ഡോ.ജോർജ് തോമസ്
മനുഷ്യന് ആവശ്യമുള്ളത്ര ഭക്ഷണം കൃഷിചെയ്തുണ്ടാക്കണമെങ്കില്‍ താപം, സൂര്യപ്രകാശം, മഴ എന്നീ കാലാവസ്ഥാ ഘടകങ്ങള്‍ അനുകൂലമായിരിക്കണം. ഇവയില്‍ മാറ്റം വരുന്നത് കാര്‍ഷികോല്പാദനത്തേയും ഭക്ഷ്യോല്പാദനത്തേയും ബാധിക്കും. ദരിദ്രരാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയേയാണ് ഇത്തരം പ്രതിഭാസങ്ങള്‍ ഏറ്റവുമധികം അപകടപ്പെടുത്തുക. കാലാവസ്ഥാവ്യതിയാനങ്ങള്‍ തണുപ്പ് കാലാവസ്ഥയില്‍ കിടക്കുന്ന മിക്ക സമ്പന്നരാജ്യങ്ങളിലേയും ധാന്യോല്പാദനത്തെ കാര്യമായി ബാധിക്കില്ലന്നാണ് വിലയിരുത്തല്‍. പക്ഷേ, ഇന്ത്യയുള്‍പ്പെടെയുള്ള തെക്ക് കിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ 22 ശതമാനം കുറവാണ് ധാന്യോല്പാദനത്തില്‍ പ്രവചിച്ചിരിക്കുന്നത്.കാലാവസ്ഥാ വ്യതിയാനം കൊണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഗോതമ്പ് കൃഷി പാടേ അപ്രത്യക്ഷമാകുമെന്നും പറയപ്പെടുന്നു.
1990നു ശേഷം ആഗോളതലത്തില്‍ ധാന്യോല്പാദനത്തില്‍ മാന്ദ്യം അനുഭവപ്പെട്ടു വരികയാണ്. ആഗോളവത്കരണം, നഗരവത്കരണം, ജൈവ ഇന്ധന ഉല്പാദനം, ഭക്ഷ്യധാന്യങ്ങളുടെ സംഭരണം, ചില്ലറ വ്യാപാര മേഖലയിലേക്കുള്ള കുത്തകകളുടെ കടന്നു കയറ്റം, അവധി വ്യാപാരം എന്നിവ ലോകത്തിന്റെ ഭക്ഷ്യസ്ഥിതിയില്‍ വന്‍മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ആസ്ത്രേലിയയില്‍ ഇടക്കിടെയുണ്ടാകുന്ന വരള്‍ച്ച ആഗോള ഗോതമ്പുല്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഉക്രെയിന്‍, അര്‍ജന്റീന, തെക്കന്‍ റഷ്യ എന്നിവിടങ്ങളിലും പ്രതികൂല കാലാവസ്ഥ ആഗോളഭക്ഷ്യ ധാന്യ കരുതലിനെ ബാധിച്ചിട്ടുണ്ട്. ആഗോള വ്യാപാരത്തിന്‍റെയും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ധാന്യ കൃഷിയില്‍ നിന്നും ഉയര്‍ന്ന മൂല്യമുള്ള പഴം, പച്ചക്കറി, നാണ്യവിളകള്‍ എന്നിവയിലേക്കുള്ള മാറ്റം പ്രാദേശികമായി ഭക്ഷ്യസുരക്ഷയെ അപകടപ്പെടുത്തും. മാംസ ഭക്ഷണത്തിന്റെ ആവശ്യവും ഉത്പാദനവും കൂടുന്നതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഒരു കിലോഗ്രാം മാംസം ഉല്പാദിപ്പിക്കുന്നതിന് 25-50കിലോഗ്രാം ധാന്യം വേണ്ടിവരുന്നുവെന്ന കാര്യം ശ്രദ്ധിക്കുക
സാധാരണ ഗതിയില്‍ മഴ, കാറ്റ്, ചൂട്കാലം, തണുപ്പ്കാലം എന്നിവയുടെ സംഭാവ്യതയും അവ പ്രതികൂലമായി മാറുന്ന സമയവുമൊക്കെ മുന്‍കൂട്ടി അറിയാന്‍ കഴിയും. പരിചയസമ്പന്നരായ കര്‍ഷകര്‍ക്ക് ഇതേക്കുറിച്ച് നല്ല ധാരണയുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ വരവോടെ ഇവയൊക്കെ മുന്‍കൂട്ടി പ്രവചിക്കാനുള്ള സംവിധാനവുമുണ്ട്. കര്‍ഷകര്‍ ഇതിനനുസൃതമായി കൃഷിപ്പണികള്‍ ചിട്ടപ്പെടുത്തുന്നു. വേണ്ട മുന്‍കരുതലുകളും എടുക്കും. പക്ഷേ, ഇവയൊക്കെ യാതൊരു വ്യവസ്ഥയുമില്ലാതെ തോന്നുന്നതുപോലെ സംഭവിച്ച് കൃഷിയെ അപകടപ്പെടുത്തുമെന്ന സംഭാവ്യതയാണ് വിദഗ്ധരെ ഭയപ്പെടുത്തുന്നത്.
