

സാമൂഹ്യരംഗത്ത് ലോകരാഷ്ട്രങ്ങളുടെ നല്ലൊരു ഭാഗം സമത്വത്തിലധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥയിലേക്കു നീങ്ങുകയും മറ്റൊരു നല്ല എണ്ണം രാജ്യങ്ങൾ കൊളോണിയൽ നുകം വലിച്ചെറിഞ്ഞ് സ്വതന്ത്രരാവുകയും ചെയ്ത, ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് മനുഷ്യരാശി ഈ ഭൂമിയിൽ തന്നെ ഒരു സ്വർഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷകൾ നൽകിയ കാലമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ എട്ട് ദശകങ്ങൾ.. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ ആ പ്രതീക്ഷകൾ തകർന്നു തരിപ്പണമായി. മാനവ മോചനത്തിന്റെ ചാലക ശക്തി ആവുമെന്ന് കരുതിയ ശാസ്ത്രവും സാങ്കേതികവിദ്യയും കച്ചവട സംഘങ്ങളുടെ കയ്യിലെ ഉപകരണങ്ങളായി അധഃപതിക്കുകയും പല രാജ്യങ്ങളിലും ജനാധിപത്യത്തിന്ന് തിരച്ചടികൾ ഏൽക്കുകയും ചെയ്തു. നവലിബറൽ ശക്തികൾ വളം നൽകി വളർത്തിയ അശാസ്ത്രീയതയും അന്ധവിശ്വാസങ്ങളും ഒന്ന് ചേർന്ന് ബഹുഭൂരിപക്ഷത്തിന്റെയും ചിന്താശക്തിയെ ദുർബലപ്പെടുത്തിയ കാലത്താണ് ഇപ്പോൾ നമ്മൾ. ഇരുപത്തി ഒന്നാം നൂറ്റാണ്ട് വലിയ വൈരുധ്യങ്ങളുടെ കാലമാണ്.
അങ്ങിനെയുള്ള ഒരു കാലത്തെക്കുറിച്ച് പ്രവാചകനെപ്പോലെ താക്കീത് നൽകുകയും തന്റെ മരണകിടക്കയിൽ കിടന്ന് പോലും അതിനെതിരെ പൊരുതുകയും ചെയ്ത അനന്യനായ ഒരു ശാസ്ത്രജ്ഞൻ ആയിരുന്നു ഡോ.കാൾ എഡ്വേർഡ് സാഗൻ എന്ന ബഹുമുഖ പ്രതിഭ. കിട്ടാവുന്ന എല്ലാ മാർഗങ്ങളും ശാസ്ത്രത്തിനും ശാസ്ത്രപ്രചാരണത്തിനും ശാസ്ത്രീയ ചിന്ത ഉയർത്തിപ്പിടിക്കാനും ഉപയോഗിച്ച മറ്റൊരു വ്യക്തിയെയോ ശാസ്ത്രജ്ഞനേയോ. കണ്ടെത്തുവാൻ കഴിയില്ല. അശാസ്ത്രീയക്കെതിരെ നിരന്തരം പടവെട്ടുക മാത്രമല്ല, ശാസ്ത്രത്തിന്റെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാനും സാഗൻ അക്ഷീണം പരിശ്രമിച്ചു. അതുകൊണ്ടായിരിക്കാം സാധാരണക്കാരുടെ കണ്ണിൽ അദ്ദേഹം ശാസ്ത്രത്തിന്റെ കാവലാൾ ആയത്. അദ്ദേഹത്തിന്റെ എൺപത്തിഎട്ടാം (88) ജന്മദിനമാണ് 2022 നവംബർ 9

ആരായിരുന്നു കാൾ സാഗൻ ?
പ്രപഞ്ച ശാസ്ത്രജ്ഞൻ, അനേകം പുസ്തകങ്ങളുടെ രചയിതാവ്, പ്രശസ്തനായ ശാസ്ത്ര പ്രഭാഷകൻ, അൻപത് കോടിയിലധികം ജനങ്ങൾ കണ്ട് ആസ്വദിച്ച കോസ്മോസ് എന്ന ടെലിവിഷൻ സീരിയലിന്റെ അവതാരകൻ, എല്ലാത്തിലുമുപരി ശാസ്ത്രത്തെ ജനകീയവത്കരിക്കുന്നതിന്ന് സമാനതകളില്ലാത്ത പ്രവർത്തിച്ച ശാസ്ത്രജ്ഞൻ. ഇതൊക്കെ ഒന്നുചേർന്നതായിരുന്നു കാൾ സാഗൻ.
എന്തുകൊണ്ട് കാൾ സാഗനെപ്പോലെ മറ്റൊരാൾ ഉണ്ടായില്ല? അല്ലെങ്കിൽ കാൾ സാഗൻ എങ്ങിനെ നമുക്കേവർക്കും അറിയുന്ന പ്രിയങ്കരനായ ഒരാളായി ?
അത്യധികം ജിജ്ഞാസയുള്ള ബഹുവിഷയ താല്പര്യമുള്ള ഒരു സ്കൂൾ -കോളേജ്-ഗവേഷക വിദ്യാർത്ഥി ആയിരുന്നു സാഗൻ. ന്യൂയോർക്കിലെ ബ്രൂക്‌ലിനിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കാൾ സാഗന്റെ ബഹുമുഖ പ്രതിഭയിലേക്കുള്ള വളർച്ചയുടെ വേരുകൾ അന്വേഷിച്ചാൽ അയാളുടെ ചെറുപ്പകാലത്ത് തന്നെ മുളപൊട്ടിയ പ്രപഞ്ചത്തെക്കുറിച്ചുള്ള കൗതുകം, കുട്ടിയായ കാളിന്റെ ‘എന്താണ് നക്ഷത്രങ്ങൾ?’ എന്ന ചോദ്യത്തിന്ന് മുൻപിൽ ഉത്തരംമുട്ടിയ ബന്ധുക്കൾ നല്കിയ, അത് ആകാശത്തിലെ ലൈറ്റുകൾ ആണ് എന്ന ഉത്തരം നിഷേധിച്ച്, പകരം മകനെ അടുത്തുള്ള പൊതു ലൈബ്രറിയിലേക്ക് അയച്ച ‘അമ്മ, ആ കുട്ടിയുടെ സയൻസ് ഫിക്ഷനോടുള്ള ആസക്തി, അദ്ദേഹം പഠിച്ച റാഹ്വേ സ്കൂളിലെ അന്തരീക്ഷം, ഉപരിപഠനം നടത്തിയ ഷിക്കാഗോ സർവകലാശാലയിലെ കരിക്കുലം എന്നിവയിലേക്കാണ് എത്തിച്ചേരുക. റാഹ്വേ സ്കൂളിൽ എത്തുമ്പോഴേക്കും വിദ്യാർത്ഥി ആയ സാഗൻ പല വിഷയങ്ങളിലും തല്പരനും തന്റെ ലക്ഷ്യം ഒരു ജ്യോതിശാസ്ത്രജ്ഞൻ ആവുകയാണെന്നും വ്യക്തമാക്കിയിരുന്നു.

