ലോകമൊട്ടാകെ തന്നെ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോവുകയും അതിനെ നേരിടാനുള്ള യുദ്ധത്തിന്റെ മുന്നണിയില്‍ ശാസ്ത്രം നിലയുറപ്പിക്കുകയും ചെയ്യുന്ന കാലമാണിത്. കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതശൈലിയെ തന്നെ മാറ്റിമറിച്ചു കഴിഞ്ഞു ഈ ഇത്തിരിപ്പോന്ന വൈറസ്. തുടക്കത്തില്‍ ഒന്ന് പതറിയെങ്കിലും കോവിഡ് പ്രതിരോധത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിക്കൊണ്ട് വാക്സിനുകള്‍ എത്തിക്കഴിഞ്ഞു. ആദ്യ ഘട്ടം മുതല്‍ തന്നെ വൈദ്യസഹായത്തോടെ അനവധി മരണങ്ങള്‍ ഒഴിവാക്കാനും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമാവാതെ സൂക്ഷിക്കാനും ശാസ്ത്രത്തിന്റെ ഇടപെടല്‍ സഹായിച്ചു. മനുഷ്യജീവിതത്തില്‍ ശാസ്ത്രത്തിന്‍റെ സ്ഥാനം എന്തെന്ന് തിരിച്ചറിയാന്‍ പൊതുസമൂഹത്തെ പ്രേരിപ്പിച്ച കാലമാണിത്. ഇങ്ങനെ ശാസ്ത്രം നിത്യജീവിതത്തില്‍ നേരിട്ട് ഇടപെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ദേശീയ ശാസ്ത്രദിനം വന്നെത്തുന്നത്. ഇന്ത്യയിലെ ശാസ്ത്രഗവേഷണത്തിന്‍റെ സമകാലിക അവസ്ഥയെയും, ഇന്ത്യന്‍ സമൂഹത്തിന്‍റെ ശാസ്ത്രാവബോധത്തെയും വിമർശനാത്മകമായി വിലയിരുത്താന്‍ ഉള്ള അവസരം കൂടിയാണിത്.
ശാസ്ത്രബോധവും യുക്തിചിന്തയും അന്വേഷണത്വരയും വളര്‍ത്തുക ഇന്ത്യന്‍ പൗരന്റെ ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. ശാസ്ത്രീയമനോഭാവം കൊണ്ടേ സമൂഹത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ എന്ന് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രു വിശ്വസിച്ചിരുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട ശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍ക്കെല്ലാം അടിത്തറയിട്ടത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. അന്നുണ്ടായിരുന്ന ഉണര്‍വിന്റെ തുടര്‍ച്ചയായാണ് ശാസ്ത്രീയ മനോഭാവം ഭരണഘടനയുടെ ഭാഗമാകുന്നതും. മഴ നിന്നിട്ടും മരം പെയ്യും പോലെ ഇന്നും നാം ആ കാലത്തിന്റെ നേട്ടങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇന്ത്യ ദേശീയ ശാസ്ത്രദിനം ആചരിച്ചുതുടങ്ങിയത് 1987 മുതലാണ്. നോബല്‍ ജേതാവായ ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞന്‍ സി. വി. രാമന്‍, രാമന്‍ പ്രഭാവം കണ്ടുപിടിച്ചതിന്റെ ഓര്‍മ്മക്കായാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി തെരഞ്ഞെടുക്കപ്പെട്ടത്. 1999 മുതല്‍ ഓരോ പ്രത്യേക വിഷയം മുന്‍നിര്‍ത്തിയാണ് ശാസ്ത്രദിനം ആചരിക്കുന്നത്. വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രഭാഷണങ്ങളും, പ്രദര്‍ശനങ്ങളും, വിവിധ മത്സര പരിപാടികളും എല്ലാമായാണ് ദിനാചരണം നടക്കാറ്. നിത്യജീവിതത്തില്‍ ശാസ്ത്രത്തിന്റെ ഇടപെടലിനെപ്പറ്റിയും ശാസ്ത്രീയ മനോഭാവത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ശാസ്ത്രദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ശാസ്ത്ര രംഗം നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാനും, ശാസ്ത്ര-സാങ്കേതിക രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കമിടാനും ഉള്ള അവസരമായും ശാസ്ത്ര ദിനത്തെ കാണേണ്ടതാണ്. “ശാസ്ത്ര-സാങ്കേതിക വികാസങ്ങളുടെ ഭാവി: വിദ്യാഭ്യാസത്തിലും, നൈപുണ്യങ്ങളിലും, തൊഴിലിലുമുള്ള സ്വാധീനം” എന്നതാണ് ഈ വര്‍ഷത്തെ ശാസ്ത്രദിനാചരണത്തിന്‍റെ കേന്ദ്രപ്രമേയം.
