Read Time:3 Minute
സുരേഷ് കുമാർ
സിസ്പ്ളാറ്റിൻ എന്ന ഇനോർഗാനിക് കോമ്പൗണ്ട് കാൻസറിനുള്ള മരുന്നാക്കി വികസിപ്പിച്ചതിനു പിന്നിലും ആകസ്മികതയുടെ ചരിത്രമുണ്ട്. മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്ന ബാർണറ്റ് റോസൻബെർഗും (Barnett Rosenberg) സഹഗവേഷകരും ഇ.കോളൈ ബാക്റ്റീരിയക്ക് ഇലക്ട്രിക് കറന്റ് അടിപ്പിച്ചപ്പോൾ അതിന്റെ കോശവിഭജനം നിലയ്ക്കുന്നതായി കണ്ടെത്തി.
സാധാരണ റോഡ് ഷെയ്പ്പിലുള്ള ബാക്റ്റീരിയ ഷോക്കടിപ്പിച്ചപ്പോൾ നീണ്ട് നാരുകൾ പോലെയായി. അതിൽ നിന്നും വളർച്ചയെ ബാധിക്കാത്ത, എന്നാൽ കോശവിഭജനത്തെ ബാധിക്കുന്ന എന്തോ ഒരു സംഗതിയാണ് ഇതിനു പിന്നിലെന്ന് അവർ മനസ്സിലാക്കി. നിരവധി പരീക്ഷണങ്ങൾക്കൊടുവിൽ കറന്റ് അടിപ്പിക്കാനുപയോഗിച്ച പ്ളാറ്റിനം ഇലക്ട്രോഡുകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന പ്ളാറ്റിനം സംയുക്തമാണ് ഇതിനു പിന്നിലെന്ന് തിരിച്ചറിഞ്ഞു.
സിസ്-പ്ളാറ്റിനം, അഥവാ cis-[Pt(NH3)2Cl4], cis-[Pt(NH3)2Cl2] എന്നിങ്ങനെ വീര്യമുള്ള സെൽ ഡിവിഷൻ ഇൻഹിബിറ്റേഴ്സ് ഇവർ വേർതിരിക്കുകയും, നിർമ്മിക്കുകയും ചെയ്തു. പിന്നീട് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നടത്തിയ പരീക്ഷണങ്ങളിൽ എലികളിൽ കാൻസർ തടയുന്നതായി കണ്ടെത്തി
തുടർന്ന് ബ്രിസ്റ്റൾ-മയേഴ്സ് എന്ന ഫാർമ കമ്പനി ക്ളിനിക്കൽ ഡെവലപ്മെൻ്റും, ട്രയലും ഒക്കെ നടത്തി മരുന്നാക്കി വിപണിയിലെത്തിച്ചു. അങ്ങനെ 100 വർഷം മുൻപ് Michele Peyrone കണ്ടെത്തിയ സിസ്-പ്ളാറ്റിൻ സംയുക്തം ഷോക്കേറ്റ ബാക്റ്റീരിയ വഴി നിരവധി കാൻസർ രോഗികൾക്ക് ആശ്വാസമുളവാക്കിയ മരുന്നായി മാറി.
Related
0
0