സർവ്വകാശാലകളിലും ശാസ്ത്രരംഗത്തും വനിതകൾക്കെതിരെ നിലനിന്നിരുന്ന വിവേചനത്തിനെതിരെ പടപൊരുതി വിജയം നേടിയ വ്യക്തിയാണു ക്ലാര ഇമ്മർവാർ. ദീർഘകാലം അറിയപ്പെടാതെ പോയ വനിത ആക്ടിവിസ്റ്റും ശാസ്ത്രകാരിയുമായിരുന്നു ക്ലാര. ജനനന്മക്ക് ഉപയോഗിക്കപ്പെടേണ്ട ശാസ്ത്രം വിനാശകരമായ രാസായുധങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്നതിനെ എതിർത്ത് ഒടുവിൽ ആത്മഹത്യയിൽ അഭയം തേടിയ സമാധാനപ്രേമി. 1915 ൽ അന്തരിച്ച ക്ലാരയെക്കുറിച്ച് പൊതുസമൂഹം അറിയുന്നത് 1970ൽ അവരുടെ ജീവചരിത്രവും ഏതാനും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ മാത്രമാണ്. ഒരു ജർമ്മൻ സർവ്വകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ഗവേഷണ ബിരുദം നേടുന്ന ആദ്യ വനിതയാണു ക്ലാര. ആണവയുദ്ധത്തിനെതിരെയുള്ള ഡോക്ടർമാരുടെ അന്താരാഷ്ട്ര സംഘടനയുടെ ജർമ്മൻ ഘടകം 1991ൽ ക്ലാര ഇമ്മർവ്വാറിന്റെ ബഹുമാനാർഥം “ക്ലാര ഇമ്മർവാർ പ്രൈസ്” ഏർപ്പെടുത്തി.
1870 ജൂൺ 21 നു ഇപ്പോൾ പോളണ്ടിന്റെ ഭാഗമായ പോൾകെന്ദോർഫിൽ ആയിരുന്നു ക്ലാര ഹെലൻ ഇമ്മർവാർ ജനിച്ചത്; ഒരു ഇടത്തരം ജൂത കുടുംബത്തിൽ. ക്ലാരയുടെ പിതാവ് രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആളായിരുന്നു. പെൺകുട്ടികൾക്ക് പഠനത്തിനു സ്കൂളുകൾ ഇല്ലാതിരുന്നത് കൊണ്ട് സ്വകാര്യ ടീച്ചർമാരുടെ കീഴിലായിരുന്നു ക്ലാരയുടെയും സഹോദരങ്ങളുടെയും ആദ്യകാല വിദ്യാഭ്യാസം. 1877 ൽ അവരുടെ മുത്തശ്ശിയുടെ താമസസ്ഥലത്ത് ഒരു പെൺപള്ളിക്കൂടം സ്ഥാപിതമായപ്പോൾ പഠനം അവിടെയായി. ക്ലാരയുടെ ശാസ്ത്ര താൽപര്യം സ്കൂൾ പ്രിൻസിപ്പാൽ തിരിച്ചറിഞ്ഞ് പ്രോൽസാഹിപ്പിച്ചിരുന്നു. സഹോദരിമാർ സ്കൂൾ പഠനം പൂർത്തിയാക്കിയപ്പോഴേക്ക് സഹോദരൻ പോൾ ബർലിൻ സർവ്വകാശാലയിൽ പ്രവേശനം നേടിയിരുന്നു. 1890ൽ അമ്മ കാൻസർ ബാധിച്ചു മരിച്ചതോടെ ഇളയ മകൾ ആയ ക്ലാരയേയും കൂട്ടി അച്ചൻ ബ്രസ്ലോയിലേക്ക് താമസം മാറ്റി (കൃഷിയിടം സഹോദരി ഏറ്റെടുത്തു). ബ്രസ്ലോയിൽ വെച്ച് ഫ്രിറ്റ്സ് ഹേബറെ ക്ലാര പരിചയപ്പെട്ടു. ഹേബറുടെ വിവാഹാലോചന ക്ലാര നിരസിക്കുകയായിരുന്നു. സാമ്പത്തിക സ്വാശ്രയത്വവും ശാസ്ത്ര ഗവേഷണവും ലക്ഷ്യമിട്ടുകൊണ്ടാണു വിവാഹ അഭ്യർത്ഥന നിരസിച്ചത്.
