Read Time:57 Minute

ഡോ. പ്രസാദ് അലക്സ്

ഇന്ന് മനുഷ്യരാശി നേരിടുന്ന കോവിഡ് – 19 മഹാമാരി പോലൊരു കൊറോണാ വൈറസ് ആക്രമണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് അഞ്ച് വര്‍ഷം മുന്‍പ്, അതായത് 2015- ഇല്‍ ‘ഷി സെന്‍ഗ്ലി (Shi Zhengli)’ മുന്നറിയിപ്പ് നല്‍കിയിരുന്നു, പ്രശസ്തമയ “പ്ലോസ് പതോജെന്‍’ “സയന്‍സ്’ ജേണലുകളില്‍ സഹഗവേഷകരുമൊത്ത് പ്രസിദ്ധീകരിച്ച പഠനങ്ങളിലാണ് ഈ മുന്നറിയിപ്പുണ്ടായത്. 2020 ഫെബുവരിയില്‍ സര്‍സ് കൊവ്-2 അഥവാ കോവിഡ് 19 -എന്ന രോഗത്തിന് കാരണമാവുന്ന വൈറസിന്റെ ഉത്ഭവം വവ്വാലുകളുമായി ബന്ധിപ്പിക്കുന്ന പഠനവും അവര്‍ പ്രസിദ്ധീകരിച്ചു. സാര്‍സ് കൊവ്-2 ന് മുന്‍പ് ഒരിനം വവ്വാലില്‍ നിന്ന് കണ്ടെത്തിയിരുന്ന കൊറോണാ വൈറസ്സു മായി 96 ശതമാനം തുല്യത ഉ2015- ഇല്‍ ‘ഷി സെന്‍ഗ്ലി’ മുന്നറിയിപ്പ് നല്‍കിയിരുന്നു, പ്രശസ്തമയ “പ്ലോസ് പതോജെന്‍’ “സയന്‍സ്’ ജേണലുകളില്‍ സഹഗവേഷകരുമൊത്ത് പ്രസിദ്ധീകരിച്ച പഠനങ്ങളിലാണ് ഈ മുന്നറിയിപ്പുണ്ണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഈ വനിതയുടെ ഗവേഷണഫലങ്ങള്‍ ഇങ്ങനെ വേണമെങ്കില്‍ രണ്ടോ നലോ വാക്യങ്ങളില്‍ പറഞ്ഞ് അവസാനിപ്പിക്കാമെന്ന് തോന്നാം. പക്ഷേ അവരുടെ ജീവിതകഥ കൊറോണാ വൈറസ്സിന്റെയും വവ്വാലുകളുടെയും കഥ കൂടിയാണ്. വുഹാന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വൈറോളജിയിലെ പ്രമുഖ ശാസ്ത്രഞ്ജയായ ഷിയുടെ പതിനാറ് വര്‍ഷത്തെ കരിയറും ജീവിതവുമൊക്കെ വവ്വാലുകളുടെ പിറകേയുള്ള വൈറസ് വേട്ടയുടെ, അസാധാരണമായ ധിഷണയുടെയും സമര്‍പ്പണത്തിന്റെയും, കഥ കൂടിയാണ്. അത് കൊണ്ടാണ് സഹപ്രവര്‍ത്തകരുടെ ഇടയില്‍ “വവ്വാല്‍ വനിതയെന്ന്’ അറിയപ്പെടുന്നത്.

ഷി സെന്‍ഗ്ലി (Shi Zhengli) 2004 ലെ ഫോട്ടോ  കടപ്പാട് : Wuhan Institute of Virology

ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഝിസിയ കൗണ്ടിയില്‍ 1964 – ഇല്‍ ജനനം. വുഹാന്‍ സര്‍വകലാശാല, വുഹാന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വൈറോളജി  എന്നിവിടങ്ങളില്‍ നിന്ന് ബിരുദബിരുദനന്തര ബിരുദങ്ങള്‍. ഫ്രാന്‍സിലെ മോണ്ട്പില്ലര്‍ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദം. വുഹാന്‍ ഇന്‍സ്റ്റിട്യൂട്ടില്‍ ഗവേഷകയും ശാസ്തഞ്ജയുമായി പ്രഗത്ഭമായ കരിയര്‍. ചൈനീസ് അക്കാഡമി ഓഫ് സയന്‍സ്, അമേരിക്കന്‍ അക്കാഡമി ഓഫ് മൈക്രോബയോളജി തുടങ്ങി പല പ്രസിദ്ധ ശാസ്ത്രസ്ഥാപനങ്ങളുടെയും ഫെല്ലൊ. ഫ്രാന്‍സിലെ ഷെവലിയര്‍ പദവി ഉള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഉള്‍പ്പടെ നിരവധി ഗവേഷണ ഗ്രാന്റുകള്‍. നേച്ചര്‍, സയന്‍സ്, സെല്‍, പ്ലോസ് തുടങ്ങിയ ലബ്ദപ്രതിഷ്ഠമായ ശാസ്ത്രജേണലുകളില്‍ നിരവധി ഗവേഷണ പ്രബന്ധങ്ങള്‍, ഇപ്പോള്‍ വുഹാന്‍ ഇന്‍സ്റ്റിട്യൂട്ടിലെ സെന്‍റര്‍ ഫോര്‍ എമര്‍ജിംഗ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ ഡയറക്ടര്‍: അങ്ങനെ പോകുന്നു അവരുടെ കരിയര്‍ സംക്ഷിപ്തം. ജന്തുജന്യവൈറസ് രോഗങ്ങളുടെ തന്മാത്രാതലത്തിലെ രോഗശാസ്ത്രം, വ്യത്യസ്ത ജീവിവര്‍ഗങ്ങളെ ബാധിക്കുന്ന (ഒന്നില്‍ നിന്ന് മറെറാന്നിലേക്ക് ചാടുന്ന) വൈറസ് രോഗകാരികള്‍, വന്യജീവികളില്‍, വിശേഷിച്ച് വവ്വാലുകളിലെ പുതിയ (കണ്ടെത്തിയിട്ടില്ലാത്ത, ഇനിയും കണ്ടെത്താനുള്ള) വൈറസുകള്‍ ഇവയൊക്കെയാണ് അവരുടെ പ്രധാന ഗവേഷണമേഖല. സാര്‍സ് രോഗകാരി പോലെയുള്ള കൊറോണാ വൈറസ്സുകളുടെ റിസര്‍വോയറാണ് വവ്വാലുകള്‍ എന്നതാണ് അവരുടെ വളരെ പ്രസക്തമായ കണ്ടെത്തല്‍. സാര്‍സ് മുതല്‍ കോവിഡ് വരെയുള്ള വൈറസുകളെ അവര്‍ തേടിപ്പിടിച്ചു. സാര്‍സ് വൈറസ് പോലെ അപകടകാരികളായ ഡസന്‍ കണക്കിന് വൈറസുകളെ ചൈനയിലെ പര്‍വതനിരകളിലെ  വവ്വാല്‍ ഗുഹകളില്‍നിന്ന് കണ്ടെത്തി ഇനിയും ധാരാളമുണ്ടാവുമെന്ന് മുന്നറിയിപ്പും നല്‍കുന്നു.

നമുക്ക് കോവിഡിന്റെ കഥയില്‍ നിന്ന് തന്നെ തുടങ്ങാം.

വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2019 ഡിസംബര്‍ 30-ന് വൈകുന്നേരം ഏഴുമണിക്ക് വളരെ കുഴപ്പം പിടിച്ച ചില സ്രവ രക്ത സാമ്പിളുകള്‍ എത്തി. വുഹാനിലെ സെന്റര്‍ ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ രണ്ട് രോഗികളില്‍ പുതിയ തരം കൊറോണ വൈറസ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. സാര്‍സിന് സമാനമെന്ന് പറായാവുന്ന, വളരെ അസാധാരണമായ ന്യൂമോണിയ രോഗലക്ഷണമാണ് രോഗികളില്‍ കണ്ടത്. കൊറോണ കുടുംബത്തില്‍പ്പെടുന്ന, അത് വരെ അറിയാത്ത എതോ വൈറസ്സാണ് കാരണം എന്ന് മാത്രമറിയാം. ഷീയുടെ ലബോറട്ടറിയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ വേണ്ടിയാണ് സാമ്പിളുകള്‍ എത്തിച്ചത്. കണ്ടെത്തല്‍ സ്ഥിരീകരിക്കപ്പെട്ടാല്‍, ഇപ്പോള്‍ യഥാര്‍ത്ഥ്യമായിരിക്കുന്ന പോലെ, അപകടകാരിയായ പുതിയൊരു രോഗകാരി പൊതുജനാരോഗ്യത്തിന് വന്‍ഭീഷണിയാകുന്നു എന്നാണര്‍ത്ഥം. കാരണം അതികഠിനമായ ശ്വാസകോശരോഗം ഉണ്ടാക്കുന്ന, സാര്‍സ് വൈറസ് (വവ്വാലുകളില്‍ നിന്ന് ഉത്ഭവിക്കുന്ന) കുടുംബത്തില്‍ നിന്നുള്ളതാണീ പുതിയ വൈറസ്. സാര്‍സ് രോഗം ചൈനയില്‍ 2002-ലും 2003-ലും ആയിരങ്ങളെ ദുരിതത്തിലാക്കുകയും 800-ലധികം മനുഷ്യരുടെ മരണത്തിനിടയാക്കുകയും ചെയ്തിരുന്നു. അപ്പോള്‍ ചെയ്തുകൊണ്ടിരുന്ന എല്ലാ കാര്യങ്ങളും നിര്‍ത്തിവച്ച്, ഉടന്‍ തന്നെ മടങ്ങിയെത്തി പ്രശ്നം കൈകാര്യം ചെയ്യാനാണ് ഡയറക്ടര്‍ ഷീയോട് ആവശ്യപ്പെട്ടത്.

