കാലാവസ്ഥാ എന്നതുകൊണ്ട് നമ്മൾ സാധാരണക്കാർ മനസ്സിലാക്കുന്നത് വെയിൽ, മഞ്ഞ്, മഴ അന്തരീക്ഷത്തിലെ ചൂട്, ഈർപ്പത്തിന്റെ അളവ് കാറ്റു എന്നിവയുടെ ഒരു താളം അല്ലെങ്കിൽ ക്രമം ആണ് അല്ലെ… ശരിയാണ്, ജൂണിൽ മഴ തുടങ്ങും നവംബറിൽ തണുപ്പ്, മാർച്ചിൽ ചൂടുണ്ടാകും പിന്നെ പുതു മഴ വരും അങ്ങിനെ അങ്ങിനെ. ഓരോ മാസത്തിലെയും കാറ്റുകൾക്കും ഉണ്ട് പ്രത്യേകതകൾ അല്ലേ… അതിനനുസരിച്ചാണ് നമ്മൾ നെൽ വിത്തിടുന്നതിന്റെയും പറിച്ചു നടുന്നതിന്റെയും കൊയ്യുന്നതിന്റെയുമൊക്കെ സമയം തീരുമാനിച്ചത്. പിന്നെ വേനലിൽ നമ്മൾ കണ്ടങ്ങളിൽ പച്ചക്കറികൾ നട്ടതും വിളവെടുപ്പ് സമയം തീരുമാനിച്ചതും ഒക്കെ ഈ കാലാവസ്ഥയ്ക്കനുസരിച്ച് തന്നെ. സ്കൂളുകൾ ജൂണിൽ തുറന്ന് ഏപ്രിൽ മെയ് മാസങ്ങളിൻ അടയ്ക്കുന്നതും ഉത്സവങ്ങളും ആഘോഷങ്ങളും തീരുമാനിച്ചിരിക്കുന്നതും ഒക്കെ കാലാവസ്ഥയ്ക്കനുസരിച്ച് തന്നെ.
ഇതൊക്കെയാണെങ്കിലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളത്തിന്റെ കാലാവസ്ഥയും അതിന്റെ താളം മെല്ലെ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു. ആദ്യം അതു അനുഭവിച്ചു തുടങ്ങിയത് കർഷകർ തന്നെയാണ്. വിത്തും മഴയും കൊയ്ത്തും മഞ്ഞും തമ്മിലുള്ള അകലവും അടുപ്പവും മാറുന്നതായി അവർ പറഞ്ഞുതുടങ്ങി. അതെ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ അനുരണങ്ങൾ കേരളക്കര അനുഭവിച്ചു തുടങ്ങിയത് കാർഷിക രംഗത്തു തന്നെയാണ്. തണുപ്പ് കൂടിയ പ്രദേശങ്ങളിൽ പൊതുവെ കായ്‌ഫലം കുറഞ്ഞിരുന്ന തെങ്ങു പോലുള്ള വിളകൾ കൂടുതൽ കായ്‌ഫലം തരാൻ തുടങ്ങി. നെല്ല് പോലുള്ള സഹൃസ്വകാല വിളകൾ നേരത്തെ മൂപ്പെത്താൻ തുടങ്ങി . കുരുമുളക് പോലെ ഏലംപോലെയുള്ള അന്തരീക്ഷ ത്തിലും മണ്ണിലും ഈർപ്പം വേണ്ട വിളകൾക്കു രോഗങ്ങളും മറ്റു പ്രശ്നങ്ങളും കണ്ടുതുടങ്ങി . മലമ്പ്രദേശങ്ങളിൽ പൊതുവിൽ കാർഷിക ഉത്പാദനം കുറഞ്ഞുവന്നു.
രണ്ടായിരാമാണ്ടിന്റെ ആദ്യ ദശകം മഴക്കുറവിന്റെയും വരൾച്ചയുടെയും പ്രശ്നങ്ങൾ ആണ് ഉയർത്തിയത്. അന്തരീക്ഷ ഊഷ്മാവിൽ ഉണ്ടായ വർധനവും ഭൂഗർഭ ജലവിതാനത്തിന്റെ താഴ്ചയും കാർഷിക ഉല്പാദനത്തെയും കുടിവെള്ള ലഭ്യതയെയും ബാധിച്ചു. കേരളത്തിനു ലഭിച്ച കാലാവസ്ഥാ മുന്നറിയിപ്പുകളൊക്കെ സമുദ്രനിരപ്പ് ഉയരുന്നതിനെപ്പറ്റിയും തീര ദ്വീപ് വാസികളെപ്പറ്റിയും സാർവത്രികമായി ഉണ്ടാകാൻ പോകുന്ന ജല ദൗർലഭ്യത്തെക്കുറിച്ചും ആയിരുന്നു. എന്നാൽ 2018 ൽ രണ്ടു ഘട്ടങ്ങളിലായി മൺസൂൺ കാലത്തു പശ്ചിമഘട്ട സാനുക്കളിൽ പെയ്തിറങ്ങിയ അതി രൂക്ഷമായ മഴയിൽ മലചെരിവുകൾ അടർന്നുവീഴുകയും നദികളിൽ വെള്ളം പൊങ്ങുകയും ചെയ്തു. കേരളത്തിൻറെ എല്ലാ ജില്ലകളിലും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള തീവ്ര കാലാവസ്ഥാ അനുഭവങ്ങൾ ഉണ്ടായി. വളരെ പെട്ടെന്ന് കേരളത്തിന്റെ തുടർച്ചയായി വരുന്ന പ്രകൃതി ദുരന്തങ്ങൾ കേരളത്തിന്റെ സാമൂഹിക വികസ പ്രശ്നമായി മാറി.
