്തങ്ങൾ കൂടുതൽ കഠിനമാകും എന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ആഗോളതാപനം അപകടകരമാംവിധം നിയന്ത്രണാതീതമായി വരികയാണെന്ന് യുഎൻ കാലാവസ്ഥാ പാനലിന്റെ (IPCC) റിപ്പോർട്ട്. വരും പതിറ്റാണ്ടുകളിൽ മാരകമായ ചൂട് തരംഗങ്ങൾ, ഭീമാകാരമായ ചുഴലിക്കാറ്റുകൾ, കാട്ടുതീ തുടങ്ങിയുള്ള ദുരന്തങ്ങൾ കൂടുതൽ കഠിനമാകും എന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും സംഭവിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. ഈയടുത്താണ് കാലിഫോർണിയയിലെ അഞ്ചുലക്ഷം ഏക്കറോളം വരുന്ന വനഭൂമി കത്തിനശിച്ചതും വെനീസിൽ വെള്ളം കരയിലേക്ക് കയറിയതും. ഇറ്റലിയിലെ സിസിലി ദ്വീപിൽ യൂറോപ്പിലെതന്നെ റെക്കോർഡ് താപനിലയായ 48.8 ഡിഗ്രി സെൽഷ്യസ് ആണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. ചൈനയിലെ സച്വാനിൽ എൺപതിനായിരത്തിലധികം പേരെയാണ് വെള്ളപ്പൊക്കംമൂലം ഒഴിപ്പിക്കേണ്ടിവന്നത്. ഗ്രീസിലെയും സൈബീരിയയിലെയും കാട്ടുതീയും കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തരഫലങ്ങളാണ്. കാർബൺ ഡൈഓക്സൈഡ് (CO2) കൂടിയ അളവിൽ പുറംതള്ളുന്നതിനു കാട്ടുതീ കാരണമാകുന്നു. ഇപ്പോൾ ആഗോള താപനിലയിലുള്ള 1.1 ഡിഗ്രി സെൽഷ്യസ് ഉയർച്ച, നിസ്സാരമായി തോന്നിയേക്കാമെങ്കിലും പ്രകൃതിയിൽ പല മാറ്റങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
IPCC യുടെ ആദ്യ റിപ്പോർട്ട് പുറത്തു വന്നിട്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇതുവരെ കാലാവസ്ഥാവ്യതിയാനം കാര്യമായി നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. ആദ്യ റിപ്പോർട്ടിൽ തന്നെ അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് ഇരട്ടിയായത് പ്രതിപാദിച്ചിരുന്നു. കൽക്കരിയും മറ്റു ഫോസിൽ ഇന്ധനങ്ങളും കത്തിയുണ്ടാകുന്ന ഗ്രീൻ ഹൗസ് വാതകത്തിൽപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാനപ്പെട്ട കാരണമാണ്. അന്തരീക്ഷ മലിനീകരണം കുറയുന്നില്ലെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനം ആകുമ്പോഴേക്കും 3.6 ഡിഗ്രി വരെ ചൂടു കൂടാനുള്ള സാധ്യതയും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാവ്യതിയാനം തിരുത്താനാവാത്ത മാറ്റങ്ങൾ പ്രകൃതിയിൽ വരുത്തിക്കഴിഞ്ഞു. ഹിമാനികളും (glaciers) മഞ്ഞുപാളികളും ഉരുകിത്തുടങ്ങിയതും ഇതിൽപ്പെടുന്നു. വർഷത്തിൽ 3.7 മില്ലീ മീറ്റർ വച്ച് സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം ഒരു സുപ്രധാന പ്രശ്നമായി തിരിച്ചറിഞ്ഞ് അതിനനുസരിച്ചു പ്രവർത്തിക്കേണ്ട നിർണായകമായ സമയമാണിത്.
അവലംബം
www.reuters.com, Climate change ‘unequi vocal’ & ‘unprecedented,’ says new U.N. report – Science – AAAS (sciencemag.org)
Click to access Code-Red-for-Humanity.pdf