ആ വിദ്യാർഥിയെക്കുറിച്ച് സ്കൂളിലുള്ളവർക്ക് പറയാനുള്ളത് അവരുടെ സ്കൂൾ പത്രത്തിൽ കാണാം: ” നിങ്ങൾക്കാർക്കെങ്കിലും എന്ത് വിവരം വേണമെങ്കിലും കാൾ സാഗനോട് ചോദിക്കുക. അയാൾ നോആ വെബ്സ്റ്ററും (ഡിക്ഷ്ണറി രചയിതാവ് , ഇംഗ്ലീഷ് ഭാഷാ പണ്ഡിതൻ) ഐൻസ്റ്റിനും ഒരു സഞ്ചരിക്കുന്ന വിജ്ഞാനകോശവും ഒന്നിച്ച് ചേർന്നതാണ്. … കാളിന്റെ ആഗ്രഹം ഒരു ജ്യോതിശാസ്ത്രജ്ഞൻ ആവണമെന്നതാണ്. അയാൾ അതാവുമെന്ന് നമുക്കൊക്കെ അറിയാം.”
ഷിക്കാഗോ സർവകലാശാലയിലെ പത്തു വർഷത്തെ പഠനമാണ് അദ്ദേഹത്തെ നമുക്കറിയാവുന്ന കാൾ സാഗൻ ആയി വളർത്തിയത്.
ഷിക്കാഗോ സർവകലാശാലയിൽ (1951-1960)
ഷിക്കാഗോ സർവകലാശാലയിലെ പാഠ്യപദ്ധതി വിദ്യാർത്ഥികളെ ശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാഹിത്യം എന്നിവയിലെല്ലാം തല്പരർ ആക്കാൻ ഉതകുന്നതായിരുന്നു. ആ കാലത്തെക്കുറിച്ച് സാഗൻ പറയുന്നത് ഇപ്രകാരമാണ് :

“ഒരു ഭൗതിക ശാസ്ത്രജ്ഞന് അരിസ്റ്റോട്ടിൽ, ബാക്ക് (സംഗീതജ്ഞൻ ) ഷേക്സ്പിയർ , ഗിബ്ബൺ (സാഹിത്യ വിമർശകൻ, നിരൂപകൻ) മലിനോവ്‌സ്‌കി (നരവംശശാസ്ത്രജ്ഞൻ ), ഫ്രോയ്ഡ് എന്നിവരെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞാൽ അത് ചിന്തിക്കാൻ പോലും പറ്റാത്ത കാലമായിരുന്നു അന്ന് “.
ഫിസിക്‌സും ജീവശാസ്ത്രവുമായിരുന്നു സാഗന്റെ ബിരുദ വിഷയങ്ങൾ. 1960 ൽ ജ്യോതിശാസ്ത്രത്തിൽ സാഗൻ ഡോക്ടറേറ്റ് എടുത്തു. ശാസ്ത്ര വിദ്യാഭ്യാസത്തോടൊപ്പം അവിടെ നിന്ന് ലഭിച്ച മാനവിക വിഷയങ്ങളിലുള്ള വിദ്യാഭ്യാസവും കൂടിയാണ് കാൾ സാഗന്റെ ബൗദ്ധിക വികാസത്തിൽ വളരെ അധികം സ്വാധീനം ചെലുത്തിയതും അദ്ദേഹത്തെ നമുക്കറിയുന്ന ചിന്തകനും പ്രഗത്ഭ ശാസ്ത്രജ്ഞനും ശാസ്ത്രത്തിന്റെ വാക്താവും ശാസ്ത്ര പ്രചാരകനും ആക്കിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്. പ്രസിദ്ധ ശാസ്ത്രജ്ഞർ ആയ ഹെർമൻ മുള്ളർ (ജെന്റിസിസ്റ്), ജോഷ്വ ലീഡർബെർഗ് (മോളിക്യൂലാർ ബയോളജിസ്റ്) രസതന്ത്ര ജ്ഞൻ ഹാരോൾഡ് യുറേ (മില്ലർ-യുറേ പരീക്ഷണത്തില് പങ്കാളി) ജെറാൾഡ് കുയ്പ്പർ (കുയ്പ്പർ ബെൽറ്റ് കണ്ടുപിടിച്ച ആൾ), സുപ്രസിദ്ധ ഭൗതിക ശാസ്ത്ര ജ്ഞൻ ജോർജ് ഗാമോവ് എന്നിവരുടെ കീഴിൽ പഠിക്കാനും ഗവേഷണം നടത്തുവാനും കഴിഞ്ഞത് സാഗന് ഷിക്കാഗോ സർവകലാശാലയിൽ നിന്ന് കിട്ടിയ ബോണസ് ആയിരുന്നു. പ്രസിദ്ധമായ യുറേ-മില്ലർ പരീക്ഷണത്തിന് സാക്ഷി ആവാനും സാഗന് ചാൻസ് കിട്ടി.

അംഗീകാരവും തടസ്സങ്ങളും
ഡോ.സാഗന് വിദ്യാഭ്യാസം കഴിഞ്ഞശേഷം മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമായിരുന്നില്ല. അദ്ദേഹത്തിന്റെ അച്ചനമ്മമാരുടെയും ബന്ധുക്കളുടെയും തൊഴിലാളിവർഗ പശ്ചാത്തലം അതിന്ന് എന്തെങ്കിലും തരത്തിൽ കരണമായിട്ടുണ്ടോ എന്ന തീർച്ച പറയുക സാധ്യമല്ല. പക്ഷെ ഈ പശ്ചാത്തലം അദ്ദേഹത്തിന് നല്കിയചില പ്രധാന സ്വഭാവങ്ങൾ പരോക്ഷമായെങ്കിലും കാരണമായിട്ടുണ്ടാകാം. ഒരു വിഷയത്തിൽ വലിയ വൈദഗ്ധ്യം നേടുക എന്ന അമേരിക്കൻ രീതി സ്വീകരിക്കാതെ പല വിഷയങ്ങളിലും ഒരേസമയം താല്പര്യം കാട്ടിയ വ്യക്തി ആയിരുന്നു സാഗൻ.
ശാസ്ത്രത്തെ ലാബറട്ടറികളിൽ ഒതുക്കി നിർത്തുന്ന അമേരിക്കൻ നാട്ടുനടപ്പ് വകവെക്കാതെ സാഗൻ ശാസ്ത്രത്തെ പ്രചരിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തുകയും അതിന്നായി പ്രവർത്തിക്കുകയും ചെയ്തു. പ്രൊഫഷണൽ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ സാഗന്റെ മറ്റൊരു വലിയ ‘ദുർബലത‘ അദ്ദേഹത്തിന്റെ ഊഹാപോഹ രീതി ആയിരുന്നു. ഉദാഹരണമായി, സൗരയൂഥേതര പ്രപഞ്ചത്തിന്റെ ഘടനയെ കുറിച്ച് പ്രഗത്ഭ ശാസ്ത്രജ്ഞർക്കു പോലും വലിയ പിടിപാടൊന്നുമില്ലാത്ത കാലത്ത് അന്യഗ്രഹ ജീവികൾ ഉണ്ടാവാം എന്ന സാഗന്റെ അനുമാനം.
1961 ൽ ഹാർവാർഡ് സർവകലാശാല (മസ്സാച്ചുസെറ്റ്‌സ്) അദ്ദേഹത്തിന് ലെക്ച്ചറർ പദവി വാഗ്ദാനം ചെയ്തു. പക്ഷെ തനിക്കർഹതപെട്ട അസിസ്റ്റന്റ് പ്രൊഫസ്സർ പദവി തന്നെ കിട്ടണമെന്ന് സാഗൻ വാശിപിടിച്ചു. അവസാനം അദ്ദേഹത്തിന്ന് അവർ ആസ്ഥാനം തന്നെ നൽകി. ആ ജോലിക്കൊപ്പം സാഗൻ മസാച്ചുസെറ്റ്സിൽ തന്നെയുള്ള സ്മിത്‌സോണിയൻ ഒബ്സർവേറ്ററിയിലും ജോലി ചെയ്തു.
കാൾ സാഗൻ സ്മിത്‌സോണിയൻ ഒബ്സർവേറ്ററിയിൽ ജോലി ചെയ്യുന്ന കാലം, ആകാശത്തിൽ ഒരു വാൽനക്ഷത്രം പ്രത്യക്ഷപെട്ടു. അത് വളരെ മങ്ങിയ വൃത്താകാരത്തിലാണ് കാണപ്പെട്ടത്. ഇത് കണ്ട ഒരു കള്ളുകുടിയൻ അതെന്താണ് എന്നറിയാൻ ഒബ്സർവേറ്ററിയിലേക്ക് ഫോൺ ചെയ്തു. സംഭാഷണം ഇങ്ങനെ പോയി:
അയാൾ: ആ അക്ഷത്തിൽ കാണുന്ന സാധനം എന്താണ്?
സാഗൻ : അത് ഒരു ധൂമകേതുവാണ്
അയാൾ: ധൂമകേതു എന്നാൽ എന്താണ്?
സാഗൻ : ഒരു മഞ്ഞുകട്ട, ഒരു മൈൽ വ്യാസമുള്ളത്.
. . . . . . നീണ്ട നിശബ്ദത.
അയാൾ: ഞാൻ ഒരു ശരിയായ “അസ്ട്രോണോമറിനോട്” ചോദിക്കട്ടെ. (Let me ask a real astronomer)
ചെറുപ്പം മുതലുള്ള ജ്യോതിശാസ്ത്രജ്ഞൻ ആവാനുള്ള സ്വപ്നവും അങ്ങനെ യാഥാർഥ്യമായി. അഞ്ചുവർഷം കഴിഞ്ഞപ്പോൾ സാഗനെ സ്ഥിരപ്പെടുത്താൻ ഹാർവാർഡ് സർവകലാശാല തയ്യാറായില്ല. ഉർവശി ശാപം ഉപകാരം എന്ന് പറഞ്ഞതുപോലെ, സാഗന്റെ സേവനം ലഭിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഇത്താക്കയിലെ (ന്യൂയോർക്) കോർണൽ സർവകലാശാല കാൾ സാഗനെ ഫാക്കൽട്ടി ആയി എടുത്തു പിന്നീട് മരണം വരെ സാഗൻ അവിടെ തുടർന്നു.

