Read Time:11 Minute
വിജയകുമാര്‍ ബ്ലാത്തൂര്‍
ജീവിതത്തിൽ ഇതുവരെ മൂട്ട കടി കൊള്ളാത്തവർ ഇത് വായിക്കണ്ട. നിങ്ങളുടെ ജന്മം എന്തിന് കൊള്ളാം! അതൊരു ഒന്നൊന്നര കാലം തന്നെയായിരുന്നു. ഹ ഹ
മൂട്ടയെ കണ്ടുകിട്ടാൻ ഇക്കാലത്ത് കുറച്ച് വിഷമമാണ്. കുറച്ച് വർഷം മുമ്പ് വരെ നമ്മുടെ നാട്ടിലെ സ്ഥിതി ഇതായിരുന്നില്ല. പലർക്കും ഇരിക്കപ്പൊറുതികൊടുക്കാതിരുന്നതും ഉറക്കം നഷ്ടമാക്കിയതും ഇവരായിരുന്നു. സിനിമക്കൊട്ടകളിലെ സീറ്റുകളും, റയിൽവേ സ്റ്റേഷനിലെ മരബെഞ്ചുകളും, ഹോസ്റ്റൽ മുറികളിലെ കട്ടിലുകളും അവ അടക്കിവാണു, മൂട്ടരാവുകൾ എല്ലാവരുടെയും പേടീസ്വപ്നമായിരുന്നു. രാത്രികൾ നിദ്രാവിഹീനങ്ങളാക്കാൻ മൂട്ടകൾക്ക് പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു.. പായയും കിടക്കകളും വെയിലത്തിട്ടും, നായ്തുമ്പ ( മൂട്ടക്കൊല്ലി ) പോലുള്ള ചെടികളുടെ ഇലയും തണ്ടും വിതറിയും, വിഷമരുന്നടിച്ചും ഇവയെ കൊല്ലാൻ പലവിദ്യകളും നോക്കും. വെയിൽകൊണ്ട് ചൂടുപിടിച്ചാൽ പായമടക്കുകൾക്കുള്ളിൽ നിന്നും പുറത്തിറങ്ങി ഇവ മുറ്റത്ത് ഓടാൻ തുടങ്ങും. അപ്പോൾ പെരുവിരൽകൊണ്ട് ചതച്ച്കൊല്ലാൻ മൂട്ടകടികൊണ്ട ആർക്കും തോന്നിപ്പോകും. പക്ഷെ മൂട്ടയെകൊല്ലുമ്പോൾ വല്ലാത്തൊരു നാറ്റമുണ്ടാകും, അതുകൊണ്ട് മാത്രം ചിലർ മടിക്കും…
മൂട്ടകൾ മനുഷ്യർക്കൊപ്പം ജീവിതം തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷമായി.. Cimex lectularius എന്നാണിതിന്റെ ശാസ്ത്ര നാമം സിമിസിഡെ കുടുംബത്തിൽ പെട്ട ഈ ചോരകുടിയൻ പരാദജീവി കാഴ്ചക്ക് വളരെ ചെറുതാണ്. ചുകപ്പ് കലർന്ന ബ്രൗൺ നിറം. അര സെന്റീമീറ്ററിനടുത്ത് നീളം. പരിചയമില്ലാത്തവർക്ക് കാഴ്ചയിൽ വളരെചെറിയ കുഞ്ഞുപാറ്റയാണെന്ന് തോന്നും. വിരിഞ്ഞിറങ്ങിയ ഉടനുള്ള മൂട്ടകുഞ്ഞുങ്ങൾക്ക് നിറം കുറവായിരിക്കും, സുതാര്യമായ ശരീരം. വളർച്ച പൂർത്തിയാകുന്നതിനനുസരിച്ച്, ചോരകുടിക്കാൻ കിട്ടുന്നതിനനുസരിച്ച് കടും നിറത്തിലേക്ക് മാറും..