ശാസ്ത്രലോകത്ത് ഇന്ത്യ എവിടെ നില്‍ക്കുന്നു എന്ന് പരിശോധിച്ചാല്‍ ആശാവഹമായ നിരവധി മേഖലകള്‍ കാണാന്‍ കഴിയും. ബഹിരാകാശ ഗവേഷണ രംഗത്ത് മികവ് പുലര്‍ത്തുന്ന ആദ്യത്തെ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് നമ്മള്‍. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് ബഹിരാകാശ ഗവേഷണത്തെ ഏറെ മുന്നോട്ട് കൊണ്ടുപോകാനും, മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു കൊണ്ട് അതിനെ ഒരു വരുമാന മാര്‍ഗ്ഗമായി മാറ്റിയെടുക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ചന്ദ്രയാന്‍, മംഗള്‍യാന്‍ ദൌത്യങ്ങള്‍ കുറഞ്ഞ ചെലവില്‍ ബഹിരാകാശയാത്ര സാധ്യമാണെന്ന് തെളിയിച്ചു. ശാസ്ത്രത്തെ ഉപയോഗിച്ചുകൊണ്ട് കാര്‍ഷികോല്‍പ്പാദനത്തില്‍ വലിയ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞതും ഇന്ത്യയുടെ നേട്ടമാണ്. സ്വാതന്ത്ര്യം നേടി ഏറെക്കഴിയും മുമ്പ് തന്നെ ഇവിടത്തെ പ്രകൃതി വിഭവങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്ന ഘനവ്യവസായങ്ങള്‍ പൊതുമേഖലയില്‍ ആരംഭിക്കാന്‍ കഴിഞ്ഞു. മറ്റ് രാജ്യങ്ങളോടുള്ള ഇന്ത്യയുടെ നയതന്ത്ര സമീപനങ്ങള്‍ ശാസ്‌ത്ര-സാങ്കേതിക രംഗത്ത് അവരുടെ സഹായത്തോടെ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാന്‍ സഹായകമായിട്ടുണ്ട്. സോവിയറ്റ് യൂണിയനുമായുണ്ടായിരുന്ന അടുത്ത സൗഹൃദം സാങ്കേതിക വിദ്യാ വികാസത്തില്‍ ഒട്ടേറെ സഹായിച്ചു. അമേരിക്ക, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെയും പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നു. ആണവോര്‍ജ ഉത്പാദനത്തില്‍ തദ്ദേശീയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനും ആണവായുധങ്ങള്‍ നിര്‍മ്മിച്ച് സൈനിക ശേഷി തെളിയിക്കാനും കഴിഞ്ഞു. ഐ ടി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടേയും കയറ്റുമതിയില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. ഇന്ത്യയുടെ ഔഷധ വ്യവസായരംഗവും ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ്. ഇന്ത്യയില്‍, സ്വകാര്യമേഖലയില്‍ നടക്കുന്ന ഗവേഷണത്തിന്റെ വലിയൊരു ശതമാനവും ഈ രംഗത്താണ്. ഓക്സ്ഫോഡ് സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനായ കോവിഷീല്‍ഡിന്‍റെ ഏറ്റവും വലിയ ഉത്പാദകര്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. ഭാരത് ബയോടെക്കും, വൈദ്യശാസ്ത്ര ഗവേഷണത്തിനായുള്ള ദേശീയ കൌണ്‍സിലും, നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനും (COVAXIN) ഈ രംഗത്ത് ഇന്ത്യയുടെ മുന്‍തൂക്കത്തെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്ഡക്സില്‍ ആദ്യ അമ്പതിനുള്ളില്‍ കടക്കാനും കഴിഞ്ഞ വർഷം സാധിച്ചു.
മനുഷ്യച്ചോര്‍ച്ചയും സാമൂഹിക വിടവുകളും
ആഗോളതലത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രധാനപ്പെട്ട ഗവേഷണ പ്രബന്ധങ്ങളിലും, റിപ്പോര്‍ട്ടുകളിലും ഇന്ത്യന്‍ വംശജരുടെ പേര് കാണാം. എന്നാല്‍ ഇവരില്‍ ഏറെയും ഇന്ത്യക്ക് പുറത്ത് ഗവേഷണം നടത്തുന്നവരാണ്. നമ്മുടെ വിലപ്പെട്ട മാനവ വിഭവ ശേഷി പുറത്തേക്ക് ഒഴുകുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാവാം? ഉന്നത ഗവേഷണ സ്ഥാപനങ്ങളിലെയും സര്‍വ്വകലാശാലകളിലെയും നിരവധി ഒഴിവുകള്‍ അനുയോജ്യരായ അപേക്ഷകരുടെ അഭാവം കാരണം ഒഴിഞ്ഞു കിടപ്പുണ്ട്. മികച്ച പ്രതിഭകളെ പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ അക്കാദമിക അന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നില്ല. ഫണ്ടിങ്ങുകള്‍ക്കും മറ്റും വേണ്ട ഔദ്യോഗിക നൂലാമാലകള്‍ ഗവേഷകരുടെ വലിയൊരു സമയത്തെ അപഹരിക്കുന്നുണ്ട്. ഈ രംഗത്തെ അഴിമതി പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിന് തടസ്സമാവുകയും ചെയ്യുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥയും അക്കാദമിക രംഗത്തെ വളര്‍ച്ചക്ക് തടസ്സം നില്‍ക്കുന്നു. പൌരാണിക ഘട്ടത്തില്‍ ജ്യോതിശാസ്ത്രം, കണക്ക്, ചികിത്സാശാസ്ത്രം എന്നിവയിലൊക്കെ പുലര്‍ത്തിയ മേല്‍ക്കൈ പില്‍ക്കാലത്ത് നഷ്ടമായതില്‍ ജാതിവ്യവസ്ഥക്ക് വലിയ പങ്കുണ്ട്. അറിവിന്‍റെ കുത്തക മേല്‍ജാതിക്കാര്‍ക്ക് മാത്രമായി പരിമിതപ്പെട്ടപ്പോള്‍ തൊഴില്‍ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു. മറ്റുരംഗങ്ങളിലെ അറിവിനെ കൈത്തൊഴിലുകളില്‍ ഉപയോഗിക്കാനും അതുവഴി മെച്ചപ്പെട്ട സാങ്കേതിക വിദ്യകളിലേക്ക് മുന്നേറാനുമുള്ള സാധ്യതയാണ് ഇതോടെ അടയ്ക്കപ്പെട്ടത്. ശാസ്ത്രം വികസിക്കുന്നത് പ്രവര്‍ത്തനങ്ങളിലൂടെയാണ്. പ്രവര്‍ത്തിക്കുന്നവര്‍ക്ക് അറിവിനുള്ള അവകാശം നിഷേധിച്ചു കൊണ്ട് അറിവിന്‍റെ കുത്തക കൈയാളിയവര്‍ അതിനെ വിശ്വാസങ്ങളുടെ സങ്കുചിതത്വത്തില്‍ തളച്ചിട്ടതും ശാസ്ത്രരംഗത്ത് ഇന്ത്യയെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് തള്ളി. ഇന്നും ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളില്‍ ജാതി ശ്രേണി സ്വാധീനം ചെലുത്തുന്നു. രോഹിത് വെമുലയുടെ ആത്മഹത്യ അക്കാദമിക രംഗത്തെ ജാതിയുടെ പ്രവര്‍ത്തനത്തെ നിഷേധിക്കാനാവാത്ത വിധം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുവെച്ചു. മതരാഷ്ട്രീയം ഭരണം കൈയാളാന്‍ തുടങ്ങിയ ശേഷം സമീപകാലത്തായി മതപരമായ വേര്‍തിരിവുകളും രൂക്ഷമായിരിക്കുന്നു. വെജിറ്റേറിയനിസത്തിന്റെയും ബീഫ് വിലക്കിന്റെയും ഒക്കെ രൂപത്തില്‍ ഐ ഐ ടി കളില്‍ പോലും ജാതിരാഷ്ട്രീയം അക്രമണോത്സുകമാകുന്നു. ഇതിനെല്ലാം പുറമേ ജനാധിപത്യവിരുദ്ധമായ അധികാര ശ്രേണി ഇന്ത്യയിലെ അക്കാദമിക സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. സഹകരണത്തിനും സമഭാവനക്കും പകരം ഇത് അധികാരത്തിലൂടെയും അടിച്ചമര്‍ത്തലുകളിലൂടെയുമാണ് ഭരണം നിര്‍വ്വഹിക്കുന്നത്.സംഘപരിവാര്‍ നോമിനികളായ വൈസ് ചാന്‍സലര്‍മാര്‍ അക്കാദമിക സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തി പുരോഗമന ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത് ജെ എന്‍ യു വിലും ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലുമൊക്കെ കണ്ടു കഴിഞ്ഞു. മുസ്ലീമായ അധ്യാപകന്‍ സംസ്കൃതം പഠിപ്പിക്കുന്നതിനെതിരെ ഹിന്ദു സംഘടനകള്‍ സമരം ചെയ്തതും ഈയടുത്ത കാലത്താണ്. ഈ സാഹചര്യങ്ങള്‍ ഏറ്റവും ഉന്നതമായ മസ്തിഷ്കങ്ങളെ ഇന്ത്യ വിടാന്‍ പ്രേരിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യകാലത്ത് വിദേശീയരായ മികച്ച ശാസ്ത്രജ്ഞര്‍ നമ്മുടെ ഗവേഷണ സ്ഥാപനങ്ങളില്‍ എത്തിയിരുന്നു എന്നുകൂടി ഓര്‍ക്കണം.