കാൾ സാഗൻ – അമേരിക്കൻ സയൻസിന്റെ മുഖം
കോർണൽ സർവകലാശാല സാഗന്റെ പ്രവർത്തങ്ങൾക്കും ഗവേഷണത്തിനും വളക്കൂറുള്ളതായിരുന്നു. ആ കാലത്താണ് അദ്ദേഹത്തിന്റെ പ്രവർത്ത നങ്ങൾ തഴച്ചുയർന്നത്. അദ്ദേഹം പല വിഷയങ്ങളും പഠിപ്പിച്ചു. അതിൽ ഒന്ന് വിമര്‍ശനാത്മക ചിന്ത (Critical Thinking) ആയിരുന്നു. ഇകാറസ് എന്ന മാസിക എഡിറ്റ് ചെയ്യുകയും അതിനെ സൗരയൂഥ പഠനങ്ങളുടെ ഓരൊന്നാന്തരം ജേർണൽ ആക്കി മാറ്റുകയും ചെയ്തു. കോർണലിലെ അധ്യാപന-ഗവേഷണ കാലത്ത് അദ്ദേഹം പല പുസ്തകങ്ങളും രചിക്കുകയോ, സഹഗ്രന്ഥകാരൻ ആവുകയോ ചെയ്തു. വളരെ അധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു .അതിൽ ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ കുറിച്ച് നാല്പതെണ്ണവും മറ്റു സൗരയൂഥ വസ്തുക്കളെക്കുറിച്ച് അമ്പതെണ്ണവും ഭൗമേതര ജീവനെ കുറിച്ചുള്ള മുപ്പതെണ്ണവും സയൻസ് പോളിസിയെക്കുറിച്ചുള്ള പ്രബന്ധങ്ങളും പെടും.

ബഹിരാകാശ പര്യവേഷണത്തിലും ഗ്രഹാന്തര പഠനങ്ങളിലും അന്യഗ്രഹ ജീവൻ തേടുന്നതിലും സാഗന് ഉണ്ടായിരുന്ന താല്പര്യവും അറിവും അദ്ദേഹത്തെ അമേരിക്കൻ ബഹിരാകാശ പര്യവേഷണവുമായി അടുപ്പിച്ചു. കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൾഷൻ ലാബിലെ സ്ഥിരം സന്ദർശകൻ ആയിരുന്നു സാഗൻ. ശുക്രൻ, ചൊവ്വ, എന്നീ ഗ്രഹങ്ങൾക്കടുത്തുകൂടി സഞ്ചരിച്ച മരിനർ, ചൊവ്വാ ദൗത്യങ്ങൾ ആയ വൈക്കിംഗ് 1 ഉം 2 ഉം , പയനീർ 1 ഉം 2 ഉം വോയജർ 1 ഉം 2 ഉം ദൗത്യങ്ങളിലെല്ലാം സാഗന്റെ കയ്യൊപ്പ് കാണാം. പയനീർ ദൗത്യങ്ങളിൽ അന്യഗ്രഹ ജീവികൾ കണ്ടെത്തുകയാണെങ്കിൽ ഭൂമിയും ഭൗമനിവാസികളും ആരെന്ന് അറിയിക്കാനായി പയനീർ വാഹനങ്ങളുടെ കാലിൽ ഉറപ്പിച്ച സ്വർണ തകിടുകളിലെ ചിത്രങ്ങൾ ഡിസൈൻ ചെയ്തത് സാഗന്റെ ഭാര്യ ലിൻഡ സാൽസ്‌മാനും സാഗനും ചേർന്നായിരുന്നു. വോയജർ ദൗത്യങ്ങളിലെ സംഗീതവും മറ്റു വിവരങ്ങളും നിറച്ച സ്വർണ ഡിസ്‌ക്കുകൾ തയ്യാറാക്കിയതിലും അവർക്ക് പങ്കുണ്ട്. (വോയേജറിലെ ശബ്ദവും ചിത്രങ്ങളും)
അപ്പോഴേക്കും സാഗൻ വളരെ പ്രശസ്തനായി കഴിഞ്ഞിരുന്നു. ലോകമെങ്ങും അദ്ദേഹം ‘അമേരിക്കൻ സയൻസിന്റെ മുഖം” ആയി അറിയപ്പെട്ടു.

കോസ്മോസ് – ഒരു വ്യക്തിഗത യാത്ര
സാഗന്റെ ശാസ്ത്രപ്രചാരണത്തിന്റ ഏറ്റവും ഉയർന്ന ഘട്ടമായിരുന്നു കോസ്മോസ് ടെലിവിഷൻ സീരിയലിന്റെ പ്രക്ഷേപണം. ഈ സീരിയലിന് തിരക്കഥ എഴുതിയത് കാൾ സാഗനും ഭാര്യ ആൻ ഡ്രൂയാനും സ്റ്റീവൻ സോട്ടർ എന്ന ആളുമായിരുന്നു. 1980 സെപ്റ്റംബർ 29 മുതൽ ഡിസംബർ 21 വരെ പ്രക്ഷേപണം ചെയ്തകോസ്‌മോസിന്റെ അവതാരകൻ കാൾ സാഗൻ തന്നെ. ഈ സീരിയലിന്ന് ആദ്യം “മാൻ ആൻഡ് കോസ്മോസ് (Man and the Cosmos)” എന്നായിരുന്നു പേര് നൽകിയിരുന്നത്. പക്ഷെ മാൻ എന്ന ഇംഗ്ലീഷ് ശബ്ദത്തിന്ന് മനുഷ്യൻ എന്നത് കൂടാതെ “ആൺ” എന്ന അർഥം കൂടിയുള്ളതിനാൽ അത് ശരിയാവില്ലെന്ന് സ്ത്രീ സമത്വവാദി ആയ സാഗന് തോന്നി . പിന്നീട് അത് “കോസ്മോസ്-ഒരു വ്യക്തിഗത യാത്ര (Cosmos- A Personal Voyage )” എന്നാക്കി മാറ്റുകയായിരുന്നു.

കാലിഫോർണിയയിലെ കടൽ തീരത്ത് നിന്നുകൊണ്ട് “പ്രപഞ്ചമാണ് ആകെയുള്ളത്, ആകെ ഉണ്ടായിരുന്നത്, ആകെ,(ഭാവിയിൽ) ഉണ്ടാകാനും പോകുന്നത്” എന്ന് പറഞ്ഞുകൊണ്ടാണ് കോസ്മോസ് തുടങ്ങുന്നത്. സ്പെഷ്യൽ ഇഫക്ടുകൾ ഉപയോഗിച്ച് സാഗൻ സമയയാത്ര ചെയ്ത് ബി.സി.ഇ 246 ൽ തുറന്ന അലക്സണ്ഡ്രിയയിലെ ലൈബ്രറിയിൽ എത്തിച്ചേരുന്നതു മൊക്കെ ചിത്രീകരിക്കുന്നുണ്ട്. കോസ്മോസ് പ്രോഗ്രാം പ്രപഞ്ചത്തോളം തന്നെ ബാഹുല്യമുള്ള ഒന്നായിരുന്നു എന്ന് പറയാം. അതിൽ ചന്ദ്ര യാത്രയും വാൽനക്ഷത്രങ്ങളും ജ്യോതിശാസ്ത്രവും ജ്യോതിഷവും മനുഷ്യ മസ്തിഷ്കത്തെക്കുറിച്ചും ശാസ്ത്രവും അന്ധവിശ്വാസവും ഭൗമേതര ജീവനും എല്ലാം ഉണ്ടായിരുന്നു.

