Read Time:25 Minute

ബ്രസീലിലെ റിയോ ഡി ജെനറോവിൽ വെച്ച് 1992 ജൂൺ 5-ന് ൽ നടന്ന ഐതിഹാസിക ഭൗമ ഉച്ചകോടിയുടെ ഭാഗമായി അംഗീകരിക്കപ്പെട്ട ലോക ജൈവവൈവിധ്യ ഉടമ്പടി (UN Convention on Biological Diversity, UNCBD) 1993 ഡിസംബർ 29-ന് പ്രാബല്യത്തിൽ വന്നു. ജൈവവൈവിധ്യ സംരക്ഷണം, ജൈവഘടകങ്ങളുടെ സുസ്ഥിരമായ ഉപയോഗം, ജനിതക സ്രോതസ്സുകൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങളുടെ ന്യായവും നീതിയുക്തവുമായ (fair and equitable)പങ്കുവയ്ക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള കൺവെൻഷനിൽ നിലവിൽ 196 കക്ഷികളുണ്ട്.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷന്  (UNFCC) എന്ന പോലെ ജൈവവൈവിധ്യ ഉടമ്പടിക്കും COP (Conference of the Parties) ഉണ്ട്; രണ്ട് വർഷം കൂടുമ്പോഴാണ് എന്ന് മാത്രം. ഈ വർഷം നടന്നത് COP 16, 2024 ഒക്ടോബർ 21 മുതൽ നവംബർ 1 വരെ കൊളംബിയയിലെ കാലി  എന്ന സ്ഥലത്ത് വെച്ചായിരുന്നു. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട   പ്രധാന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി സർക്കാരുകൾ,  ബിസിനസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ, തദ്ദേശീയ സമൂഹങ്ങൾ എന്നിവയിൽ നിന്നുള്ള ഏകദേശം 23,000 പേർ റെജിസ്റ്റർ ചെയ്തു പങ്കെടുത്തുവെന്നാണ് കണക്ക്. ഈ സമ്മേളനം വിജയമായിരുന്നുവെന്നും, അതല്ല, പൂർണ  പരാജയമായിരുന്നുവെന്നു വിലയിരുത്തുന്നവരുമുണ്ട്! പല കാര്യങ്ങളിലും തീരുമാനമുണ്ടായെങ്കിലും COP 16 ൽ അംഗീകരിച്ച ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ  സമവായമില്ലാതെ COP 16 സസ്പെൻഡ് ചെയ്യേണ്ടി വന്നത്  നാണക്കേടായി.  അങ്ങിനെ നിർത്തിവച്ച സമ്മേളനം 2025 ഫെബ്രുവരി 25 മുതൽ 27 വരെ ഇറ്റലിയിലെ റോമിൽ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (FAO) ആസ്ഥാനത്ത് വീണ്ടും ചേരും. 

കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പായി CBD യുടെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കാം. ജൈവവൈവിധ്യ ഉടമ്പടിക്ക് രണ്ട് അനുബന്ധ കരാറുകളുണ്ട്, കാർട്ടജീന പ്രോട്ടോക്കോളും നഗോയ പ്രോട്ടോക്കോളും. കൂടാതെ, 2030 ഉം 2050 ഉം ലക്ഷ്യം വെച്ചുള്ള  ഒരു ജൈവവൈവിധ്യ പദ്ധതിയുമുണ്ട്.  

കാർട്ടജീന പ്രോട്ടോക്കോൾ

‘കാർട്ടജീന പ്രോട്ടോക്കോൾ ഓൺ ബയോസേഫ്റ്റി ടു ദി കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്‌സിറ്റി’ എന്നത് ആധുനിക ബയോടെക്‌നോളജിയുടെ ഫലമായി ഒരു രാജ്യത്ത് നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകുന്ന പരിവർത്തനം വന്ന ജീവികളുടെ (Living Modified Organisms, LMOs) കടത്ത് നിയന്ത്രിക്കുന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ്. 2000 ജനുവരി 29-ന് ഇത് CBD-യുടെ അനുബന്ധ കരാറായി അംഗീകരിക്കുകയും 2003 സെപ്റ്റംബർ 11-ന് പ്രാബല്യത്തിൽ വരികയും ചെയ്തു. നിലവിൽ 173 പാർട്ടികളുണ്ട്.