അടുക്കളയില്‍ വേവുന്ന ശകുന്തളാദേവിമാര്‍
ഇന്ത്യന്‍ ശാസ്ത്രഗവേഷണത്തെ പുറകോട്ടു നയിക്കുന്ന മറ്റൊന്ന് ഇവിടുത്തെ യാഥാസ്ഥിതിക പിതൃകേന്ദ്രീകൃത വ്യവസ്ഥയാണ്. അപൂര്‍വ്വം സ്ത്രീകളെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും വിദ്യാഭ്യാസ രംഗത്ത് ഏറെ മികവ് പുലര്‍ത്തുന്ന ഇന്ത്യന്‍ പെണ്‍കുട്ടികളില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഗവേഷണ രംഗത്ത് എത്തുന്നത്. ഇന്ത്യന്‍ സ്ത്രീയുടെ ജീവിതലക്ഷ്യങ്ങള്‍ കുടുംബം എന്ന സ്ഥാപനത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്താന്‍ നിര്‍ബന്ധിതമാക്കപ്പെട്ടിരിക്കുന്നു. ദീര്‍ഘകാല സമര്‍പ്പണം ആവശ്യപ്പെടുന്ന ഗവേഷണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത് കുടുംബത്തെ ദോഷകരമായി ബാധിക്കും എന്ന് സമൂഹം ഭയപ്പെടുന്നു, പെണ്‍കുട്ടികളെ ഭയപ്പെടുത്തുകയും ചെയ്യുന്നു. . വിവാഹം, പ്രസവം, ശിശു പരിപാലനം തുടങ്ങിയ കാരണം കൊണ്ട് വലിയൊരു ശതമാനം സ്ത്രീകള്‍ക്കും ഗവേഷണം ഉപേക്ഷിക്കേണ്ടി വരുന്നുണ്ടെന്നു കാണാം. തൊഴിലിനൊപ്പം വീട്ടുജോലികളുടെ ഇരട്ട ഭാരവും പേറേണ്ടി വരുന്നത് കരിയറില്‍ സ്ത്രീയുടെ മുന്നോട്ട് പോക്കിനെ പരിമിതപ്പെടുത്തുന്നുമുണ്ട്. ആഴത്തിലുള്ള വായനക്കും പഠനത്തിനും സ്ത്രീക്ക് ലഭിക്കുന്ന സമയം അതേനിലയിലുള്ള പുരുഷനെ അപേക്ഷിച്ച് കുറവാണ്. കോണ്‍ഫറന്‍സുകളിലും മറ്റും പങ്കെടുത്ത് സ്വന്തം മേഖലയിലെ പുതിയ മുന്നേറ്റങ്ങള്‍ മനസ്സിലാക്കാനും പലപ്പോഴും കഴിയാതെ പോകുന്നു. സമൂഹം കെട്ടിയേല്‍പ്പിക്കുന്ന ഇത്തരം പരിമിതികളെ മറികടന്നാല്‍ പോലും തുല്യ പരിഗണന തൊഴിലിടത്തില്‍ ലഭിക്കുക ഏറെക്കുറെ അസാധ്യമാണ്. തെരഞ്ഞെടുപ്പിന്റെ ഘട്ടം മുതല്‍ തന്നെ വിവേചനം ആരംഭിക്കുന്നു. തുല്യ അക്കാദമിക നേട്ടങ്ങള്‍ ഉള്ള ഒരു പെണ്‍കുട്ടി തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത ആണ്‍കുട്ടിയെ അപേക്ഷിച്ച് കുറവാണ്. യാത്രാപരിമിതികളും മറ്റുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കാറുള്ളത്. കുടുംബത്തോടുള്ള ചുമതല വേണ്ട വിധം നിറവേറ്റാന്‍ കഴിയുന്നുണ്ടോ എന്ന മാനസിക സംഘര്‍ഷവും ഗവേഷണ രംഗത്തെ സ്ത്രീകളുടെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. ഇനി ഇതിനെയെല്ലാം മറികടന്നാലും സഹപ്രവര്‍ത്തകരുടേയും മേലധികാരികളുടെയും മുന്‍വിധികളുടെ ഇരകളായി സ്ത്രീകള്‍ മാറുന്നു. സമൂഹം നിര്‍മ്മിച്ചിരിക്കുന്ന വാര്‍പ്പുമാതൃകകളോട് നിരന്തരം സമരം ചെയ്യേണ്ട അധികഭാരം കൂടി ചുമന്നുകൊണ്ടാണ് പരമ്പരാഗത തൊഴില്‍ മേഖലകളിലല്ലാതെ പണിയെടുക്കുന്ന ഓരോ സ്ത്രീയും നിലനില്‍ക്കുന്നത്. സൌകര്യപ്രദമായ തൊഴില്‍ സമയവും അന്തരീക്ഷവും, സുരക്ഷ, ശിശുപരിപാലന സംവിധാനങ്ങള്‍, നീതി പൂര്‍വ്വകമായ തെരഞ്ഞെടുപ്പുരീതികള്‍ എന്നിവയെല്ലാം ഉണ്ടായാലേ കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് കടന്നുവരൂ. അന്‍പത് ശതമാനത്തിന്‍റെ നൈപുണ്യങ്ങളെ അടുക്കളപ്പാത്രങ്ങളില്‍ അടച്ചുവെക്കുന്നത് സമൂഹത്തിനു നഷ്ടമേ ഉണ്ടാക്കൂ.
