നവനീത് കൃഷ്ണന്‍ എസ്.
ചൊവ്വയിലേക്കുള്ള പേടകം വിക്ഷേപിച്ചിരിക്കുയാണ് ചൈന. Tianwen-1 എന്നാണ് ദൗത്യത്തിന്റെ പേര്. ലോങ് മാർച്ച് 5 Y-4 എന്ന റോക്കറ്റിലേറിയാണ് ടിയാൻവെൻ ബഹിരാകാശത്തെത്തിയത്. ഓർബിറ്ററും ലാൻഡറും റോവറും അടങ്ങുന്നതാണ് ദൗത്യം. അടുത്ത വർഷം ഫെബ്രുവരിയിൽ ഈ പേടകം ചൊവ്വയിലെത്തും എന്നാണു പ്രതീക്ഷിക്കുന്നത്. ചൊവ്വയിൽ ഓടിനടക്കുന്ന ഒരു റോവറാണ് ഈ പദ്ധതിയുടെ ഹൈലൈറ്റ്. മൂന്നു മാസക്കാലം ഈ റോവർ ചൊവ്വയിൽ പര്യവേക്ഷണം നടത്തും.
ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്ന ഗവേഷണമാണ് ടിയാൻവെൻ നടത്തുക. സ്വർഗ്ഗത്തോടുള്ള ചോദ്യങ്ങൾ എന്നാണ് ടിയാൻവെൻ എന്ന പേരിന്റെ അർത്ഥം.
വിക്ഷേപണത്തിന് 36 മിനിറ്റിനു ശേഷം എർത്ത്-മാർസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് പേടകത്തെ മാറ്റി. ഏതാണ്ട് ഏഴു മാസത്തോളം വരുന്ന ചൊവ്വായാത്രയിലാണ് ഈ പേടകമിപ്പോൾ.
രണ്ടു ക്യാമറകളാണ് ഓർബിറ്ററിൽ ഉള്ളത്. ഇതിലെ ഹൈ റസല്യൂഷൻ ക്യാമറയ്ക്ക് 2 മീറ്ററിൽക്കൂടുതൽ വലിപ്പമുള്ള വസ്തുക്കളെ തിരിച്ചറിയാനാവും. 400കിലോമീറ്റർ ഉയരത്തിൽ ഉള്ള റസല്യൂഷനാണിത്. 270കിലോമീറ്റർ മുതൽ 12000കിലോമീറ്റർ വരെ ഉയരത്തിലുള്ള പോളാർ പരിക്രമണപഥത്തിലാവും ഓർബിറ്റർ. ചൊവ്വയുടെ കാന്തികമണ്ഡലം, ധാതുക്കൾ തുടങ്ങിയവയെക്കുറിച്ചു പഠിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളും ഓർബിറ്ററിൽ ഉണ്ട്.
റോവർ കുറെക്കൂടി ഉപകരണങ്ങൾ ഉള്ള ഒന്നാണ്. ഉപരിതലത്തിന് നൂറുമീറ്റർ താഴത്തുള്ളവയെ മനസ്സിലാക്കാൻ കഴിയുന്ന ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ ആണ് ഇതിൽ പ്രധാനം. കൂടാതെ ചൊവ്വയിലെ മണ്ണും അന്തരീക്ഷവും ഒക്കെ പരിശോധിക്കുന്ന ഉപകരണങ്ങളും ക്യാമറയും റോവറിന്റെ ഭാഗമാണ്. ചൊവ്വയിലെ ഉട്ടോപ്യാ പ്ലാനീഷ്യ എന്ന ഇടത്താവും റോവർ ഇറങ്ങുക. നാസയുടെ വൈക്കിങ് ലാൻഡർ ഇറങ്ങിയത് ഇവിടെയാണ്.
ഇന്ത്യയുടേത് അടക്കം നിലവിൽ എട്ട് പേടകങ്ങളാണ് ചൊവ്വയിലുള്ളത്. ചിലത് ചൊവ്വയുടെ ഓർബിറ്റിലും മറ്റുള്ളവ ചൊവ്വയുടെ ഉപരിതലത്തിലും ആണ്. യു എ ഇയുടെ ചൊവ്വാഗവേഷണപേടകം കഴിഞ്ഞ ദിവസമാണ് വിക്ഷേപിച്ചത്. നാസയുടെ മാർസ് 2020 പെർസിവിയറൻസ് ദൗത്യം ഈ മാസം 31ന് വിക്ഷേപിക്കും എന്നാണു കരുതുന്നത്. ഇതും ഫെബ്രുവരിയിലാവും ചൊവ്വയിലെത്തുക. ചൊവ്വയിൽ ആദ്യമായി ഒരു ഹെലികോപ്റ്റർ പറത്തുക എന്ന ഉദ്ദേശ്യവും മാർസ് 2020 എന്ന നാസ ദൗത്യത്തിനുണ്ട്.
വിവിധ രാജ്യങ്ങളുടെ ദൗത്യങ്ങളുമായി ചൊവ്വ സജീവമാകുന്ന ദിനങ്ങളാണ് നമുക്കു മുന്നിലുള്ളത്.
China’s Mars probe blasted off from south China’s Hainan Province on Thursday, presenting locals a visual feast! Check out the grand launch views recorded by locals and listen to their loud cheers for this precious moment! pic.twitter.com/pLBc1b8IWD
— People’s Daily, China (@PDChina) July 23, 2020