കോസ്‌മോസിനെ കുറിച്ച് സാഗൻ വാഷിംഗ്‌ടൺ പോസ്റ്റിന്റെ ടെലിവിഷൻ നിരൂപകൻ ടോം ഷെൽസിനോട് “എനിക്ക് ഈ പ്രോഗ്രാമിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി അവരുടെ കാഴ്ചപ്പാടിനെ പിടിച്ചു കുലുക്കണമെന്നുണ്ടായിരുന്നു” എന്ന് പറഞ്ഞിരുന്നു. കോസ്മോസ് അത് തന്നെയാണ് ചെയ്തത് എന്ന് ഷെൽസ് പറയുന്നു: “കോസ്മോസ് പ്രോഗ്രാം അതിഗംഭീരവും ഭാവനാഭരിതവും ആയിരുന്നു. ദൃശ്യപരമായി ഒരു അതിശയകരമായ പര്യവേഷണം; ബൗദ്ധികമായി പ്രേക്ഷകരെ പിടിച്ചു കുലുക്കി ഊർജ്വസ്വലരാക്കുന്ന ഒന്നായിരുന്നു ഇത്”.
ലാഭേച്ചയില്ലാത്ത, പരസ്യങ്ങൾ പ്രദർശിപ്പിക്കാത്ത പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സർവീസ് എന്ന പ്രേക്ഷേപണ കമ്പനി ആണ് 13 ഭാഗങ്ങൾ ഉള്ള കോസ്മോസ് പ്രക്ഷേപണം ചെയ്തത്. കോസ്മോസ് വലിയ തോതിൽ ജനപ്രിയമായി. വിവിധ രാജ്യങ്ങളിലായി ഏകദേശം 50 കോടിയിലധികം പ്രേക്ഷകർ ഇത് കണ്ടു എന്നാണ് കണക്ക്. മുൻപ് തന്നെ പ്രശസ്തനായ സാഗൻ കോസ്മോസ് പ്രക്ഷേപണത്തോടെ ഒരു “സെലിബ്രിറ്റി സയന്റിസ്റ്റ്” ആയി.
സെലിബ്രിറ്റി സയന്റിസ്റ്റിന്റെ പ്രശ്നങ്ങൾ
പ്രശസ്തിയോടൊപ്പം സെലിബ്രിറ്റികൾക്ക് സംഭവിക്കാറുള്ളതെല്ലാം സാഗനും സംഭവിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ട് വിദ്യാസമ്പന്നരുടെയും ശാസ്ത്രകുതുകികളുടെയും കിറുക്കന്മാരുടെ പോലും കത്തുകളും ഫോൺ വിളികളും നിരന്തരം വന്നുകൊണ്ടേയിരുന്നു. ഫോൺ സന്ദേശങ്ങൾ റെക്കോർഡ് ചെയ്യാനായി കോർണൽ സർവകലാശാല സാഗന്റെ ഓഫീസിൽ പ്രത്യേക ഉപകരണങ്ങൾ സ്ഥാപിച്ച് കൊടുത്തു. അനസ്വീതം പ്രവഹിക്കുന്ന കത്തുകളെയും ഫോൺ വിളികളെയും സാഗന്റെ സെക്രട്ടറി ഷെർലി ആർഡൺ നേരിട്ടു.
“ഞാൻ ശുക്രനും ഭൂമിക്കും ഇടയിൽ ഒരു ഗ്രഹം കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഞാൻ ജയിലിൽ ആയതിനാൽ അത് ഉറപ്പിക്കാൻ സാധിക്കുന്നില്ല. നിങ്ങൾ അക്കാര്യം ശ്രദ്ധിക്കണം” എന്നായിരുന്നു ഒരാളുടെ കത്ത്.
മറ്റൊരാൾ കോസ്മോസിലെ മനുഷ്യ മസ്തിഷ്കത്തെ കുറിച്ചുള്ള ഭാഗം കണ്ട് ക്ഷുഭിതനായി, “സാഗൻ മനുഷ്യന്റെ തലച്ചോർ കൊണ്ടുള്ള കളി അവസാനിപ്പിക്കണം” എന്നാവശ്യപ്പെട്ടു. മാത്രമല്ല സാഗൻ ശിക്ഷ അർഹിക്കുന്നെന്നും അഭിപ്രയപെട്ടു. “സാഗനെ ശിക്ഷിക്കുകയോ?” എന്ന് ഷെർലി ആർഡൺ ചോദിച്ചപ്പോൾ, സാഗന്റെ വലതു കൈ ചെത്തിക്കളയുമെന്നും അങ്ങനെ സാഗനെ ഒരു ഇടതുകയ്യനാക്കുമെന്നും അയാൾ ഭീഷണിപ്പെടുത്തി. ( വലതുകൈയും മസ്തിഷ്കത്തിന്റെ ഇടതു ഭാഗവും തമ്മിലുള്ള ബന്ധമായിരിക്കാം അയാളെ പ്രകോപിപ്പിച്ചത്). ഉടൻ തന്നെ സർവകലാശാലാ അധികൃതർ ആർഡന്റെ മേശക്കരികിൽ ഒരു അലാറം സ്ഥാപിക്കുകയും അലാറം കേട്ടാൽ എന്ത് ചെയ്യണമെന്ന് ഓഫീസിൽ സ്റ്റാഫിനെ ട്രെയിൻ ചെയ്യുകയും ചെയ്തു!

ശാസ്ത്രത്തിന്റെ കാവലാൾ
പക്ഷെ വളരെ അധികം പേർ സംശയം ചോദിച്ചത് ആൽമാർത്ഥമായിട്ടായിരുന്നു. സാഗന്റെ പ്രഭാഷണങ്ങളിലൂടെയും കോസ്മോസ് സീരിയലിലൂടെയും അവർ ലോകമെന്തെന്ന് അറിഞ്ഞു, ശാസ്ത്രം എന്തെന്ന് മനസ്സിലാക്കി. സാഗൻ അവരുടെ ശാസ്ത്രത്തിലുള്ള വിശ്വസത്തിന്റെ കാവലാൾ ആയിരുന്നു. ഒരിക്കൽ വാഷിങ്ടൺ ഡി.സി.(യു.എസ്.എ.യുടെ തലസ്ഥാന നഗരം) യിലെ യൂണിയൻ റെയിൽവേ സ്റ്റേഷനിൽ സാഗന്റെ പെട്ടികൾ തള്ളി കൊണ്ടുപോയ ഒരു പോർട്ടർ പ്രതിഫലം വാങ്ങാൻ വിസമ്മതിച്ചു. കാരണം അന്വേഷിച്ചപ്പോൾ “നിങ്ങൾ എനിക്ക് ഈ പ്രപഞ്ചം തന്നെ നൽകിയില്ലേ ?” എന്നായിരുന്നു അയാളുടെ മറുപടി.
സാഗന്റെ അറിവും ഉപദേശവും അഭിപ്രയങ്ങളും തേടിയെത്തിയവർ സാധാരണക്കാർ മാത്രമായിരുന്നില്ല. ശാസ്ത്രസംബദ്ധമായ കാര്യങ്ങൾക്കു സാഗൻ പലപ്പോഴും അമേരിക്കൻ പാർലിമെന്റ് അംഗങ്ങളെ ഉപദേശിച്ചിട്ടുണ്ട്. അന്യഗ്രഹ ജീവികളെ തിരയലുമായി ബന്ധപ്പെട്ട ഫണ്ടിംഗ് പ്രശ്നത്തിന് വേണ്ടി അമേരിക്കൻ കോൺഗ്രസിൽ പ്രസംഗിച്ചിട്ടുണ്ട്. മറ്റൊരു സന്ദർഭത്തിൽ പ്രസിഡണ്ട് ജിമ്മി കാർട്ടർ (1977 -81 വർഷങ്ങളിൽ അമേരിക്കൻ പ്രസിഡണ്ട്) സാഗന്റെ അഭിപ്രയം തേടിയതും സാഗൻ നേരിട്ടെത്തി പ്രസിഡന്റുമായി ചർച്ച ചെയ്തതും രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ സോവിയറ്റ് പ്രസിഡന്റ് ഗോർബച്ചേവുമായി അണ്വായുധ വ്യാപനം തടയേണ്ടത്തിന്റെ ആവശ്യം സാഗൻ നേരിട്ട് സംസാരിച്ചിട്ടുണ്ട്.