സമുദ്രനിരപ്പ് ഉയരുന്നതോടെ കടല്‍ത്തീരത്തോട് അടുത്തുകിടക്കുന്ന ഫലഭൂയിഷ്ടമായ കൃഷിഭൂമികളൊക്കെ വെള്ളത്തിലായേക്കാം! അങ്ങിനെ സംഭവിച്ചാല്‍ ഭക്ഷ്യോല്പാദനത്തിനുള്ള ഭൂമിയാണ് പ്രേത്യേകിച്ചു നെല്‍കൃഷി ഇങ്ങനെ നഷ്ടപ്പെടുക. കണ്ടല്‍കാടുകളും നശിക്കും. ജൈവവൈവിദ്ധ്യം നഷ്ടപ്പെടുന്നതിനുള്ള മറ്റൊരു സാദ്ധ്യതയാണിത്! മത്സ്യസമ്പത്തിന്‍റെയും സമുദ്രവിഭവങ്ങളുടെയും ലഭ്യതയും അളവും പ്രശ്നമാവും.
പുതിയ കളകള്‍ രംഗപ്രവേശം ചെയ്തേക്കാം. പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിപ്പോകുന്ന കളകള്‍ വിളകളെ കൂടുതല്‍ കഷ്ടപ്പെടുത്തുമെന്നും നിരീക്ഷിക്കുന്നു. പുതിയ കീടങ്ങളും പുതിയ രോഗങ്ങളും പ്രശ്നം വഷളാക്കും. ഇവയുടെയൊക്കെ നിയന്ത്രണം പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കും.
കൃഷി, ആഗോളതാപനത്തിന്‍റെ പ്രശ്നങ്ങള്‍ ഏറ്റുവാങ്ങുക മാത്രമല്ല ചെയ്യുന്നത്, അതിന് കാരണമാവുകയും ചെയ്യുന്നുണ്ട്! ആകെ പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡില്‍ 9 ശതമാനവും വനനശീകരണം കൊണ്ട് ഉണ്ടാവുന്നതാണ്. കാര്‍ബണ്‍ ഡയോക്സൈഡിനെ അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുത്ത് നീക്കിക്കളയുന്ന പ്രധാന ബാധ്യതയാണ് വനങ്ങള്‍ക്കുള്ളത്. കൃഷിയിലെ ജൈവ-രാസവളങ്ങളുടെ ഉപയോഗം നൈട്രസ് ഓക്സൈഡ് എന്ന ഹരിതഗൃഹ വാതകത്തിന്‍റെ പുറന്തള്ളലിന് കാരണമാവുന്നു.