നഗോയ പ്രോട്ടോക്കോൾ

ജനിതക വിഭവങ്ങളിലേക്കുള്ള പ്രവേശനവും അവയുടെ വിനിയോഗത്തിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ന്യായവും നീതിയുക്തവുമായ പങ്കിടലും സംബന്ധിയായ നഗോയ പ്രോട്ടോക്കോൾ (Nagoya Protocol on Access to Genetic Resources and the Fair and Equitable Sharing of Benefits Arising from their Utilization to the Convention on Biological Diversity) സി.ബി.ഡി.യുടെ മറ്റൊരു അനുബന്ധ കരാറാണ്. ഇതാണ് ABS (Access and Benefit Sharing) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്.  നഗോയ പ്രോട്ടോക്കോൾ ജപ്പാനിലെ ഐച്ചി (Aichi) പ്രവിശ്യയിലെ നഗോയയിൽ നടന്ന COP 10 ൽ 2010 ഒക്ടോബർ 29-ന് അംഗീകരിക്കുകയും 2014 ഒക്ടോബർ 12-ന് പ്രാബല്യത്തിൽ വരികയും ചെയ്തു. നിലവിൽ 141 പാർട്ടികളുണ്ട്.

കുൻമിംഗ്-മോൺട്രിയൽ ജൈവവൈവിധ്യ പദ്ധതി 

കാനഡയിലെ മോൺ‌ട്രിയലിൽ 2022 ഡിസംബർ 19 ന് അവസാനിച്ച 15-ാമത് ജൈവവൈവിധ്യ ഉച്ചകോടിയിൽ (COP15) വെച്ച് ‘കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്ക്’(KMGBF)അംഗീകരിക്കപ്പെട്ടു (https://www.cbd.int/gbf). 2020 ഒക്ടോബറിൽ COP15 ന്റെ ആതിഥേയ നഗരമാകാൻ പദ്ധതിയിട്ടിരുന്ന നഗരത്തിന്റെ പേരാണ് ചൈനയിലെ കുൻമിംഗ്. എന്നാൽ കോവിഡ് കാരണം ഇത് മാറ്റിവയ്ക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന്, COP15 ന്റെ  ആതിഥേയത്വം മോൺ‌ട്രിയൽ ഏറ്റെടുത്തു, അങ്ങിനെയാണ് ‘കുൻമിംഗ്-മോൺട്രിയൽ’ എന്ന പേര് വന്നത്. ഈ ആഗോള ജൈവവൈവിധ്യ ചട്ടക്കൂട്, ‘ബയോഡൈവേഴ്സിറ്റി പ്ലാൻ’ (ജൈവവൈവിധ്യ പദ്ധതി) എന്ന പേരിലും അറിയപ്പെടുന്നു. ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായി ഉപയോഗിക്കുന്നതിനുമായി 2030-ഓടെയും അതിനുശേഷവും കൈവരിക്കേണ്ട ആഗോള ലക്ഷ്യങ്ങളാണ് ഫ്രെയിംവർക്കിലുള്ളത്. അസംഖ്യം ജീവജാലങ്ങളുടെ നിലനിൽപ്പിനു ഭീഷണിയാവുകയും ജനകോടികളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്ന പ്രകൃതിയുടെ അപകടകരമായ തകർച്ച തടയാനും പുനഃസ്ഥാപിക്കാനും GPF അഥവാ ‘ബയോഡൈവേഴ്സിറ്റി പ്ലാൻ’ ലക്ഷ്യമിടുന്നു. 