ഉറുമ്പിന്റേതുപോലെ ജോറായുള്ള ഓട്ടമാണ് ഇവർക്ക്..ചോര മാത്രമാണിതിന്റെ ഭക്ഷണം. പകലൊക്കെ കിടക്കയുടെ ചുളിവുകൾക്കുള്ളിലും മരവിടവുകളിലും ഒക്കെ ഒളിച്ചിരിക്കും. ഇവ രാത്രിയാണ് ചോര തേടി പുറത്തിറങ്ങുക. നമ്മുടെ ചർമ്മത്തിനുള്ളിൽ തുളച്ചാണ് ചോരകുടി. കാര്യമായ വിഷമമൊന്നും ഇവയുടെ കടികൊണ്ട് നമുക്ക് ഉണ്ടാകുന്നില്ലെങ്കിലും, വല്ലാത്തൊരു ശല്യക്കാരാണിവർ. കടികിട്ടിയ സ്ഥലത്ത് ചൊറിച്ചിലും, തൊലിയിൽ തിണിർപ്പും, ചുവന്ന പാടും ഒക്കെ ചിലർക്ക് ഉണ്ടാകും. അപൂർവ്വം ചിലർക്ക് കടുത്ത അലർജി ലക്ഷണങ്ങൾ കാണും. കുറച്ച് പേർക്ക് മാനസികമായ വിഭ്രമമായിരിക്കും ഉണ്ടാകുക. മൂട്ടകടിക്കുമോ എന്ന പേടികൊണ്ട് ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന്, ഇടക്ക് കിടക്കവിരിയിൽ മൂട്ടയെ തിരഞ്ഞ്, നേരം പുലർത്തും അവർ.. ചോരകുടിക്കുമെങ്കിലും കൊതുകുകളെപ്പോലെ അതിന്റെ കൂടെ രോഗം പകർത്തുന്ന പരിപാടിയൊന്നും മൂട്ടകൾക്കില്ല. (അപൂർവ്വമായി ആർബോ വൈറസുകൾ ഇവയിലൂടെ പകരുന്നതായി കണ്ടിട്ടുണ്ട്.) എയ്ഡ്സും മഞ്ഞപ്പിത്തവും ഒന്നും മൂട്ടകടിയിലൂടെ പകരുന്നതായി ഇതുവരെ കണ്ടെത്തീട്ടില്ല- ആശ്വാസം.
മൂട്ടയുടെ അതിജീവനശേഷി
മനുഷ്യർക്കൊപ്പം പരാദജീവിയായി ജീവിക്കാൻ തുടങ്ങിയ ഇവ അതിജീവനത്തിനുള്ള അപാരമായ കഴിവുകൾ നേടിയിട്ടുണ്ട്. മൈനസ് 15 ഡിഗ്രിസെൽഷിയസിൽ പോലും 5 ദിവസം പിടിച്ച് നിൽക്കാൻ ഇവർക്ക് കഴിയും. തണുപ്പ് കൂടിയാൽ ഇവ ഒരു തരം ശിശിരനിദ്രയിലേക്ക് വീഴും. വളരെക്കുറച്ച് ഊർജ്ജം മാത്രം ചിലവാക്കി ജീവൻ പോകാതെ നോക്കും.. റെഫ്രിജറേറ്ററിനുള്ളിൽ പോലും ഇവ വേഗത്തിലൊന്നും ചാവില്ലെന്നർത്ഥം. എന്നാൽ ചൂട് അത്രയ്ക്ക് സഹിക്കാനാവില്ല. പുറത്ത്ചൂടുകൂടി ശരീരഭാരത്തിന്റെ മൂന്നിലൊരുഭാഗം ഉണങ്ങി വരണ്ട് ചാട്ടപോലെ ആയാലും ഇവ എളുപ്പത്തിൽ ചത്തുപോകില്ല. ഇത്തിരി രക്ത സാന്നിദ്ധ്യം തിരിച്ചറിഞ്ഞാൽ വീണ്ടും ഉശാർ ആയിക്കോളും. പക്ഷെ 45 ഡിഗ്രി സെൽഷിയസ് ചൂടിനപ്പുറം അതിന് അതിജീവിക്കാനാവില്ല.
രസകരമായ കാര്യം ചൂട് കുറവുള്ളപ്പോൾ ഒരുവർഷം വരെ പട്ടിണികിടന്നാലും ഇവ ചാകില്ല എന്നതാണ്. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്ക് പോലും ആദ്യത്തെ രക്തസദ്യ കിട്ടാൻ ആഴ്ചകൾ താമസിച്ചാലും പ്രശ്നമൊന്നുമില്ല.. ചോരയല്ലാതെ മറ്റൊന്നും കുടിക്കാത്ത മൂട്ടകൾക്ക് അത്യാവശ്യം വേണ്ട ഈർപ്പം അന്തരീക്ഷത്തിൽ നിന്നും സ്വയം വലിച്ചെടുക്കാനുള്ള കഴിവുണ്ട്. കാർബൺ ഡയോക്സൈഡ്, ചൂട് ,രാസഘടകങ്ങൾ എന്നിവയുടെയൊക്കെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞാണ് മനുഷ്യരുണ്ടോ അരികിൽ എന്ന് ഇവ മനസിലാക്കുന്നത്. നമ്മുടെ ശരീരത്തിൽ വസ്ത്രം മൂടാത്ത എല്ലാ ഭാഗത്തും ഇവർ കടിക്കുമെങ്കിലും മുഖം , കഴുത്ത്, കൈകൾ, പുറം എന്നിവിടങ്ങളാണ് കൂടുതൽ ഇഷ്ടം. കടിക്കുമ്പോൾ ഉമിനീരിനൊപ്പം, രക്തം കട്ടപിടിക്കാതിരിക്കാനും വേദനയറിയാതിരിക്കാനുമുള്ള ചില രാസവസ്തുക്കളും ഉള്ളിലേക്ക് കടത്തും..