ശാസ്ത്രം സമൂഹത്തോട് ചെയ്യേണ്ടത്
മനുഷ്യന്‍ പ്രവര്‍ത്തനങ്ങളിലൂടെ നിര്‍മ്മിച്ചെടുത്ത അറിവിന്‍റെ ഉത്കൃഷ്ടമായ സഞ്ചിത രൂപമാണ് ശാസ്ത്രം. നിത്യജീവിതത്തെ യുക്തി സഹമായി സമീപിക്കുകയും, പ്രശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥനം ചെയ്യുകയും ചെയ്യുന്ന സമീപനം ശാസ്ത്ര പഠനത്തിന്‍റെ ഭാഗമായി വളര്‍ന്നു വരേണ്ടതാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ജാതീയവും, വര്‍ഗ്ഗീയവും, ലിംഗപരവുമായ വിവേചനങ്ങള്‍ എന്നിവക്കെല്ലാം അറുതിവരുത്താന്‍ ശാസ്ത്രീയ മനോഭാവം വ്യപകമാകുന്നതിലൂടെ സാധിക്കും. അതുകൊണ്ടുതന്നെയാണ് അന്വേഷണാത്മക മനോഭാവവും ശാസ്ത്രീയ ചിന്താരീതിയും വളര്ത്തിയെടുക്കല്‍ പൌരന്‍റെ മൌലിക കര്‍ത്തവ്യമായി ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിരിക്കുന്നത്. ശാസ്ത്രത്തിലൂടെ നേടുന്ന അറിവും ശാസ്ത്രാവബോധവും രണ്ടാണ്. ശാസ്ത്രാവബോധം രൂപപ്പെടുമ്പോള്‍ മാത്രമേ ശാസ്ത്രപഠനം സാര്‍ത്ഥകമാകുന്നുള്ളൂ. എന്നാല്‍ ഇന്ത്യയില്‍ ഉന്നതമായ പദവികള്‍ അലങ്കരിക്കുന്ന ശാസ്ത്രജ്ഞര്‍ അടക്കം പരസ്യമായി തന്നെ അന്ധവിശ്വാസങ്ങള്‍ ആചരിക്കുന്നവരാണ്, മാത്രമല്ല ഇത്തരം വിശ്വാസങ്ങളെ ഗവേഷണ സ്ഥാപനങ്ങളിലേക്ക് കൂടി കൊണ്ടുവരികയും ചെയ്യുന്നു. പൊതുജനത്തിന്റെ നോട്ടത്തില്‍ ഇന്ത്യന്‍ ശാസ്ത്രഗവേഷണത്തിന്‍റെ പരമോന്നത സ്ഥാപനമാണ് ഐഎസ്ആര്‍ഒ. അവിടത്തെ ഉന്നതാധികാരികള്‍ റോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടെയും മാതൃകകള്‍ തിരുപ്പതിയില്‍ പൂജക്ക് വെക്കുമ്പോള്‍ അത് പൊതുസമൂഹത്തില്‍ ശാസ്ത്രവിരുദ്ധ മനോഭാവം ശക്തിപ്പെടാന്‍ ഇടയാക്കുന്നു. വിശ്വാസങ്ങള്‍ ഉണ്ടെങ്കില്‍ അത് വ്യക്തിജീവിതത്തില്‍ മാത്രം ആചരിക്കപ്പെടെണ്ടതാണ് എന്നും പൊതുസ്ഥാപനങ്ങളിലേക്ക് അത് കൊണ്ടുവന്നുകൂടാ എന്നും തിരിച്ചറിയാനുള്ള സാമാന്യബോധം പോലും ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗത്തിനും, ഭരണാധികാരികള്‍ക്കുമില്ല. ഇന്ത്യ പോലെ ഒരു ബഹുസ്വര സമൂഹത്തില്‍ ഒരു മതത്തിന്‍റെ മാത്രം ആചാരങ്ങള്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്നതും വലിയ വിവേചനമാണ്.ചാന്ദ്രയാന്‍ വിക്ഷേപണ സമയത്ത് ജഗ്ഗി വാസുദേവ് എന്ന ശാസ്ത്രവിരുദ്ധനായ ആള്‍ദൈവത്തിന്‍റെ സാന്നിധ്യം ഇന്ത്യന്‍ ശാസ്ത്രബോധത്തിന്റെ ശവപ്പെട്ടിയിലെ ആണിയായി വേണം കാണാന്‍.
ശാസ്ത്രം ഉണ്ടാകുന്നത് സമൂഹത്തില്‍ നിന്നാണ് എന്ന് മാത്രമല്ല അത് നിലകൊള്ളേണ്ടതും സമൂഹത്തിനു വേണ്ടിയാണ്. പലപ്പോഴും ഇത് സംഭവിക്കാറില്ല. ആഗോള മുതലാളിത്തം ലാഭത്തിനുള്ള ഉപാധിയാണ് ശാസ്ത്രത്തെ വീക്ഷിക്കുന്നത്. എന്നാല്‍ ശാസ്ത്രനേട്ടങ്ങളെ സാമാന്യ ജനസമൂഹത്തിന്‍റെ ജീവതത്തെ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ട്. കോവിഡ് വാക്സിനും മറ്റ് പ്രധാനപ്പെട്ട വാക്സിനുകളും സൗജന്യമായിത്തന്നെ ലഭ്യമാക്കുന്നത് ഉദാഹരണം. ഇന്ത്യയില്‍ പൊതുമേഖലയില്‍ നിലനിന്നിരുന്ന ശാസ്ത്രഗവേഷണവും ശാസ്ത്രരംഗത്തെ തൊഴിലുകളും പരിമിതികള്‍ ഉണ്ടെങ്കിലും എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്യമായിരുന്നു. ഇന്ത്യ ഉദാരീകരണ, സ്വകാര്യവത്കരണ നയങ്ങള്‍ സ്വീകരിച്ച ശേഷം ഇത്തരം സ്ഥാപനങ്ങള്‍ പലതും സ്വകാര്യവത്കരിക്കപ്പെട്ടു കഴിഞ്ഞു. ഇത് ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഭരണകൂടത്തിന്‍റെ പിന്‍വാങ്ങലാണ്. ഇന്ത്യന്‍ ശാസ്ത്ര-സാങ്കേതിക രംഗം ദൂരവ്യാപകമായിത്തന്നെ ഇതിന്‍റെ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളെ അവഗണിക്കുകയും, കടലാസില്‍ മാത്രമുള്ള ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് വലിയ തുക മാറ്റിവെക്കുകയും ചെയ്യുമ്പോള്‍ ഭരണത്തില്‍ ഇരിക്കുന്നവരുടെ കൂറ് ആരോടാണെന്ന് വ്യക്തമാണ്. ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരും തൊഴില്‍ എന്നതിനപ്പുറത്തേക്ക് ശാസ്ത്രത്തിന്‍റെ സാമൂഹ്യധര്‍മ്മത്തെക്കുറിച്ച് ബോധവാന്മാരല്ല. തങ്ങളുടെ മേഖലയിലെ അറിവുകളെ സമൂഹത്തിനായി ഉപയോഗിക്കാന്‍ തയ്യാറുള്ള ശാസ്ത്രപ്രതിഭകളുടെ ഒരു കൂട്ടം ഉയര്‍ന്നുവരേണ്ടതുണ്ട്. മാത്രമല്ല ശാസ്ത്രത്തെ ജനകീയവത്കരിച്ചുകൊണ്ട് സാധാരണ ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രാവബോധം വളര്‍ത്താനും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിയണം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ പ്രസക്തമാകുന്നത് അവിടെയാണ്.