വുഹാന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വൈറോളജിയല്‍ നിന്നുള്ള ദൃശ്യം കടപ്പാട് dailymail.co.uk

പതിനാറ് വര്‍ഷങ്ങളായി അവര്‍ വൈറസുകളെ തേടി വവ്വാല്‍ ഗുഹകളില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട്. ഷങ്ങ്ഹായില്‍ പങ്കെടുത്ത്കൊണ്ടിരുന്ന കോണ്‍ഫറന്‍സില്‍ നിന്ന് അപ്പോള്‍ തന്നെ ഇറങ്ങി, വുഹാനിലേക്ക് ട്രയിന്‍ കയറി. ആരോഗ്യ സംവിധാനത്തിന്റെ കണ്ടെത്തല്‍ തെറ്റാവും എന്നാണ് അവര്‍ ആദ്യം സംശയിച്ചത്. കാരണം മധ്യചൈനയിലെ വുഹാനില്‍ ഇത്തരം ഒരു കാര്യമുണ്ടാവും എന്നവര്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ദക്ഷിണ ചൈനയിലെ മിതോഷ്ണമേഖലാപദേശങ്ങളായ (Sub-Tropical) ഗുവാങ്ങ്ഡോങ്ങ് ഗുവാങ്ങ്ക്സി, യുനാന്‍ തുടങ്ങിയ  പവിശ്യകളില്‍ ആണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കൊറോണ വൈറസ് എത്താന്‍ സാധ്യതയെന്നാണ് അന്ന് വരെയുള്ള അവരുടെ പഠനങ്ങള്‍ നല്‍കിയ വ്യക്തമായ സൂചന. പലയിനം വൈറസുകളുടെ റിസര്‍വോയറായ വവ്വാലുകളുടെ ആവാസകേന്ദ്രങ്ങള്‍ നിറഞ്ഞ പര്‍വതനിരകളും ഗുഹകളും ഇവിടങ്ങളിലാണേറെയും. മനുഷ്യര്‍ക്ക് ഇവയുമായി സമ്പര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള അവസരങ്ങളും നിരവധി. വുഹാനില്‍ ഇത് സംഭവിച്ചത് കൊണ്ട്, കൊറോണ വൈറസാണ് പ്രശ്നമുണ്ടാക്കിയതെങ്കില്‍, തങ്ങളുടെ ലബോറട്ടറിയില്‍നിന്ന് ലീക്ക് ചെയ്തതാണോ എന്നുവരെ സംശയിച്ചതായി അവര്‍ പിന്നീട് പറയുകയുണ്ടായി. അത്കൊണ്ട് തന്നെ വുഹാനിലെത്തി അങ്ങനെയൊരു സാധ്യത ഒന്നുമില്ലെന്ന് ഉറപ്പിക്കയാണ് ആദ്യമവര്‍ ചെയ്തത്. ഉച്ചത്തിലുണ്ടായ ഈ അത്മഗതത്തില്‍ നിന്നാവുമൊരുപക്ഷേ ഗൂഢാലോചനാസിദ്ധാന്തവും ജൈവായുധസിദ്ധാന്തവുമൊക്കെ ഉയര്‍ന്നു വന്നത്. (പുതിയ രോഗത്തെക്കുറിച്ച് അദ്യമാശങ്കകളുയര്‍ത്തിയ, കോവിഡ് രക്തസക്ഷിയായ, ഡോ ലീ വെന്‍ലിയാങ്ങിന്‍റെ ആശങ്കകള്‍ തുടക്കത്തില്‍, അധികാരികള്‍ അവഗണിക്കയും തമസ്കരിക്കയും ചെയ്തെന്ന അരോപണങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. അരോപണങ്ങളില്‍ വസ്തുതയുണ്ട് താനും) ഇതിനിടയില്‍ രോഗം പടര്‍ന്നുപിടിച്ചു; അതിര്‍ത്തികള്‍ ഭേദിച്ച് കാട്ടുതീപോലെ പടര്‍ന്നു. ചൈനയില്‍ തന്നെ 80,000-ത്തില്‍പ്പരം മനുഷ്യര്‍ക്ക് രോഗബാധയുണ്ടായി. വുഹാന്‍ ഉള്‍പ്പെടുന്ന ഹുബി പ്രവിശ്യയില്‍ മാത്രം മരണസംഖ്യ മൂവായിരത്തിലധികമാണ്. ചൈനയില്‍ എതാണ്ട് നിയന്ത്രണ വിധേയമാവുമ്പോള്‍, രോഗം ലോകമാകെ പടര്‍ന്നിരിക്കുന്നു. രോഗബധിതരുടെ എണ്ണം ഇതെഴുതുമ്പോള്‍ പതിനേഴരലക്ഷവും ജീവന്‍ പൊലിഞ്ഞവര്‍ ഒരു ലക്ഷത്തിലധികവും ആണ്. രോഗബാധിതരുടെ സംഖ്യ ദിനംപതി വര്‍ദ്ധിക്കുന്നു. അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ ഭൂപദേശങ്ങളിലേക്കും ഇത് വ്യാപിച്ച് കഴിഞ്ഞു. അമേരിക്കയും യൂറോപ്പും രോഗത്തിന്റെ പുതിയ പ്രഭവകേന്ദങ്ങളായി മാറി.

കഴിഞ്ഞ നൂറ് വര്‍ഷങ്ങളില്‍ മനുഷ്യരാശി നേരിട്ട ഏറ്റവും വിനാശകരമായ പകര്‍ച്ചവ്യാധികളിലൊന്നാണ് കോവിഡ് -19. 1918 – ലെ സ്പാനിഷ് ഫ്ളുവിന് ശേഷം ഇത്രയധികം വ്യാപനമുണ്ടായ മഹാമാരി വേറെയില്ല. രോഗം പൊട്ടിപ്പുറപ്പെട്ട് മൂന്ന് മാസം കഴിയുമ്പോള്‍ വുഹാനില്‍ ജീവിതം ഏതാണ്ട് സാധാരണ നിലയിലേക്ക് വരാന്‍ തുടങ്ങി. അവിടെ എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വളരെ കടുത്തതായിരുന്നു. രോഗം പൊട്ടിപ്പുറപ്പെട്ട് മൂന്ന് ആഴ്ചയില്‍ തന്നെ 11 ദശലക്ഷം മനുഷ്യര്‍ ജീവിക്കുന്ന വുഹാന്‍ നഗരത്തില്‍ വലിയ യാത്രാ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. എന്തായാലും മോശം ദിനങ്ങള്‍ കഴിഞ്ഞു എന്നു കരുതാമെന്നാണ് അവിടെ നിന്നുള്ള വിദഗ്ദ്ധര്‍ പറയുന്നത്. മനുഷ്യര്‍ സാഹചര്യത്തോട് സമരസപ്പെട്ടു തുടങ്ങിയെന്ന് ഷീ പറയുന്നു. ഷീയുടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ക്ക് വീട്ടില്‍നിന്ന് ലബോറട്ടറിയിലേക്ക് യാത ചെയ്യാന്‍ പാസ് നല്‍കിയിട്ടുണ്ട്. പക്ഷേ മറ്റ് എവിടെയും പോകാനാവില്ല. ഒരു മാസത്തിലേറെയായി ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സ് മാത്രമാണ് അവരുടെ ഭക്ഷണം. ലബോറട്ടറിയില്‍ വളരെയധികം സമയം ദിവസവും അവര്‍ക്ക് ചെലവിടേണ്ടി വരുന്നു. സ്ഥാപനത്തിന്റെ കാന്‍റീന്‍ ഏറെ നാളായി അടച്ചിരിക്കുന്നു.

പുതിയ പകര്‍ച്ചവ്യാധികകള്‍ വര്‍ദ്ധിച്ച തോതില്‍ ആവിര്‍ഭവിക്കുമെന്ന് ശാസ്തജ്ഞര്‍ കുറച്ചുകാലമായി മുന്നറിയിപ്പ് നല്‍കുന്ന കാര്യമാണ്. ജനസാന്ദ്രതയേറിയ, മനുഷ്യരും മൃഗങ്ങളും തമ്മിലടുത്തിടപഴകുന്ന വികസ്വര രാജ്യങ്ങളില്‍ ഇതിനുള്ള സാദ്ധ്യത ഏറെയാണ്. അണുബാധയുടെ സ്രോതസ്സ് കൃത്യമായി കണ്ടെത്തുകയും സ്പീഷീസില്‍നിന്ന് സ്പീഷിസിലേക്ക് എങ്ങനെ സഞ്ചരിച്ചു എന്നത് മനസ്സിലാക്കുന്നതും രോഗപ്രതിരോധത്തില്‍ അതീവ പ്രധാനമാണ്. സമാനമായ മറ്റ് വൈറസുകളെ കണ്ടെത്തുന്നതുമതുപോലെതന്നെ പ്രധാനമാണ്. ഇത്തരം സംഭവങ്ങളാവര്‍ത്തിക്കാതിരിക്കാനിത് അത്യാന്താപേക്ഷിതമാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ എക്കോ ഹെല്‍ത്ത് അലയന്‍സിന്‍റെ പ്രസിഡന്‍റും ഡിസീസ് എക്കോളജിസ്റ്റുമായ പീറ്റര്‍ ഡസാക്ക് ചൂണ്ടിക്കാട്ടുന്നു.