ശുദ്ധ ശാസ്ത്രജ്ഞരുടെ പ്രതികാരം
സാഗന്റെ പ്രശസ്തി സഹശാസ്ത്രജ്ഞന്മാരിൽ എല്ലാവർക്കും രുചിച്ചിരുന്നില്ല. ആ രുചികേട് ഹാർവാർഡിൽ നിന്ന് തന്നെ തുടങ്ങിയിരുന്നു. സാഗൻ ശാസ്ത്രത്തെ ലളിതമാക്കുന്നു എന്നായിരുന്നു ഒരാക്ഷേപം. അന്യഗ്രഹ ജീവന്റെ സാധ്യത പോലുള്ള കാര്യങ്ങളിൽ സാഗൻ അനുമാനം നടത്തുന്നു എന്നായിരുന്നു മറ്റൊരാക്ഷേപം. എല്ലാ ടി.വി.ഷോകളിലും പങ്കെടുക്കുന്നത് നല്ല ശാസ്ത്രജ്ഞന്മാർക്ക് യോജിച്ചതല്ല എന്നുള്ള അഭിപ്രായക്കാരും ഉണ്ടായിരുന്നു. അങ്ങനെ സാഗൻ പല കാലമായി പല വിധത്തിലും ശുദ്ധ ശാസ്ത്രജ്ഞന്മാർ വരച്ച അദൃശ്യമായ ലക്ഷ്മൺ രേഖ മുറിച്ച് കടക്കുന്നുണ്ടായിരുന്നു. സാഗനെ അങ്ങനെ വിട്ടുകൂട എന്നവർ തീരുമാനിച്ചു. 1992 ൽ അമേരിക്കൻ നാഷണൽ അക്കാദമി ഓഫ് സയൻസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അവർ പ്രതികാരം വീട്ടി. നോമിനേറ്റ് ചെയ്യേണ്ട ലിസ്റ്റിൽ കാൾ സാഗനും ഉണ്ടായിരുന്നു. പക്ഷെ ചിലർ സാഗനെ നോമിനേറ്റ് ചെയ്യാൻ വിസമ്മതിച്ചു. സാഗൻ ശാസ്ത്രപ്രചാരകനായിരിക്കാം, പ്രശസ്തൻ ആയിരിക്കാം, പക്ഷെ ഗവേഷണ മേഖലയിൽ വേണ്ടത്ര സംഭാവനകൾ നൽകിയിട്ടില്ല എന്നായിരുന്നു അവരുടെ അഭിപ്രയം. സാഗനെ പിന്തുണക്കുന്നവർ ശക്തിയുക്തം വാദിച്ചുവെങ്കിലും യാഥാസ്ഥികർ നിര്ബന്ധ ബുദ്ധിയോടെ പിടിച്ച് നിന്നു, സാഗനെ നോമിനേറ്റ് ചെയ്തില്ല.
ഈ സംഭവത്തെ സാഗൻ കാര്യമായി എടുത്തതായി ഭാവിച്ചില്ലെങ്കിലും, “കാളിനെ (കാൾ സാഗനെ) വേദനിപ്പിച്ച ഒന്നായിരുന്നു ആ സംഭവം, അത് അദ്ദേഹത്തെ മനഃപൂർവം നിസ്സാരനാക്കാൻ കരുതി കൂട്ടി ചെയ്ത പണി ആയിരുന്നു” എന്ന് അദ്ദേഹത്തിന്റെ ഭാര്യ ആൻ ഡ്രൂയാൻ പിന്നീട് പറയുന്നുണ്ട്.