കപടശാസ്ത്രത്തിന്‍റെ ഔദ്യോഗിക ഭാഷ്യങ്ങള്‍
ശാസ്ത്രത്തോടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ സമീപനം അറിയാന്‍ ഏറെയൊന്നും ചുഴിഞ്ഞു നോക്കേണ്ടതില്ല, കോവിഡ് കാലത്തെ ഇടപെടലുകള്‍ മാത്രം മതി. ശാസ്ത്രീയമായ പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനെക്കാള്‍ പ്രാധാന്യം നല്‍കപ്പെട്ടത് പന്തം കത്തിക്കുയും പാത്രംകൊട്ടുകയും പോലുള്ള പരിഹാസ്യമായ പ്രകടനങ്ങള്‍ക്കാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ഇതിന് നേതൃത്വം നല്‍കി. ജീവിതത്തിലും സാമൂഹ്യ ഇടപെടലുകളിലും തികഞ്ഞ ശാസ്ത്രബോധവും മതേതര കാഴ്ചപ്പാടും പുലര്‍ത്തിയിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ നിലപാടും ഒരു പ്രത്യേക മതത്തിന്‍റെ ആചാരങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ സമീപനവും നോക്കുക, ഇന്ത്യന്‍ ശാസ്ത്രബോധത്തിന്‍റെ പരിണാമം വ്യക്തമാണ്. ഇന്ത്യയില്‍ വര്‍ഗ്ഗീയ ഫാസിസം പ്രവര്‍ത്തിക്കുന്നത് സാംസ്കാരിക ദേശീയതയുടെ ഊതിപ്പെരുപ്പിക്കലിലൂടെയാണ്. ഇന്ത്യക്ക് ഒരു സുവര്‍ണ്ണ ഭൂതകാലം ഉണ്ടായിരുന്നു എന്നും അത് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും പ്രസ്താവിച്ചുകൊണ്ടാണ് സംഘപരിവാര്‍ ഭരണത്തില്‍ എത്തിയത് തന്നെ. ഈ സുവര്‍ണ്ണ ഭൂതകാലത്തെ ശരി വെക്കും വിധമുള്ള വ്യാജ നിര്‍മ്മിതികള്‍ ഭരണകൂട പിന്തുണയോടെ തന്നെ മുന്നോട്ട് വെയ്ക്കപ്പെടുന്നു. ഇത്തരം നുണകളുടെ പ്രചാരണകേന്ദ്രമായി ദേശീയ ശാസ്ത്ര കോണ്ഗ്രസ് മാറുന്നു. ദേശീയ ശാസ്ത്ര കൊണ്ഗ്രസില്‍ ഉന്നയിക്കപ്പെട്ട ചില പ്രധാന വകാശ വാദങ്ങള്‍ പരിശോധിക്കാം.
- പൌരാണിക ഇന്ത്യക്കാര്‍ക്ക് സ്റ്റെം സെല്‍ സാങ്കേതിക വിദ്യ അറിയാമായിരുന്നു- ജി നാഗേശ്വര്‍ റാവു, വൈസ് ചാന്‍സലര്‍, ആന്ധ്ര യൂണിവേഴ്സിറ്റി-106 മത് സയന്‍സ് കോണ്ഗ്രസ്, ജനുവരി 2019
- ഭാരതീയര്‍ക്ക് ലക്‌ഷ്യം തിരിച്ചറിഞ്ഞ് ആക്രമണം നടത്തി തിരിച്ചെത്തുന്ന മിസൈലുകള്‍ ഉണ്ടായിരുന്നതിന്റെ തെളിവാണ് വിഷ്ണു ചക്രം- ഇതേ പ്രസംഗം
- രാവണന് 24 തരം വിമാനങ്ങളും അത്യന്താധുനിക വിമാനത്താവളങ്ങളും ഉണ്ടായിരുന്നു- ഇതേ പ്രസംഗം
- ബ്രഹ്മാവാണ് ദിനോസറുകളെ കണ്ടു പിടിച്ചത്, ഇതിന്‍റെ രേഖകള്‍ ദൈവങ്ങള്‍ രചിച്ച പൌരാണിക സൂക്തങ്ങളില്‍ കാണാം- അശു ഖോസ്ല, പ്രൊഫസര്‍, പഞ്ചാബ് യൂണിവേഴ്സിറ്റി-106 മത് സയന്‍സ് കോൺഗ്രസ്, ജനുവരി 2019
- ഐന്‍സ്റ്റീനും ന്യൂട്ടണും ഗുരുത്വാകര്‍ഷണത്തെപ്പറ്റി പറഞ്ഞതെല്ലാം തെറ്റായിരുന്നു. ഗുരുത്വതരംഗങ്ങള്‍ക്ക് നരേന്ദ്ര മോഡി തരംഗങ്ങള്‍ എന്ന് പേര് നല്‍കണം- ഡോ. കെ. ജെ കൃഷ്ണന്‍- 106 മത് സയന്‍സ് കോൺഗ്രസ്, ജനുവരി 2019
- ആപേക്ഷികതാസിദ്ധാന്തത്തെക്കാള്‍ മികച്ച സിദ്ധാന്തം വേദങ്ങളില്‍ ഉണ്ടായിരുന്നു എന്ന് സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞിരുന്നു- ഹര്‍ഷ വര്‍ദ്ധന്‍, ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി- 105 മത് സയന്‍സ് കോൺഗ്രസ്, മാര്‍ച്ച് 2018
- ഏഴായിരം വർഷം മുന്പ് ഇന്ത്യക്കാര്‍ക്ക് വൈമാനിക ശാസ്ത്രം അറിയാമായിരുന്നു. ഗോളാന്തര യാത്രകള്‍ക്ക് സജ്ജമായ വിമാനങ്ങളും റഡാര്‍ സാങ്കേതിക വിദ്യയും ഉണ്ടായിരുന്നു. ഭരദ്വാജ മുനിയാണ് വൈമാനിക ശാസ്ത്രത്തിന്‍റെ പിതാവ്- ക്യാപ്റ്റന്‍ ആനന്ദ് ബോധാസ് – 102 മത് സയന്‍സ് കോൺഗ്രസ്, ജനുവരി 2015
ഇത്തരം അവകാശവാദങ്ങള്‍ക്കെതിരെ സംഘാടകരായ ഇന്ത്യന്‍ സയന്‍സ് കോണ്ഗ്രസ് അസോസിയേഷനില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ശാസ്ത്രരംഗത്ത് നില്‍ക്കുന്നവരെ തന്നെ ഉപയോഗിച്ചുകൊണ്ട് സമുന്നത ശാസ്ത്രവേദിയില്‍ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങളെ കൂടുതല്‍ ഗൌരവമായി കാണേണ്ടതുണ്ട്’.
