Read Time:7 Minute
സിദ്ധാർത്ഥൻ പി.എം.
2017 സപ്തംബർ 15 -കൃത്യം മൂന്ന് വർഷങ്ങൾക്കു മുൻപാണ് ശാസ്ത്രലോകത്തെ രോമാഞ്ചമണിയിച്ച ആ നൃത്തം നടന്നത്. 2017 ഏപ്രിൽ 23 മുതൽ സപ്തംബർ 15 വരെ. നൃത്തത്തിനൊടുവിൽ ശാസ്ത്രജ്ഞരെയും ബഹിരാകാശ നിരീക്ഷകരെയും ദുഃഖത്തിലാഴ്ത്തികൊണ്ടു നർത്തകി എന്നേക്കുമായി അപ്രത്യക്ഷയായി.
1997ൽ ശനിഗ്രഹത്തിലേക്കു പോയ കസീനി എന്ന സ്പേസ് ക്രാഫ്റ്റിന്റെ കഥയാണിത്. ശനിഗ്രഹത്തിനെയും അതിന്റെ ചന്ദ്രനായ ടൈറ്റാനെയും കുറിച്ച് പഠിക്കാൻ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്ന് അയച്ച സ്പേസ് ക്രാഫ്റ്റ ആണ് കസീനി-ഹൈഗൻസ്. ഹൈഗൻസ് ടൈറ്റാനിൽ ഇറങ്ങി അതിനെക്കുറിച്ച് പര്യവേഷണം നടത്താനും, കസീനി മൂന്ന് വർഷം ശനിയെ വലം വെച്ചുകൊണ്ട് ശനിയുടെ വിവിധ സ്വഭാവങ്ങളെ കുറിച്ച് പഠിക്കാനുമായിരുന്നു പ്ലാൻ. പക്ഷെ ആദ്യത്തെ 3 വർഷം കഴിഞ്ഞു വീണ്ടും 3 വർഷവും അതിൽ പിന്നീട് വീണ്ടു 6 വർഷവും കസീനിയുടെ ദൗത്യം നീട്ടി 2017 ൽ കസീനിയുടെ ദൗത്യം അവസാനിപ്പിച്ചു
യാത്രയും ദൗത്യവും. 1997 ൽ കസീനി പോകുമ്പോൾ ഹൈഗൻസ് എന്ന കൊച്ചു കൂട്ടുകാരനും കൂടെ ഉണ്ടായിരുന്നു. ശനിക്ക് അടുത്തു എത്താറായപ്പോൾ ഹൈഗൻസ് വേർപെട്ട് നേരെ ശനിയുടെ ചന്ദ്രനായ ടൈറ്റാനിലേക്ക് പോയി, കസീനി ശനിയിലേക്കും. 6 വർഷവും 261 ദിവസവും യാത്ര ചെയ്തു ശനിഗ്രഹത്തിനടുത്തെത്തുകയും 13 വർഷവും 76 ദിവസവും ശനി പര്യവേഷണം നടത്തുകയും ചെയ്ത കസീനിക്കു അതിന്റെ അവസാന വർഷമായ 2017 ൽ ഉചിതമായ ഒരു യാത്രയയപ്പ് നല്കാൻ നാസ തീരുമാനിച്ചു. 2000 ആൾക്കാരുടെ നിർദേശങ്ങളിൽ നിന്നാണ് യാത്രയയപ്പിന് “കസീനിയുടെ ഗ്രാൻഡ് ഫിനാലെ” എന്ന പേര് തിരഞ്ഞെടുത്തത്.

എന്താണ് ഈ ഗ്രാൻഡ് ഫിനാലെ?

2017 ഏപ്രിൽ 22 മുതൽ സപ്തംബർ 15 വരെയുള്ള കാലത്ത് 22 പ്രാവശ്യം ശനിയുടെ 1,300 ,000 കിലോമീറ്റർ അകലെ നിന്നും തുടങ്ങി ദീർഘ വൃത്താകൃതിയിലുള്ള ഓർബിറ്റിലൂടെ സഞ്ചരിച്ച് ശനിക്കും അതിന്റെ ഏറ്റവും അടുത്ത വളയത്തിനും ഇടക്കുള്ള 1200 കിലോമിറ്റർ വിടവിലൂടെ കുത്തനെ കടന്നുപോകുക എന്ന പരിപാടിയെയായിരുന്നു ഗ്രാൻഡ് ഫിനാലെ എന്ന് പേരിട്ടത്.

ഗ്രാൻഡ് ഫിനാലെ തുടങ്ങുന്നു

ശനിയുടെ ചന്ദ്രനായ ടൈറ്റാന്നു അടുത്തുകൂടി 2017 ഏപ്രിൽ 22 ആം തിയതി കസീനി കടന്നുപോയി. ടൈറ്റന്റെ ഗുരുത്വാകർഷണം കസീനിയുടെ പഥത്തിൽ ഒരു ചെറിയ മാറ്റം വരുത്തി. (ഇതിനെ ഗ്രാവിറ്റി അസിസ്റ്റു അഥവാ ഗുരുത്വാകരഷണ സഹായം എന്ന് പറയുന്നു) ഈ മാറിയ പഥത്തിലൂടെയാണ് കസീനി പിന്നീട് 21 പ്രാവശ്യം സഞ്ചരിച്ചതും ശനിക്കും അതിന്റെ ഏറ്റവും അടുത്ത വളയത്തിനും ഇടക്ക് കൂടി കുതിച്ചു പാഞ്ഞതും. ഈ ഓരോ യാത്രയിലും അളവറ്റ അറിവുകളാണ് കസീനി നമുക്ക് പകർന്നു തന്നത്.