എന്നാൽ അക്കാലത്ത് ജർമനിയിൽ സ്ത്രീകളെ സർവ്വകലാശാല വിദ്യാഭ്യാസത്തിനു അനുവദിച്ചിരുന്നില്ല. അതുകൊണ്ട് ഗ്രാജുവേഷനു ശേഷം ടീച്ചേർസ്സ് സെമിനാരിയിൽചേർന്നു. ടീച്ചേർസ് സെമിനാരിയിലെ ബിരുദധാരികൾക്ക് പെൺകുട്ടികളുടെ സ്കൂളുകളിൽ അദ്ധ്യാപികമാരാകാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. തന്റെ ശാസ്ത്രപഠന താൽപര്യം പുരുഷമേധാവിത്വ സമൂഹത്തിനുമുൻപിൽ വേണ്ടെന്നു വെക്കാൻ ക്ലാര തയ്യാറല്ലായിരുന്നു. 1896 ആയപ്പോൾ ബ്രസ്ലൊ സർവ്വകലാശാല വനിതാ അധ്യാപകരെ വിസിറ്റർമാർ എന്ന രീതിയിൽ പ്രഭാഷണങ്ങൾ കേൾക്കാൻ അനുവദിച്ചു തുടങ്ങി. സർവ്വകലാശാലയിൽ ഗവേഷണത്തിനു പ്രവേശനം നേടാനായിരുന്നു ക്ലാരയുടെ ശ്രമം.
1898ൽ PhD പ്രവേശന പരീക്ഷ എഴുതാൻ അനുവാദം നേടിയെടുത്തു. ജർമ്മനിയിൽ PhD പ്രവേശന പരീക്ഷ പാസ്സാകുന്ന ആദ്യ വനിതയാണു ക്ലാര ഇമ്മർവാർ. 1890ൽ ബ്രെസ്ലൊ സർവ്വകലാശാലയിൽ നിന്ന് അവർ ഭൗതിക രസതന്ത്രത്തിൽ ഗവേഷണബിരുദം നേടി. ഒരു ജർമ്മൻ സർവ്വകലാശാലയിൽ നിന്ന് ഗവേഷണബിരുദം നേടുന്ന ആദ്യ വനിതയാണു കൂടിയാണ് ക്ലാര ഇമ്മർവാർ. PhD നേടിയെങ്കിലും ഗവേഷണമോ അധ്യാപനമോ നടത്താൻ സ്ത്രീകളെ അക്കാലത്ത് അനുവദിച്ചിരുന്നില്ല. ക്ലാര കുറച്ചുകാലം തന്റെ ഗവേഷണ ഗൈഡ് ആയ റിച്ചാർഡ് അബെഗ്ഗിന്റെ ലബോറട്ടറിയിൽ സഹായി ആയി പ്രവർത്തിച്ചു. പിന്നെ കുട്ടികൾക്ക് ട്യൂഷൻ എടുത്തു.
ഇക്കാലത്ത് സ്ത്രീകൂട്ടായ്മകളിൽ അവർ സജീവമായിരുന്നു. ഈ കൂട്ടായ്മകളിൽ അവർ ശാസ്ത്രക്ലാസ്സുകൾ നടത്തിയിരുന്നു. “വീട്ടിലെ ഭൗതികവും രസതന്ത്രവും” ആയിരുന്നു വിഷയം. 1901ൽ ഹാബറുടെ വിവാഹാഭ്യർഥന ക്ലാര സ്വീകരിച്ചു.