ഇന്ത്യയിലെ ശാസ്ത്രഗവേഷണത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കേണ്ട പ്രധാനപ്പെട്ട വേദിയാണത്. ഇന്റര്‍നെറ്റ് കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ്, പാണ്ഡവ-കൌരവ യുദ്ധത്തില്‍ ഇത് ഉപയോഗിച്ചിരുന്നു (ബിപ്ലബ് ദേവ് ), ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റായിരുന്നു, ആരും കുരങ്ങന്‍ മനുഷ്യനായി മാറുന്നത് കണ്ടിട്ടില്ല(സത്യപാല്‍ സിംഗ്.) , മാനവശേഷി വികസന മന്ത്രി), മയില്‍ ഗര്‍ഭം ധരിക്കുന്നത് കണ്ണീരില്‍ നിന്നാണ് (മഹേഷ് ചന്ദ്ര ശര്‍മ്മ), ജ്യോതിഷം ആധുനിക ശാസ്ത്രത്തെക്കാള്‍ മഹത്തരമാണ്, പതിനായിരം വര്ഷം മുന്പ് ഇന്ത്യയില്‍ ആണവ പരീക്ഷണം നടത്തിയിരുന്നു (രമേശ് പൊഖ്രിയാല്‍), ലിംഗമാറ്റ ശസ്ത്രക്രിയ ഇന്ത്യയില്‍ നടന്നതിന് തെളിവാണ് ശിഖണ്ഡിയുടെ കഥ തുടങ്ങിയവയാണ് മറ്റ് ചില കണ്ടെത്തലുകള്‍. ഗണപതിയുടെ തല പ്ലാസ്റ്റിക് സര്‍ജറി കൊണ്ട് മാറ്റിവെക്കപ്പെട്ടതാണെന്ന അവകാശവാദവുമായി പ്രധാനമന്ത്രിയും രംഗത്തെത്തുന്നു. യഥാര്‍ത്ഥത്തില്‍ അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്ന മണ്ടത്തരങ്ങള്‍ അല്ല ഇതൊന്നും. നിരന്തരമായ കള്ളപ്രചാരണത്തിലൂടെ ജനങ്ങളുടെ ചിന്തയെ സ്വാധീനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. ശാസ്ത്രബോധമുള്ള സമൂഹത്തില്‍ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനും ചോദ്യങ്ങളില്ലാത്ത അനുസരണക്കും സ്ഥാനമില്ല എന്ന തിരിച്ചറിവാണ് ഇത്തരം പ്രചരണങ്ങള്‍ നിരന്തരം നടത്തുന്നതിന് പിന്നില്‍. ഇതിനായി ഗവേഷണ സ്ഥാപനങ്ങളെയും ശാസ്ത്രജ്ഞരേയും ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരം കപട വാദങ്ങളുടെ ഉള്ളുകള്ളികള്‍ വെളിപ്പെടുത്താന്‍ ശാസ്ത്രലോകം മുന്നിട്ടിറങ്ങേണ്ടതുണ്ട്..മറ്റൊന്ന് ഉന്നത ഗവേഷണ സ്ഥാപനങ്ങളുമായി അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കൂട്ടിക്കെട്ടുന്ന പ്രവണതയാണ്. റാഫേല്‍ യുദ്ധവിമാനത്തെ കുറി തൊടുവിച്ച് നാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കിയത് അടുത്തിടെ നമ്മള്‍ കണ്ടിരുന്നു. ഒരുപടി കൂടി കടന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കോവിഡ് വാക്സിന്‍ നിറച്ച ട്രക്കുകള്‍ പുറത്ത് കൊണ്ടുപോകുന്നതിനു മുന്പ് പൂജ നടത്തുകയുണ്ടായി. മാത്രമല്ല വാക്സിന്‍ വിതരണം നല്ല ദിവസം എന്ന് ഭരണാധികാരികള്‍ കരുതുന്ന മകര സംക്രാന്തിയിലേക്ക് മാറ്റാനും ശ്രമം നടന്നു. ശാസ്ത്രജ്ഞരുടെ എതിര്‍പ്പ് വകവെക്കാതെ, ഫേസ് 3 ട്രയല്‍ വേണ്ടവണ്ണം പൂര്‍ത്തിയാക്കാതെ ധൃതിപ്പെട്ട് പുറത്തിറക്കുന്നതാണ് കോവാക്സിന്‍ എന്നോര്‍ക്കണം. വ്യാജ ദേശാഭിമാനത്തെ ഊതിക്കത്തിക്കാനും ലോകത്തിനു മുന്നില്‍ മേനി നടിക്കാനുമാണ് ധൃതിപ്പെട്ട് വാക്സിന്‍ വിതരണം ആരംഭിക്കുന്നത്. കോവാക്സിന്‍ സ്വീകരിക്കുന്നവരെ എല്ലാം ട്രയലില്‍ എന്ന പോലെ നിരീക്ഷണ വിധേയമാക്കേണ്ട അവസ്ഥയാണ് ഇതുകൊണ്ട് ഉണ്ടായിട്ടുള്ളത്.