ബയോഡൈവേഴ്സിറ്റി പ്ലാനിന് 2050-ലേക്ക് ഉദേശിക്കുന്ന 4 ആഗോള ലക്ഷ്യങ്ങളും 2030 വരെയുള്ള ദശാബ്ദത്തിൽ അടിയന്തര നടപടിക്കായി 23 ആഗോളലക്ഷ്യങ്ങളുമുണ്ട്. 2030 ഓടെ ഭൗമ, സമുദ്ര ആവാസ വ്യവസ്ഥകളുടെ 30 ശതമാനം സംരക്ഷിക്കാൻ ആഗോള സമൂഹം നടത്തുന്ന ശ്രമങ്ങളെ മുപ്പതിന് മുപ്പത് (30 by 30) എന്ന് സൂചിപ്പിക്കാറുണ്ട്. ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്കിലെ (GBF) 23 ആഗോള ജൈവവൈവിധ്യ ലക്ഷ്യങ്ങളിൽ രണ്ടും, മൂന്നും മുപ്പതിന് മുപ്പത് എന്നതിന്റെ വ്യാപ്തിയിൽ വരും. അതായത്, രണ്ടാമത്തെ ലക്ഷ്യം ജീർണിച്ച കുറഞ്ഞത് 30 ശതമാനം കര, കടൽ, ഉൾനാടൻ ജലാശയങ്ങൾ ഉൾപ്പെട്ട  ആവാസവ്യവസ്ഥകളുടെ  പുനഃസ്ഥാപനവും (restoration), മൂന്നാമത്തെ ലക്ഷ്യം കുറഞ്ഞത് 30 ശതമാനം കരയുടെയും കടലിന്റെയും, ഉൾനാടൻ ജലാശയങ്ങളുടെയും പരിരക്ഷണവും (conservation)  ആണ്. മറ്റ് ചില GBF ലക്ഷ്യങ്ങൾ, ആഗോളതലത്തിൽ ഭക്ഷണം ഉപയോഗിക്കാതെ നശിച്ചു പോകുന്നതിന്റെ അളവ് പകുതിയായി കുറയ്ക്കുക, അമിത ഉപഭോഗം ഗണ്യമായി കുറയ്ക്കുക, അധിനിവേശ ജീവികളുടെ വ്യാപനം പകുതിയായി കുറയ്ക്കുക,  മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് മനുഷ്യ-വന്യജീവി ഇടപെടലുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുക, ഓരോ വർഷവും പരിസ്ഥിതിക്ക് ദോഷകരമായ സർക്കാർ സബ്‌സിഡികൾ പ്രതിവർഷം 50,000 കോടി ഡോളർ എന്ന കണക്കിന് കുറയ്ക്കുക, വിവിധ സ്രോതസ്സുകളിൽ നിന്നും ജൈവവൈവിധ്യ സംരക്ഷണത്തിനായി  പ്രതിവർഷം 20,000 കോടി ഡോളർ സമാഹരിക്കുക എന്നിവയാണ്.  

ഓരോ GPF ലക്ഷ്യത്തിനും നിശ്ചയിച്ചിട്ടുള്ള പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുകയും 2030-ഓടെ പൂർത്തിയാക്കുകയും വേണം. പ്രഖ്യാപിച്ച പല ക്യാമ്പയിനുകളും 2030 ഓടെ ലക്ഷ്യത്തിലെത്തുമെന്ന സ്വപ്നമാണ് ഐക്യരാഷ്ട്ര സഭ പങ്ക് വെക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് COP 16 നടന്നത്.  

COP 16 ൽ സംഭവിച്ചത്! 