വൈറസിന്റെ സോതസ്സ്

2004-ലാണ് വൈറസിനെത്തേടിയുള്ള ഷീയുടെ യാത്രകളാരംഭിക്കുന്നത്.  തെക്കെ ചൈനയിലെ നാനിംങ്ങ് പട്ടണത്തിനടുത്തുള്ള ഗുഹകളിലേക്കാണ് അന്താരാഷ്ട്ര ഗവേഷകരുമായി ചേര്‍ന്ന് അവര്‍ വൈറസ് സാമ്പിളുകള്‍ തേടി പോയത്. സാര്‍സ് രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശ്രമങ്ങളുടെ തുടക്കം കൂടിയായിരുന്നു അത്. ആദ്യദിനങ്ങള്‍ ഒരവധിക്കാല വിനോദയാത്രപോലെ തോന്നി എന്നാണ് ഷി പറയുന്നത്.  ആദ്യ പര്യവേക്ഷണത്തിനായി തെരെഞ്ഞെടുത്ത ഗുഹ മനോഹരമായ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമായിരുന്നു. ചുണ്ണാമ്പുകല്ലിന്റെ സവിശേഷഘടനകൊണ്ട് വളരെ മനോഹരമായ ഗുഹയുടെ മുകള്‍ത്തട്ടില്‍നിന്ന് ചുണ്ണാമ്പുകല്ല് പരലുകള്‍ വെണ്‍നിറത്തില്‍ ആര്‍ദ്രമായ തിളക്കത്തോടെ തൂങ്ങിനില്‍ക്കുന്നത് മനോഹരമായ കാഴ്ചതന്നെയാണ്. വിനോദസഞ്ചാരകേന്ദമായത് കൊണ്ട് സുഗമമായി എത്തിച്ചേരാവുന്നതുമായിരുന്നു. പക്ഷേ അത്രയൊന്നും ആകര്‍ഷണീയമല്ലാത്ത ദുര്‍ഘടങ്ങളായ ഗുഹകളിലേക്കായിരുന്നു പിന്നീട് പോകേണ്ടിയിരുന്നത്. പല ഇനങ്ങളിലുള്ള വവ്വാലുകള്‍ വാസമുറപ്പിച്ചിരുന്നത് ഇത്തരം ദുര്‍ഘടമായ ഇടുങ്ങിയ ഗുഹകളിലായിരുന്നു. കുത്തനെയുള്ള ദുര്‍ഘടമായ കയറ്റങ്ങള്‍ യാത്ര കഠിനമാക്കി. കുതിരലാടവവ്വാലുകള്‍ (Horse shoe bats) എന്നറിയപ്പെടുന്ന പ്രാണികളെ ഭക്ഷിക്കുന്ന ഇനവും ഇത്തരം ദുര്‍ഘട ഗുഹകളിലാണുണ്ടായിരുന്നത്. അവിടങ്ങളിലെ ഗ്രാമവാസികളുടെ സഹായത്തോടെ ഷീയും സഹപ്രവര്‍ത്തകരും മണിക്കൂറുകള്‍ മലകയറി ദുര്‍ഘടപാതകള്‍ പിന്നിട്ടാണ് ഇവയ്ക്ക് സമീപം എത്തിയിരുന്നത്. പാറകള്‍ക്കിടയിലുള്ള നൂഴികള്‍ക്കിടയിലൂടെ കമഴ്ന്നുകിടന്നിഴഞ്ഞിഴഞ്ഞാണ് ഇവയ്ക്ക് ഉള്ളിലേക്ക് കയറേണ്ടി വന്നത്. പക്ഷേ ഈ പറക്കുന്ന സസ്തനികളായ വവ്വാലുകളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്നത് ഒട്ടുമെളുപ്പമുള്ള കാര്യമല്ല. തുടക്കത്തില്‍ ഒരാഴ്ച മുപ്പതിലധികം ഗുഹകളില്‍ നിന്ന് ഒരു ഡസന്‍ വവ്വാലുകളെ കണ്ടെത്താനേ കഴിഞ്ഞുള്ളൂ.

കടപ്പാട് : Wuhan Institute of Virology

21-ാം നൂറ്റാണ്ടിലെ ആദ്യത്തെ വലിയ പകര്‍ച്ചവ്യാധിയായിരുന്നു സാര്‍സ്. ഹോങ്ങ്കോങ്ങില്‍ നിന്നുള്ള വിദഗ്ദ്ധസംഘം സാര്‍സ് വൈറസ്സ് മനുഷ്യനിലേക്ക് എത്തിയത് സിവററ് പൂച്ചകളില്‍ നിന്നാണെന്ന അനുമാനം നടത്തിയിരുന്നു. (നമ്മള്‍ മെരു, വെരുക് എന്നൊക്കെ പറയുന്ന ജീവിവര്‍ഗമാണ് സിവററ്.)  കാരണം ഗുവാങ്ങ്ഡോങ്ങ് പ്രവിശ്യയില്‍ വന്യമൃഗങ്ങളെ കച്ചവടം ചെയ്യുന്ന ചിലരിലാണ് ആദ്യമായി രോഗം ഉണ്ടായത്. അവര്‍ സിവറ്റിനെ കൈകാര്യം ചെയ്തിരുന്നു. അവയ്ക്ക് രോഗബാധ ഉണ്ടാവുകയും ചെയ്തിരുന്നു.

സര്‍സ് രോഗബാധക്ക് മുന്‍പ് കൊറോണവൈറസ്സുകളെ കാര്യമായ അറിവോ ധാരണയോ ഒന്നുമുണ്ടായിരുന്നില്ല. എതാണ്ട് കീരിടം പോലെയുള്ള ആകൃതിയാണ് ഇവക്ക് അതാണ് ആ പേര് വരാന്‍ കാരണം. ഇലക്ടോണ്‍ മൈകോസ്കോപുപയോഗിച്ച് ഇവയുടെ ഇമേജുകള്‍ സൃഷ്ടിക്കാന്‍ കഴിയും.  പ്രതലം മുള്ളുകള്‍ അഥവാ സ്പൈക്കുകള്‍ നിറഞ്ഞവയാണ്. കൊറോണ വൈറസ് സാധാരണയായി ജലദോഷത്തിന് കാരണമാവുന്ന വൈറസുകളില്‍ ഒന്ന് മാത്രമെന്നേ തുടക്കത്തില്‍ അറിയാമായിരുന്നുള്ളൂ. പക്ഷേ സാര്‍സ് രോഗം പൊട്ടിപ്പുറപ്പെട്ടതോടെ കാര്യങ്ങള്‍ക്ക് മാററമുണ്ടായി. ഗവേഷണപുരോഗതി മാതമല്ല, ചലച്ചിത്ര പരാമര്‍ശങ്ങള്‍ വരെ കൊറോണയെക്കുറിച്ചുണ്ടായി “കണ്ടേജിയോണ്‍’ എന്ന 2011-ലെ പ്രസിദ്ധമായ ഹോളിവുഡ് ചലച്ചിതത്തില്‍ സിംഗപ്പൂരില്‍നിന്നുള്ള ശാസ്തഞ്ജനായ ലിന്‍ഫാ വാങ്ങിന്റെ കൊറോണഗവേഷണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഡസാക്കും വാങ്ങും ഷിയുമെല്ലാം ഈ രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിച്ചവരാണ്. എന്തായാലും 2004-ലെ കണ്ടെത്തല്‍ മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരാവുന്ന ഇത്തരം വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിന് ആക്കം കുറിച്ചു. മനുഷ്യനിലേക്ക് സാര്‍സ് വൈറസ് എത്തിയത് സിവറ്റുകളില്‍ നിന്നാണെന്ന് മനസ്സിലാക്കിയെങ്കിലും അവയെ ഇത് എങ്ങനെ എവിടെനിന്ന് ബാധിച്ചുവെന്നത് വ്യക്തമായിരുന്നില്ല, അത് നിഗൂഢമായി തുടര്‍ന്നു. എതാണ്ട് സമാനമായ രീതിയില്‍ രണ്ട് വൈറസ് ബാധകള്‍ മനുഷ്യരില്‍  മുമ്പ് ഉണ്ടായിട്ടുണ്ടായിരുന്നു. ആഫിക്കയില്‍ 1984 -ഇല്‍ ഉണ്ടായ ഹാന്റാ വൈറസ് ബാധയാണൊന്ന്. കുതിരയില്‍ നിന്നാണ് ഇത് മനുഷ്യരിലേക്ക് എത്തിയത്. പിന്നീട് ഇത് അമേരിക്കയുള്‍പ്പെടെ മററ് പലയിടങ്ങളിലുമെത്തി. രണ്ടാമത്തേത് 1998-ഇല്‍ മലേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട നിപാ ബാധയാണ്. ഇവിടെ പന്നികളില്‍ നിന്നാണ് മനുഷ്യരിലേക്ക് വൈറസ് പകര്‍ന്നത്. രണ്ടിടത്തും രോഗകാരി യഥാര്‍ഥത്തില്‍ രോഗകാരി ഉത്ഭവിച്ചത്, പഴങ്ങള്‍ ആഹാരമാക്കുന്ന തരം വവ്വാലുകളില്‍ നിന്നാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കുതിരകളും പന്നികളും ഇടയില്‍ വരുന്ന വാഹകര്‍ മാത്രമായിരുന്നു. (നിപാ പിന്നീട് 2017- ഇല്‍ കേരളത്തിലുമെത്തി. ഇവിടെ ആദ്യരോഗിക്ക് വവ്വാലില്‍ നിന്ന് തന്നെ രോഗബാധയുണ്ടായതെന്നാണ് അനുമാനം.)