പശു ദേശീയതയെപ്പോലെ പശു ശാസ്ത്രവും ഇന്ത്യയില്‍ നിലനില്‍ക്കുന്നു. പശുവിന്‍റെ ഗുണങ്ങളെപ്പറ്റി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ഇറങ്ങിയ ‘ശാസ്ത്രീയമായ’ അഭിപ്രായ പ്രകടനങ്ങള്‍ അല്‍പ്പമെങ്കിലും ശാസ്ത്രബോധമുള്ളവരെ അത്ഭുതപ്പെടുത്തും. പശുവിന്‍റെ ചാണകവും പാലും മൂത്രവും അടങ്ങിയ മരുന്ന് കാന്‍സര്‍ സുഖപ്പെടുത്തി എന്നവകാശപ്പെട്ടത് പ്രഗ്യാ സിംഗ് താക്കൂറാണ്. പശുവിനെ തടവുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും എന്നതും അവരുടെ തന്നെ കണ്ടെത്തലാണ്. മറ്റൊരു വാദമനുസരിച്ച് പശു ശ്വസനത്തില്‍ പുറത്തുവിടുന്നത് ഓക്സിജന്‍ ആണ്. ഗിര്‍ പശുവിന്‍റെ മൂത്രവും ചാണകത്തിലെ പ്ലൂട്ടോണിയവും സമകാലിക ഇന്ത്യയില്‍ ഗവേഷണ വിഷയങ്ങളാണ്. എന്നാല്‍ എല്ലാ പശുക്കള്‍ക്കും ഈ ഗുണങ്ങള്‍ ഉണ്ടെന്ന് കരുതരുത്. ഇന്ത്യന്‍ പശുക്കള്‍ക്ക് മാത്രമേ ഈ ഗുണങ്ങള്‍ ഉള്ളൂ എന്നും ഇന്ത്യന്‍ പശുവിജ്ഞാനം പറഞ്ഞു പഠിപ്പിക്കുന്നു. ക്വിന്റല്‍ കണക്കിന് പശുവിന്‍ നെയ്യും അമ്പത് ടണ്‍ മാവിന്‍ വിറകും കത്തിച്ച് അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാന്‍ യാഗം നടത്തിയത് 2016 ല്‍ ഉത്തര്‍പ്രദേശിലാണ്. അന്ന് അന്തരീക്ഷത്തില്‍ എത്തിയ കാര്‍ബണ്‍ഡയോക്‌സയിഡിന്റെയും മറ്റ് മലിനീകാരികളുടെയും കണക്ക് അധികൃതര്‍ക്കും ചിന്താവിഷയമായില്ല. സാമാന്യ ശാസ്ത്ര വിദ്യാഭ്യാസം നേടിയ ആര്‍ക്കും നിസ്സാരമായി തുറന്നുകാട്ടാന്‍ കഴിയുന്ന ഇത്തരം വാദങ്ങള്‍ക്ക് ഔദ്യോഗിക സ്വീകാര്യത ലഭിക്കുന്നതാണ് ഭയാനകമായ അവസ്ഥ. പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം രാജ്യത്തൊട്ടാകെ സിലബസ് ഏകീകരിക്കുന്നതോടെ ഇന്ത്യയിലെ വരും തലമുറ മുഴുവന്‍ കപട ശാസ്ത്രത്തിന്‍റെ ഇരകളാകും.
ഇത്തരം കപട പ്രചാരണങ്ങള്‍ ഇന്ത്യയുടെ സാമൂഹ്യ അന്തരീക്ഷത്തെ എത്രത്തോളം മാറ്റിമറിച്ചിട്ടുണ്ട് എന്നറിയാന്‍ കോവിഡ് കാലത്തെ പാത്രം കൊട്ടല്‍ ഭൂരിഭാഗം ജനങ്ങള്‍ ചോദ്യം ചെയ്യാതെ ഏറ്റെടുത്തത് നോക്കിയാല്‍ മതി. സ്റ്റേറ്റ് സ്പോണ്‍സെഡ് അന്ധവിശ്വാസങ്ങള്‍ ഇന്ത്യയുടെ ശാസ്ത്രബോധത്തെ ഇല്ലാതാക്കുന്നു.കോവിഡിന് മരുന്നായി വെളുത്തുള്ളിയും ജീരകവും മുതല്‍ പപ്പടം വരെ ഭരണത്തില്‍ ഇരിക്കുന്നവര്‍ തന്നെ പ്രചരിപ്പിച്ചു. കോവിഡിനെ ദേവതയായിക്കണ്ട് ആരാധിക്കുന്ന അവസ്ഥയിലേക്ക് ജനങ്ങളും എത്തിയിരിക്കുന്നു. ശാസ്ത്രത്തെ ഉപയോഗിച്ച് കൊണ്ട് ചെയ്യേണ്ട ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും വേണ്ട വിധം ചെയ്യാതിരിക്കുകയും അതേസമയം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരു വശത്ത് കോവിഡിനെ മറയാക്കിക്കൊണ്ട് സ്വകാര്യവത്കരണവും ജനദ്രോഹ നയങ്ങളും നടപ്പാക്കുന്നു. പൌരത്വ ഭേദഗതി, തൊഴില്‍ നിയമം, ദേശീയ വിദ്യാഭ്യാസ നയം, കാര്‍ഷിക ബില്‍ തുടങ്ങി ജനതയുടെ ഭാവിയേയും ഇന്ത്യയുടെ പുരോഗതിയേയും നിര്‍ണ്ണയിക്കുന്ന നിയമങ്ങള്‍ ഇക്കാലയളവില്‍ പാസാക്കിയെടുത്തു. പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയിലെ ശാസ്ത്ര വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കും. എഞ്ചിനീയറിംഗ്, വൈദ്യശാസ്ത്രം,മാനവിക വിഷയങ്ങള്‍ തുടങ്ങി പല മേഖലകളില്‍ പെട്ട വിഷയങ്ങള്‍ ഒന്നിച്ച് പഠിപ്പിക്കുന്ന അവിയല്‍ സര്‍വ്വകലാശാലകളും കോളെജുകളും ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരത്തെ പുറകോട്ടുകൊണ്ടുപോകും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരനിയന്ത്രണം അക്കാഡമീഷ്യന്‍മാര്‍ക്ക് പകരം ഉദ്യോഗസ്ഥര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും മേല്‍ക്കൈയുള്ള കമ്മിറ്റിയെ ഏല്‍പ്പിക്കാനുള്ള തീരുമാനവും ദൂരവ്യാപകമായ തിരിച്ചടികള്‍ ഉണ്ടാക്കും. സ്ഥിരം അധ്യാപകര്‍ എന്ന ആശയം തന്നെ ഇല്ലാതാകുന്നതും ഏറ്റവും രൂക്ഷമായി ബാധിക്കുക പ്രാക്ടിക്കലുകള്‍ക്കും മറ്റും തുടര്‍ച്ച ആവശ്യമുള്ള ശാസ്ത്രപഠനത്തെ തന്നെയാകും. പശു വിജ്ഞാന പരീക്ഷയുടെ പേരില്‍ ശാസ്ത്രവിരുദ്ധമായ അസംബന്ധങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നതും ഈയടുത്ത ദിവസമാണ് നമ്മള്‍ കണ്ടത്.