ടൈറ്റാന്നു ഒരു അന്ത്യ ചുംബനം

ടൈറ്റാന്നു അടുത്തുകൂടി സപ്തംബർ 11-ന്നു വീണ്ടും കസീനി കടന്നുപോയി. അപ്പോഴും ടൈറ്റന്റെ ഗുരുത്വാകർഷണം ക്സീനിയുടെ പഥത്തിൽ മാറ്റം വരുത്തി. ഈ പഥത്തിലൂടെ തുടങ്ങിയത് ക്സീനിയുടെ അന്ത്യ യാത്രയായിരുന്നു. കസീനി പുതിയ പാതയിലൂടെ സഞ്ചരിച് സപ്തംബർ 14 ഉച്ചക്ക് ശനിക്കടുത്തെത്തി, ആന്റിനയെ ഭൂമിക്കു നേരെ തിരിച്ചു പിടിച്ച് ശേഖരിച്ച ടാറ്റ എല്ലാം ഭൂമിയിലേക്കയക്കാൻ തുടങ്ങി. ഇനി അവസാനം വരെയുള്ള 14.5 മണിക്കൂർ, കസീനിയുടെ ഏറ്റവും പ്രധാന ലക്‌ഷ്യം എത്ര വായു മർദ്ദം ഉണ്ടായാലും, ആന്റിന ഭൂമിക്കു നേരെത്തന്നെ പിടിക്കലാണ്. ശനിക്കടുത്തെത്തുമ്പോൾ ശനിയുടെ അന്തരീക്ഷ മർദ്ദം വളരെ കൂടും. അപ്പോൾ ഇത് വളരെ ശ്രമകരമായ ഒരു പ്രവർത്തനമാവും.

വിടപറയാൻ തയ്യാറെടുക്കുന്നു

സെപ്റ്റംബർ 15-ആം തിയതി രാത്രി 12.15 മുതൽ കസീനി കിട്ടുന്ന വിവരങ്ങളെല്ലാം ഉടൻ തന്നെ ഭൂമിയിലേക്കയച്ചുകൊണ്ടിരിന്നു. മുമ്പാണെങ്കിൽ അത് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞേ അയക്കാറുള്ളൂ. ഇനി അത് പറ്റില്ല. ഏകദേശം മൂന്നര മണിക്കടുത്തായി (10:30:50 UTC) കസീനി ശനിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചു. അപ്പോൾ ലഭിക്കുന്ന വിവരങ്ങൾ വളരെ വിലപ്പെട്ടതാണ്. അവ ഒട്ടും നഷ്ടപെട്ടുകൂടാ. കിട്ടുന്ന ഓരോ ബിറ്റ് ഡാറ്റയും കസീനി അപ്പപ്പോൾ തന്നെ അയക്കാൻ തുടങ്ങുന്നു. ശനിയുടെ അന്തരീക്ഷ സമ്മർദ്ദം അതി ഭീമമാണ്. ആന്റിന ഭൂമിയിലേക്ക് തന്നെ തിരിച്ചു പിടിക്കാനായി കസീനിയിലെ ത്രസ്റ്ററുകൾ പൂർണ ശക്തിയോടെ പ്രവർത്തിക്കുകയാണ്. ഒരു മിനിറ്റ് പത്തു സെക്കൻഡ് ശനിയുടെ വളരെ സാന്ദ്രത കൂടിയ അന്തരീക്ഷത്തിലൂടെയാണ് കസീനി സഞ്ചരിച്ചത്. അവസാനം രാവിലെ 10:32(UTC) ന്നു അന്തരീക്ഷ മർദ്ദം താങ്ങാനാവാതെ കസീനി ഇടറി മറിഞ്ഞു വീണു. ഭൂമിയുമായുള്ള ബ്നധവും അറ്റുപോയി. ഗ്രാൻഡ് ഫിനാലെക്കു കർട്ടൻ വീണു.

കസീനി കൺട്രോൾ സെന്ററിൽ

അവർ കസീനിയെ ഇരുപതു വർഷം പിന്തുടർന്നു, നിർദേശങ്ങൾ നൽകി, അത് അയച്ച വിവരങ്ങളെല്ലാം ശേഖരിച്ചു. ക്സീനിയുടെ ഓരോ നിമിഷവും പിന്തുടർന്നിരുന്ന നിയന്ത്രണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർക്കു, കസീനിയിൽനിന്നുള്ള സിഗ്നൽ നിലച്ചപ്പോൾ കരച്ചിൽ അടക്കാനായില്ല. പലരും കണ്ണീരൊപ്പുന്നതു കാണാമായിരുന്നു. അവർ അത്രമാത്രം കസീനിയെ സ്നേഹിച്ചുപോയി.
Happy
Happy
25 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
50 %
Angry
Angry
0 %
Surprise
Surprise
25 %

Leave a Reply

Previous post ഓസോൺ നമ്മുടെ ജീവിതത്തിന്
Next post സെപ്റ്റംബർ 16 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
Close