ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് എടുത്ത കാർട്ട് വീൽ ഗാലക്സിയുടെ മനോഹരമായ ചിത്രം ശാസ്ത്രജ്ഞർ പുറത്തുവിട്ടിരിക്കുന്നു.
ആകാശത്തിന്റെ ദക്ഷിണാർദ്ധ ഭാഗത്ത് കാണപ്പെടുന്ന ശില്പി രാശി (Constellation scupltor) യിൽ കാണപ്പെടുന്ന ചെറിയ ഗാലക്സിക്കൂട്ടത്തിൽ പ്രമുഖനാണ് ഈ വണ്ടിച്ചക്രം (cartwheel). ഈ ഗാലക്സി ശാസ്ത്രജ്ഞർക്ക് മുൻപേ പരിചിതമാണ്. ഫ്രിറ്റ്സ് സ്വിക്കി (Fritz Zwicky) എന്ന പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞൻ 1941-ൽ ഇതിനെ കണ്ടെത്തിയിരുന്നു. ഹബ്ബ്ൾ സ്പേസ് ടെലിസ്കോപ്പ് ഇതിൻറെ ചിത്രങ്ങൾ എടുത്തിരുന്നു. ഏതാണ്ട് 50 കോടി പ്രകാശവർഷം അകലെയാണ് ഈ ഗാലക്സി സ്ഥിതി ചെയ്യുന്നത്. ഇതിൻറെ വ്യാസം ഏതാണ്ട് ഒന്നരലക്ഷം പ്രകാശവർഷം വരും. അതായത് നമ്മുടെ ഗാലക്സിയായ ആകാശഗംഗയെക്കാളും വലുതാണിത്.
ഇതിന്റെ ഈ അസാധാരണ ആ കൃതി ശാസ്ത്രജ്ഞർക്ക് കുറേക്കാലം വിശദീകരിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വിവിധ തരം ടെലിസ്കോപ്പുകൾ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളിലൂടെയും വിശകലനത്തിലൂടെയും ചില കാര്യങ്ങൾ ബോദ്ധ്യമായിട്ടുണ്ട്. ഒന്നാമതായി അതിൻ്റെ പുറം ഭാഗത്ത് കാണുന്ന വലയം (ring) പുറത്തേക്ക് വികസിച്ചു കൊണ്ടിരിക്കുന്ന ദ്രവ്യമാണ്. അതിൻ്റെ വേഗത വെച്ചു കണക്കാക്കിയാൽ ഏതാണ്ട് 20-30 കോടി വർഷം മുമ്പ് ആരംഭിച്ചതാണ് ഈ പലായനം. അതിനു മുമ്പ് ഇതൊരു സാധാരണ സർപ്പിള ഗാലക്സി (spiral galaxy) ആയിരുന്നു. അതിൻ്റെ കേന്ദ്രഭാഗത്തുകൂടി മറ്റൊരു ഗാലക്സി ഇടിച്ചു കയറി പോയപ്പോഴുണ്ടായ ആഘാതത്തിൽ നിന്നാണ് ദ്രവ്യത്തിന് പുറത്തേക്കു തെറിക്കാൻ വേണ്ട ഊർജം ലഭിച്ചത്. ഇപ്പോൾ പുറം ഭാഗത്തെ ദ്രവ്യം സെക്കൻഡിൽ ഏകദേശം 50 കിലോമീറ്റർ എന്ന വേഗത്തിലാണ് പുറത്തേക്കു ഒഴുകുന്നത്. ഒരു കുളത്തിൻ്റെ നടുവിൽ ഒരു കല്ലിട്ടാൽ പുറത്തേക്ക് ഒരു തരംഗം സഞ്ചരിക്കുന്നതായി കാണാറുണ്ടല്ലോ? അതിനു സമാനമാണിതെന്നാണ് ശാസ്ത്രജ്ഞരുടെ വ്യാഖ്യാനം. ഈ തരംഗം കടന്നു പോകുന്നയിടങ്ങളിൽ വലിയ തോതിൽപുതു നക്ഷത്രങ്ങൾ ഉണ്ടാകുന്നുണ്ട്. അതിൽ വലിയവ പലതും പരിണമിച്ച് തമോദ്വാരങ്ങൾ (black holes) രൂപപ്പെട്ടിട്ടുണ്ട്. അവയിലേക്ക് പുറത്തു നിന്ന് വീഴുന്ന ദ്രവ്യം പുറത്തുവിടുന്ന എക്സ് റേ ച ന്ദ്ര ടെലിസ്കോപ്പും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇതു കൂടാതെ ഹബ്ബ്ൾ സ്പേസ് ടെലിസ്കോപ്പ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചും ഇതിൻറെ ചിത്രങ്ങൾ എടുത്തിരുന്നു.
എന്നാൽ ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് എടുത്ത ഇൻഫ്രാറെഡ് ചിത്രങ്ങൾ കൂടുതൽ രസകരമായ വിവരങ്ങൾ തരുന്നു. വെബ്ബ് ടെലിസ്കോപ്പിലെ മിരി (MIRI, Middle Infrared Instrument) ശേഖരിച്ച വിവരങ്ങളിൽ നിന്ന് മനസ്സിലാകുന്ന ഒരു കാര്യം ഈ ഗാലക്സിയിൽ ധാരാളം ഹൈഡ്രോകാർബണുകളും സിലിക്കേറ്റ് പൊടികളും ഉണ്ടെന്നതാണ്. അതിനോടൊപ്പം തന്നെ ഇടതു ഭാഗത്ത് അയൽക്കാരായ മറ്റു രണ്ടു ഗാലക്സികളെയും വ്യക്തമായി കാണാം. ഈ ചക്രത്തിൻ്റെ കേന്ദ്ര ഭാഗത്ത് ഒരു കൂറ്റൻ തമോദ്വാരം ഉണ്ടെന്നാണ് കരുതുന്നത്. ചുറ്റും ധാരളം വൻനക്ഷത്ര കൂട്ടങ്ങളും ഉണ്ട്. ഇതിനൊക്കെ പശ്ചാത്തലം ഒരുക്കിക്കൊണ്ട് വളരെയധികം ആയി ധാരാളം വിദൂരഗാലക്സികളെയും കാണാം.
അധികവായനയ്ക്ക്
- https://www.nasa.gov/feature/goddard/2022/webb-captures-stellar-gymnastics-in-the-cartwheel-galaxy/
- ജെയിംസ് വെബ്ബ് ടെലസ്കോപ്പിനെക്കുറിച്ചുള്ള ലൂക്ക ലേഖനങ്ങളും വീഡിയോകളും