COP15-ൽ അംഗീകരിച്ച ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിന്റെ (GBF) അല്ലെങ്കിൽ ജൈവവൈവിധ്യ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ COP-16 ൽ തീരുമാനിക്കപ്പെടുമെന്ന പ്രതീക്ഷ എല്ലാവരും പുലർത്തിയിരുന്നു.   ജീർണിച്ച 30 ശതമാനം കര, കടൽ, ഉൾനാടൻ ജലാശയങ്ങൾ ഉൾപ്പെട്ട  ആവാസവ്യവസ്ഥകളുടെ  പുനഃസ്ഥാപനവും, 30 ശതമാനം കരയുടെയും കടലിന്റെയും, ഉൾനാടൻ ജലാശയങ്ങളുടെയും പരിരക്ഷണവും എന്നീ നിർണായക ലക്ഷ്യങ്ങളിൽ രണ്ടാഴ്ചത്തെ ഉച്ചകോടിയിൽ പുരോഗതി കൈവരിക്കുമെന്ന് രാജ്യങ്ങൾ പ്രതീക്ഷിച്ചു. പക്ഷേ, ചില നല്ല തീരുമാനങ്ങൾ ഉണ്ടായിരുന്നിട്ടും, പ്രകൃതിയെ പിന്തുണയ്ക്കുന്നതിനുള്ള ഉദേശിച്ച 200 ബില്യൺ (20,000 കോടി) ഡോളറിന്റെ ലക്ഷ്യം ഉറപ്പുവരുത്തുന്നതിൽ സമ്മേളനം പരാജയപ്പെട്ടു. സമഹാരിക്കാനായത്, ഏകദേശം 40 കോടി ഡോളർ മാത്രമാണ്. GBF ന് അനുസൃതമായി പുതുക്കിയ ദേശീയ ജൈവവൈവിധ്യ തന്ത്രവും പ്രവർത്തന പദ്ധതികളും (National Biodiversity Strategy and Action Plan, NBSAP) സമർപ്പിക്കുന്നതിലും മിക്ക രാജ്യങ്ങളും മടി കാണിച്ചു (അവസാന തീയതിക്ക് മുമ്പായി ഇന്ത്യ NBSAP പുതുക്കി സമർപ്പിച്ചിരുന്നു).  ജൈവവൈവിധ്യ പദ്ധതിയുടെ 23 ജൈവവൈവിധ്യ ലക്ഷ്യങ്ങളുടെ പുരോഗതി  എങ്ങനെ വിലയിരുത്തണം എന്ന കാര്യത്തിലും ധാരണയിലെത്താനായില്ല.

ദോഷങ്ങൾ മാത്രം കണ്ടാൽ പോരല്ലോ, COP16 ന്റെ ചില വശങ്ങളും കാണണം. അവസാന ദിവസങ്ങളിൽ ക്വോറം ഇല്ലാത്തതിനാൽ COP 16 താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് മുമ്പ്, ആഗോള ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും കുൻമിംഗ്-മോൺട്രിയൽ ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് നടപ്പിലാക്കുന്നതിനെക്കുറിച്ചും കോൺഫറൻസ് ചില ഭേദപ്പെട്ട തീരുമാനങ്ങൾ എടുക്കുകയുണ്ടായി. 

കാലി ഫണ്ട് 

ജൈവവൈവിധ്യ സംരക്ഷണത്തിനും സുസ്ഥിരമായ ഉപയോഗത്തിനും പിന്തുണ നൽകുന്നതിനായി ഒരു ആഗോള ലെവി സൃഷ്ടിക്കുന്നതിനുള്ള കരാറിന്റെ കാര്യം തീരുമാനമായി. ജനിതക വിഭവങ്ങളുടെ ഡിജിറ്റൽ സീക്വൻസ് വിവരങ്ങളുടെ (digital sequence information on genetic resources, DSI) ഉപയോഗത്തിൽ നിന്നുള്ള നേട്ടങ്ങൾ ന്യായമായും നീതിയുക്തമായും പങ്കിടുന്നതിന്, ഒരു ആഗോള ഫണ്ട് ഉൾപ്പെടെയുള്ള, ബഹുമുഖ സംവിധാനം സ്ഥാപിക്കാൻ COP 15-ൽ തീരുമാനിച്ചിരുന്നത്, COP 16 ലെ പ്രതിനിധികൾ പ്രയോഗികമാക്കി. ‘കാലിഫണ്ട്’(കാലിയിൽ വെച്ച് തീരുമാനിച്ചത് കൊണ്ട്!) എന്ന പേരും നല്കി . ഇതിനെ, ചരിത്രപരമായ തീരുമാനം എന്നാണ് CBD വിശേഷിപ്പിക്കുന്നത്. 