2004 ലെ ഗവേഷകസംഘം ഗുഹയില്‍ നിന്നും ശേഖരിക്കുന്നു കടപ്പാട് : Wuhan Institute of Virology
നമുക്ക് ഷി സെന്‍ഗ്ലിയിലേക്ക് മടങ്ങിവരാം. 2004 – ലെ വൈറസ് അന്വേഷണത്തിന്റെ ആദ്യമാസങ്ങളില്‍ പിന്തുടര്‍ന്ന രീതി ഇങ്ങനെയായിരുന്നു. എങ്ങനെയെങ്കിലും ഒരു ഗുഹ കണ്ടെത്തിയാല്‍ സന്ധ്യക്ക് മുന്‍പ് അതിന്റെ കവാടത്തില്‍ വല കെട്ടും. എന്നിട്ട് രാത്രി വവ്വാലുകള്‍ ആഹാരത്തിനായി പുറത്തേക്ക് പറക്കുമ്പോള്‍ വലയില്‍ കുടുങ്ങുന്നത് കാത്തിരിക്കും. വലയില്‍ കുടുങ്ങിയാല്‍ അവയില്‍ നിന്ന് രക്തത്തിന്റെയും ഉമിനീരിന്റെയും സാമ്പിളുകളും വിസര്‍ജ്യാംശവും ശേഖരിക്കുന്നു. ഇത് പലപ്പോഴും മണിക്കൂറുകള്‍ നീണ്ട്, പുലര്‍ച്ച വരെ നീണ്ടുപോകും. അല്‍പ്പമുറക്കത്തിനുശേശം വീണ്ടും പ്രഭാതത്തില്‍ ഗുഹയിലെത്തി മൂത്രവും കാഷ്ഠവും ശേഖരിക്കും.

പക്ഷേ അനേകം സാമ്പിളുകള്‍പരിശോധിച്ചിട്ടും കൊറോണ വൈറസിന്റെ ജനിത വസ്തുവിന്റെ അംശംപോലും കണ്ടെത്താനായില്ല. സംഘത്തിന് വലിയ തിരിച്ചടിയായിരുന്നു അത്. എട്ടുമാസത്തെ കഠിനപയത്നം പാഴായിപ്പോയതായി ഷീ നിരാശപ്പെട്ടു. കൊറോണ വൈറസ് ചൈനീസ് വവ്വാലുകളെ ഇഷ്ടപ്പെടുന്നില്ലെന്ന് കരുതിയെന്നാണ് ഷീ തമാശയായി പറഞ്ഞിരുന്നത്. ഷീയുടെ സംഘം അന്വേഷണം ഏതാണ്ട് ഉപേക്ഷിച്ച മട്ടിലായപ്പോളാണ് സാര്‍സ് രോഗം ബാധിച്ച മനുഷ്യരില്‍ ആന്‍റിബോഡി ടെസ്റ്റ് നടത്തുവാനുള്ള കിറ്റ് മറ്റൊരു ലാബിലെ ഗവേഷണ സംഘത്തിന് ലഭിക്കുന്നത്. ഈ പരീക്ഷണം വവ്വാലുകളിലെ ആന്‍റിബോഡികളില്‍ വിജയിക്കും എന്ന് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല. എങ്കിലും ശ്രമിക്കാന്‍ തന്നെയായിരുന്നു തീരുമാനം. നഷ്ടപ്പെടാന്‍ വിശേഷിച്ച് ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പരീക്ഷണഫലങ്ങള്‍ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു. ‘കുതിരലാട വവ്വാലുകളില്‍’ (Horse shoe bat) നിന്നെടുത്ത സാമ്പിളുകളില്‍ സാര്‍സ് വൈറസിന് എതിരെയുള്ള ആന്‍റിബോഡികള്‍ കണ്ടെത്തി. ഇത് നിര്‍ണ്ണായകമായ വഴിത്തിരിവായി. വവ്വാലുകളില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം താല്‍ക്കാലികവും കാലാവസ്ഥ അനുസരിച്ച് മാറാവുന്നതുമാണെന്ന് ഗവേഷണത്തില്‍ മനസ്സിലാക്കി. പക്ഷേ ആന്‍റിബോഡി റിയാക്ഷന്‍ ആഴ്ചകള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്നതാണ്. വൈറസിന്‍റെ ജനിതകശേണി കണ്ടെത്തുന്നതിനെ വിലപ്പെട്ട സൂചകമായി ഈ പരീക്ഷണത്തെ ഗവേഷകര്‍ കരുതി. ഈ പരീക്ഷണം ജനിതക ഗവേഷണത്തിനുതകുന്ന സ്ഥലങ്ങളും വവ്വാല്‍ ഇനങ്ങളെയും തിരഞ്ഞെടുക്കാന്‍ സഹായിച്ചു. ചൈനയിലെ ഒട്ടുമിക്ക 2013പ്രവിശ്യകളിലേയും പര്‍വ്വത നിരകളില്‍ അലഞ്ഞതിന് ശേഷം ഒരിടത്തേക്ക്് അവര്‍ ശ്രദ്ധ കേന്ദീകരിച്ചു. യുനാന്‍ പ്രവിശ്യയുടെ ആസ്ഥാനമായ കുന്‍മിംഗ് പട്ടണത്തിനടുത്തുള്ള  ‘ഷിറ്റാവൂ’ ഗുഹയിലാണ് ശ്രദ്ധ കേന്ദീകരിച്ചത്.. അഞ്ചുവര്‍ഷം തുടര്‍ച്ചയായി പല ഋതുക്കളില്‍ വളരെയധികം സാമ്പിളുകള്‍ ശേഖരിച്ചു. ഈ പ്രയത്നങ്ങള്‍ നിഷ്ഫലമായില്ല.

വലിയ ജനിതക വൈവിധ്യമുള്ള നൂറുകണക്കിന് തരം കൊറോണ വൈറസുകളാണ് ഈ വൈറസ് വേട്ടക്കാര്‍ കണ്ടെത്തിയത്. ഇവയിലൊട്ടുമുക്കാലും മനുഷ്യന് നിരുപദ്രവകാരികളാണ്. പക്ഷേ കുറെയെണ്ണം സാര്‍സ് വൈറസിന്‍റെ അതേ ഗ്രൂപ്പില്‍പ്പെടുന്നവയാണ്. ലബോറട്ടറി പരീക്ഷണങ്ങളില്‍ ഒരു ‘പെട്രിഡിഷി’ലെടുത്ത മനുഷ്യ ശ്വാസകോശത്തിലെ കോശങ്ങളെ ബാധിക്കാന്‍ ഇവയ്ക്ക് കഴിയുമെന്ന് കണ്ടെത്തി. അത് പോലെ എലികളില്‍ സാര്‍സിന് സമാനമായ രോഗങ്ങള്‍ ഉണ്ടാവാറുണ്ട്. സാര്‍സിന് എതിരെ ഉപയോഗിക്കാവുന്ന വാക്സിനോ മരുന്നുകളോ ഇവയ്ക്കെതിരെ പ്രായോഗികവുമല്ല.

ഷിറ്റാവോ ഗുഹയില്‍ നടത്തിയ അതീവ ദുഷ്ക്കരമായ പരിശോധനയില്‍ വളരെ വലിയ ജനിതക വൈവിധ്യമുള്ള വൈറസുകളുടെ വവ്വാലുകളില്‍ കണ്ടെത്തിയത്. 2013-ല്‍ കുതിരലാട വവ്വാലുകളില്‍നിന്ന് കൊറോണ വൈറസിന്‍റെ പത്യേക ഇനത്തെ ഇവര്‍ കണ്ടെടുത്തു. ഇതിന് ഗുവാങ്ങ്ടോംങ്ങിലെ സിവറ്റില്‍നിന്ന് ലഭിച്ച കൊറോണ വൈറസുമായി ജനിതക ശ്രേണിയില്‍ 97 ശതമാനം തുല്യതയുള്ളതായും കണ്ടെത്തി. സ്വാഭവികമായും ഇത് വവ്വാലില്‍ നിന്ന് സിവറ്റിലേക്ക് എത്തിയ വഴിയിലുണ്ടായ ജനിതകമാറ്റമാവണം. അങ്ങനെ സാര്‍സ് കൊറോണ വൈറസിന്‍റെ ഉറവിടം തേടിയുള്ള ഒരു പതിറ്റാണ്ടുകാലം  നീണ്ട അന്വേഷണം ഫലവത്തായി.

വൈറസ് ജനിതക വ്യതിയാനവും മിശ്രണവും (Viral Melting pots)

‘ഷിറ്റാവോ ഗുഹ’ ഉള്‍പ്പെടെ ഷീയും കൂട്ടരും സാമ്പിളുകള്‍ ശേഖരിച്ച വവ്വാല്‍ പാര്‍പ്പിടങ്ങളിലെല്ലാം വ്യത്യസ്ത വൈറസുകളുടെ ജനിതക വ്യതിയാനവും മിശണവും തുടര്‍ച്ചയായി നടക്കുന്നുണ്ടായിരുന്നു. ഇത് പലപ്പോഴും അപകടകാരികളായ പുതിയ ഇനം വൈറസുകള്‍ ഉണ്ടായിവരാന്‍ അവസരമൊരുക്കുന്നു. ഇങ്ങനെ വൈറസുകളുടെ ജനിതക മിശ്രണം നടക്കുന്ന വവ്വാല്‍ ഉറവിടങ്ങള്‍ക്ക് സമീപം മനുഷ്യര്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വന്യജീവികളെ ക്രയവിക്രയം ചെയ്യുന്നവരെ മാത്രമേ ഇത് ബാധിക്കൂ എന്ന് കരുതേണ്ട എന്നാണ് ഷിയുടെ നിഗമനം.