സാഗനും ഭൗമേതര ജീവൻ തേടലും
വിദ്യാർത്ഥി ആയിരിക്കെ തന്നെ ഭൗമേതര ജീവന്റെ സാധ്യതകളെ കുറിച്ച് ഏറെ താല്പര്യം ഉണ്ടായിരുന്ന വ്യക്തിയായിരുന്നല്ലോ സാഗൻ? 1960 കളുടെ ആദ്യം സാഗൻ നടത്തിയ കണക്ക് കൂട്ടലുകൾ പ്രപഞ്ചത്തിൽ ഒരു ദശലക്ഷമെങ്കിലും വികസിച്ച അന്യഗ്രഹ സംസ്കാരങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ആ കണക്കു കൂട്ടലുകൾ ശരിയോ തെറ്റോ ആയിരിക്കാം. എങ്കിലും സാഗൻ ആ വിഷയത്തിൽ കൂടുതൽ ആകൃഷ്ടനായി. ഷിക്കാഗോ സർവകലാശാലയിൽ ഡോക്ടറേറ്റിന്ന് ഗവേഷണം ചെയ്യവേ സാഗൻ അന്വേഷിച്ച ഒരു പ്രോബ്ലം ശുക്രന്റെ മൈക്രോവേവ് പ്രസരണം ആയിരുന്നു. അക്കാലത് ശുക്രനിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ ആണെന്നാണ് കരുതിയിരുന്നത്. പക്ഷെ സാഗന്റെ ഗവേഷണം ശുക്രന്റെ ഉയർന്ന ചൂടും ഹരിതഗൃഹ പ്രഭാവവും ചൂണ്ടികാണിച്ചു. (പിന്നീട് വെനീറ, വീനസ്-പയനീർ എന്നീ ദൗത്യങ്ങൾ ഇത് സ്ഥിരീകരിച്ചിരുന്നു). അതായത് ശുക്രനിൽ ജീവ സാന്നിധ്യം അസംഭവ്യമാണ്. അങ്ങനെ ഗവേഷണ കാലത്ത് തന്നെ ഭൂമിക്കടുത്തുള്ള ഗ്രഹങ്ങളിൽ ജീവ സാന്നിധ്യം ഉണ്ടാവാം എന്ന തന്റെ കണക്കു കൂട്ടലുകളിൽ തെറ്റുപറ്റാം എന്നും സാഗൻ മനസ്സിലാക്കിയിരുന്നു.
കോർണൽ സർവകലാശാലയിൽ അദ്ദേഹവും ശിഷ്യന്മാരും നടത്തിയ പരീക്ഷണങ്ങൾ അനുകൂല പരിതസ്ഥിതിയിൽ മറ്റു ഗ്രഹങ്ങളിൽ ജീവന്റെ പ്രാഗ് രൂപങ്ങൾ ഉണ്ടാവാൻ ഉള്ള സാധ്യതയുണ്ട് എന്ന് തെളിയിച്ചിരുന്നു. ഇതാണ് സാഗനെ സേറ്റി (SETI; Search for Extraterrestrial Intelligence) യുമായി കൂടുതൽ അടുപ്പിച്ചത്. ഭൗമേതര സംസ്കാരങ്ങളുടെ, പ്രേത്യേകിച്ച് സൗരയൂഥത്തിന് പുറത്തുള്ളവയുടെ നിലനിൽപ്പ് കുറച്ച് നൂറ്റാണ്ടുകൾ മാത്രമാണെങ്കിൽ അവയെ തേടിപ്പിടിക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ അവയുടെ നിലനിൽപ്പ് കുറേ ആയിരമോ ലക്ഷമോ വര്ഷങ്ങളാണെകിൽ അവ വളരെ വികസിച്ചിട്ടുണ്ടാവുകയും അവർ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉണ്ടാക്കിയെടുത്തിട്ടുണ്ടാവുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അവയെ കണ്ടുപിടിക്കാ നും സാധ്യത കൂടുതലാണ്. അതാണ് സേറ്റി യുടെ ആശയാടിത്തറ. ഭൗമേതര ഗ്രഹങ്ങളിൽ ബുദ്ധിയുള്ള ജീവികളെ തേടൽ എന്നാണ് സേറ്റിയുടെ അർഥം. അത്തരം വികസിച്ച ജീവികൾ അയക്കാനിടയുള്ള റേഡിയോ സിഗ്നലുകൾ കണ്ടെത്തുകയാണ് സേറ്റിയുടെ പ്രധാന പ്രവർത്തന രീതി.
സേറ്റിയിൽ സജീവമായി പങ്ക് കൊണ്ടിരുന്ന കോർണലിലെ തന്നെ മുൻ ജ്യോതി ശാസ്ത്രജ്ഞൻ ഫ്രാങ്ക് ഡ്രേക്ക് സാഗന്റെ സുഹൃത്തായിരുന്നു.
ഭൂമിക്ക് പുറത്ത് അതും സൗരയൂഥത്തിന്ന് പുറത്ത് ആകാശഗംഗയിലോ മറ്റു ഗാലക്സികളിലോ ജീവികളെ തേടുക എളുപ്പമുള്ള കാര്യമല്ല. അതിനാൽ അത്തരം പ്രോജക്ടുകൾക്ക് സാമ്പത്തിക പിന്തുണ ലഭിക്കുക എളുപ്പമല്ല. സാഗന്റെ പ്രശസ്തി അദ്ദേഹം സേറ്റിക്ക് വേണ്ട സാമ്പത്തിക സഹായം നേടുന്നതിന്ന് ഉപയോഗിച്ചു. നാസ (NASA) ആയിരുന്നു സാമ്പത്തിക സഹായം നൽകിയത്. എന്നാൽ അര നൂറ്റാണ്ട് കാലത്തെ അന്വേഷണങ്ങൾക്ക് ശേഷവും ഒന്നും കണ്ടെത്താൻ കഴിയാത്ത സേറ്റി പ്രോജക്ടിന്റെ ഫണ്ടിംഗ് നിർത്തണമെന്ന് അമേരിക്കൻ കോൺഗ്രസ്സിൽ നിർദേശമുയർന്നു. സേറ്റി നിന്നുപോകുമായിരുന്നു. സാഗൻ ഇടപെട്ടു. സാഗന്റെ അതുല്യമായ ശാസ്ത്രപ്രതിഭ ഏതു വാതിലുകളും തുറക്കാൻ കഴിവുറ്റതായിരുന്നു. അദ്ദേഹം അമേരിക്കൻ കോൺഗ്രസിൽ നേരിട്ട് ഹാജരായി ശാസ്ത്ര ഗവേഷണങ്ങളുടെ പ്രാധാന്യവും പ്രശ്നങ്ങളും വിശദീകരിച്ചു. അദ്ദേഹത്തിന്റെ വാദഗതികളിൽ തെളിഞ്ഞു നിന്ന ശാസ്ത്രത്തിലുള്ള അചഞ്ചലമായ വിശ്വാസവും അദ്ദേഹത്തിന്റെ വാക്‌ചാതുരിയും സേറ്റിയെ രക്ഷിച്ചു. കോൺഗ്രസിലെ സേറ്റി വിരുദ്ധർ തത്കാലം തണുത്തു. പിന്നീടും സേറ്റി കുറേക്കാലം നടന്നു. പക്ഷെ സാഗന്റെ ജീവിത കാലത്തോ, പിന്നീടോ അന്യഗ്രഹ ജീവികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സാഗൻ എന്ന മനുഷ്യസ്നേഹി
കാൾ സാഗൻ ജനിച്ചു വളർന്നത് ബ്രൂക്‌ലിനിലെ സാധാരണക്കാരുടെ ഇടയിലാണെന്ന് പറഞ്ഞുവല്ലോ. അതിനാലാകാം സാഗൻ അത്യധികം യാഥാർഥ്യബോധത്തോടെയാണ് എല്ലാ പ്രശ്നങ്ങളെയും സമീപിച്ചിരുന്നത്. സാമ്പ്രദായിക ശാസ്ത്രജ്ഞന്മാരുടെയോ ശാസ്ത്രപ്രചാരകർ എന്ന് സ്വയം കരുതുന്നവരുടെയോ ജാഡയൊന്നും സാഗന്ന് ഉണ്ടായിരുന്നില്ല. വ്യക്തിപരമായ കാര്യങ്ങൾ അധികമൊന്നും പറയാത്ത സാഗൻ അപൂർവം സന്ദർഭങ്ങളിലെ ഉള്ള് തുറന്നിരുന്നുള്ളു. ഒരിക്കൽ തന്റെ അച്ഛനെക്കുറിച്ച് പറയവേ സാഗന്റെ കണ്ഠമിടറി. അദ്ദേഹം പറഞ്ഞു: “എന്റെ അച്ഛനെക്കുറിച്ച് ഓർമിക്കുമ്പോൾ അദ്ദേഹത്തിന്റെ നർമ്മബോധവും ശക്തമായ സമത്വവാദവും മുന്നിൽ തെളിയുന്നു”. അദ്ദേഹത്തിന്റെ വാക്കുകൾ ഇടറി:”എന്റെ അച്ഛൻ ഇപ്പോളില്ല എന്നോർക്കുമ്പോൾ എന്റെ മനസ്സ് വിതുമ്പുന്നു”.
അതേ മനുഷ്യസ്നേഹവും മനസ്സാക്ഷിയും സാഗനെ സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യുന്നതിലേക്കും യുദ്ധക്കൊതിയർക്കെതിരെ ഉറച്ചു നിന്ന് സംസാരിക്കുന്നതിലേക്കും നയിച്ചു. അമേരിക്കൻ ഐക്യനാടുകളിൽ പ്രശസ്തനായ ഒരാൾക്ക് ഞാൻ സോഷിലിസ്റ്റാണെന്ന് പറയാൻ അസാമാന്യ ധൈര്യം വേണം. അങ്ങനെ ഉള്ളവരെ തേജോവധം ചെയ്യുകയോ കള്ളകേസിൽ കുടുക്കി വിചാരണ ചെയ്യുകയോ ചെയ്യും. 1950 കളിലെ കുപ്രസിദ്ധമായ മക്കാർത്തി വിചാരണകൾ വായനക്കാർക്കാറിയുമല്ലോ? അതിനാൽ ഉത്പതിഷ്ണുക്കളായ പ്രശസ്തർ പോലും തങ്ങളുടെ മനസ്സാക്ഷിയെ ഉറക്കി കിടത്തും. എന്നാൽ സാഗൻ ചിലപ്പോൾ സമർത്ഥമായി നേരിട്ടുള്ള ഉത്തരം നൽകാതെ പറയേണ്ടത് പറയുമായിരുന്നു.
റൊണാൾഡ് റീഗന്റെ നക്ഷത്ര യുദ്ധ പദ്ധതിയുടെ നിശിത വിമർശകനായിരുന്നു സാഗൻ. അതിനെതിരെ നിലപാടെടുക്കുകയും തുറന്നെതിർക്കുകയും ചെയ്തു. സാഗന്റെ ജനപ്രിയത കൊണ്ടായിരിക്കാം അദ്ദേഹത്തെ അറസ്റ്റു ചെയ്തില്ല. എന്നാൽ നെവാഡയിലെ ഭൗമോപരിതല ഫ്യൂഷൻ ബോംബ് പരീക്ഷണത്തെ എതിർത്ത് നിരോധനാജ്ഞ ലംഘിച്ചപ്പോൾ സാഗൻ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു.