തീരുമാനമായ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, DSI-യിൽ നിന്ന് വാണിജ്യപരമായി നേട്ടമുണ്ടാക്കുന്ന വലിയ കമ്പനികളും മറ്റ് സ്ഥാപനങ്ങളും ലാഭത്തിന്റെയോ  (1%) വരുമാനത്തിന്റെയോ (0.1%) നിശ്ചിത ശതമാനം അടിസ്ഥാനമാക്കി കാലി ഫണ്ടിലേക്ക് സംഭാവന നൽകണം. വാണിജ്യേതര ആവശ്യങ്ങൾക്കായി DSI ഉപയോഗിക്കുന്ന ചെറുകിട സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, പൊതു ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ ഈ ലെവിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഫാർമസ്യൂട്ടിക്കൽസ്, ബയോടെക്നോളജി, മൃഗങ്ങളുടെയും സസ്യങ്ങളുടെയും പ്രജനനം, DSI യിൽ നിന്ന് പ്രയോജനം നേടുന്ന മറ്റ് വ്യവസായങ്ങൾ തുടങ്ങിയവർ  വികസ്വര രാജ്യങ്ങൾ, തദ്ദേശീയർ, പ്രാദേശിക സമൂഹങ്ങൾ എന്നിവയുമായി കാലിഫണ്ട് പങ്കിടുന്ന കാര്യങ്ങളും  ഇതിൽ  ഉൾക്കൊള്ളുന്നു.  

CBD ചട്ടക്കൂടിനുള്ളിൽ പ്രകൃതി വിഭവങ്ങളുടെ IPBES മൂല്യനിർണ്ണയം ഉൾപ്പെടുത്തുന്ന സർക്കാരുകളെ അവരുടെ തീരുമാനമെടുക്കൽ പ്രക്രിയകളിൽ വൈവിധ്യമാർന്ന രീതികൾ സംയോജിപ്പിക്കാൻ COP-16 പ്രോത്സാഹിപ്പിക്കുന്നു (IPBES Values Assessment എന്നത് IPBES (Intergovernmental Science-Policy Platform on Biodiversity and Ecosystem Services) 2022 ൽ തയ്യാറാക്കിയ പ്രകൃതി മൂല്യനിർണ്ണയം സംബന്ധിച്ച രീതിശാസ്ത്രങ്ങളുടെ ഒരു സമാഹാരമാണ്. കൂടുതൽ വിവരങ്ങൾക്ക്: https://www.ipbes.net/the-values-assessment).

തദ്ദേശവാസികളുടെയും പ്രാദേശിക സമൂഹങ്ങളുടെയും പങ്ക് ശക്തിപ്പെടുത്തും  

ജൈവവൈവിധ്യ ഉടമ്പടി നടപ്പിലാക്കുന്നതിൽ തദ്ദേശീയരുടെയും പ്രാദേശിക സമൂഹങ്ങളുടെയും പങ്ക് ശക്തിപ്പെടുത്തും. തദ്ദേശീയ ജനങ്ങളുമായും പ്രാദേശിക സമൂഹങ്ങളുമായും ജൈവ വൈവിധ്യ കൺവെൻഷന്റെ ബന്ധപ്പെട്ട മറ്റ് വ്യവസ്ഥകളിലും COP-16 ഒരു പുതിയ പ്രവർത്തന പരിപാടി സ്വീകരിച്ചു. മറ്റൊരു പ്രധാന തീരുമാനം അനുസരിച്ച് ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും സുസ്ഥിരമായി ഉപയോഗിക്കുന്നതിലും ആഫ്രിക്കൻ വംശജരുടെ, പ്രത്യേകിച്ച് പരമ്പരാഗത ജീവിതശൈലി നിലനിർത്തുന്നവരുടെ, സംഭാവനകളെ അംഗീകരിക്കുകയുണ്ടായി. 

ജൈവവൈവിധ്യവും കാലാവസ്ഥാമാറ്റവും 

ജൈവവൈവിധ്യവും കാലാവസ്ഥാ മാറ്റവും സംബന്ധിച്ച ഒരു സുപ്രധാന തീരുമാനവും  COP-16 കൈക്കൊണ്ടു. ജൈവവൈവിധ്യ നാശവും കാലാവസ്ഥാ മാറ്റവും പരസ്പരബന്ധിതവും പരസ്പര ദൃഢീകരണവുമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. പ്രകൃതി കാർബണിനെ ഭൂമിയുടെ  അന്തരീക്ഷത്തിലല്ല, അവ സ്വാഭാവികമായി കാണുന്നിടത്ത് സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു.  ദുരന്തസാധ്യത കുറയ്ക്കുന്നതുൾപ്പെടെയുള്ള പൊരുത്തപ്പെടൽ ശേഷിയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കാൻ ജൈവവൈവിധ്യം സഹായിക്കുന്നു. അതേ സമയം, കാലാവസ്ഥാ മാറ്റം ജൈവവൈവിധ്യ നാശത്തിന്റെ  പ്രധാന ചാലകങ്ങളിലൊന്നാണ് എന്നും ഓർക്കണം.