ഉദാഹരണമായി ഷിറ്റാവോ ഗുഹയ്ക്ക് സമീപ പ്രദേശത്തുള്ള ഗ്രാമവാസികള്‍ ചെടിപ്പടര്‍പ്പുകളിലും കുറ്റിക്കാടുകളിലും നിന്ന് ഫലങ്ങള്‍ ശേഖരിക്കുന്നത് പതിവാണ്. ഓറഞ്ച്, വാല്‍നട്ട്, ബെറി, റോസ് തുടങ്ങിയവയൊക്കെ ധാരാളമായി ഉപയോഗിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി 2015 ഒക്ടോബറില്‍ നാല് ഗ്രാമങ്ങളില്‍നിന്ന് 200-ലധികം ഗ്രാമീണരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. ഇവരില്‍ ആറുപേരില്‍, അതായത് മൂന്ന് ശതമാനം ആള്‍ക്കാരില്‍ സാര്‍സിന് സമാനമായ കൊറോണ വൈറസിന് എതിരെയുള്ള ആന്‍റിബോഡി കണ്ടെത്തി. പക്ഷേ അവരാരും തന്നെ വന്യജീവികളെ കൈകാര്യം ചെയ്തിട്ടുള്ളവരല്ല. അവര്‍ക്കാര്‍ക്കും സാര്‍സ് രോഗത്തിന്‍റേതുപോലുള്ള ന്യൂമോണിയ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. അതില്‍ ഒരാള്‍ മാതമേ യുനാന്‍ പ്രവിശ്യക്ക് പുറത്തേക്ക് യാത്ര ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. അവരൊക്കെ അവരുടെ ഗ്രാമങ്ങളില്‍ വവ്വാലുകളെ കണ്ടിട്ടുള്ളവരും സ്വാഭാവികമായി ചെറിയ ഇടപഴകലുകള്‍ നടത്തിയിട്ടുള്ളവരുമാണ്.

ഈ സംഭവത്തിന് മൂന്നുവര്‍ഷം മുമ്പ് യുനാന്‍ പ്രവിശ്യയില്‍തന്നെ മറ്റൊരു ഖനി പ്രദേശത്ത് തൊഴിലാളികളിലുണ്ടായ ഒരു തരം കടുത്ത ന്യൂമോണിയ രോഗത്തെക്കുറിച്ച് ഷിയും കൂട്ടരും അന്വേഷിച്ചിരുന്നു. മുന്തിയ ഇനം ചായയ്ക്ക് പ്രസിദ്ധമായ മുജിന മലനിരകളിലാണ് ഈ ഖനി. വൈറസ് രോഗമെന്നാണ് തുടക്കത്തില്‍ കരുതിയത്.  ആറുപേര്‍ക്കാണ് ആ രോഗമുണ്ടായത്. രണ്ടുപേര്‍ മരിച്ചുപോയി. ഒരു വര്‍ഷത്തെ അന്വേഷണത്തിനുശേഷം ആറുതരം വവ്വാലുകളില്‍ വ്യത്യസ്തമായ കൊറോണ വൈറസ് കൂട്ടത്തെ കണ്ടെത്തി. പലപ്പോഴും ഒറ്റയൊരു വവ്വാലിനെത്തന്നെ പലയിനം വൈറസുകള്‍ ബാധിച്ചിട്ടുണ്ടായിരുന്നു. ഫലത്തില്‍ അവ പറന്ന് നടക്കുന്ന വൈറസ് ഫാക്ടറികളായാണ് വര്‍ത്തിച്ചത്. വളരെ ദുര്‍ഗന്ധപൂരിതമായ ഒരിടമായിരുന്നു ഈ ഖനി. പൂപ്പലില്‍ പൊതിഞ്ഞ വവ്വാല്‍ കാഷ്ടംകൊണ്ട് അവിടമാകെ വൃത്തിഹീനമായിരുന്നു. നരകം പോലെ അസഹനീയം എന്നാണ്  ഷീ അതെക്കുറിച്ച് പറഞ്ഞത്. വിപുലമായ രക്ഷാവസ്ത്രങ്ങളും മാസ്കുമൊക്കെ ഉപയോഗിച്ച് വേണമായിരുന്നു അവിടെ പര്യവേക്ഷണം നടത്താന്‍. ഖനി അതോടെ ഒഴിവാക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ കാഷ്ടത്തിലെ ഫംഗസായിരുന്നു അവിടെ ഖനിതൊഴിലാളികള്‍ക്ക് രോഗബാധയുണ്ടാക്കിയത്. പക്ഷേ ഷീയുടെ അഭിപായത്തില്‍ ഖനി അന്ന് ഒഴിവാക്കിയിരുന്നില്ലെങ്കില്‍ വൈകാതെ അവര്‍ക്ക് കൊറോണ വൈറസ് രോഗബാധ ഉണ്ടാകുമായിരുന്നു.

അഭൂതപൂര്‍വമായ ജനസംഖ്യാ വര്‍ദ്ധന, വന്യജീവികളുടെ ആവാസ കേന്ദങ്ങളിലേക്കുള്ള കടന്നു കയററം, ഭൂവിനിയോഗത്തിലെ വമ്പിച്ച മാറ്റങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും രാജ്യാന്തര കൈമാറ്റങ്ങള്‍, ഇവയില്‍നിന്നുള്ള ഉല്പന്നങ്ങളുടെ ആഗോള വിനിമയം, മനുഷ്യരുടെ തന്നെ ആഭ്യന്തരവും രാജ്യാന്തരവുമായ സഞ്ചാരത്തിന്‍റെ വന്‍വര്‍ദ്ധന ഇവയൊക്കെ മഹാമാരികള്‍ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്നത് ഏതാണ്ട് സുനിശ്ചിതമാക്കുന്ന ഘടകങ്ങളാണ്. ഈ വസ്തുതയാണ് ഷീയെയും സഹപ്രവര്‍ത്തകരെയും രാതികളില്‍ നിരന്തരം കര്‍ത്തവ്യ നിരവരാക്കുന്നത്. ഇപ്പോഴത്തെ കൊറോണ അന്വേഷണത്തിന് വളരെ മുമ്പ് തന്നെ ഷീയും കൂട്ടരും ആരംഭിച്ച കാര്യമാണത്.

ഒരു വര്‍ഷം മുമ്പ് ,അതായത് 2018-ല്‍ ഷീയും സഹപവര്‍ത്തകരും കൊറോണ വൈറസുകളെക്കുറിച്ച് രണ്ട് അവലോകന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒന്ന് ‘വൈറസസ്’ എന്ന ജേണലിലും രണ്ടാമത്തേത് പ്രസിദ്ധമായ നേച്ചര്‍ മൈക്രോബയോളജിയിലും. തങ്ങളുടെ തന്നെയും മറ്റ് ഗവേഷകരുടെയും പഠനങ്ങളില്‍നിന്ന് തെളിവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് വവ്വാലില്‍ നിന്നുള്ള കൊറോണ വൈറസ് രോഗങ്ങള്‍ ഭാവിയില്‍ പൊട്ടിപ്പുറപ്പെടുമെന്ന് അവര്‍ ആ ലേഖനങ്ങളില്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.

രോഗകാരിയുമായുള്ള ഓട്ടപ്പന്തയം

2019 ഡിസംബര്‍ 30-ന് വുഹാനിലേക്കുള്ള മടക്കയാത്രയില്‍തന്നെ ഷീ സഹപവര്‍ത്തകരുമായി രോഗികളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിക്കുന്ന രീതിയെക്കുറിച്ച് ചര്‍ച്ച ചെയ്തു. തുടര്‍ന്നുള്ള ആഴ്ചകള്‍ അവരുടെ ജീവിതത്തിലെ ഏറ്റവും സമ്മര്‍ദ്ദമേറിയ ദിവസങ്ങളായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ പേടിസ്വപ്നവുമായുള്ള യുദ്ധം എന്നാണ് അവരീ കാലയളവിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ 16 വര്‍ഷങ്ങളായി ഇതിനായി യഥാര്‍ത്ഥത്തില്‍ തയ്യാറെടുക്കുകയായിരുന്നു. പി.സി.ആര്‍ (Polymerase chain reaction) എന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി. ജനിതകശ്രേണിയെ പെരുക്കിയെടുത്ത് (വര്‍ദ്ധിപ്പിച്ച്) കണ്ടെത്തുക എന്നതാണത്.. ആദ്യവട്ട പരീക്ഷണങ്ങളില്‍ ഏഴ് രോഗികളില്‍നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചു. അഞ്ച് സാമ്പിളുകളില്‍ എല്ലാതരം കൊറോണ വൈറസുകളിലുമുള്ള പൊതു സീക്വന്‍സുകള്‍ മാത്രമേ  കണ്ടെത്തിയുള്ളൂ. പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കാന്‍ ഷീ നിര്‍ദ്ദേശം നല്‍കി. കൂടാതെ വൈറസുകളുടെ മുഴുവന്‍ ജീനോം ശ്രേണിയും കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ക്കായി മറ്റൊരു പരീക്ഷണശാലയിലേക്ക് സാമ്പിളുകള്‍ അയച്ചു. ഇതിനിടയില്‍ സ്വന്തം പരീക്ഷണശാലയിലെ പഴയ റെക്കോര്‍ഡുമായി കാര്യങ്ങള്‍ ഒത്തുനോക്കി. പരീക്ഷണങ്ങളില്‍ കൈപ്പിഴകള്‍ വന്നിട്ടുണ്ടോയെന്ന് വീണ്ടും പരിശോധിച്ചു. പുതിയ സീക്വന്‍സുകള്‍ക്ക് മുന്‍പ് വവ്വാലുകളില്‍ നിന്ന് ലഭിച്ചവയുമായി തുല്യതയുണ്ടോ ഉണ്ടെങ്കില്‍ എത്രത്തോളമെന്നതായിരുന്നു അവരുടെ അകാംക്ഷ. പക്ഷേ അങ്ങനെ ഒത്തുപോകുന്നതൊന്നും പുതിയ വുഹാന്‍ സീക്വന്‍സുകളില്‍ ഉണ്ടായിരുന്നില്ല. ലബോറട്ടറിയില്‍ അറിയാത്ത കൈപ്പിഴമൂലം വൈറസ് പുറത്ത് പോയിട്ടില്ല എന്ന വസ്തുതയുറപ്പിച്ചത് ആശ്വാസകരമായി.  അതിന്‍റെ അര്‍ത്ഥം പുതിയൊരിനം വൈറസ് ആണ് രോഗകാരിയെന്നാണ്. ജനുവരി ഏഴിന് ഇത് സ്ഥിരീകരിച്ചു