കന്നുകാലി വളര്‍ത്തല്‍ മീഥൈന്‍ ഉല്പാദനത്തിന് കാരണമാവുന്ന പ്രധാന പരിപാടിയാണ്. തീറ്റയെ പാലും ഇറച്ചിയുമായി കാര്യക്ഷമതയോടെ വേഗത്തില്‍ മാറ്റാന്‍ കഴിയുന്ന കന്നുകാലി ബ്രീഡുകളാണ് ഇന്നിന്റെ ആവശ്യം. കന്നുകാലികളുടെ എണ്ണം കുറക്കണമെങ്കിലും ഇതേ മാര്‍ഗമുള്ളൂ. ആകെ മീഥൈന്‍ ഉല്‍സര്‍ജനത്തിന്റെ 9 ശതമാനമാണ് നെല്‍കൃഷിയില്‍ നിന്നുള്ളതും. നെല്‍കൃഷിയെ പ്രതിസ്ഥാനത്ത് നിറുത്തുന്നത് പണ്ട് സ്ഥിരം പതിവായിരുന്നു. വെള്ളം പൂര്‍ണമായും കെട്ടിക്കിടക്കാതെ ഇടക്കിടെ നീര്‍വര്‍ച്ച് ഉറപ്പ് വരുത്തുന്നത് വഴി മീഥൈന്‍ ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ സാധിയ്ക്കും. അതോടൊപ്പം വനനശീകരണം നിര്‍ത്തുക, വനവല്ക്കരണത്തിന് ഊന്നല്‍ നല്കുക, വരള്‍ച്ചയെ പ്രതിരോധിക്കുന്ന ഇനങ്ങള്‍ കൃഷി ചെയ്യുക, ജലോപയോഗശേഷി കൂടിയ ഇനങ്ങള്‍ കൃഷി ചെയ്യുക എന്നിവക്കും മുന്‍ഗണന കിട്ടണം.
നാമൊക്കെ മറന്നു പോകുന്ന ഒരു പ്രധാന കാര്യം ഇതിനെല്ലാം ഉത്തരവാദിയായ മനുഷ്യന്റെ സംഖ്യ അനിയന്ത്രിതമായി ഉയരുന്നു എന്നതാണ്. പതിനായിരം വർഷം മുമ്പു കേവലം 0.5 കോടി മാത്രമായിരുന്ന ലോകജനസംഖ്യ AD 1804ല്‍ 100 കോടിയായും, 1960ല്‍ 300 കോടിയായും, 1999 ല്‍ 600കോടിയായും, 2020ല്‍ 782 കോടിയായും കുതിച്ചുയര്‍ന്നതു തന്നെയാണ് ഇപ്പോഴത്തെ ആഗോളതാപനത്തിന്‍റേയും കാലാവസ്ഥാ മാറ്റങ്ങളുടെയുമൊക്കെ പ്രധാന ഹേതു. ഈ വര്‍ദ്ധനവ് ഇതേപോലെ തന്നെ തുടരുകയാണങ്കില്‍ (2050ല്‍ ലോകജനസംഖ്യ 970 കോടി കവിയും!) ഭൂമിയുടെ ഭാവി തുലാസ്സില്‍ തന്നെ!
ഇതെല്ലാം സൂചിപ്പിക്കുന്നത് കാലാവസ്ഥാമാറ്റം നാം ഗൗരവമായിത്തന്നെ കാണണമെന്നാണ്. ആഗോളസാഹചര്യങ്ങളാണ് കാലാവസ്ഥാ മാറ്റങ്ങളുണ്ടാക്കുന്നതെന്ന് പറഞ്ഞ് നമുക്ക് കയ്യും കെട്ടിയിരിക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനങ്ങള്‍ നേരിടുന്നതിനും, ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും യോജിച്ച തരത്തില്‍ സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. കാര്‍ഷിക ഗവേഷണ മേഖലയില്‍ വന്‍ മുതല്‍മുടക്ക് വേണ്ടി വരുന്ന രംഗം കൂടിയാണിത്. ലോകരാഷ്ട്രങ്ങള്‍ ആഗോളതാപനമെന്ന പൊതുശത്രുവിനെ നേരിടുന്നതിന് അഭിപ്രായ വ്യത്യാസങ്ങള്‍ തല്ക്കാലത്തേക്കെങ്കിലും മറന്ന് കര്‍മ്മപരിപാടികള്‍ നടപ്പിലാക്കുകതന്നെയേ മാര്‍ഗ്ഗമുള്ളൂ. പാരിസ് ഉടമ്പടി എല്ലാ രാജ്യങ്ങളും അംഗീകരിക്കുമെന്നും ഈ മഹാ വിപത്തില്‍ നിന്നു ഭൂമിയെ രക്ഷിക്കാനാകുമെന്നും നമുക്ക് പ്രത്യാശിക്കാം!