CBD യുടെ COP 16 ന്റെയും UNFCCC യുടെ COP 29, COP 30 ന്റെയും ബഹുമുഖ ഏകോപനം ശക്തിപ്പെടുത്താനും സമ്മേളനം ആവശ്യപ്പെടുന്നു. UNCBD, UNFCCC, UNCCD എന്നിങ്ങനെ മൂന്ന് റിയോ കൺവെൻഷനുകളുടെ സംയുക്ത പ്രവർത്തന പരിപാടി ഉൾപ്പെടെ, മെച്ചപ്പെടുത്തിയ നയ സംയോജനത്തിനുള്ള സാധ്യതകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ സമർപ്പിക്കാൻ (2025 മെയ് മാസത്തോടെ) പാർട്ടികളെയും നിരീക്ഷകരെയും മറ്റ് പങ്കാളികളെയും ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

അന്യ- അധിനിവേശ ജീവികൾ

ആഗോളതലത്തിൽ ജൈവവൈവിധ്യ നഷ്ടത്തിന് കാരണക്കാരാവുന്ന അഞ്ചു ഘടകങ്ങളിൽ  ഒന്നാണ് അന്യ അധിനിവേശ ജീവികൾ (മറ്റുള്ളവ ഭൂമിയുടെയും സമുദ്രത്തിന്റെയും ഉപയോഗത്തിലുള്ള മാറ്റം,  ജീവികളെ നേരിട്ട് ചൂഷണം ചെയ്യൽ,  കാലാവസ്ഥാ മാറ്റം, മലിനീകരണം എന്നിവയാണ്).  COP 16 വികസ്വര രാജ്യങ്ങൾക്കുള്ള അന്തർദേശീയ സഹകരണം, ശേഷി വർദ്ധിപ്പിക്കൽ, സാങ്കേതിക പിന്തുണ എന്നിവയുടെ ആവശ്യകത ഉയർത്തിക്കാട്ടിക്കൊണ്ട്, ജൈവവൈവിധ്യ നഷ്ടത്തിന്റെ പ്രധാന ചാലകമായ അന്യ അധിനിവേശ ജീവികളെ അഭിസംബോധന ചെയ്യുന്നു. ഈ തീരുമാനം വികസ്വര രാജ്യങ്ങൾക്കുള്ള അന്താരാഷ്ട്ര സഹകരണം, ശേഷി-വർദ്ധന, സാങ്കേതിക പിന്തുണ എന്നിവയുടെ ആവശ്യകതയും  ഉയർത്തിക്കാട്ടുന്നു. 

ജൈവവൈവിധ്യവും ആരോഗ്യവും

ജന്തുജന്യ രോഗങ്ങളുടെ ആവിർഭാവം തടയാനും, സാംക്രമികേതര രോഗങ്ങൾ തടയാനും സുസ്ഥിര ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന ജൈവവൈവിധ്യത്തെയും ആരോഗ്യത്തെയും കണക്കിലെടുക്കുന്ന ഒരു ആഗോള കർമ്മ പദ്ധതിക്ക് COP 16 അംഗീകാരം നൽകി.  ആവാസവ്യവസ്ഥകളുടെയും, മൃഗങ്ങളുടെയും, മനുഷ്യരുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി അംഗീകരിക്കുന്ന സമഗ്രമായ ‘ഏകാരോഗ്യം’(one health) എന്ന സമീപനം സ്വീകരിച്ചു കൊണ്ടാണ് കർമ്മ പദ്ധതി. 