പൊതുവിൽ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ അനുരണങ്ങളാണ് നമ്മൾ കാണുന്നതെന്ന് പറയുമ്പോളും പ്രാദേശികമായ കാരണങ്ങൾ കൂടി ഇതിന്റെ ആഘാതത്തെ സ്വാധീനിക്കുണ്ട്. നമ്മുടെ മലനിരകളിലെ ഭൂവിനിയോഗം നദീതടങ്ങളുടെ പരിപാലനം തണ്ണീർ തടങ്ങളുടെയും കായലുകളുടെയും അശാസ്ത്രീയമായ ഉപയോഗം എന്നിവ പൊതുവിൽ ഇത്തരം പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കൂട്ടുന്നു.
കടൽ പെറ്റ ഈ കൊച്ചു ദേശത്തു തുടർന്നുള്ള ജീവിതം അത്ര സുഗമമല്ല എന്ന് തന്നെയാണ് സൂചനകൾ. ആഗോളതലത്തിൽ കാലാവസ്ഥാ മാറ്റത്തിനു കാരണമാകുന്ന മുതലാളിത്ത ഉല്പാദന വ്യവസ്ഥക്കെതിരെ കർക്കശമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തുക എന്നത് ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഏതൊരാളുടെയും സമൂഹത്തിന്റെയും കടമയാണെന്ന് ഗ്രേറ്റ തുൻബെർഗിനെപ്പോലുള്ള കുട്ടികൾ നമ്മെ ഓർമ്മിപ്പിക്കുന്നു . അതോടൊപ്പം കാലാവസ്ഥാ വ്യതിയാനകാലത്തെ വികസനവും ജീവിതവും കുറച്ചു കൂടി ശാസ്ത്രീയമായി ആസൂത്രണം ചെയ്യേണ്ടതുണ്ട് എന്ന് തന്നെ യാണ് പുതിയ സാഹചര്യങ്ങൾ നമ്മോടും പറയുന്നത്. പ്രാദേശീകമായി നമ്മുടെ ഭൂപ്രകൃതി ഇത്തരം പ്രതിഭാസങ്ങളോട് എങ്ങിനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കുകയും ആഘാതങ്ങൾ കുറയ്ക്കുന്ന നാശനഷ്ട്ടങ്ങൾ കുറയ്ക്കുന്ന ജീവിത രീതികൾ വികസിപ്പിക്കാൻ നമുക്കാവണം. ഇതിൽ ഏറ്റവും പ്രധാനം കേരളത്തിനു ഒരു ഭൂവിനിയോഗനയം ഉണ്ടാകുക എന്നതാണ്. കോവിഡ് പോലുള്ള സാഹചര്യങ്ങൾ നമ്മോടു പ്രാദേശിക ഉല്പാദന വ്യവസ്ഥയെ ശക്തി പെടുത്തേണ്ടതിന്റെ ആവശ്യം ഓര്മ്മിപ്പിക്കുന്നു എന്നാൽ മാറുന്ന കാലാവസ്ഥയിൽ ഭക്ഷ്യോത്പാദനം പ്രതിസന്ധി നേരിടും എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്ന . കേരളത്തെ കാത്തിരിക്കുന്ന മറ്റൊരു വെല്ലുവിളി തന്നെയായിരിക്കും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ കാർഷിക നഷ്ടങ്ങൾ. എന്തായാലും പ്രാദേശിക വികസനത്തിന്റെ ഉള്ളടക്കം ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ കൂടി ആകുന്ന കാലത്താണ് നാം ജീവിക്കുന്നത്.
കർഷകർ : മിനി (കൊല്ലം), ജോസഫ് (വയനാട്), അരവിന്ദൻ (കർഷകൻ പാലക്കാട്), മാർട്ടിൻ ആന്റണി കല്ലുപുരയ്ക്കൽ (കുട്ടനാട്)
കവിത : രചന: എം.എം സചീന്ദ്രൻ, കരിവള്ളൂർ മുരളി, ആലാപനം : ഗായത്രി, കോട്ടക്കൽ മുരളി