ഫ്രിറ്റ്സ് ഹാബർ ഇക്കാലത്തുതന്നെ താപഗതികത്തിലും വൈദ്യുതരസതന്ത്രത്തിലും നടത്തിയ ഗവേഷണങൾ മൂലം പ്രശസ്തനായി കഴിഞ്ഞിരുന്നു. 1898ൽ ഹാബർ പ്രശസ്തമായ കാൽസ്രൂഹ് സാങ്കേതിക സർവ്വകലാശാലയിലെ പ്രൊഫസർ ആയി നിയമിതനായിരുന്നു. പിന്നീട് അമോണിയ സംശ്ലേഷണത്തിനുള്ള ഉൽപ്രേരക പ്രക്രിയ കണ്ടുപിടിച്ചത് ഹാബറുടെ പ്രശസ്തി വർദ്ധിപ്പിച്ചു. വിഖ്യാതനായ ശാസ്ത്രകാരനായ ഭർത്താവിനൊപ്പം തന്റെ ശാസ്ത്ര ഗവേഷണവും മുന്നോട്ടു കൊണ്ടു പോകാൻ കഴിയുമെന്നാണു ക്ലാര പ്രതീക്ഷിച്ചത്. എന്നാൽ നിരാശയായിരുന്നു ഫലം.
തികഞ്ഞ സ്വാർത്ഥനും തൻകാര്യംനോക്കിയും ആയിരുന്നു ഹാബർ. അദ്ദേഹം കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തതോടെ ക്ലാരക്ക് ഒരു വീട്ടമ്മയായി ഒതുങ്ങേണ്ടി വന്നു. എന്നാലും ഹാബറിന്റെ ഗവേഷണത്തിലും പുസ്തകരചനയിലും ക്ലാര പങ്കാളിയായി പ്രവർത്തിച്ചു. പക്ഷെ പങ്കാളിയെന്ന പദവി നൽകാൻ ഹാബർ തയ്യാറായില്ല. ഹാബർ 1905ൽ പ്രസിദ്ധീകരിച്ച താപഗതിക (Thermodynamics) പുസ്തകം പ്രിയപ്പെട്ട ഭാര്യ ക്ലാരക്കാണു സമർപ്പിച്ചത്; എന്നാൽ കൂട്ടായി രചിച്ചതാണന്നു പറഞ്ഞില്ല. ക്ലാര സ്ത്രീ കൂട്ടായ്മകളിൽ നടത്തുന്ന ശാസ്ത്രക്ലാസ്സുകൾ തുടർന്നു.
പുസ്തകരചനയിൽ തന്റെ പങ്കാളിത്തം പൊതു സമൂഹത്തിൽ നിന്ന് മറച്ചുവെച്ചതിൽ അവർക്ക് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഹാബർക്ക് കൂടുതൽ ഉയർന്ന പദവികളും അംഗീകാരങ്ങളും ലഭിച്ചുകൊണ്ടിരുന്നു. രോഗിയായ ഏകമകനെയും കൂടുംബത്തെയും ഏതാണ്ട് പൂർണ്ണമായി അവഗണിക്കുന്ന നിലയിലെത്തിയിരുന്നു ഹാബർ. കൈസർ വില്ല്യം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയരക്ടർ പദവിയോടൊപ്പം ബർലിൻ സർവ്വകലാശാലയിലെ പ്രൊഫസർ പദവിയും ഹാബർക്ക് ലഭിച്ചു. അംഗീകാരങ്ങൾ തലക്ക് പിടിച്ച അവസ്ഥയിൽ ആയിരുന്നു അദ്ദേഹം.
ക്ലാരയും ഹാബറും തമ്മിൽ കൂടുതൽ അകന്നു. തന്റെ ഗുരുവും സുഹൃത്തുമായ അബ്ബെഗ്ഗിനു എഴുതിയ കത്തിൽ ഹാബറുടെ നേട്ടങ്ങൾ തന്റെ നഷ്ടങ്ങൾ ആണെന്നാണു ക്ലാര എഴുതിയത്. 1914 ൽ ഒന്നാം ലോകയുദ്ധം ആരംഭിച്ചു. “സുപ്രീം വാർ സ്റ്റാഫിൽ” ചേർന്നു പ്രവർത്തിക്കാൻ ഹാബർ സ്വയം സന്നദ്ധനായി. രാസായുധങ്ങളുടെ ഉപയോഗത്തിൽ ആണു ഹാബർ താൽപര്യം കാണിച്ചത്. ക്ലോറിൻ വാതകം രാസായുധമായുപയോഗിക്കാമെന്ന നിർദ്ദേശം ഹാബറുടേതായിരുന്നു. ക്ലാരയെപ്പോലെ ഒരു സമാധാനപ്രേമിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു ഇത്. ശാസ്ത്രത്തിന്റെ ധാർമ്മിക മൂല്യങ്ങളിൽ നിന്നു വഴിപിരിയുന്ന കാടത്തമാണിതെന്ന് ക്ലാര പറഞ്ഞു. ക്ലാരയുടെ അഭിപ്രായം രാജ്യദ്രോഹമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണു ഹാബർ ചെയ്തത്.