പി.സി.ആര്‍ വിശകലനം, പൂര്‍ണ്ണ ജീനോം ശ്രേണി നിര്‍ണ്ണയം, രക്തസാമ്പിളുകളില്‍ നടത്തുന്ന ആന്റിബോഡി ടെസ്റ്റ് എന്നിവയില്‍നിന്നും വേര്‍തിരിച്ച വൈറസുകള്‍ക്ക് മനുഷ്യ ശ്വാസകോശത്തില്‍നിന്നുള്ള കോശങ്ങളെ ലബോറട്ടറിയില്‍ ഇന്‍ഫെക്ട് ചെയ്യാന്‍ കഴിയുന്നു എന്ന നിരീക്ഷണത്തില്‍ നിന്നുമാണ് ഈ നിഗമനം ഉറപ്പിച്ചത്. വൈറസിന്‍റെ ജീനോം ശേണി യുനാനിലെ കുതിരലാട വവ്വാലുകളില്‍നിന്ന് മുമ്പ് ലഭിച്ച കൊറോണ വൈറസ് ഇനവുമായി 96 ശതമാനം തുല്യത കണ്ടെത്തി. മുമ്പുള്ള കണ്ടെത്തല്‍ ‘നേച്ചര്‍’ ജേണലില്‍ പ്രസിദ്ധം ചെയ്തിട്ടുണ്ടായിരുന്നു. ഈ വൈറസിനെ ഇപ്പോള്‍ സാര്‍സ്-കോവ്-2 എന്നാണ് ഔദ്യോഗികമായി നാമകരണം ചെയ്തിരിക്കുന്നത്. 2002-ലെ സാര്‍സ് വൈറസുമായുള്ള സാമ്യത്തില്‍നിന്നാണ് ഇങ്ങനെ ഒരു പേര് നല്‍കിയിരിക്കുന്നത്. വവ്വാലുകള്‍ ആണ് ഇതിന്‍റെയും പ്രകൃതി ജന്യമായ സ്രോതസ്സ് എന്ന് സുവ്യക്തമായെന്ന് മറ്റ് സ്വതന്ത ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്.

വ്യത്യസ്ത രോഗികളില്‍നിന്ന് ലഭിച്ച വൈറസ് ശ്രേണികള്‍ വിശകലനം ചെയ്യപ്പെട്ടു. 326 ശേണികള്‍ ഗവേഷകരുടെയും പൊതുസമൂഹത്തിന്‍റെയും അറിവിലേക്ക് പ്രസിദ്ധീകരിക്കയും ചെയ്തു. അവയെല്ലാം വളരെ സാമ്യമുള്ളതും ഏതാണ്ട് തുല്യമായതും ആണെന്ന് കണ്ടെത്തി.
അതുപോലെ 2019 ഡിസംബറില്‍ ലഭിച്ച സാമ്പിളുകളില്‍ കാലികമായ വ്യത്യാസങ്ങള്‍ എറെയൊന്നും ഉണ്ടായിട്ടില്ല. ഇവയെല്ലാം ഒരു പൊതുപൂര്‍വ്വികശേണിയില്‍ നിന്നാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കാവുന്നത്. അതുപോലെ തന്നെ വാഹകര്‍ മൃഗത്തില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് എത്തിയ ഒററ സംഭവമേ ഉണ്ടാവാന്‍ തരമുള്ളൂ. പിന്നീട് മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്കുള്ള തുടര്‍ച്ചയായ പ്രസരണമാണ് സംഭവിച്ചിരിക്കുന്നത്. വൈറസ് വലിയ വ്യതിയാനങ്ങള്‍ ഇല്ലാതെ തുടരുന്നു എന്നതുകൊണ്ടും (ദേശാന്തര ഗമനത്തില്‍ മാററങ്ങള്‍ പിന്നെയുമുണ്ടാകാം) അണുബാധയുണ്ടായ നല്ല പങ്ക് വ്യക്തികളിലും ലഘുവായ രോഗലക്ഷണങ്ങള്‍ മാത്രം ഉണ്ടായതുകൊണ്ടും ഗവേഷകര്‍ ചില പ്രധാന നിഗമനങ്ങളില്‍ എത്തി. കടുത്ത രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ക്ക് പല ആഴ്ചകളോ മാസങ്ങളോ മുമ്പുതന്നെ രോഗകാരി മനുഷ്യരെ ബാധിച്ചുതുടങ്ങിയിട്ടുണ്ടായിരിക്കണം. രോഗപടര്‍ച്ച ഒന്നിലധികം ചെറുതരംഗങ്ങളായി നേരത്തെ ചെറിയ തോതില്‍ നടന്നിട്ടുണ്ടാവുമെന്നാണ് വ്യക്തമായ സൂചന. ഇപ്പോഴത്തെ മഹാമാരി തികച്ചും ആകസ്മികമല്ല എന്നാണതിന്‍റെ അര്‍ത്ഥം.

വുഹാനിലും സമീപ പദേശങ്ങളിലുമുള്ള വന്യജീവി മാര്‍ക്കറ്റുകള്‍ ഇത്തരം വൈറസുകളുടെ മിശ്രണ വിതരണ കേന്ദ്രങ്ങള്‍ ആകാം എന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ മാര്‍ക്കറ്റുകളില്‍ പലയിനം മൃഗങ്ങളെ  വില്‍ക്കുകയും വാങ്ങുകയും ചെയ്തിരുന്നു. വവ്വാല്‍, സിവററ് (വെരുക്), പംഗോലിന്‍ (ഈനാംപേച്ചി), ബാഡ്ജര്‍, മുതല തുടങ്ങിയവ ഈ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. പുതിയ അപകടകാരിയായ കൊറോണ വൈറസ് വവ്വാലില്‍നിന്ന് നേരിട്ട് മനുഷ്യരില്‍ എത്തിയതാവാം. ഷിയുടെയും മറ്റ് പലരുടെയും പഠനങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈനാംപേച്ചി വൈറസ് കൈമാറ്റത്തില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ചിട്ടുണ്ടാവാമെന്ന് ഇനിയും പ്രസിദ്ധീകരിക്കാത്ത പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തെക്കേ ചൈനയിലെ അനധികൃത മൃഗക്കടകളില്‍നിന്ന് പിടിച്ചെടുത്ത ഈനാംപേച്ചികളില്‍നിന്ന് സാര്‍സ്-കോവ്-2 നോട് വളരെയധികം സാമ്യമുള്ള കൊറോണ വൈറസുകളെ കണ്ടെത്തുകയുണ്ടായി. ഇവയെ മററ് രാജ്യങ്ങളില്‍ നിന്ന് അവിടേക്ക് എത്തിച്ചതായിരുന്നു.

2020 ഫെബുവരി 24-ന് ചൈന വന്യജീവികളുടെ കച്ചവടവും ഉപഭോഗവും എക്കാലത്തേക്കുമായി നിരോധിച്ചു. പൂര്‍ണനിരോധനം 14 ദശലക്ഷം ആള്‍ക്കാര്‍ തൊഴിലെടുക്കുന്ന 7600 കോടി ഡോളര്‍ ടേണ്‍ ഓവറുള്ള വ്യവസായത്തെ തുടച്ച് നീക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും, ഗവേഷണം, ഔഷധം, പ്രദര്‍ശനം തുടങ്ങിയ നിയന്ത്രിതമായ ആവശ്യങ്ങള്‍ക്ക് മാതമേ വന്യജീവികളെ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് ചൈനയിലെ ഇപ്പോഴത്തെ നിയമം. പലരും ഈ നടപടിയെ സ്വാഗതം ചെയ്തു. പക്ഷേ ജനങ്ങളുടെ പരമ്പരാഗത രീതി, വിശ്വാസം ഇവ മാറ്റാനുള്ള ശ്രമം, മറ്റ് ജീവനോപാധികള്‍ ലഭ്യമാക്കാതെയുള്ള പൂര്‍ണ്ണ നിരോധനം എന്നിവ ഫലവത്താകില്ല എന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് വ്യവസായം നിയമവിരുദ്ധമായും അനധികൃതമായും മാറുന്നതിന് ഇടയാക്കും. ഗവേഷകനായ ഡസാക്ക് ചൂണ്ടിക്കാണിക്കുന്നതുപോലെ വന്യജീവികള്‍ ആഹാരഭാഗമായിരിക്കുന്നത് ചൈനയിലെ ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള സാംസ്കാരിക രീതിയാണ്. ഒറ്റദിവസംകൊണ്ട് അത് പാടേ മാറ്റുക എളുപ്പമാകില്ല. ഇപ്പോള്‍ വുഹാനിലെ മത്സ്യമാംസ മാര്‍ക്കററുകള്‍ വീണ്ടും തുറന്നതായി വാര്‍ത്തയുണ്ട്. എന്തൊക്കെ നിയന്തണങ്ങളോടെ ആണെന്നത് വ്യക്തമല്ല. വന്യജീവികളുടെ മേലുള്ള നിയന്തണങ്ങള്‍  തുടരുകായാണെന്ന് വേണം കരുതാന്‍