സുസ്ഥിര വന്യജീവി പരിപാലനവും സസ്യസംരക്ഷണവും

ചർച്ചകളിലെ മറ്റൊരു നിർണായകമായ മേഖല വന്യജീവികളുടെ സംരക്ഷണമായിരുന്നു. സുസ്ഥിര വന്യജീവി പരിപാലനത്തെക്കുറിച്ചുള്ള ഒരു തീരുമാനം, നിരീക്ഷണത്തിൻ്റെയും ശേഷി-വർദ്ധനയുടെയും തദ്ദേശീയ ജനങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും സ്ത്രീകളുടെയും പങ്കാളിത്തത്തിന്റെ ആവശ്യകതയെ അടിവരയിടുന്നു. ഇതിനായി, CITES (Convention on International Trade in Endangered Species), FAO (Food and Agriculture Organization )  തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ സഹകരണം ആവശ്യപ്പെടുന്നു. ഈ ചട്ടക്കൂട് വന്യജീവികളുടെ ഉപയോഗം, ജൈവവൈവിധ്യ നഷ്ടം, ജന്തുജന്യ രോഗങ്ങൾ എന്നിവ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, സസ്യ സംരക്ഷണ ശ്രമങ്ങളെ GBF നിരീക്ഷണ ചട്ടക്കൂടുമായി വിന്യസിക്കാനുള്ള പ്രതിബദ്ധതയും COP-16  ൽ കണ്ടു. സസ്യങ്ങളുടെ പരീരക്ഷണത്തിനായുള്ള ആഗോള തന്ത്രം പ്രത്യേക സൂചകങ്ങളും സ്റ്റാൻഡേർഡ് റിപ്പോർട്ടിംഗ് ടെംപ്ലേറ്റും ഉപയോഗിച്ച് പുതുക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. 

മറ്റു പ്രധാന തീരുമാനങ്ങൾ  

COP 16-ൽ നിന്നുള്ള മറ്റ് സുപ്രധാന കരാറുകളിൽ ജനിതകമാറ്റം വരുത്തിയ ജീവികളുടെ (ഉദാ. കൊതുകുകൾ) അപകടസാധ്യത വിലയിരുത്തൽ, ദേശീയ അധികാരപരിധിക്കപ്പുറമുള്ള പാരിസ്ഥിതികമായും ജൈവശാസ്ത്രപരമായും പ്രാധാന്യമുള്ള സമുദ്രമേഖലകളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം എന്നിവ ഉൾപ്പെടുന്നു. കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്ക് നടപ്പിലാക്കുന്നതിനെ പിന്തുണയ്‌ക്കുന്നതിനുള്ള ശേഷി വികസനവും, സാങ്കേതികവും ശാസ്ത്രീയവുമായ സഹകരണം, വിജ്ഞാന മാനേജ്‌മെന്റ്, ക്ലിയറിംഗ് ഹൗസ് മെക്കാനിസം എന്നിവയിൽ കൂടുതൽ മാർഗ്ഗനിർദ്ദേശം നൽകുന്നതിനും COP- 16 തീരുമാനിച്ചു. 

തീരുമാനങ്ങൾ എടുക്കാൻ ബാക്കിയുള്ളവ  

നിർത്തിവെച്ച  COP-16 സെഷനുകൾ 2025 ഫെബ്രുവരി 25 മുതൽ 27 വരെ തീയതികളിൽ പുനരാരംഭിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. ഇതിലെ പ്രധാന അജൻഡ ജൈവവൈവിധ്യ സംരംഭങ്ങൾക്കായി വിവിധ സ്രോതസ്സുകളിൽ നിന്നും 2030-ഓടെ പ്രതിവർഷം 20,000 കോടി ഡോളർ നേടാനും 2030-ഓടെ പരിസ്ഥിതിക്ക് ദോഷകരമായ സർക്കാർ പ്രോത്സാഹനങ്ങൾ പ്രതിവർഷം 50,000 കോടി ഡോളർ എന്ന കണക്കിന് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ഒരു പുതിയ വിഭവ സമാഹരണ തന്ത്രമായിരിക്കും. 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post COP 29 ഉം കാലാവസ്ഥാ രാഷ്ട്രീയവും
Next post കാലാവസ്ഥാ ഉച്ചകോടി – ബക്കുവിലും കുടനിവർത്താത്ത കാലാവസ്ഥാ ഫണ്ട്
Close