തന്റെ ക്രൂരമായ പരീക്ഷണങ്ങളിൽ കൂടുതൽ ശക്തമായി മുഴുകുകയായിരുന്നു ഹാബർ. ശാസ്ത്രത്തിന്റെ സാമൂഹ്യ ഉത്തരവാദിത്വങ്ങളിൽ പൂർണ്ണമായ വിശ്വാസമുണ്ടായിരുന്ന ക്ലാരക്ക് ഇത് അസഹനീയമായിരുന്നു. വാക്കിലും പ്രവർത്തിയിലും തന്റെ വിശ്വാസങ്ങളിൽ നിന്ന് ഒരിക്കലും വ്യതിചലിക്കാൻ ക്ലാര തയ്യാറായിരുന്നില്ല. 1915 ഏപ്രിൽ 22നു ആദ്യമായി ക്ലോറിൻ വാതകം യുദ്ധരംഗത്ത് ഉപയോഗിച്ചു. ഹാബർ നേരിട്ട് നേതൃത്വം വഹിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ആയിരക്കണക്കിനു പടയാളികൾ പിടഞ്ഞ് മരിക്കുന്നത് അയാൾ സംതൃപ്തിയോടെ കണ്ടു. ഹാബർ ക്യാപ്റ്റൻ പദവിയിലേക്ക് ഉയർത്തപ്പെട്ടു. യുദ്ധവിജയവും പുതിയ സ്ഥാനലബ്ധിയും ആഘോഷിക്കാൻ മെയ് ഒന്നിനു രാത്രി ഹാബർ വിരുന്നൊരുക്കി. ഈ കിരാത പ്രവർത്തനത്തെ ക്ലാര എതിർത്തു, വഴക്കായി.
ഹാബറെ ഒരിക്കലും തിരുത്തുവാൻ കഴിയില്ലെന്നു മനസ്സിലാക്കിയ ക്ലാര ഭർത്താവിന്റെ സർവ്വീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെച്ചു. രണ്ടാം തിയതി പുലർച്ചെ ആയിരുന്നു ഇത്. വെടിയൊച്ച കേട്ട് തോട്ടത്തിലേക്ക് ഓടിയെത്തിയത് 13 കാരനായ മകൻ ഹെർമ്മൻ മാത്രമായിരുന്നു. മകന്റെ മടിയിൽ കിടന്ന് അവർ അന്ത്യശ്വാസം വലിച്ചു. ശവശരീരം ഒരു നോക്കു കാണാൻ പൊലും നിൽക്കാതെ ഹാബറും പരിവാരങ്ങളും അടുത്ത യുദ്ധമുന്നണിയിലേക്ക് പോയി. മെയ് 8 നു ഒരു രഹസ്യ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തുവെന്നും കാരണം അറിയില്ലെന്നും ഒരു പത്രം റിപ്പോർട്ടു ചെയ്തു. ഒരു തുടർ അന്വേഷണവും ഉണ്ടായില്ല.
