ഡോ.ടി.പി.വിനോദ്
കെമിസ്ട്രി വിഭാഗം, ക്രൈസ്റ്റ് യുണിവേഴ്സിറ്റി, ബംഗലൂരു
“അസാമാന്യമായ സുക്ഷ്മത ആവശ്യപ്പെടുന്നതും ഏറ്റവും ചിലവേറിയതുമായ ഈ ഗവേഷണത്തിൽ എന്റെ എല്ലാ ഊർജ്ജവും വിനിയോഗിക്കാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു, മുന്നോട്ടുള്ള വഴിയിലുള്ള വരും വരായ്കകളെയും പ്രയാസങ്ങളെയും കണക്കിലെടുക്കാതെ തന്നെ“-
ആദ്യകാലത്ത് Peyrone’s chloride എന്നും പിൽക്കാലത്ത് സിസ് പ്ലാറ്റിന്റെ (Cisplatin) എന്നും അറിയപ്പെട്ട രാസതന്മാത്രയെ ആദ്യമായി ഉണ്ടാക്കിയ Michele Peyrone തന്റെ ഗവേഷണഫലം പ്രസിദ്ധീകരിച്ചപ്പോൾ അതോടൊപ്പം എഴുതിയ വാചകങ്ങളാണ് മുകളിൽ ഉദ്ധരിച്ചത്. 1844 ൽ അദ്ദേഹം ആ ഗവേഷണഫലം പ്രസിദ്ധീകരിക്കുന്ന സമയത്ത് ആ തന്മാത്ര എന്തെങ്കിലും പ്രയോജനമുള്ള ഒന്നാണെന്ന് ആരും കരുതിയിരുന്നില്ല. പുതിയതും പ്രയാസപ്പെട്ട് മാത്രം നിർമ്മിക്കാവുന്നതുമായ രാസസംയുക്തങ്ങൾ ഉണ്ടാക്കുന്നതിൽ ഭ്രമമുള്ള ഒരു രസതന്ത്രജ്ഞന്റെ ജിജ്ഞാസാ പ്രചോദിതമായ (curiosity-driven) ഗവേഷണമായി മാത്രം ആ കണ്ടുപിടിത്തം കണക്കാക്കപ്പെട്ടു. പിൽക്കാലത്ത് ആൽഫ്രഡ് വെർണർ (Alfred Werner)ന് നൊബേൽ സമ്മാനം (1913) നേടിക്കൊടുത്ത Coordination Chemistry യുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ഈ തന്മാത്രയുടെ ഘടനയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ സുപ്രധാന പങ്ക് വഹിച്ചു. പക്ഷേ, അക്കാദമിക് സമൂഹത്തിന് പുറത്ത് Cisplatin [cis-diamminedichloroplatinum (II)] എന്ന തന്മാത്ര ശ്രദ്ധയാകർഷിക്കുന്നത് 1965 ൽ കോശവിഭജനത്തെ നിയന്ത്രിക്കാനുള്ള അതിന്റെ കഴിവ് തെളിയിക്കപ്പെട്ടതോടെയാണ്, ആദ്യമായി കണ്ടുപിടിക്കപ്പെട്ടതിന് 130 വർഷങ്ങൾക്കുശേഷം!. തുടർന്നുള്ള ഗവേഷണങ്ങൾ Cisplatin നെ ക്യാൻസർ ചികിത്സയ്ക്കുള്ള കീമോ തെറാപ്പിയിലെ പ്രധാനപ്പെട്ട ഔഷധങ്ങളിലൊന്നാക്കി മാറ്റി. ഇപ്പോഴും ഇത് കീമോ തെറാപ്പിയിൽ ഉപയോഗിക്കപ്പെടുന്നു. കൂടുതൽ മെച്ചപ്പെട്ടവയും പാർശ്വഫലങ്ങൾ കുറഞ്ഞവയുമായ മരുന്നുകൾ വന്നുവെങ്കിലും Cisplatin എന്ന തന്മാത്ര ഔഷധ രസതന്ത്രത്തിലുണ്ടാക്കിയ ചരിത്രപരമായ സ്വാധീനം ഇപ്പോഴും വിസ്മയമാണ്.
പ്രത്യേകിച്ച് പ്രയോജനങ്ങളും സാമ്പത്തിക സാധ്യതകളും മുന്നിൽക്കാണാനില്ലാത്ത ഒരു കാലത്ത് Cisplatin എന്ന രാസസംയുക്തത്തിന്റെ ഘടനയെയും നിർമ്മാണത്തെയും സംബന്ധിച്ച പഠനങ്ങൾക്കായി തന്റെ സമയവും വിഭവശേഷിയും നിരുപാധികമായി ചിലവഴിക്കാൻ തീരുമാനിച്ച Michele Peyrone ന്റെ മനസ്സ് ശാസ്ത്രത്തിന്റെ രീതികളെയും പ്രചോദനങ്ങളെയും പരിഗണനകളെയും കുറിച്ച് ചിലത് പറയുന്നുണ്ട്. ഏതൊരു പുതിയ അറിവും നമ്മൾ ജീവിക്കുന്ന ലോകത്തെ കൂടുതൽ വിശാലമാക്കുന്നുവെന്ന് തീർച്ചയുള്ളവരാണ് യഥാർത്ഥ ശാസ്ത്രകുതുകികൾ. അറിവിന്റെ വികാസത്തെ ജീവിതത്തിന്റെ വികാസമായി തിരിച്ചറിയാനുള്ള മാനസിക ഔന്നത്യത്തിലേക്കാണ് ശാസ്ത്രത്തിലുള്ള അന്വേഷണങ്ങൾ നമ്മെ നയിക്കുക. ശാസ്ത്രീയമായ അറിവിന്റെ അനുസ്യൂതമായ വളർച്ചയിൽ പങ്കാളികളാവുന്നു എന്ന കാര്യമാണ് മനുഷ്യന് സാധ്യമാവുന്നതിൽ വെച്ച് ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്ന് എന്ന് ശാസ്ത്രീയ മനോവൃത്തിയുള്ളവർ മനസ്സിലാക്കുന്നു; അതുമായി ബന്ധപ്പെട്ട പ്രയോജനങ്ങളെയും, ലാഭ നഷ്ടങ്ങളെയും, ശ്രദ്ധേയതയെയുമൊന്നും പ്രഥമ പരിഗണനയാക്കാതെ തന്നെ.