Read Time:4 Minute

ഡോ.ദീപ.കെ.ജി

ഓന്തുകളുടെ പ്രത്യേകത അറിയാമല്ലോ. സ്വന്തം ശരീരം ശത്രുക്കളിൽ നിന്ന് മറച്ചുവെയ്ക്കാൻ സാഹചര്യങ്ങൾക്കനുസരിച്ചു നിറം മാറാനുള്ള കഴിവ് ഇവയ്ക്കുണ്ട്. അതുപോലെ ആശയവിനിമയം നടത്തുന്നതും താപനില നിയന്ത്രിക്കുന്നതും ഒക്കെ ഈ നിറം മാറ്റത്തിലൂടെ തന്നെ, ഓന്തുകളുടെ ചർമ്മത്തിലെ ഇറിഡോഫോർ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന വളരെ ചെറിയ ഗുവാനിൻ ഫോട്ടോണിക് നാനോപരലുകൾ ആണ് അവയിലെ ഈ നിറം മാറ്റത്തിനു കാരണം. ഗുവാനിൻ പരലുകളുടെ ആകൃതി, വലിപ്പം, ക്രമീകരണം മുതലായവ പ്രകാശത്തിന്റെ ഒരു നിറത്തെ ശക്തമായി പ്രതിഫലിപ്പിക്കുന്നതിന് കാരണമാകുന്നു. ശരീരചലനം മൂലം ഈ പരലുകളുടെ ഘടനാപരമായ മാറ്റം വരുത്താൻ ഓന്തുകൾക്കു സാധിക്കും.

ഓന്തുകളിലെ ഈ സ്വഭാവം അനുകരിച്ചു സെല്ലുലോസ് നാനോപരലുകൾ ഉപയോഗിച്ചു ബയോ അധിഷ്ഠിത സ്മാർട്ട് ചർമ്മം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ. കൈറൽ ന്യൂമാറ്റിക് ഘടനയുള്ള സെല്ലുലോസ് നാനോപരലുകൾക്ക് ദൃശ്യ പ്രകാശത്തിലെ ചില തരംഗദൈർഘ്യങ്ങൾ പ്രതിഫലിപ്പിക്കാനുള്ള കഴിവുണ്ടെന്ന് മുൻകാല പഠനങ്ങളിലൂടെ വ്യക്തമാണ്. ഭൂമിയിലെ ഏറ്റവും സമൃദ്ധമായ പ്രകൃതിദത്ത പോളിമറായ സെല്ലുലോസ് സസ്യങ്ങളിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. സെല്ലുലോസ് നാനോപരലുകൾ ഉപയോഗിച്ചുള്ള സ്മാർട്ട് ചർമ്മം വിജയം കണ്ടിട്ടിട്ടും ഉണ്ട്. എന്നാൽ ഇത്തരം പരലുകൾ വളരെ ദൃഢമായിരിക്കും, വളയ്ക്കാനോ വലിച്ചു നീട്ടാനോ സാധിക്കില്ല. ചർമ്മത്തിന് ഇലാസ്തികത നൽകാൻ പോളിഎതിലീൻ ഗ്ലൂക്കോൾ ഡെ അക്രിലേറ്റ് (PEGDA) എന്ന പോളിമർ സഹായിക്കും എന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്നത്. അൾട്രാ വയലറ്റ് ലൈറ്റ് കിരണങ്ങൾ ഉപയോഗിച്ച് നാനോറോഡ് ആകൃതിയിലുള്ള സെല്ലുലോസുമായി PEGDA കാസ്സ് ലിങ്ക് ചെയ്താണ് ഈ ഫിലിം നിർമ്മിച്ചിരിക്കുന്നത്. PEGDA യുടെ അളവനുസരിച്ചു ഇലാസ്തികതയിലും, അവ പ്രതിഫലിപ്പിക്കുന്ന നിറങ്ങളിലും വ്യത്യാസം കാണപ്പെടുന്നു.

വലിച്ചു നീട്ടുമ്പോഴും ചുരുക്കുമ്പോഴും വളയ്ക്കുമ്പോഴുമൊക്കെ നീല മുതൽ ചുവപ്പ് വരെയുള്ള നിറങ്ങൾ പ്രകടമാകുന്നു. കടപ്പാട് pubs.acs.org

ഈ ചർമ്മം വലിച്ചു നീട്ടുമ്പോഴും ചുരുക്കുമ്പോഴും വളയ്ക്കുമ്പോഴുമൊക്കെ നീല മുതൽ ചുവപ്പ് വരെയുള്ള നിറങ്ങൾ പ്രകടമാകുന്നു. മാത്രമല്ല, ആർദ്രത, സമ്മർദ്ദം എന്നിവയ്ക്ക് അനുസരിച്ചും വ്യത്യസ്ത നിറങ്ങൾ പ്രതിഫലിപ്പിക്കാൻ ഈ സെല്ലുലോസ് – PEGDA സ്മാർട്ട് ചർമ്മത്തിന് സാധിക്കും എന്നാണ് തെളിഞ്ഞിരിക്കുന്നത്. ട്രെയിൻ സെൻസിംഗ്, രഹസ്യകോഡുകൾ, ഇലക്ട്രോണിക് ഡിസ്പ്ലേയ്സ്, ഫോട്ടോണിക് പേപ്പർ, എന്നിവയിക്കും, വ്യാജപ്രവൃത്തികൾ തടയുന്നതിനും ഇത് ഉപകാരപ്രദമായിരിക്കും.

ആർദ്രത അനുസരിച്ചും വ്യത്യസ്ത നിറങ്ങൾ പ്രതിഫലിപ്പിക്കാൻ ഈ സെല്ലുലോസ് – PEGDA സ്മാർട്ട് ചർമ്മത്തിന് സാധിക്കും കടപ്പാട് pubs.acs.org

വീഡിയോ കാണാം


കടപ്പാട് ശാസ്ത്രഗതി – ശാസ്ത്രവാർത്തകൾ 2020 ഡിസംബർ ലക്കം

അധിക വായനയ്ക്ക്

  1. ACS Appl.Mater. Interfaces – 10 15 202012, 41, 46710-46718

 

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
50 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശാസ്ത്രഗതിയുടെ 2020 -ഡിസംബർ ലക്കം
Next post മഹാമാരികൾക്കെതിരെയുള്ള മാനവരാശിയുടെ പ്രതിരോധ ചരിത്രം
Close