സാഗൻ സോഷ്യലിസ്റ്റ് ആയിരുന്നുവോ?
ഞാൻ സോഷ്യലിസ്റ്റ് ആണ് എന്ന് തുറന്ന് പറയാൻ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ പല ശാസ്ത്രജ്ഞരും മടിക്കും. അധികാര വർഗ്ഗത്തോടുള്ള പേടി തന്നെ കാരണം. എന്നാൽ സോഷ്യലിസം എന്നാൽ സമത്വം ആണെന്നും അത് അത്ര അപകടകാരമോ രാഷ്ട്രവിരുദ്ധമോ ഒന്നും അല്ലെന്ന് അവർ ആലോചിക്കുന്നില്ല. അമേരിക്കയിലെ സ്ഥിതി കൂടുതൽ ആശയകുഴപ്പമുള്ളതായിരുന്നു. അവിടെ സോഷ്യലിസ്റ്റ് എന്നാൽ സോവിയറ്റ് ചേരിയോട് അനുഭവമുള്ളയാൾ എന്നായിരുന്നു ഔദ്യോഗിക നിർവചനം. അതിനാൽ സോഷ്യലിസ്റ്റ് ആശയക്കാരായ പലരും അത് തുറന്ന് പറഞ്ഞില്ലെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല.
1989 ൽ സി.എൻ.എൻ ചാനലിന്റെ സ്ഥാപകൻ ടെഡ് ടർനർ ഒരഭിമുഖ സംഭാഷണത്തിൽ കാൾ സാഗനോട് നിങ്ങൾ ഒരു സോഷ്യലിസ്റ്റ് ആണോ എന്ന് ചോദിച്ചു. അല്ല എന്ന് സാഗൻ പറഞ്ഞില്ല. ആണെന്നും പറഞ്ഞില്ല. പകരം ആ ചോദ്യത്തെ സമർത്ഥമായി ഉപയോഗി ച്ച് അദ്ദേഹം തിരച്ചടിച്ചു : ” ജനങ്ങളുടെ ജീവിതം സുഗമമാക്കലും പ്രശ്നരഹിതമാക്കലുമാണ് ഗവണ്മെന്റിന്റെ ചുമതല എന്ന് ഞാൻ കരുതുന്നു. ….ധാരാളം രാജ്യങ്ങൾ അത് ചെയ്യുന്നുണ്ട്. സമ്പന്ന രാജ്യമായ യു.എസ്.എ ക്കും അത് ചെയ്യാൻ കഴിയും. പക്ഷെ അത് ചെയ്യാതിരിക്കാനാണ് (ഗവൺമെന്റിന് ) താല്പര്യം. വീടും കുടിയുമില്ലാത്ത ജനങ്ങൾ ഉണ്ടാകുന്നതിലാണ് അവർക്ക് താല്പര്യം”. അദ്ദേഹം തുടർന്നു: “1989 ൽ (ഈ ഇന്റർവ്യൂ നടന്ന വര്ഷം) ശിശുമരണ നിരക്കിൽ യു.എസ്.എ ലോകത്ത് 19 ആം സ്ഥാനത്താണ്* . മറ്റ് 18 രാജ്യങ്ങൾ നമ്മളെക്കാൾ നന്നായി അവരുടെ നാട്ടിലെ കുട്ടികളുടെ ജീവൻ രക്ഷിക്കുന്നുണ്ട്. അതെങ്ങനെ സംഭവിക്കുന്നു? അവർ കുട്ടികൾക്ക് വേണ്ടി കൂടുതൽ പണം ചെലവാക്കുന്നു. നമ്മുടെ ഗവണ്മെന്റ് നമ്മുടെ കുട്ടികളെ നോക്കി രക്ഷിക്കുന്നതിനേക്കാൾ നല്ലതായി അവർ അവരുടെ കുട്ടികളെ നോക്കുന്നു.. നമുക്കത് നാണക്കേടാണ്. നമ്മൾക്ക് വേണ്ടത്ര പണമുണ്ട് പക്ഷെ അതെ തെറ്റായ കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.”.
ആ അഭിമുഖത്തിൽ യു.എസ്.എയുടെ യുദ്ധഭ്രാന്തിനെതിരെയും സാഗൻ ആഞ്ഞടിച്ചു: “നമ്മുടെ നാട്ടിലെ ഏറ്റവും വിഷമമനുഭവിക്കുന്നവരെ സഹായിക്കാൻ അവർ (ഗവണ്മെന്റ്)ഒന്നും ചെയ്യുന്നില്ല. പകരം അത്യാധുനിക ആയുധങ്ങൾക്ക് ധാരാളം പണം ചെലവാക്കുന്നു….. നക്ഷത്ര യുദ്ധ പരിപാടി നോക്കൂ. ഇപ്പോൾ തന്നെ 2 കോടി ഡോളർ ചെലവാക്കി കഴിഞ്ഞു.അവരെ അതിനനുവദിച്ചാൽ അവർ ഒരു ട്രില്യൺ ഡോളർ ചെലവാക്കും. വിദ്യാഭ്യാസം നല്കാൻ, ജനങ്ങളെ സ്വന്തം കാലിൽ നില്ക്കാൻ സഹായിക്കാൻ പണമില്ല…..നമ്മൾ പണം തെറ്റായ കാര്യങ്ങൾക്കാണ് ചെലവാക്കുന്നത്.
സാഗൻ സോഷ്യലിസ്റ്റ് ആയിരുന്നുവോ? വായനക്കാർക്കു തീരുമാനിക്കാം.
*( ദുഃഖകരമായ കാര്യം, 2020 ൽ ശിശുമരണ നിരക്കിൽ യു.എസ്.എ 47 ആം സ്ഥാനത്തേക്ക് താഴ്ന്നു എന്നും സൈനിക ചെലവ് ഏതുകാലത്തേക്കാളും അധികമാണെന്നും അപ്പ് വർത്തി എന്ന മാഗസീനിന്റെ റിപ്പോർട്ടർ ചൂണ്ടികാണിക്കുന്നു).