എന്നാല്‍, വന്യജീവികളുടെ കച്ചവടവും ഉപഭോഗവും പ്രശ്നത്തിന്റെ ഒരു വശം മാത്രമാണെന്ന് ഷി ചൂണ്ടിക്കാണിക്കുന്നു. ചൈനയില്‍ തന്നെ പന്നികളിലുണ്ടായ വലിയ വൈറസ് ബാധയുടെ മറെറാരു കഥയുണ്ട്.   2016 അവസാനം ഗുഹാങ്ങ്ടോങ്ങിലെ നാല് പന്നി വളര്‍ത്തുകേന്ദ്രങ്ങളില്‍ കാല്‍ ലക്ഷത്തോളം മൃഗങ്ങള്‍ ചത്തൊടുങ്ങി. കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമായിരുന്നു രോഗലക്ഷണങ്ങള്‍. ഇത് സാര്‍സ് രോഗം പൊട്ടിപ്പുറപ്പെട്ട സ്ഥലത്ത് നിന്ന് 60 മൈല്‍ അകലെയുള്ള പ്രദേശത്താണ്. സ്ഥലത്തെ മൃഗചികിത്സകര്‍ക്ക് കാരണം മനസ്സിലാക്കാന്‍ ആയില്ല. അവര്‍ ഷീയുടെ സഹായം തേടി. എസ്. എ. ഡി.എസ് എന്ന ഈ പന്നിരോഗത്തിന്‍റെ കാരണമായ വൈറസിനെ കണ്ടെത്തി, ജനിതക വിശകലനവും നടത്തി. ഇതിന്റെ ജനിതകശ്രേണി സമീപത്തെ ഒരു ഗുഹയില്‍നിന്ന് കണ്ടെത്തിയ വവ്വാലില്‍നിന്നുള്ള കൊറോണ വൈറസുമായി 98 ശതമാനം തുല്യതയുള്ളതായിരുന്നു. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പന്നികളുടെയും മനുഷ്യരുടെയും രോഗപ്രതിരോധ വ്യവസ്ഥ വളരെ സാമ്യമുള്ളതാണ്. അതുകൊണ്ട് പന്നിയില്‍ നിന്ന് മനുഷ്യരിലേക്ക് തിരിച്ചും രോഗബധയുണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. പിന്നീട് മറ്റൊരു സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഈ പന്നിരോഗ വൈറസുകള്‍ മറ്റ് ജീവികളില്‍നിന്നുള്ള കോശങ്ങളെ ബാധിക്കുമന്ന് കണ്ടെത്തി. എലികള്‍, കോഴിവര്‍ഗ്ഗങ്ങള്‍, ആള്‍ക്കുരങ്ങുകള്‍, മനുഷ്യർ ഇവയില്‍ നിന്നൊക്കെയുള്ള കോശങ്ങളെ ബാധിക്കാന്‍ പന്നിരോഗവൈറസുകള്‍ക്ക് കഴിയും. പന്നിവളര്‍ത്തല്‍, ചൈനയും അമേരിക്കയും ഉള്‍പ്പെടെ പല രാജ്യങ്ങളിലും വന്‍ വ്യവസായമാണ്. അതുകൊണ്ട് പുതിയ കൊറോണാവൈറസുകള്‍ കണ്ടെത്താനുള്ള ഗവേഷണം പന്നികളില്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് പലരും അഭിപായപ്പെടുന്നു.

വവ്വാലുകളില്‍ നിന്നുള്ള വൈറസ് രോഗങ്ങള്‍

കഴിഞ്ഞ കാല്‍ നൂററാണ്ടിലെ പകര്‍ച്ചവ്യാധികളുടെ ചരിത്രം പരശോധിച്ചാല്‍, ആറ് പുതിയ രോഗങ്ങളാണ് വവ്വാലുകളില്‍ നിന്നുള്ള വൈറസ് മൂലമുണ്ടായതെന്ന് കാണാം. ആറാമത്തേതാണ് വുഹാനിലെ കോവിഡ് -19. 1994-ല്‍ ഓസ്ട്രേലിയയില്‍ ഹേന്‍ ദ്ര (Hendra), 1998-ല്‍ മലേഷ്യയില്‍ നിപാ (Nipah), 2002-ല്‍ ചൈനയില്‍ സര്‍സ് (SARS),  2012-ല്‍ സൗദി അറേബ്യയില്‍ മെര്‍സ്, 2014-ല്‍ ആഫിക്കയില്‍ എബോള എന്നിവയാണ് മററുള്ളവ. പലപ്പോഴും വവ്വാലില്‍ നിന്ന് നേരിട്ടല്ല, നേരേ മറിച്ച് മധ്യവര്‍ത്തികളായ മററ് വാഹകരിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയത്. എബോള ആവര്‍ത്തിക്കുകയും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പടരുകയും ചെയ്തിരുന്നു. നിപയും ആവര്‍ത്തിച്ചു. 2018-ല്‍ കേരളത്തിലുമെത്തി. ഇവിടെയും ആദ്യത്തെ രോഗിക്ക് അണുബാധയുണ്ടയത് വവ്വാലില്‍ നിന്നാണെന്നാണ് ബലമായ അനുമാനം. യഥാര്‍ത്ഥത്തില്‍ നമ്മുടെ ആരോഗ്യസംവിധാനത്തിന്‍റെ ചരിത്രത്തിലെ സുവര്‍ണരേഖയാണ് നിപയെ പിടിച്ച് നിര്‍ത്തിയത്. അന്ന് രൂപികരിച്ച പ്രോട്ടോക്കോളാണ് ലോകാംഗീകാരം നേടിയതും, ഇന്ന് കോവീഡിനെ സമര്‍ഥമായി പ്രതിരോധിക്കാന്‍ നമ്മെ പ്രാപ്തമാക്കുന്നതും. വിഷയം വ്യത്യസ്തമായത്കൊണ്ട് കൂടുതലതിലേക്ക് കടക്കുന്നില്ല.

വാസ്തവത്തില്‍ ഈ പറക്കുന്ന സസ്തനികള്‍ അവയില്‍തന്നെ പ്രശ്നകാരികളല്ല.  ജൈവവൈവിധ്യത്തെ സഹായിക്കുന്ന ജീവികളാണ് വവ്വാലുകള്‍. അവ പലരീതിയില്‍ പരിസ്ഥിതിയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നുണ്ട്. കീടങ്ങളെ ആഹാരമാക്കുന്നു. പല സസ്യങ്ങളുടെയും പരാഗണഏജന്‍റായി പ്രവര്‍ത്തിക്കുന്നു. അങ്ങനെ പാരിസ്ഥിതികമായ പല ധര്‍മങ്ങളും അനുഷ്ടിക്കുന്ന ജീവിയാണ്. അവയുടെ അവാസവ്യവസ്ഥ തകരുമ്പോഴും മനുഷ്യന്‍ അവയുമായി സമ്പര്‍ക്കത്തില്‍പ്പെടുമ്പോഴുമാണ് പ്രശ്നം. അപ്പോഴാണ് അവയില്‍നിന്ന് വൈറസ് പകരാന്‍ ഇടയാകുന്നത്.
സിങ്കപ്പൂരില്‍ നിന്നുമുള്ള ദൃശ്യം – Cave nectar bat (Eonycteris spelaea).കടപ്പാട് : Linfa Wang

ഭാവിപ്രതിരോധം

പുതിയ കൊറോണ വൈറസ് എങ്ങനെയാണ് മനുഷ്യരുടെ ശ്വാസകോശത്തിലെ കോശങ്ങളില്‍ പ്രവേശിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി.  Angiotensin Converting Enzyme 2 (ACE2)  എന്ന റിസപ്റ്ററാണ് ഇതിനായി വൈറസ് ഉപയോഗപ്പെടുത്തുന്നത്. ഈ പ്രവര്‍ത്തനത്തെ തടയാന്‍ കഴിയുന്ന മരുന്നുകള്‍ക്കായി സ്ക്രീനിംഗ് നടന്നുകൊണ്ടിരിക്കുയാണ്. മറ്റ് ഗവേഷണ ഗ്രൂപ്പുകളും വാക്സിനും മരുന്നിനുമായുള്ള അന്വേഷണം നടത്തിവരുകയാണ്. ഷി ഗ്രൂപ്പിന്റെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ഗവേഷണം ലക്ഷ്യം വെയ്ക്കുന്നത് അപകടകാരികളായ എല്ലാ കൊറോണ വൈറസുകള്‍ക്കുമെതിരേയുള്ള പൊതുവായ വാക്സിനും മരുന്നും കണ്ടെത്താനാണ്.