അതുകൊണ്ട് കടികൊള്ളുമ്പോള്‍ നമ്മളറിയില്ല. കടിച്ച് മൂട്ട സ്ഥലം വിട്ട ശേഷമായിരിക്കും നമ്മൾക്ക് ചൊറിച്ചിലും വേദനയും തുടങ്ങുക…
മൂട്ടശല്യം രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യശക്തികളിലെ പട്ടാളബാരക്കുകളിലെ ഉറക്കം കളഞ്ഞിരുന്നു. ഇവയെ ഒഴിവാക്കാൻ DDT പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നു. എങ്കിലും ഒരു വിധം രാസവിഷങ്ങളോടൊക്കെയും പ്രതിരോധം തീർക്കാൻ ഇവർക്ക് നല്ല മിടുക്കുണ്ട്. കുറ്റാന്വേഷണ രംഗത്തും മൂട്ട കേമൻ തന്നെ. കടിച്ചയാളുടെ രക്തത്തിലെ ഡി.എൻ.എ മൂട്ടയുടെ ഉള്ളിൽ നിന്നും 90 ദിവസം കഴിയും വരെയും വേർതിരിച്ചെടുക്കാൻ സാധിക്കും. പോലീസിന് ഒരു മൂട്ടയെ കിട്ടിയാൽ ചിലപ്പോൾ കേസിന് തുമ്പാകും എന്ന് സാരം.
മൂട്ടകളുടെ ലൈംഗീക ജീവിതം
മൂട്ടകളുടെ ലൈംഗീക ജീവിതം അതിഭീകരം കൂടി ആണ്. ആൺ മൂട്ട പെണ്ണിനെയും തിരിച്ചും തിരിച്ചറിയൻ ഫിറമോൺ സംവിധാനം ഇവയിലില്ല – പെൺമൂട്ട- വലിപ്പം കൂടിയതായിരിക്കും – ചില പയ്യൻമാർ തന്നേക്കാൾ വലിയ ആൺ മുട്ടയെ കണ്ടാലും അത് പെണ്ണാണെന്ന് തെറ്റിദ്ധരിച്ച് ഇണ ചേരാൻ ശ്രമിക്കും – ചോര കുടിച്ച് വയറ് വീർത്തവരും കാഴ്ചയിൽ വലിപ്പം കൂടുതലുണ്ടാവും. മൂട്ടകളുടെ ഇണ ചേരൽ ശരിക്കും ശാരീരിക അക്രമത്തോടെ ആണ്. പെൺ മൂട്ടയുടെ മുകളിൽ കയറി ആൺ മൂട്ട മൂർച്ചയുള്ള ലിംഗാവയവം കൊണ്ട് പെൺ മൂട്ടയുടെ പുറത്ത് ഡ്രിൽ ചെയ്യും. ശരീരം തുളയ്ക്കൽ തന്നെ. – പും \ബീജങ്ങൾ പെൺമൂട്ടയുടെ ശരീരത്തിനുള്ളിൽ എത്തിക്കും. അവിടെ നിന്നവ പെൺ അണ്ഡകേന്ദ്രത്തിലെത്തും – അതിനാൽ ആൺമൂട്ടകൾ ആളുമാറി മറ്റ് ആൺമൂട്ടകളെ തുളയിടുന്ന പരിപാടി സാധാരണമാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ അവ ഫിറമോണുകൾക്ക് വിപരീതമായ കൈറമോൺ ഉത്പാദിപ്പിച്ച് – അവയെ വെറുപ്പിച്ച് അകറ്റും – മാരക ശൃഗാരകേളിക്ക് വിധേയമായി മറ്റ് ആൺ മുട്ടയുടെ തുരക്കൽ കൊണ്ട് പുറം പൊളിഞ്ഞ ആൺമൂട്ടകൾ ധാരാളം ഉണ്ടാവും – ഒരു ലൈംഗീക തുരക്കൽ കൊണ്ട് തന്നെ പെൺമൂട്ട അവശയാകും – പക്ഷെ- ആ തുറന്നു കിടക്കുന്ന മുറിവിലൂടെ കാര്യമായ രോഗാണു സംക്രമണമൊന്നും ഉണ്ടാകുന്നില്ല എന്നതിന്റെ ഗുട്ടൻസ് ശാസ്ത്രം അന്വേഷിക്കുകയാണ്. ബാക്ടീരിയൽ വളർച്ച നിരുത്സാഹിപ്പിക്കുന്ന ഘടകങ്ങൾ എന്താണെന്ന് കൃത്യമായും തിരിച്ചറിഞ്ഞിട്ടില്ല.
Related
0
0