പശു തിന്നുന്ന ഗവേഷണ ഫണ്ടുകള്‍
പശു മൂത്രത്തില്‍ സ്വര്‍ണ്ണവും ചാണകത്തില്‍ പ്ലൂട്ടോണിയവും ഉണ്ടെന്ന പ്രചരണം തികഞ്ഞ ശാസ്ത്രവിരുദ്ധതയാണ്. എന്നാല്‍ ഗൗരവമേറിയ ഗവേഷണങ്ങള്‍ക്കായി ചിലവിടേണ്ട പണം ഇത്തരം കപട ഗവേഷണങ്ങള്‍ക്കായി വഴിമാറ്റി ചിലവഴിച്ചാലോ? SUTRA PIC,( Scientific Utilisation through Research Augmentation-Prime) പദ്ധതി ലക്ഷ്യമിടുന്നത് പശുവിന്‍റെ ചാണകത്തിലെയും മൂത്രത്തിലെയും ഗുണങ്ങള്‍ കണ്ടെത്തി അവകൊണ്ട് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനാണ്. അതിനും മുന്പ് 2017 ല്‍ പഞ്ചഗവ്യ ഗവേഷണത്തിനായി ഒരു നാഷണല്‍ സ്റ്റിയറിംഗ് പാനലിനെ നിയോഗിച്ചിരുന്നു. എന്തുകൊണ്ട് പശുവിന് മാത്രം ഈ പ്രാധാന്യം ലഭിക്കുന്നു? മറ്റ് സസ്യഭുക്കുകള്‍ ആയ ആടിലോ, എരുമയിലോ പഠനം നടത്താനായി എന്തുകൊണ്ട് ഫണ്ടുകള്‍ അനുവദിക്കപ്പെടുന്നില്ല? വിശ്വാസവും കപടശാസ്ത്രവും കൂട്ടിക്കുഴച്ച് കൃത്രിമമായ തെളിവുകള്‍ നിര്‍മ്മിച്ചെടുക്കാനാണ് ശ്രമമെന്ന് വ്യക്തം.തുറന്നതും സത്യസന്ധവുമായ അന്വേഷണം എന്ന ശാസ്ത്രത്തിന്‍റെ രീതിക്ക് വിരുദ്ധമാണ് ഫലങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചുള്ള ഗവേഷണം. ഗിര്‍ പശുവിന്‍റെ മൂത്രത്തിലെ സ്വര്‍ണ്ണവും, ഗംഗാ ജലത്തിന്‍റെ ഔഷധമൂല്യവും തെളിയിക്കാന്‍ വലിയ ഫണ്ടുകള്‍ അനുവദിക്കപ്പെടുന്നു. പൊതുവേ തന്നെ അടിസ്ഥാന ശാസ്ത്രത്തിലുള്ള പഠനങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ട വിധം സഹായങ്ങള്‍ ലഭ്യമല്ല. ഗവേഷകര്‍ക്ക് യഥാസമയം സ്റ്റൈപ്പന്റ് ലഭ്യമാകുന്നത് പോലുമില്ല. പ്രധാനപ്പെട്ട പല ഗവേഷണങ്ങളും ഫണ്ട് ലഭിക്കാത്തത് മൂലം മുടങ്ങിക്കിടക്കുന്നതായി ശാസ്ത്രജ്ഞര്‍ തന്നെ പറയുന്നു. അങ്ങനെയിരിക്കെയാണ് ഉള്ള ഫണ്ടുകള്‍ തന്നെ വസ്തുതാവിരുദ്ധമായ ഗവേഷണങ്ങള്‍ക്കായി ചെലവിടുന്നത്. ഭരണാധികാരികള്‍ അവതരിപ്പിച്ചതും, ശാസ്ത്രകോണ്‍ഗ്രസുകളില്‍ അവതരിപ്പിക്കപ്പെട്ടതുമായ മണ്ടത്തരങ്ങള്‍ ഇന്ത്യന്‍ ശാസ്ത്രലോകത്തെ ആഗോള തലത്തില്‍ പരിഹാസ പാത്രമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യക്ക് പുറത്ത് ഗവേഷണത്തിനും തൊഴിലിനുമായി ഒരുങ്ങുന്നവരെ ബാധിക്കും. നിലവില്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള പഠനങ്ങള്‍ക്ക് സൈറ്റേഷന്‍ കുറവാണ്. മുന്‍വിധികളോടെ വളച്ചൊടിക്കപ്പെട്ട ഡാറ്റയാണ് അവതരിപ്പിക്കപ്പെടുന്നത് എന്ന വിമര്‍ശനം നിലനില്‍ക്കുന്നു. ഇന്ത്യയില്‍ ഏറ്റവും ബഹുമാന്യനായി കരുതപ്പെടുന്ന ശാസ്ത്രജ്ഞന്റെ ഗവേഷണ പേപ്പറുകള്‍ പോലും പിന്‍വലിക്കപ്പെടുകയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമകാലിക ഭരണ കൂട ഇടപെടലുകള്‍ കൂടിയാകുമ്പോള്‍ ആഗോളതലത്തിലെ അവസരങ്ങളും പ്രതിസന്ധിയില്‍ ആകും.
ഇന്ത്യന്‍ ശാസ്ത്രഗവേഷണവും ശാസ്ത്രാവബോധവും നേരിടുന്ന പ്രശ്നങ്ങളുടെ വേര് ഇവിടത്തെ വിദ്യാഭ്യാസസമ്പ്രദായത്തിലാണ് ഊന്നിയിരിക്കുന്നത്. അന്വേഷണാത്മകവും വസ്തുനിഷ്ഠവുമായ ചിന്താരീതി വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൈവരുന്നില്ല. മത രാഷ്ട്രീയം ശാസ്ത്രത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കാത്തിടത്തോളം ഈ പ്രതിസന്ധി അവസാനിക്കില്ല. ഈ സാഹചര്യങ്ങളില്‍ മാറ്റം വരാത്തിടത്തോളം ശാസ്ത്രദിനാചാരണങ്ങള്‍ തകര്‍ന്നുവീഴാറായ കെട്ടിടത്തിനു മേലെ പൂശുന്ന പുതിയ ചായം മാത്രമാണ്.