പുതിയ രോഗകാരികള്‍ ഉദയം ചെയ്യുമ്പോള്‍ മാത്രം അവയ്ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചാലോചിക്കുന്ന രീതിക്കപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങണമെന്ന് പല ശാസ്തജ്ഞരും കരുതുന്നു. മൃഗങ്ങളില്‍നിന്ന് ഉത്ഭവിക്കുന്ന പകര്‍ച്ചവ്യാധികള്‍ 70 ശതമാനവും വന്യജീവികളില്‍നിന്നാണ് വരുന്നത്. അതുകൊണ്ട് ഏറ്റവും നല്ല മാര്‍ഗ്ഗം അത്തരമൊരു സാധ്യത തന്നെ തടയുകയാണ്. ആഗോളതലത്തില്‍  വന്യജീവികളിലുള്ള എല്ലാതരം വൈറസിനെയും കണ്ടെത്തുന്നതില്‍നിന്ന് അത്തരമൊരു പ്രയത്നം തുടക്കം കുറിക്കണമെന്നാണ് ഡസാക്ക് അഭിപായപ്പെടുന്നത്. കൂടുതല്‍ മെച്ചപ്പെട്ട ടെസ്റ്റിംഗ് സാമഗ്രികള്‍ ഉണ്ടാക്കിയെടുക്കണം. അതിന്‍റെ അര്‍ത്ഥം ഷീയും ഡസാക്കും ഒക്കെ നടത്തുന്ന ഗവേഷണം വലിയതോതില്‍ വ്യാപിപ്പിക്കേണ്ടതുണ്ടെന്നാണ്.

കൊറോണ വൈറസ് ബാധ ഉണ്ടാവാന്‍ സാധ്യതയുള്ള സസ്തനികളായ വവ്വാല്‍, എലി, ബാഡ്ജര്‍, സിവറ്റ്, പംഗോലിന്‍, ആള്‍ക്കുരങ്ങുകള്‍ തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമന്നാണ് ഡസാക്ക് കരുതുന്നത്. വന്യജീവി വൈവിധ്യം ഏറ്റവും കൂടുതലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളില്‍ ഇത് വളരെ പ്രധാനമാണ്. ഡസാക്കും സഹപവര്‍ത്തകരും കഴിഞ്ഞ നൂറ്റാണ്ടില്‍ ഉണ്ടായ അഞ്ഞൂറോളം രോഗബാധകള്‍ വിശകലനം ചെയ്തിട്ടുണ്ട്. വലിയ ജനസാന്ദ്രതയുള്ള ഇടങ്ങളിലും ഭൂവിനിയോഗത്തില്‍ വലിയ മാറ്റങ്ങള്‍ ഉള്ളയിടത്തുമാണ് പുതിയ രോഗങ്ങള്‍ ഉദയം ചെയ്തതെന്ന് അവര്‍ കണ്ടെത്തിയിട്ടുണ്ട്. കെട്ടിടങ്ങള്‍, റോഡുകള്‍, ഖനികള്‍, വനനശീകരണം, കൃഷിയുടെ വലിയ വ്യാപനം ഇതൊക്കെ ഇവിടങ്ങളില്‍ കാണാം. ചൈന മാതമല്ല ഇത്തരമൊരു ഹോട്ട് സ്പോട്ട് എന്ന് ഡസാക്ക് ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകള്‍ എന്നറിയപ്പടുന്ന ഇന്ത്യ, നൈജീരിയ, ബസീല്‍ തുടങ്ങിയ രാജ്യങ്ങളും ഇത്തരം ഭീഷണി നേരിടുന്നു.

വന്യജീവികളില്‍ ഉള്ള അപകടകരമായേക്കാവുന്ന രോഗകാരികളെ മുഴുവന്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ പല രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും സാധ്യമാകും. വളര്‍ത്തുമൃഗങ്ങള്‍, ക്രയം ചെയ്യുന്ന വന്യജീവികള്‍, അണുബാധക്ക് സാധ്യതകൂടിയ ജനവിഭാഗങ്ങള്‍ ഇവരുടെയൊക്കെ സ്രവ-രക്തസാമ്പിളുകള്‍ പതിവായി പരിശോധിക്കാന്‍ കഴിയും. ഗ്രാമീണ കര്‍ഷകര്‍, ഖനി തൊഴിലാളികള്‍, വവ്വാലുകളുടെ ആവാസ വ്യവസ്ഥയ്ക്ക് സമീപം താമസിക്കുന്നവര്‍, വന്യജീവികളെ കൈകാര്യം ചെയ്യുന്നവര്‍ ഇവരെയൊക്കെ നിരീക്ഷണത്തില്‍ കൊണ്ടുവരണം. ഈ സമീപനത്തിന് ഏക ആരോഗ്യം എന്നാണ് പറയുന്നത്. വന്യജീവികളുടെ ആരോഗ്യം, മനുഷ്യന്‍റെ ആരോഗ്യം, വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യം ഇവയെയൊക്കെ സമഗ്രമായി സമീപിക്കുന്ന രീതിയാണിത്. എങ്കില്‍ മാത്രമേ മഹാമാരികളുണ്ടാവും മുമ്പ് പുതിയ രോഗങ്ങളെ നിയന്ത്രിക്കാന്‍ ആവുകയുള്ളൂ. തന്നെയുമല്ല ഒരിക്കല്‍ ഒരു മഹാമാരി ഉണ്ടായിക്കഴിഞ്ഞാല്‍ അതിനെ നേരിടാന്‍ വരുന്ന വന്‍ സാമ്പത്തിക ബാധ്യതയുടെ പ്രശ്നവുമുണ്ട്. ഇവ സമ്പദ് വ്യവസ്ഥയില്‍ ഏല്‍പ്പിക്കുന്ന ആഘാതം വളരെ കടുതലാണ്. അപ്പോള്‍ ഇവയെ തുടക്കത്തിലേ കണ്ടെത്തി തടയുക എന്നതാകും കൂടുതല്‍ ഉചിതം.

ഇതിനിടയില്‍ വൈറസിനെ തേടിയുള്ള സാഹസിക പര്യവേഷണങ്ങളുടെ മുന്‍നിരയില്‍ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായി ഷി അറിയിച്ചു. ഗവേഷണ പദ്ധതികളെ നയിക്കുന്ന പ്രവര്‍ത്തനത്തില്‍ അവര്‍ തുടരും. പക്ഷേ ദൗത്യം അവസാനിപ്പിക്കാന്‍ പാടില്ല. മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അവര്‍ പറയുന്നു. തങ്ങള്‍ കണ്ടെത്തിയത് വലിയ മഞ്ഞ്മലയുടെ അറ്റം മാത്രമെന്നാണ് ആലങ്കാരികമായി പറഞ്ഞത്. ഇനിയും തിരിച്ചറിയേണ്ട അയ്യായിരത്തിലധികം കൊറോണ വൈറസ് ഇനങ്ങള്‍ ഉണ്ടെന്ന് ഡസാക്കും ഗവേഷകരും ചൂണ്ടിക്കാണിക്കുന്നു. ചൈനയിലെ വവ്വാല്‍ ഗുഹകളില്‍നിന്നുള്ള സാമ്പിളുകള്‍ ശേഖരിക്കാനും വൈറസുകളെ തിരിച്ചറിയാനുമുള്ള ഒരു ദേശീയ പദ്ധതി ആവിഷ്കരിക്കാന്‍ ഷി തയ്യാറെടുക്കുകയാണ്. മുമ്പുള്ള പ്രവര്‍ത്തനത്തേക്കാള്‍ ഊര്‍ജ്ജിതവും വിസ്തൃതവുമായ പദ്ധതിയാണ് തയ്യാറാക്കുന്നത്. വവ്വാലില്‍നിന്നുള്ള കൊറോണ വൈറസുകള്‍ ഇനിയും രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടലിന് കാരണമാകും. അവര്‍ പറയുന്നു, “വൈറസുകള്‍ നമ്മളെ കണ്ടെത്തുന്നതിനുമുമ്പ് നമ്മള്‍ അവയെ കണ്ടെത്തുക“.

ഗുണപാഠം- നമ്മുടെ ഉന്നതവിദ്യാഭ്യസത്തിന്‍റെയും ഗവേഷണത്തിന്‍റെയും രീതിയും ലക്ഷ്യവും ശരിയായി പുന:പരിശോധിക്കുക. പതിവ് അഭ്യാസങ്ങള്‍ മതിയാവില്ല.  ശാസ്തീയകാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കൂടുതല്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാക്കുക

അവലംബം

  1. Jane Qiu, How China’s “Bat Woman” Hunted Down Viruses from SARS to the New Coronavirus,  Scientific American,  March , 2020
  2. Inhibition of SARS-CoV-2 (previously 2019-nCoV) infection by a highly potent pan-coronavirus fusion inhibitor targeting its spike protein that harbors a high capacity to mediate membrane fusion, Cell Research volume 30, pages343–355(2020)
  3. Discovery of novel bat coronaviruses in south China that use the same receptor as MERS coronavirus. Journal of virology. 92. 10.1128/JVI.00116-18.
  4.  Bats Are Natural Reservoirs of SARS-Like Coronaviruses, Science , 2005: Vol. 310, Issue 5748, pp. 676-679
  5. Fatal swine acute diarrhoea syndrome caused by an HKU2-related coronavirus of bat origin. Nature. 556. 10.1038/s41586-018-0010-9.
  6. Longitudinal Surveillance of Betacoronaviruses in Fruit Bats in Yunnan Province, China During 2009–2016. Virologica Sinica. 33. 10.1007/s12250-018-0017-2.
  7. Serological Evidence of Bat SARS-Related Coronavirus Infection in Humans, China. Virologica Sinica. 33. 10.1007/s12250-018-0012-7.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കേരളത്തില്‍ നിഴലില്ലാനേരം – സമയം അറിയാം
Next post നൂറുകാലും പഴുതാരയും
Close