ക്ലാരയുടെ ആത്മഹത്യയുടെ കാരണങ്ങളെ സംബന്ധിച്ച് വ്യക്തതയില്ലായ്മയുണ്ടെന്ന നിരീക്ഷണവും ഉണ്ട്.1 ക്ലാര ഇമ്മർവാറിന്റെ ജീവിതവും സംഭാവനകളും സംബന്ധിച്ച വിശദമായ പഠനം 2016 ൽ പ്രസിദ്ധീകരിച്ചത് അധികവായനയ്ക്കായി ഈ ലേഖനത്തിന്റെ ഒടുവിൽ കൊടുക്കുന്നു. അവരുടെ ജീവതത്തെക്കുറിച്ച് പിൽക്കാലത്ത് പ്രചരിക്കപ്പെട്ട വസ്തുതാവിരുദ്ധമായ കാര്യങ്ങൾക്കൂടി ഈ ലേഖനം വിശകലനം ചെയ്യുന്നുണ്ട്.
ഹാബർക്ക് അമോണിയ സംശ്ലേഷണ വിദ്യ കണ്ടുപിടിച്ചതിനു 1918 ൽ നൊബേൽ സമ്മാനം ലഭിച്ചു. പുരസ്കാരവേദിയിൽ ഹസ്തദാനം നടത്താൻ റുഥർഫോർഡ് വിസമ്മതിച്ചു. ഇതിനിടെ “രാസയുദ്ധത്തിന്റെ പിതാവ്”എന്ന ചീത്തപ്പേര് ഹാബർ നേടിക്കഴിഞ്ഞിരുന്നു. യുദ്ധകുറ്റവാളി എന്ന രീതിയിൽ വിചാരണ ചെയ്യണമെന്ന ആവശ്യവും ഉയർന്നിരുന്നു.
1970ൽ ക്ലാര ഇമ്മർവ്വാറിന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടു. അതിനു ശേഷമാണു ജർമ്മൻ ജനത അവരെ അറിഞ്ഞത്. ശാസ്ത്രത്തിന്റെ മൂല്യങ്ങൾക്കും ശാസ്ത്ര പ്രവർത്തകരുടെ സാമൂഹ്യ പ്രതിബദ്ധതക്കും വേണ്ടി പോരാടി സ്വയം ഹോമിച്ച ആ മഹതിയെ തിരിച്ചറിഞ്ഞത്. പൊതുസമൂഹത്തിലും സർവ്വകലാശാലകളിൽ പ്രത്യേകിച്ചും നിലനിന്നിരുന്ന സ്ത്രീവിരുദ്ധതക്കെതിരെ പോരാടി വിജയം വരിച്ച ശാസ്ത്രവിദ്യാർത്ഥിയെ സമൂഹത്തിൽ പ്രത്യേകിച്ചും സ്ത്രീകളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനു പ്രവർത്തിച്ച വനിത ആക്ടിവിസ്റ്റിനെ തിരിച്ചറിഞ്ഞത്. ചില ഗ്രന്ഥകാരന്മാർ ക്ലാര ഇമ്മർവ്വാറിനെ വിശേഷിപ്പിച്ചത് ശാസ്ത്രത്തിന്റെ ദുരന്ത നായിക എന്നാണ്.
ആണവയുദ്ധം തടയുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ സംഘടന ഏർപ്പെടുത്തിയതാണു ക്ലാര ഇമ്മർവ്വാർ പ്രൈസ്. 2000 മുതൽ ഡോർട്ട്മുണ്ട് സർവ്വകലാശാല സ്ത്രീവിദ്യാർത്ഥികൾക്കായി ക്ലാരയുടെ പേരിൽ ഒരു മെന്ററിംഗ് പ്രൊജക്റ്റ് ആരംഭിച്ചിട്ടുണ്ട്. കാറ്റലിസ്റ്റ് ഗവേഷണത്തിൽ മേന്മയേറിയ ഫലങ്ങൾ നൽകുന്ന യുവ വനിത ഗവേഷകർക്ക് ക്ലാര ഇമ്മർവ്വാറിന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.
അധികവായനയ്ക്ക്
Clara Haber, nee Immerwahr (1870–1915): Life, Work and Legacy, 10.1002/zaac.201600035
വനിതാ ശാസ്ത്രപ്രതിഭകളുടെ ചിത്രഗാലറി
200 വനിതാശാസ്ത്രജ്ഞർ – ലൂക്ക തയ്യാറാക്കിയ പ്രത്യേക ഇന്ററാക്ടീവ് പതിപ്പ് സ്വന്തമാക്കാം