നരബലി നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും എന്ന അന്ധവിശ്വസത്താൽ പത്തനംതിട്ട ഇലവന്തൂരിൽ രണ്ടു സ്ത്രീകളെ കഴുത്ത് അറുത്തു കൊന്നു എന്നത് വളരെ ദാരുണമായ സംഭവം ആണ്. സമൂഹത്തിൽ നില നിൽക്കുന്ന അന്ധ വിശ്വാസങ്ങളും ഇതിനു കാരണമാണ്. സാമ്പത്തിക അഭിവൃദ്ധിക്കായുള്ള അന്ധവിശ്വാസ പ്രചാരണങ്ങളിൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്നത്തെ ഒരു പ്രധാന ദിനപത്രത്തിലെ ക്ലാസിഫൈഡ് പേജിൽ അത്ഭുത ക്ഷേത്രങ്ങൾ എന്ന തലകെട്ടിൽ വന്ന പരസ്യം ശ്രദ്ധിക്കാം.
ജാതിമത ഭേദമെന്യേ ഏവർക്കും പ്രവേശനം നൽകി ചെറിയ വഴിപാടുകളിൽ കൂടി ജീവിത സ്വപ്നങ്ങൾ യാഥാർഥ്യം ആക്കും എന്നാണ് പ്രസ്തുത പരസ്യം പറയുന്നത്. ഇത്തരം വാഗ്ദാനങ്ങൾ നൽകുന്ന പരസ്യങ്ങൾ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് 1954 പ്രകാരം പാടില്ലാത്തത് ആണ്. വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരത്തിലുള്ള 56 പരസ്യങ്ങൾ ഒരാഴ്ചയിൽ പ്രസിദ്ധീകരിക്കപ്പെടുന്നതായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് CAPSULE KERALA നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. സാധാരണക്കാർ ആയ ഒരു വിഭാഗം ജനങ്ങൾ മുഖ്യധാരാ മാധ്യമങ്ങളിൽ വരുന്ന ഇത്തരം പരസ്യങ്ങളിൽ വിശ്വസിച്ചു പോകും. അത്തരം വിശ്വാസങ്ങൾ അന്ധ വിശ്വാസ പ്രചരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ സമൂഹത്തെ വഴിതെറ്റിക്കുന്ന വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന ഇത്തരം പരസ്യങ്ങൾ നൽകുന്നതിൽ നിന്നും മുഖ്യധാരാ മാധ്യമങ്ങൾ വിട്ടു നിൽക്കണം എന്ന് capsule kerala അഭ്യർത്ഥിക്കുന്നു.
അന്ധവിശ്വാസങ്ങൾക്കും കപടശാസ്ത്രത്തിനും ചികിത്സാതട്ടിപ്പുകൾക്കുമെതിരെ നിയമപരമായി പ്രതികരിക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയാണ് ക്യാപ്സ്യൂൾ കേരള -(Campaign Against Pseudo Science Using Law and Ethics (CAPSULE)