ഇളം നീലപ്പൊട്ട്
സാഗന്റെ ആവശ്യപ്രകാരം വോയജർ 1 അവസാനമായി ഒരിക്കൽ കൂടി ഭൂമിക്ക് നേരെ ക്യാമറ തിരിച്ച് ഒരു ഫോട്ടോ എടുത്തു. ആ ഫോട്ടോ ആണ് വാനനിരീക്ഷകരുടെയെല്ലാം മനം കവർന്ന “ആ ഇളം നീല പൊട്ട് (A Pale Blue Dot)”
ആ ഇളം നീല പൊട്ട്
സാഗന്റെ കോസ്‌മോസിനോളം തന്നെ പ്രശസ്തമായ ഒരു പ്രസന്റേഷൻ ആണ് “ആ ഇളം നീല പൊട്ട് (Pale Blue Dot)”. 1977 ആഗസ്റ്റ് 20 ന്നാണ് വോയജർ 2 വിക്ഷേപിച്ചത്, വോയജർ 1 സെപ്റ്റംബർ 5 നും. വോയജർ ദൗത്യങ്ങളിൽ സാഗൻ നല്ല പങ്ക് വഹിച്ചിരുന്നു എന്ന് പറഞ്ഞുവല്ലോ? 1990 ഫെബ്രുവരിയിൽ വോയജർ 1 സൗരയൂഥം പിന്നിട്ട് സൂര്യമണ്ഡലത്തിന്റെ സീമയായ ഹീലിയോപോസിന് നേരെ കുതിക്കുക ആയിരുന്നു. ആ ദിവസം അത് നെപ്ട്യൂണിനെ പിന്നിട്ട് സൂര്യനിൽ നിന്നും 600 കോടി കിലോമീറ്റർ അകലെ എത്തിയിരുന്നു.
അന്ന് സാഗന്റെ ആവശ്യപ്രകാരം വോയജർ 1 അവസാനമായി ഒരിക്കൽ കൂടി ഭൂമിക്ക് നേരെ ക്യാമറ തിരിച്ച് ഒരു ഫോട്ടോ എടുത്തു. ആ ഫോട്ടോ ആണ് വാനനിരീക്ഷകരുടെയെല്ലാം മനം കവർന്ന “ആ ഇളം നീല പൊട്ട് (A Pale Blue Dot)”.
സാഗൻ അതിനെ വിവരിക്കുന്നു: “ആ പൊട്ട് വീണ്ടും നോക്കൂ. അത് ഇവിടെ ആണ്, അതാണ് (നമ്മുടെ) ഗേഹം, നമ്മളാണത്. നിങ്ങൾ സ്നേഹിച്ചവരെല്ലാം, നിങ്ങൾക്കറിയുന്നവരെല്ലാം നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുള്ളവരെല്ലാം അവരാരായാലും എല്ലാ മനുഷ്യരും ഇവിടെ ജീവിച്ചു-മരിച്ചു. നമ്മുടെ ജീവി വർഗ്ഗത്തിന്റെ ചരിത്രത്തിലെ നാനാജാതി മതങ്ങളും പ്രത്യയശാസ്ത്രങ്ങളും സാമ്പത്തിക സിദ്ധാന്തങ്ങളും എല്ലാ വേട്ടക്കാരനും പെറുക്കിത്തീനിയും എല്ലാ ധീരനും ഭീരുവും സംസ്കാരങ്ങളുടെ സ്രഷ്ടാക്കളും അന്തകരും ഓരോ രാജാവും കർഷകനും പ്രേമിക്കുന്ന യുവമിഥുനങ്ങളും ഓരോ അമ്മയും അച്ഛനും മക്കളും ആവിഷ്‌ക്കര്‍ത്താവും പര്യവേഷകനും ഗുണപാഠകരും അഴിമതി പുരണ്ട രാഷ്ട്രീയക്കാരും ഓരോ സൂപ്പർസ്റ്റാറും പരമോന്നത നേതാവും എല്ലാ പുണ്യാളനും പാപിയും ഇവിടെ ജീവിച്ചു- സൂര്യരശ്മിയിൽ തൂങ്ങിക്കിടക്കുന്ന ഈ പൊടി പൊട്ടിൽ”.
ആ ഇളം നീല പൊട്ട് (A Pale Blue Dot) – മലയാള പരിഭാഷ വീഡിയോ കാണാം
1994 ൽ രക്തവുമായി ബന്ധപ്പെട്ട മൈലോഡിസ്‌പ്ലാസിയ എന്ന ഗുരുതര രോഗം സാഗനെ ബാധിച്ചു .സഹോദരി കാരി എല്ലിലെ മജ്ജ നൽകി സാഗനെ രക്ഷപെടുത്താൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. 1996 ഡിസംബർ 20 ആം തിയതി അർദ്ധരാത്രിയിൽ സാഗൻ എല്ലാവരെയും വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. മനുഷ്യരാശിക്ക് പകരം വെക്കാനാവാത്ത ഒരു നഷ്ടം.
സാഗൻ രോഗാതുരനായി ആസ്പത്രിയിൽ കിടക്കവേ ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു: “ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അന്യഗ്രഹ ജീവൻ കണ്ടെത്തണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അതറിയാതെ മരിക്കേണ്ടിവരുന്ന കാര്യം ആലോചിക്കാൻ പറ്റുന്നില്ല”. പക്ഷെ, സാഗൻ ജീവിച്ചിരിക്കെ അന്യഗ്രഹ ജീവികൾ അയക്കാനിടയുള്ള ആ സന്ദേശം, ആ രഹസ്യം, ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
സാഗന്റെ കുടുംബം
പ്രഗത്ഭരായ പലരുടെയും കുടുംബത്തെ കുറിച്ച് അധികമൊന്നും അറിയാറില്ല. പക്ഷെ സാഗന്റെ കുടുംബം വ്യത്യസ്തമായിരുന്നു. സാഗൻ മൂന്ന് പ്രാവശ്യം വിവാഹം ചെയ്തിരുന്നു.
1957 ൽ സാഗനും പ്രശസ്ത പരിണാമ-ജീവശാസ്ത്രജ്ഞ ആയ ലിൻ പെട്രാ അലക്സാണ്ടറും വിവാഹിതരായി. അവർക്കു രണ്ടു മക്കളുണ്ട് ഡോറിയൻ സാഗനും ജെർമി സാഗനും. അവർ 1964 ൽ വിവാഹമോചിതരായി. ലിൻ പിന്നീട് 1967 ൽ തോമസ് മാർഗുലിസ് എന്നയാളെ വിവാഹം ചെയ്തതിനു ശേഷം ലിൻ മാര്ഗുലിസ് എന്നറിയപ്പെട്ടു. അവരും ജെയിംസ് ലൗവ്ലോക്കും കൂടിയാണ് “ഗായ” സിദ്ധാന്തം മുന്നോട്ട് വെച്ചത്.

1968 ൽ സാഗനും ലിൻഡ സൽസ്‌മാനും വിവാഹിതരായി. അവർ രണ്ടുപേരും ചേർന്നാണ് പയനീർ വാഹനങ്ങളിലെ പയനീർ പ്ലേക്കും വോയജർ വാഹനങ്ങളിലെ സ്വർണ റെക്കോർഡും ഡിസൈൻ ചെയ്തത്. ലിൻഡ സൽസ്മാൻ അറിയപ്പെടുന്ന ഒരു കലാകാരിയും എഴുത്തുകാരിയും ആണ്. സാഗനുമായി ചേർന്ന് അവർ “ഭൂമിയുടെ മർമരങ്ങൾ (Murmurs of Earth) എന്ന പുസ്തകം രചിച്ചിട്ടുണ്ട്. അവരുടെ മകൻ നിക്ക് സാഗൻ എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. സാഗനും സാൽസ്മാനും 1981 ൽ വിവാഹമോചിതരായി.

1981 ൽ സാഗൻ ആൻ ഡ്രൂയാനെ വിവാഹം ചെയ്തു. അവർ അറിയപ്പെടുന്ന ഡോക്യുമെന്ററി പ്രൊഡ്യൂസർ ആണ്. അവർ എമ്മി അവാർഡും പീബോഡി അവാർഡും നേടിയിട്ടുണ്ട്. കാൾ സാഗന്റെ കോസ്‌മോസിന്റെ സഹ തിരക്കഥാകൃത് ആണ്. സാഗന്റെ മരണത്തിന് ശേഷം സാഗന്റെ എല്ലാ പുസ്തകങ്ങളും പേപ്പറുകളും ലൈബ്രറി ഓഫ് കോൺഗ്രസ് വിലക്ക് വാങ്ങിയിരുന്നു. അതിന്റെ വില നൽകിയത് സേഥ് മക്ഫർലൈൻ എന്ന സിനിമ രംഗത്തെ വ്യക്തി ആയിരുന്നു.( അയാൾ അഭിനേതാവും പ്രൊഡ്യൂസറും തിരക്കഥകൃത്തും പാട്ടുകാരനുമാണ് ). ആ കലക്ഷൻ ഇപ്പോൾ സേഥ് മക്ഫർലൈൻ കലക്ഷൻ ഓഫ് ദി കാൾ സാഗൻ ആൻഡ് ആൻ ദ്രുയാൻ ആർകെയ്‌വ് എന്നാണറിയപെടുന്നത്. അതുണ്ടാക്കുന്നതിലും അവർ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. അവർക്ക് രണ്ടു മക്കളുണ്ട്, സാഷ സാഗനും സാമുവൽ സാഗനും.
കോസ്മോസിൽ നിന്നും..
സാഗൻ കുട്ടികളുമായുള്ള സംവാദത്തിൽ…
കോസ്മിക് കലണ്ടർ

കപടശാസ്ത്രക്കാരുടെ വികലന്യായങ്ങൾ
കാൾ സാഗന്റെ The Demon-Haunted World: Science as a Candle in the Dark എന്ന പുസ്തകത്തിലെ ഒരു അധ്യായത്തിന്റെ സ്വതന്ത്ര വ്യഖ്യാനം
കപടവാദങ്ങള്‍ പൊളിച്ചടുക്കാൻ ഒരു ‘ടൂള്‍കിറ്റ് ‘
കാൾ സാഗന്റെ The Demon-Haunted World: Science as a Candle in the Dark എന്ന പുസ്തകത്തിലെ ഒരു അധ്യായത്തിന്റെ സ്വതന്ത്ര വ്യഖ്യാനം